Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലനും താഹയ്ക്കുമെതിരെയുള്ള യുഎപിഎ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കേസെടുത്ത നടപടി പുനപരിശോധിക്കാൻ എഡിജിപിക്ക് നിർദ്ദേശം നൽകി ഡിജിപി ബെഹ്‌റ; നഗര മാവോയിസ്റ്റുകൾ എന്ന വിശദീകരണം അതിരു കടന്നതെന്ന് മുഖ്യമന്ത്രി; കുറ്റപത്രത്തിന് അനുമതി നൽകില്ലെന്നും മുന്നറിയിപ്പ്; സിപിഎമ്മുകാരുടെ അറസ്റ്റിൽ പൊലീസ് പ്രതിരോധത്തിൽ; മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാനും നിർദ്ദേശം; പിണറായിയുടെ 2015ലെ പഴയ മാവോയിസ്റ്റ് പോസ്റ്റും ചർച്ചകളിൽ

അലനും താഹയ്ക്കുമെതിരെയുള്ള യുഎപിഎ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കേസെടുത്ത നടപടി പുനപരിശോധിക്കാൻ എഡിജിപിക്ക് നിർദ്ദേശം നൽകി ഡിജിപി ബെഹ്‌റ; നഗര മാവോയിസ്റ്റുകൾ എന്ന വിശദീകരണം അതിരു കടന്നതെന്ന് മുഖ്യമന്ത്രി; കുറ്റപത്രത്തിന് അനുമതി നൽകില്ലെന്നും മുന്നറിയിപ്പ്; സിപിഎമ്മുകാരുടെ അറസ്റ്റിൽ പൊലീസ് പ്രതിരോധത്തിൽ; മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാനും നിർദ്ദേശം; പിണറായിയുടെ 2015ലെ പഴയ മാവോയിസ്റ്റ് പോസ്റ്റും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് രണ്ട് സിപിഎം പ്രവർത്തകരുടെ മേൽ യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാൻ ഡി.ജി.പിയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐ.ജിക്കും നിർദ്ദേശം നൽകി. സിപിഎം ഉൾപ്പെടെ വിമർശനവുമായി എത്തിയ സാഹചര്യത്തിലാണ് ഇത്. യുഎപിഎ പിൻവലിക്കും. അതിനിടെ അറസ്റ്റിലായവർ നഗരമാവോയിസ്റ്റുകൾ എന്നാണ് ഇപ്പോഴും പൊലീസ് പറയുന്നത്. യുഎപിഎ ചുമത്തണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. നിലവിലെ സാഹചര്യത്തിൽ അത് ലഭിക്കില്ല. അതുകൊണ്ട് കൂടിയാണ് പൊലീസ് പുനർചിന്തനം നടത്തുന്നത്. കേസ് പിൻവലിക്കണമെന്ന നിർദ്ദേശം അനൗദ്യോഗികമായി ഡിജിപിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകി കഴിഞ്ഞു.

കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് സർക്കാർ പരിശോധിക്കുമെന്നും ഡിജിപി അറിയിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് തന്നെ പുനപരിശോധിക്കുന്നത്. ഇത്തരം കേസുകളിൽ സർക്കാരിന്റെയും ഹൈക്കോടതി റിട്ട. ജഡ്ജി പി എസ് ഗോപിനാഥൻ അധ്യക്ഷനായ പരിശോധനാസമിതിയുടെയും അംഗീകാരത്തോടെമാത്രമേ കുറ്റപത്രം സമർപ്പിക്കാൻ കഴിയൂ. യുഡിഎഫ് സർക്കാർ യുഎപിഎ വകുപ്പ് ചുമത്തിയ ആറ് കേസുകൾ എൽഡിഎഫ് അധികാരത്തിൽ വന്നശേഷം റദ്ദാക്കിയിരുന്നു. ഒമ്പത് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ അംഗീകാരം നൽകിയിട്ടുമില്ല. ഇതിൽ ഏഴും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രജിസ്റ്റർ ചെയ്തതാണ്. ഈ കേസിലും ഈ നിലപാട് തന്നെ പിണറായി സർക്കാർ തുടരും. ഇതിന്റെ സൂചനയാണ് ഡിജിപി നൽകുന്നത്. വ്യാപക പ്രതിഷേധം കൂടി കണക്കിലെടുത്താണ് ഇത്. സിപിഎമ്മുകാരാണ് അറസ്റ്റിലായത്.

യുഎപിഎ ചുമത്തുന്നതിന് വ്യക്തമായ മാനദണ്ഡമുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടുകൂടിയാണ് കേസ് എടുക്കേണ്ടത്. ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി പ്രോസിക്യൂഷൻ അനുമതിയും നിയമോപദേശവും ലഭിച്ചതിനുശേഷം സർക്കാരിന്റെ അനുമതിയോടുകൂടിയാണ് അന്തിമതീരുമാനം എടുക്കേണ്ടത്. ഇത്തരം കേസുകളിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നത് അവലോകനം നടത്തുന്നതിനായി 2018 ജനുവരി അഞ്ചിനാണ് റിട്ട. ഹൈക്കോടതി ജഡ്ജി പി എസ് ഗോപിനാഥൻ അധ്യക്ഷനായി സമിതിയെ നിയമിച്ചത്. നിയമ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരസുരക്ഷാ വിഭാഗം ഐജി എന്നിവർ അംഗങ്ങളാണ്. ഈ സമിതിയുടെ ശുപാർശപ്രകാരം മാത്രമേ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുകയുള്ളൂ. പൊലീസ് യുഎപിഎ ചുമത്തിയാലും സർക്കാരിന്റെ അനുമതി കിട്ടിയാൽമാത്രമേ കേസ് നിലനിൽക്കുകയുള്ളൂ. യുഡിഎഫ് സർക്കാർ യുഎപിഎ ചുമത്തിയ ആറു കേസുകളിൽ രണ്ട് എണ്ണം കോഴിക്കോട് സിറ്റിയിലും രണ്ട് എണ്ണം തൃശൂർ ജില്ലയിലുമാണ്. കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തു. 2015, 2016 കാലത്തായിരുന്നു ഇത്. ഈ ആറ് കേസുകളാണ് എൽഡിഎഫ് സർക്കാർ റദ്ദാക്കിയത്.

ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് കേസിൽ നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ച ശേഷം യു.എ.പി.എ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതാണെന്നും കേരള പൊലീസ് വാർത്ത കുറിപ്പിൽ അറിയിച്ചു. വിദ്യാർത്ഥികളായ സിപിഎം പ്രവർത്തകരുടെ മേൽ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പാർട്ടി കോഴിക്കോട് ഘടകവും മുതിർന്ന നേതാക്കളും വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി പുനഃപരിശോധിക്കാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയതെന്നാണ് വിവരം. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പൊലീസ് കൂട്ടിയിട്ടുമുണ്ട്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി എകെ ബാലൻ, കെടി ജലീൽ എന്നിവർക്കും സുരക്ഷ കൂട്ടി. ഇതിനിടെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടി പ്രതികൾക്കൊപ്പമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞിരുന്നു. യുഎപിഎ ചുമത്തിയതിൽ പൊലീസിന് തെറ്റുപറ്റി. സർക്കാർ ഇത് തിരുത്തുമെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല പൊലീസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതിൽ പൊലീസിന് തെറ്റുപറ്റിയിട്ടുണ്ട്. പൊലീസ് എടുത്ത കേസിൽ പിശകുപറ്റിയെങ്കിൽ സർക്കാർ തിരുത്തും. ന്യായത്തിന്റെ കൂടെയും അടിച്ചമർത്തപ്പെട്ടവന്റെ കൂടെയുമാണ് എൽഎഡിഎഫ് സർക്കാർ നിൽക്കുക. അത് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ചാർജ്ഷീറ്റിലേയ്ക്ക് പോയിട്ടില്ല. സർക്കാരിന് ഇനിയും ഇടപെടാൻ സാധിക്കും. പൗരാവകാശ ലംഘനം സർക്കാർ അനുവദിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് വീണ്ടും പരിശോധിക്കുന്നത്. യുഎപിഎ ചുമത്തിയത് ഒഴിവാക്കി. ഒരു കേസും ഇവർക്കെതിരെ നിലനിൽക്കില്ലെന്ന വാദവും സജീവമാണ്. സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധമാണ് വിഷയത്തിൽ ഉയരുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതും അവരുടെ മേൽ യുഎപിഎ ചുമത്തിയതും വ്യാപക വിമർശനത്തിനിടയാക്കുമ്പോൾ മുമ്പ് പിണറായി വിജയൻ പറഞ്ഞത് സോഷ്യൽ മീഡിയ കുത്തിപ്പൊക്കി ചർച്ചയാക്കിയിരുന്നു. ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്ത ഒരാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റു ചെയ്ത നടപടിയെ കോടതി വിമർശിച്ചത് ഉന്നയിച്ച് ഫേസ്‌ബുക്കിൽ ഇട്ട 2015 ലെ പോസ്റ്റാണ് ചർച്ചയാകുന്നത്. മാവോയിസ്റ്റുകളും ഇതര തീവ്രവാദികളും നടത്തുന്ന പ്രവർത്തനങ്ങളോട് പൊതുവിൽ യോജിക്കാനാവില്ല. സമൂഹത്തിൽ ഈ വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങളെ നേരിട്ട് ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഞങ്ങളുടെ നിലപാട്. എന്നാൽ ആശയത്തെ കുറ്റകൃത്യമായി കണ്ട് അതിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാൻ തയ്യാറായ പൊലീസിനെയാണ് കോടതി വിമർശിച്ചത്. തീവ്രവാദത്തെ നേരിടുന്നതിന്റെ പേരിൽ പലപ്പോഴും അതിരുവിടുന്ന പൊലീസിനു ലഭിച്ച മുന്നറിയിപ്പാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം അന്ന് പറഞ്ഞുവച്ചു.

മാവോയിസ്റ്റ് എന്ന ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദത്തെയും തെറ്റായ വീക്ഷണങ്ങളെയും ആശയപരമായി നേരിട്ട് ഒറ്റപ്പെടുത്തേണ്ടതാണ് എന്നതിൽ നേരിയ സംശയത്തിന് അവകാശമില്ല. എന്നാൽ ഹൈക്കോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി സമൂഹം ചർച്ച ചെയ്യേണ്ടതു തന്നെയാണ്. ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്ത ഒരാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റു ചെയ്ത നടപടിയെയാണ് കോടതി വിമർശിച്ചത്. മാവോയിസ്റ്റുകളും ഇതര തീവ്രവാദികളും നടത്തുന്ന പ്രവർത്തനങ്ങളോട് പൊതുവിൽ യോജിക്കാനാവില്ല. സമൂഹത്തിൽ ഈ വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങളെ നേരിട്ട് ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഞങ്ങളുടെ നിലപാട്. കുറ്റകൃത്യങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നത് സാധാരണ നിലയിൽ ആരും ചോദ്യം ചെയ്യില്ല. എന്നാൽ ആശയത്തെ കുറ്റകൃത്യമായി കണ്ട് അതിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാൻ തയ്യാറായ പൊലീസിനെയാണ് കോടതി വിമർശിച്ചത്. തീവ്രവാദത്തെ നേരിടുന്നതിന്റെ പേരിൽ പലപ്പോഴും അതിരുവിടുന്ന പൊലീസിനു ലഭിച്ച മുന്നറിയിപ്പാണ് ഹൈക്കോടതി വിധിയെന്നും അന്ന് പിണറായി കുറിച്ചിരുന്നു.

പാർട്ടി പ്രവർത്തകരുടെ പേരിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രമേയവും പാസാക്കി. നോട്ടീസും ലഘുലേഖയും കയ്യിൽ വെച്ചതിന് അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ജനാധിപത്യ അവകാശം കവർന്നെടുക്കുന്ന നടപടി തെറ്റാണെന്നും സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. ജില്ലാ കമ്മിറ്റി അംഗം ടി.പി ദാസൻ ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കണമെന്നാണ് പ്രമേയം പ്രധാനമായും ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയം പറയുന്നു. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റിയും യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. വളരെ ധൃതി പിടിച്ചാണ് ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് സിപിഎം പറയുന്നു.

സർക്കാർ തന്നെ ഇക്കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റി നിലപാട് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന്റെ ഭാഗമായാണ് ഏരിയ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചതെന്നും പി മോഹനൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP