Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം, ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ; ഇരുപതു വർഷത്തിന് ശേഷം ജീവനോടെ കത്തിച്ച ദാസിപ്പെണ്ണിന്റെ ആത്മാവ് വീണ്ടും പ്രതികാരത്തിനായി എത്തുമ്പോൾ പേടിക്കയല്ല പ്രേക്ഷകർ ചിരിക്കയാണ്; പഴകി മടുത്ത കഥയെ വീണ്ടും വിനയൻ ആവർത്തിക്കുമ്പോൾ ഇത് മലയാളം കണ്ട മോശം ഹൊറർ ചിത്രങ്ങളിൽ ഒന്നാവുന്നു; പ്രേത ക്ലീഷേകളെ സ്ഥിരം ഫോർമാറ്റിന് റഫറൻസ് ആകുകയാണ് ആകാശ ഗംഗ 2

വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം, ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ; ഇരുപതു വർഷത്തിന് ശേഷം ജീവനോടെ കത്തിച്ച ദാസിപ്പെണ്ണിന്റെ ആത്മാവ് വീണ്ടും പ്രതികാരത്തിനായി എത്തുമ്പോൾ പേടിക്കയല്ല പ്രേക്ഷകർ ചിരിക്കയാണ്; പഴകി മടുത്ത കഥയെ വീണ്ടും വിനയൻ ആവർത്തിക്കുമ്പോൾ ഇത് മലയാളം കണ്ട  മോശം ഹൊറർ ചിത്രങ്ങളിൽ ഒന്നാവുന്നു; പ്രേത ക്ലീഷേകളെ സ്ഥിരം ഫോർമാറ്റിന് റഫറൻസ് ആകുകയാണ് ആകാശ ഗംഗ 2

സുവർണ്ണ പി എസ്

20 വർഷങ്ങൾക്ക് ശേഷം മാണിക്കശേരി കോവിലകത്തേയ്ക്ക് ഗംഗയെന്ന ദുരാത്മാവിനെ തിരികെ കൊണ്ടുവന്ന്, പ്രേക്ഷകരെ ഭയത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തുമെന്ന് അവകാശപ്പെട്ട്, സംവിധായകൻ വിനയൻ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. എന്നാൽ സിനിമ കണ്ട പ്രേക്ഷകർ ഗംഗയെ കണ്ട് പേടിച്ചോ എന്ന് ചോദിച്ചാൽ സംശയമാണ്. കണ്ടുമടുത്ത ക്ലീഷേകൾ ചിത്രത്തെ പരിഹാസപാത്രമാക്കുയാണ്.

വിനയൻ എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്രേക്കായിരുന്നു ആകാശഗംഗ. വിനയന്റെ വളർച്ചയിലേക്കുള്ള ഒരു ചുവടുവയ്‌പ്പ് എന്ന് തന്നെ പറയാം. പക്ഷേ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകനെ നിരാശപ്പെടുത്തി എന്ന് വേണം പറയാൻ. ആദ്യ ഭാഗത്തിന്റെ അടുത്ത് എത്താൻ പോലും രണ്ടാം ഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് സങ്കടത്തോടെ തന്നെ പറയേണ്ടിവരും. എന്നാൽ ഒന്നാം ഭാഗത്തിലെ ചില സീനുകൾ രണ്ടാം ഭാഗത്തിലും ഉൾപ്പെടുത്തിയത് പഴയ ആകാശഗംഗയുടെ ഫീൽ പ്രേക്ഷകനിലുണ്ടാക്കി. മരുഭൂമിയിൽ ഇടയ്ക്ക് കിട്ടുന്ന മഴയോട് വെണമെങ്കിൽ ഇതിനെ ഉപമിക്കാം.

സിനിമ തുടങ്ങുന്നത് തന്നെ 'പുതുമഴയായ് വന്നു നീ' എന്ന ഗാനത്തോടെയാണ്. ഗാനത്തോടൊപ്പം തന്നെ ഒന്നാം ഭാഗത്തിലെ ഏറെക്കുറെ പ്രധാന ഭാഗങ്ങൾ ഗ്രാഫിക്സിലൂടെ കാണിക്കുന്നുണ്ട്. ഇതെല്ലാം രണ്ടാം ഭാഗം കാണാൻ പ്രേക്ഷകനിൽ താൽപര്യം ജനിപ്പിക്കുന്നു. എന്നാൽ സിനിമ ആരംഭിച്ച് ഇന്റെർവൽ ആവുന്നതിന് മുമ്പ് തന്നെ പ്രേക്ഷകനിൽ നിരാശ ഉണ്ടാക്കുകയാണ് ചിത്രം. ഇരുപത് വർഷങ്ങൾക്ക് മുമ്പുള്ള സിനിമയുടെ ഒന്നാം ഭാഗത്തിന്റെ അതേ പാറ്റേൺ അല്ലെങ്കിൽ ഏറെ കുറെ അതിനോട് അടുത്ത് നിൽക്കുന്ന രീതിയിൽ രണ്ടാം ഭാഗവും ചെയ്യാൻ ശ്രമിച്ചതിലെ പൊരുത്തക്കേടുകൾ സിനിമ മുന്നോട്ട് പോകുന്തോറും പല ഭാഗങ്ങളിലും കാണാം. വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം. ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ... ഇതെല്ലാം ഈ കാലത്ത് എത്രത്തോളം സക്സസ് ആവുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. എന്നാൽ ഗ്രാഫിക്സിന്റെ സഹായത്തോടെ മൺമറഞ്ഞ് പോയ മയൂരിയെ അതായത് ആകാശഗംഗയിലെ യഥാർത്ഥ ദുരാത്മാവിനെ വീണ്ടും വെള്ളിത്തിരയിൽ കൊണ്ടുവന്നത് മികച്ച് നിൽക്കുന്നു. എങ്കിൽ പോലും മറ്റ് രംഗങ്ങൾ ഒന്നും പ്രേക്ഷകനിൽ ഭയം സൃഷ്ടിച്ചില്ല.

ഒന്നാം ഭാഗത്തിലെ റിയാസും, ഇടവേള ബാബുവും മാത്രമേ ചിത്രത്തിലെ രണ്ടാം ഭാഗത്തിലും ഉള്ളൂ. ഇടയ്ക്ക് മായയുടെ അമ്മയെയും കാണിക്കുന്നുണ്ട്. അതും പേരിന് മാത്രം. ഇവർക്കെല്ലാം പുറമേ രമ്യ കൃഷ്ണൻ, പുതുമുഖം വീണ നായർ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയൻ, സെന്തിൽ, പ്രവീണ, തെസ്നി ഖാൻ, വിഷ്ണു ഗോവിന്ദൻ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് കണാരൻ, സലീം കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഓരോരുത്തരും അവരവർക്ക് ലഭിച്ച കഥാപാത്രങ്ങളെ മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്. മായയുടെ മകളായ് പുതുമുഖം വീണ നായർ പ്രധാന വേഷത്തിൽ എത്തുമ്പോൾ അതിനൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്ന നായക വേഷത്തിൽ എത്തുന്നത് സംവിധായകൻ വിനയന്റെ മകൻ വിഷ്ണു ആണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ആകാശഗംഗ 2 കാണുവാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചത് ചിത്രത്തിന്റെ ഒന്നാം ഭാഗം തന്നെയാണ്. പേടിപ്പിച്ചും, ചിരിപ്പിച്ചും, പ്രേക്ഷകനെ ഉല്ലസിപ്പിക്കുന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് എന്നാൽ കോമഡി രംഗങ്ങളിലൂടെ മാത്രമേ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞുള്ളൂ. ഭയപ്പെടുത്താൻ ചിത്രീകരിച്ച രംഗങ്ങൾ പോലും പ്രേക്ഷകനിൽ ചിരി ഉണ്ടാക്കി എന്ന് പറയുമ്പോൾ ഇനി കൂടുതലൊന്നും പറയേണ്ടല്ലോ ചിത്രത്തെ കുറിച്ച്. കുറച്ചുകൂടെ ഗൗരവമുള്ള വിഷയം, അല്ലെങ്കിൽ കഴമ്പുള്ള കഥ തിരഞ്ഞെടുത്തിരുന്നെങ്കിൽ കുറച്ചെങ്കിലും സിനിമയെ മെച്ചപ്പെടുത്താമായിരുന്നു.

മറ്റ് വശങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ സംഗീതം വളരെ മനോഹരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പുതുമഴയായ് എന്ന ഗാനത്തിന്റെ ശക്തിക്ക് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. ഒരു പക്ഷേ ആകാശഗംഗ എന്ന ചിത്രത്തിന്റെ നെടും തൂണാണ് ഈ ഗാനം എന്ന് തന്നെ പറയാം. ബിജിബാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഹരിനാരായണനും രമേശൻ നായരും ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

ഗ്രാഫിക്സ് എഡിറ്റിംങ്ങ് ക്യാമറ എന്നിവയിലേയ്ക്ക് കടക്കുകയാണെങ്കിൽ തരക്കേടില്ല എന്ന് പറയാം. പ്രകാശ് കുട്ടിയുടെതാണ് ക്യാമറ. പുതുമഴയായി വന്നു എന്ന 'ആകാശഗംഗ'യിലെ പാട്ട് ബേണി ഇഗ്‌നേഷ്യസാണ് റീമിക്‌സ് ചെയ്തിരിക്കുന്നത് റോഷൻ മേക്കപ്പും ബോബൻ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഡോൾബി അറ്റ്‌മോസിൽ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് ചെയ്തിരിക്കുന്നത് തപസ് നായ്ക് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP