Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2040 ആകുമ്പോഴേക്കും ആഗോള സാമ്പത്തിക വളർച്ചയെ കൈപിടിച്ചു മുന്നോട്ടു നയിക്കുക ഇന്ത്യ തന്നെ; ഉന്നത വിദ്യഭ്യാസ മേഖലയിലെ കുതിപ്പും അടിസ്ഥാന സൗകര്യ വികസനവും തുണയാകുമ്പോൾ തൊഴിൽ മേഖലയും കരുത്താർജ്ജിക്കും; ലോകരാജ്യങ്ങളുടെ മൊത്തം വളർച്ചയിൽ മൂന്നിലൊന്നും തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാകുമ്പോഴും പാക്കിസ്ഥാൻ ഒന്നും പ്രതീക്ഷിക്കേണ്ട; അയൽരാജ്യമായ ബംഗ്ലാദേശും സാമ്പത്തിക കുതിപ്പിന്റെ പാതയിൽ; ഇപ്പോൾ കിതപ്പെങ്കിലും ഭാവിയിൽ ഇന്ത്യ കുതിക്കുമെന്ന് ഐഎംഎഫ് റിപ്പോർട്ട്

2040 ആകുമ്പോഴേക്കും ആഗോള സാമ്പത്തിക വളർച്ചയെ കൈപിടിച്ചു മുന്നോട്ടു നയിക്കുക ഇന്ത്യ തന്നെ; ഉന്നത വിദ്യഭ്യാസ മേഖലയിലെ കുതിപ്പും അടിസ്ഥാന സൗകര്യ വികസനവും തുണയാകുമ്പോൾ തൊഴിൽ മേഖലയും കരുത്താർജ്ജിക്കും; ലോകരാജ്യങ്ങളുടെ മൊത്തം വളർച്ചയിൽ മൂന്നിലൊന്നും തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാകുമ്പോഴും പാക്കിസ്ഥാൻ ഒന്നും പ്രതീക്ഷിക്കേണ്ട; അയൽരാജ്യമായ ബംഗ്ലാദേശും സാമ്പത്തിക കുതിപ്പിന്റെ പാതയിൽ; ഇപ്പോൾ കിതപ്പെങ്കിലും ഭാവിയിൽ ഇന്ത്യ കുതിക്കുമെന്ന് ഐഎംഎഫ് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗം ഇപ്പോൾ മാന്ദ്യത്തിന്റെ പിടിയിലാണ്. ഈ മാന്ദ്യത്തെ തുടർന്ന് ഇന്ത്യയിലെയും സാമ്പത്തിക രംഗം മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നോട്ടു നിരോധനവും ജിഎസ്ടിയും തകർത്തു കളഞ്ഞത് അതിവേഗം സാമ്പത്തിക മുന്നേറ്റം നടത്തുന്ന രാജ്യമെന്ന പദവിയാണ്. എന്നാൽ, സാമ്പത്തിക വേഗത കൈവരിക്കാൻ വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ. കോർപ്പറേറ്റ് ടാക്‌സിൽ ഇളവു വരുത്തിയും മറ്റും സാമ്പത്തിക വളർച്ച മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളിലാണ് മോദി സർക്കാർ. ഇത് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം അടുത്ത രണ്ട് പതിറ്റാണ്ടിൽ രാജ്യത്തെ കൈപിടിച്ച് മുന്നോട്ടു നയിക്കുക ഇന്ത്യയായിരിക്കും എന്നാണ്.

ആഗോള തലത്തിൽ വളർച്ചയുടെ മുഖമായി തെക്കൻ ഏഷ്യ മാറുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇന്ത്യ കുതിക്കുമ്പോഴും പാക്കിസ്ഥാന് പ്രതീക്ഷകൾക്ക് വകയില്ല. പാക്കിസ്ഥാന് ഇന്ത്യൻ കുതിപ്പ് നോക്കി നിന്നു കാണാനേ സ്ാധിക്കുകയുള്ളൂ എന്നാണ് ഐഎംഎഫിന്റെ റിപ്പോർട്ട്. 2040 ആകുമ്പോഴേക്കും ലോകരാജ്യങ്ങളുടെ മൊത്തം വളർച്ചയിൽ മൂന്നിലൊന്നും തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നായിരിക്കും. ഐഎംഎഫ് റിപ്പോർട്ട് പ്രകാരം സൗത്ത് ഏഷ്യയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ ഇവയാണ് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, മാലദ്വീപ്. ഭൂമിശാസ്ത്രപരമായി ഐഎംഎഫ് വിവിധ രാജ്യങ്ങളെ തരംതിരിച്ചപ്പോൾ തെക്കൻ ഏഷ്യയിൽ അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ഉൾപ്പെടുത്തിയില്ല. ഭീകരവാദ ഭീഷണികൾ നേരിടുന്ന രണ്ട് രാജ്യങ്ങൾക്ക് എത്രകണ്ട് സാമ്പത്തിക മുന്നേറ്റം സാധ്യമാണ് എന്നത് കണ്ടറിയണം.

സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ബംഗ്ലാദേശ് അടക്കം അതിവേഗം സാമ്പത്തിക കുതിപ്പു നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 'പറന്നുയരാൻ തയാറായോ തെക്കൻ ഏഷ്യ? സുസ്ഥിരമായ, എല്ലാം ഉൾപ്പെടുത്തിയ വളർച്ചാ അജൻഡ' എന്നു പേരിട്ട റിപ്പോർട്ട് പുറത്തിറക്കാൻ ഇരിക്കുകയാണ്. ഇതിനിടെയാണ് റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഉദാരവൽക്കരണ നയങ്ങളുമായി മുന്നോട്ടു പോകുകയാണ്. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നു. യുവത്വമാണ് ഈ രാജ്യങ്ങളുടെ കരുത്ത്. ഈ യുവജനങ്ങളുടെ പിൻബലത്തിലാണ് സാമ്പത്തികമായി രാജ്യം കുതിപ്പിന് ഒരുങ്ങുന്നതെന്നുമാണ് ഐഎംഎഫ് റിപ്പോർടട് പറയുന്നത്.

ഏഷ്യയുടെ മറ്റു ഭാഗങ്ങളിലുള്ള വികസനവും വിലയിരുത്തുമ്പോൾ ആഗോള വളർച്ചയുടെ കേന്ദ്രമായി തെക്കൻ ഏഷ്യ മാറുമെന്നാണ് ഐഎംഎഫ് ഏഷ്യ പസിഫിക് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ആൻ മേരി ഗൽഡ് വൂൾഫിന്റെ കണക്കൂകൂട്ടൽ. 2030 ആകുമ്പോഴേക്കും മേഖലയിലെ 15 കോടിയിലേറെ വരുന്ന യുവജനം തൊഴിൽമേഖലയിലേക്ക് എത്തും. ഉയർന്ന നിലവാരമുള്ള, തൊഴിൽ കേന്ദ്രീകൃതമായ വളർച്ചാ പദ്ധതികളാണ് തയാറാക്കുന്നതെങ്കിൽ ഈ യുവാക്കളായിരിക്കും തെക്കൻ ഏഷ്യയുടെ കരുത്ത്. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളെയും സന്തുലിതമായി കൊണ്ടുപോകുന്നതിനുള്ള പ്രേരകശക്തിയായും ഇവർ മാറുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു.

ഉന്നത വിദ്യഭ്യാസ മേഖലയിൽ ഇന്ത്യൻ മുന്നേറ്റം തൃപ്തികരമാണെങ്കിലും പോരായ്മകൾ പ്രൈമറി, സെക്കൻഡറി തലത്തിൽ നിലനിൽക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭൂമിശാസ്ത്രപരമായി പലതരത്തിൽ രാജ്യം വിഭജിച്ചു കിടക്കുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്. ഇത്രയേറെ വികസന പദ്ധതികൾ നടക്കുന്ന ഒരു രാജ്യത്തെ നിർമ്മാണ മേഖലയുടെ വളർച്ച ഇത്രയല്ല വേണ്ടതെന്നും ഓർക്കണം. ഇന്ത്യയിലെ നിർമ്മാണ മേഖലയിൽ സ്വകാര്യകമ്പനികളെക്കൂടി കൂടുതലായി ഉൾപ്പെടുത്തേണ്ട ആവശ്യകതയിലേക്കും ഐഎംഎഫ് റിപ്പോർട്ട് വിരൽചൂണ്ടുന്നു.

സ്വകാര്യ കമ്പനികളുടെ വളർച്ചയ്ക്കാവശ്യമായ സൗകര്യങ്ങൾ ഇന്ത്യ ഒരുക്കേണ്ടതുണ്ട്. അതോടൊപ്പം നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളും വേണം. ഇന്ത്യയിലുണ്ടാകുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പറ്റിയ തൊഴിലാളികളെയും സൃഷ്ടിക്കേണ്ടതുണ്ട്. കമ്പനികൾ ചുവപ്പുനാടയിൽ കുരുങ്ങുന്ന അവസ്ഥയുമുണ്ടാകരുത്. ഈ രീതിയിൽ പുതിയ പരിഷ്‌കാരങ്ങൾ കേന്ദ്രീകരിച്ചു മുന്നോട്ടുപോകാൻ ഒട്ടും വൈകരുതെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വസ്ത്ര വ്യവസായത്തിൽ കേന്ദ്രീകരിച്ചുള്ള ബംഗ്ലാദേശിന്റെ അടുത്ത കാലത്തെ വളർച്ച ശ്രദ്ധേയമാണ്. എന്നാൽ സാമ്പത്തിക വ്യവസ്ഥയിൽ വൈവിധ്യവൽകരണത്തിന് അവർ ശ്രമിക്കേണ്ടതുണ്ടെന്ന നിർദ്ദേശവും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി വ്യക്തമാക്കിയിരുവന്നു. അതേസമയം, നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ചയനുമാനം 6.1 ശതമാനമായി കുറച്ചിട്ടുമുണ്ട്. ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ജൂലായിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഏഴ് ശതമാനം വളർച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട് 7.3 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു. മാന്ദ്യം സംബന്ധിച്ച സൂചനകൾ ആദ്യ പാദത്തിൽതന്നെ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ലോക ബാങ്കും ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്‌ത്തിയിരുന്നു. ആറു ശതമാനമായാണ് ലോകബാങ്ക് വളർച്ചനിഗമനം വെട്ടിക്കുറച്ചത്. ഇന്ത്യയുടെ വളർച്ച 2020-ൽ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം.

ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തർക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടുകയുണ്ടായി. നടപ്പുവർഷം ആഗോള വളർച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP