Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഞ്ജുവിന് തുണ ഗാംഗുലിയുടെ മനസ്സ്; ബിസിസിഐ അധ്യക്ഷൻ ടീം സെലക്ഷൻ ഇടപെട്ടില്ലെങ്കിലും യുവതാരങ്ങളെ മറക്കാൻ ടീം മാനേജ്‌മെന്റ് മുതിരില്ലെന്ന് സൂചന; ഋഷഭ് പന്ത് വീണ്ടും വിക്കറ്റ് കീപ്പറായി എത്തുമ്പോൾ ബാറ്റ്‌സ്മാനായി മൂന്നാം നമ്പറിൽ കളിക്കാൻ സഞ്ജുവിനൊപ്പം മത്സരിക്കുന്നത് ലോകേഷ് രാഹുലും; നെറ്റ്‌സിൽ ഏറെ നേരം കേരള താരത്തെ ബാറ്റ് ചെയ്യിപ്പിച്ചതിൽ പ്രതീക്ഷ; സഞ്ജു സാംസൺ ഇന്ത്യൻ കുപ്പായത്തിൽ കളിക്കുന്നത് കാണാൻ കാത്തിരുന്ന് മലയാളികൾ; ഇന്ന് രാത്രി ഇന്ത്യാ-ബംഗ്ലാദേശ് ട്വന്റി-ട്വന്റി

സഞ്ജുവിന് തുണ ഗാംഗുലിയുടെ മനസ്സ്; ബിസിസിഐ അധ്യക്ഷൻ ടീം സെലക്ഷൻ ഇടപെട്ടില്ലെങ്കിലും യുവതാരങ്ങളെ മറക്കാൻ ടീം മാനേജ്‌മെന്റ് മുതിരില്ലെന്ന് സൂചന; ഋഷഭ് പന്ത് വീണ്ടും വിക്കറ്റ് കീപ്പറായി എത്തുമ്പോൾ ബാറ്റ്‌സ്മാനായി മൂന്നാം നമ്പറിൽ കളിക്കാൻ സഞ്ജുവിനൊപ്പം മത്സരിക്കുന്നത് ലോകേഷ് രാഹുലും; നെറ്റ്‌സിൽ ഏറെ നേരം കേരള താരത്തെ ബാറ്റ് ചെയ്യിപ്പിച്ചതിൽ പ്രതീക്ഷ; സഞ്ജു സാംസൺ ഇന്ത്യൻ കുപ്പായത്തിൽ കളിക്കുന്നത് കാണാൻ കാത്തിരുന്ന് മലയാളികൾ; ഇന്ന് രാത്രി ഇന്ത്യാ-ബംഗ്ലാദേശ് ട്വന്റി-ട്വന്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മലയാളികളുടെ അഭിമാനം സഞ്ജു സാംസൺ ഇന്നു ഇന്ത്യയ്ക്കായി കളിക്കുമെന്ന് സൂചന. ബംഗ്ലാദേശുമായുള്ള ആദ്യ ട്വന്റി20 മത്സരം ഇന്നു വൈകിട്ട് 7:00 മുതൽ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (പഴയ ഫിറോസ് ഷാ കോട്ല)) നടക്കുമ്പോൾ മലയാളി പ്രതീക്ഷയിലാണ്. നേരത്തെ ട്വന്റി ട്വന്റിയിൽ സഞ്ജു അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ അത് സ്ഥിരമാക്കി മാറ്റാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് കൂടുതൽ പക്വതയുള്ള സഞ്ജുവാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിന് അവസരം കിട്ടിയാൽ അത് മലയാളി രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ. അതിനിടെ കളിയിലെ ആശങ്ക നഗരത്തിലെ വായു മലിനീകരണത്തെക്കുറിച്ചും പൊടിയെക്കുറിച്ചും മാത്രം. ഹാർദിക് പാണ്ഡ്യയുടെ ഒഴിവു നികത്താൻ ഓൾറൗണ്ടർ ശിവം ദുബെയെ പരീക്ഷിക്കുമെന്നാണു വിവരം.

2015ൽ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ സഞ്ജു സാംസണും പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുമെന്നാണ് സൂചന. ബിസിസിഐ അധ്യക്ഷൻ കൂടിയായ സൗരവ് ഗാംഗുലിക്കും സഞ്ജുവിനോട് താൽപ്പര്യമുണ്ട്. സൗരവ് അധ്യക്ഷനായ ശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇത്. ബിസിസിഐയുടെ ഇടപെടൽ ഈ മത്സരത്തിൽ ഉണ്ടാകില്ല. എങ്കിലും അധ്യക്ഷൻ മനസ്സ് ടീം പ്രഖ്യാപനത്തിലും മറ്റും പ്രതിഫലിക്കും. യുസ്വേന്ദ്ര ചെഹൽ, രാഹുൽ ചാഹർ എന്നിവരും കളിച്ചേക്കുമെന്നാണു സൂചന. അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുൻപ് പരമാവധി പുതുമുഖങ്ങളെ പരീക്ഷിച്ചു മികച്ച ടീമിനെ ഒരുക്കാനാണ് ഇന്ത്യ ശ്രമിക്കുകയെന്നു തീർച്ച. മാർച്ചിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിനത്തിൽ സ്പിന്നർമാരെ തുണച്ച പിച്ചാണു ഇവിടുത്തേത്.

ശ്രീലങ്കയ്‌ക്കെതിരെ തിളങ്ങിയ മുഹമ്മദ് നസീമിലാണു ബംഗ്ലാദേശ് പ്രതീക്ഷകളേറെയും. തമീം ഇക്‌ബാൽ, മുഹമ്മദ് ഷെയ്ഫുദ്ദീൻ എന്നിവരുടെ അഭാവവും ടീമിനെ തളർത്തുന്നുണ്ട്. ടീമിലുള്ള അറാഫത്ത് സണ്ണി, അൽ അമീൻ ഹുസൈൻ എന്നിവർ അവസാനം രാജ്യാന്തര ട്വന്റി20 കളിച്ചതു 3 വർഷം മുൻപ്. മലിനീകരണം രൂക്ഷമാണെങ്കിലും കളി മാറ്റില്ലെന്നു ബിസിസിഐ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാൾ നില അൽപ്പം മെച്ചപ്പെട്ടു. തൽക്കാലം മലിനീകരണത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും കളിയിൽ മാത്രമാണു ശ്രദ്ധയെന്നും ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മദുല്ല റിയാദും പറയുന്നു. ഇന്നലെയും ഇരു ടീമുകളും പരിശീലനത്തിനിറങ്ങി. ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെയുള്ള പ്രമുഖരില്ലാത്ത ബംഗ്ലാദേശ് ടീം അധികം തലവേദനയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വിശ്രമത്തിലാണ്. രോഹിത് ശർമയാണ് ക്യാപ്റ്റൻ. രോഹിതിനുകീഴിൽ ഒരുകൂട്ടം യുവതാരങ്ങൾ ഇറങ്ങുന്നു. സഞ്ജുവിന് ഇടംകിട്ടുമോ എന്ന് ഉറപ്പായിട്ടില്ല. ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയതെന്ന് മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഉശിരൻ പ്രകടനത്തിന്റെ ആത്മവിശ്വാസമുണ്ട് സഞ്ജുവിന്. മൂന്നാംനമ്പരാണ് സഞ്ജുവിനുള്ള സ്ഥാനം. നിലവിൽ ലോകേഷ് രാഹുലിനാണ് കൂടുതൽ സാധ്യത. ഓൾറൗണ്ടർ ശിവം ദുബെ അരങ്ങേറിയേക്കും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തുടരും.

വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് തന്നെയാകുമെന്ന് ഇന്നലെ രോഹിത് വ്യക്തമാക്കിയതോടെ ബാറ്റ്സ്മാനായി സഞ്ജു ടീമിൽ ഇടംപിടിക്കുമോയെന്നാണ് ആരാധകരുടെ നോട്ടം. ഇന്നലെ നെറ്റ്സിൽ ഏറെ നേരം സഞ്ജു പരിശീലനം നടത്തിയതും പ്രതീക്ഷയ്ക്കു വകനൽകുന്നു. എന്നാൽ വിജയ് ഹസാരെ ട്രോഫിയിലൂടെ ഫോമിലേക്കു മടങ്ങിയെത്തിയ കെ.എൽ. രാഹുൽ സഞ്ജുവിന് കനത്ത വെല്ലുവിളിയാണ്. ഓപ്പണർമാരായി ശിഖർ ധവാനും രോഹിതും ഇറങ്ങുമ്പോൾ മൂന്നാം നമ്പറിൽ രാഹുൽ-സഞ്ജു എന്നിവരിൽ ഒരാക്കാകും നറുക്കു വീഴുക. നാലാം നമ്പറിൽ ഫോമിലുള്ള ശ്രേയസ് അയ്യരും അഞ്ചാമനായി പന്തും ബാറ്റിങ് നിരയിൽ ഉണ്ടാകും.

സഞ്ജു സാംസൺ, മുംബൈ താരം ശിവം ദുബെ ഇവരിൽ ഒരാൾ തീർച്ചയായും പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ രോഹിത് ശർമ്മ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ പിന്തുണയ്ക്കുകയും ചെയ്തു.' അവനെ ഞങ്ങൾ പിന്തുണയ്‌ക്കേണ്ടതുണ്ട്. പതിഞ്ചോ ഇരുപതോ ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് റിഷാബ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവന്റെ കാര്യത്തിൽ അന്തിമതീരുമാനടുക്കാൻ ഇനിയും ഏറെ സമയമുണ്ട് ' രോഹിത് ശർമ്മ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചുകൊണ്ടിരിക്കുതെന്നും ശിവം ദുബെയും കഴിഞ്ഞ ഐ പി എൽ മുതൽ ശ്രദ്ധാകേന്ദ്രമാണെന്നും ഒപ്പം നിലവിൽ ടീമിൽ ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രം കളിച്ച താരങ്ങളുണ്ടെന്നും അവർക്കും അവസരം നൽകേണ്ടതുണ്ടെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.

അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്‌ക്കെതിരെ ഹരാരയിലായിരുന്നു മത്സരം.

ടീം: ഇന്ത്യ-- രോഹിത് ശർമ, ശിഖർ ധവാൻ, സഞ്ജു സാംസൺ/ ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിവം ദുബെ, ക്രുണാൾ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുശ്വേന്ദ്ര ചഹാൽ/ രാഹുൽ ചഹാർ, ദീപക് ചഹാർ, ശർദുൾ താക്കൂർ/ഖലീൽ അഹമ്മദ്.

ബംഗ്ലാദേശ്-- ലിട്ടൺ ദാസ്, സൗമ്യ സർക്കാർ, മുഹമ്മദ് മിഥുൻ/ മുഹമ്മദ് നയിം, മുഷ്ഫിക്കർ റഹിം, മഹ്മദുള്ള, മൊസദെക് ഹുസൈൻ, അഫിഫ് ഹുസൈൻ, അറാഫത് സണ്ണി, മുസ്താഫിസുർ റഹ്മാൻ, അൽ അമീൻ ഹുസൈൻ, അബു ഹയ്ദെർ/ തയ്ജുൾ ഇസ്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP