Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എ വർഗീസിനും, ഫിലിപ്പ് എം പ്രസാദിനും പിന്നാലെ പിണറായി വിജയനും നക്സലിസത്തിലേക്ക് പോവുകയാണെന്നത് പാർട്ടിയെ ഞെട്ടിച്ചു; എം വി രാഘവനും ഇഎംഎസും നടത്തിയ സമ്മർദത്തെ തുടർന്ന് പിണറായി മനസ്സുമാറ്റിയപ്പോൾ ആദിവാസികൾക്കായി പ്രവർത്തിച്ച് വെടിയുണ്ട ഏറ്റുവാങ്ങി വർഗീസ്‌ രക്തസാക്ഷിയായി; പ്രാധാനപ്പെട്ട എല്ലാ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെയും ഉൽഭവം സിപിഎമ്മിൽ നിന്ന്; നക്സൽ അനുഭാവിയായ പിണറായി നവ നക്സലിസത്തിന്റെ അന്തകനായി മാറിയത് ഇങ്ങനെ

എ വർഗീസിനും, ഫിലിപ്പ് എം പ്രസാദിനും പിന്നാലെ പിണറായി വിജയനും നക്സലിസത്തിലേക്ക് പോവുകയാണെന്നത് പാർട്ടിയെ ഞെട്ടിച്ചു; എം വി രാഘവനും ഇഎംഎസും നടത്തിയ സമ്മർദത്തെ തുടർന്ന് പിണറായി മനസ്സുമാറ്റിയപ്പോൾ ആദിവാസികൾക്കായി പ്രവർത്തിച്ച് വെടിയുണ്ട ഏറ്റുവാങ്ങി വർഗീസ്‌ രക്തസാക്ഷിയായി; പ്രാധാനപ്പെട്ട എല്ലാ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെയും ഉൽഭവം സിപിഎമ്മിൽ നിന്ന്; നക്സൽ അനുഭാവിയായ പിണറായി നവ നക്സലിസത്തിന്റെ അന്തകനായി മാറിയത് ഇങ്ങനെ

എം മാധവദാസ്

തിരുവനന്തപുരം: ഇന്ന് പൊലീസിന്റെ മാവോയിസ്റ്റ് വേട്ടക്ക് ശക്തമായ പിന്തുണ കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സൗകര്യപുർവം മറക്കുന്ന ഒരു രാഷ്ട്രീയ മാറ്റം ഓർമ്മിപ്പിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകർ. മാവോയസ്റ്റ് വേട്ടക്കെതിരെ പ്രതിഷേധ പോസ്റ്റർ പതിച്ചുവെന്നാരോപിച്ച് വിദ്യാർത്ഥികൾക്കു നേരെപ്പോലും യുഎപിഎ ചുമത്തുകയും ചെയ്യുന്ന കേരളത്തിൽ, മുഖ്യമന്ത്രിയും ഒരു കാലത്ത് നക്സൽ ചായ്വ കാണിച്ചിരുന്നുവെന്ന കാര്യമാണ് സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നത്. 60കളിൽ കേരളത്തിൽ നക്സലിസം തരംഗമായി ആഞ്ഞടിക്കുമ്പോൾ, ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും നക്സലെറ്റ് അനുഭാവിയായിരുന്നു. എം വി രാഘവനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഏറെ പണിപ്പെട്ടാണ് ചർച്ച നടത്തി പിണറായിയുടെ മനസ്സു മാറ്റിയത്.

സിപിഎം കണ്ണൂർ ഓഫീസ് സെക്രട്ടറി കൂടിയായിരുന്ന വർഗീസിനെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ഫിലിപ്പ് എം പ്രസാദിനെയും പോലുള്ള നിരവധി യുവാക്കളാണ് അന്ന് നക്സലിസത്തിലേക്ക് പോയത്. പിണറായി വിജയനെപ്പോലെ യുവജനങ്ങളിൽ ശക്തമായ സ്വാധീനമുള്ള ഒരു നേതാവു കൂടി നക്സൽ പാളയത്തിൽ എത്തിയാൽ പാർട്ടി തകരുമെന്ന് ഇഎംഎസിനെപ്പോലുള്ള മുതിർന്ന നേതാക്കൾ ആശങ്കപ്പെട്ടിരുന്നു. വലതുപക്ഷം വ്യതിയാനം പോലെ, പാർട്ടി നേരിട്ട ശക്തമായ വെല്ലുവിളിയായിരുന്നു ഇടതുപക്ഷ വ്യതിയാനമെന്ന് സിപിഎം കേന്ദ്രകമ്മറ്റി പിന്നീട് ഇക്കാര്യത്തിൽ വിലയിരുത്തിയിട്ടുമുണ്ട്. കാലം മാറി. അന്ന് നക്സൽ അനുഭാവിയായിരുന്ന പിണറായിയാണ് 'തെറ്റുതിരുത്തി' ഇന്ന് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിയായി നാടു ഭരിക്കുന്നത്. എന്നാൽ കരുണാകന്റെ പൊലീസിനേക്കാൾ മോശമായ അവസ്ഥയാണ് നക്സലൈറ്റുകളും അനുഭാവികളും കേരളത്തിൽ ഇപ്പോൾ നേരിടുന്നത്.

കോഴിക്കോട്ട് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പതിച്ചുവെന്ന പേരിൽ സിപിഎമ്മുകാരായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏവരെയും ഞെട്ടിക്കുന്നതാണ്. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയതാണ് ഏറ്റവും വിചിത്രം. കണ്ണൂർ സർവകലാശാലയിൽ നിയമ വിദ്യാർത്ഥികളാണ് രണ്ടുപേരും. മാവോയിസ്റ്റുകൾക്ക് മാത്രമല്ല സ്വന്തം പാർട്ടിക്കാർക്കുപോലെ, പൊലീസിൽ നിന്ന് രക്ഷയിലെന്ന് ചുരുക്കം. മാത്രമല്ല ഒരാൾ മാവോയിസ്റ്റ് അനുഭാവിയാകുന്നത് കുറ്റകരമല്ലെന്നും, അയാൾ സമാധാനപരമായി താൻ വിശ്വസിക്കുന്നത് പ്രചരിപ്പിക്കുന്നത് തെറ്റല്ലെന്നും, സുപ്രീംകോടതി നേരത്തെ തന്നെ വിധിച്ചിട്ടുണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് കേരളത്തിലെ മവോയിസ്റ്റ് വേട്ട പുരോഗമിക്കുന്നത്.

എല്ലാ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെയും ഉൽഭവം സിപിഎമ്മിൽ നിന്ന്

ഇന്ന് പിണറായി വേട്ടയാടുന്ന ഏതാണ്ട് എല്ലാ ഗ്രൂപ്പുകളുടെയും ഉൽഭവം അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ സിപിഎമ്മിൽ നിന്നു തന്നെയാണ്. അതുകൊണ്ടു കൂടിയാണ്, വഴിതെറ്റിപ്പോയ സഖാക്കൾ ഇന്ന് മാവോയിസ്റ്റുകളെ ഇപ്പോഴും സിപിഐ വിശേഷിപ്പിക്കുന്നത്. 1967ൽ സിപിഎം നേരിട്ട ഏറ്റവും പ്രധാന പ്രശ്നമായിരുന്നു നക്സൽബാരി മുന്നേറ്റം. പാർട്ടിയിലെ തീവ്രചിന്താഗതിയുള്ള ആളുകൾ സിപിഎമ്മിന്റെ ജനകീയ ജനാധിപത്യ വിപ്ലവം എന്ന പാർലിമെന്ററി ആശയത്തെ ചോദ്യം ചെയ്യുകയുണ്ടായി. ഇതിനേത്തുടർന്നാണ് പ്രധാനമായും നക്സലുകൾ എന്നറിയപ്പെടുന്ന ഒരു വിഭാഗം പാർട്ടിയുടെ ഉള്ളിൽ ഉടലെടുക്കുന്നത്. പശ്ചിമ ബംഗാളിൽ ചൈനീസ് മാർഗ്ഗത്തോട് ആഭിമുഖ്യം പുലർത്തുന്ന രണ്ട് വിമതഗ്രൂപ്പുകൾ സിപിഎമ്മിനുള്ളിൽ ഉടലെടുക്കുകയുണ്ടായി. ഇതിൽ ചാരുമജുംദാറും, കനു സന്യാലും നേതൃത്വം കൊടുക്കുന്ന വിഭാഗം വളരെ പ്രബലരായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് ഘടകം ഈ ആശയങ്ങളെ സഹർഷത്തോടെ സ്വാഗതം ചെയ്യുകയുണ്ടായി. 1968 ഏപ്രിൽ 5 മുതൽ 12 വരെ പശ്ചിമബംഗാളിലെ ബർദ്്മാനിൽ വെച്ചു നടന്ന പാർട്ടി പ്ലീനത്തിൽ വെച്ച് ഈ വിമതർ ഒരു പ്രത്യേക സംഘടനയുണ്ടാക്കി സിപിഎമ്മിൽ നിന്ന് പിരിഞ്ഞുപോയി. ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസ് എന്ന പേര് ഇവർ സംഘടനക്കായി കണ്ടെത്തി. സിപിഎമ്മിലെ പ്രമുഖർ ഒന്നും തന്നെ വിട്ടുപോയില്ലെങ്കിലും, ഈ പിളർപ്പ് രാജ്യവ്യാപകമായി തന്നെ പ്രതിഫലിച്ചു. ഈ പുതിയ സംഘടന രക്തരൂക്ഷിത വിപ്ലവം തങ്ങളുടെ മാർഗ്ഗമായി സ്വീകരിച്ചു. എന്നാൽ പശ്ചിമബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇവർ നടത്തിയ മുന്നേറ്റം, ഭരണകൂടം വളരെ ശക്തിയോടെ തന്നെ അടിച്ചമർത്തി.

ചൈനയിലെ മാവോ സേതൂങ്ങിന്റെ കടുത്ത ആരാധകൻ ആയിരുന്നു ചാരു മജൂംദാർ. അതു കൊണ്ടു തന്നെ, മാവോയുടെ കാലടികൾ പിന്തുടർന്ന് കൊണ്ട് തങ്ങളുടെ ശോച്യാവസ്ഥയ്ക്ക് ഹേതുവായ ഉപരി വർഗ്ഗത്തെയും ഭരണകൂടത്തെയും നിഷ്‌കാസിതരാക്കുവാൻ കർഷകരോടും സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിക്കുന്നവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനിടയിലാണ് പീക്കിങ്ങ് റേഡിയോ വസന്തത്തിന്റെ ഇടിമുഴക്കമെന്ന് നക്സൽബാരി സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഇതോടെ വിപ്ലവം ആസന്നമാണെന്നും, ചൂഷണരഹിതമായ ഒരു ലോകം ഇന്ത്യയിലും സാധ്യമാകുമെന്നും ഒരു വിഭാഗം യുവാക്കൾ വിശ്വസിച്ചു. ഇടതുപക്ഷ ബുദ്ധിജീവികൾ തൊട്ട് വിദ്യാർത്ഥികളിൽ വരെ ഇതൊരു തരംഗമായി. കേരളത്തിലും ഇതിന്റെ അലയൊലികൾ ശക്തമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഫിലിപ്പ് എം പ്രസാദും, സിപിഎം കണ്ണൂർ ഓഫീസ് സെക്രട്ടറിയുമായിരുന്ന എ വർഗീസും, നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് പോയത് പാർട്ടിയെ ഞെട്ടിച്ചു. ആ സമത്താണ് കണ്ണൂരിലെ കരുത്തനായ യുവനേതാവായ പിണറായി വിജയനും നക്്സൽ അനുഭാവിയാണെന്ന പ്രചാരണം വരുന്നത്.

ഗോപാലസേനയിൽ തുടങ്ങിയ പിണറായി

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വർഗ്ഗീസിനെ വയനാട്ടിൽ ആദിവാസികളെ സംഘടിപ്പിക്കുവാൻ പാർട്ടി നിയോഗിച്ചതായിരുന്നു. പക്ഷേ വയനാട്ടിൽ എത്തിയപ്പോൾ പല ജന്മിമാരും തന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു വർഗ്ഗീസിന് കാണാൻ കഴിഞ്ഞത്. ഇതോടെ ജനാധിപത്യപരമായി നീങ്ങുന്ന സിപിഎമ്മിന് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വർഗ്ഗീസ് സിപിഐ(എം.എൽ) പ്രവർത്തകനാവുകയായിരുന്നു. നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനവും അദ്ദേഹത്തിൽ പ്രകടമായ്ിരുന്നു. ഇതേസമയത്തു തന്നെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ഫിലിപ്പം എം പ്രസാദും മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ എത്തുന്നത്.

അന്ന് പാർട്ടിയുടെ കരിസ്മാറ്റിക്ക് നേതാവായിരുന്നു എംവി രാഘവനെയാണ് യുവാക്കളെ നക്സലിസത്തിൽ നിന്ന് മോചിപ്പിക്കാൻ സിപിഎം ചുമതലപ്പെടുത്തിയത്്. ഇക്കാര്യം എംവി രാഘവൻ തന്റെ 'ഒരു ജന്മം' എന്ന് പേരിട്ട ആത്മകഥയിൽ എഴുതിയിട്ടുണ്ട്. എ വർഗീസുമായും, പിണറായി വിജയനുമായും ഒരുപോലെ വ്യക്തിബന്ധമുള്ള നേതാവായിരുന്ന രാഘവൻ. കണ്ണൂരിൽ പാർട്ടിയ വളർത്തുക മാത്രമല്ല പാർട്ടി പിളർന്നപ്പോൾ സ്വത്തുക്കൾ ഒന്നും നഷ്ടപ്പെടാതെ സംരക്ഷിച്ചതും എംവിആർ ആയിരുന്നു. കണ്ണൂരിൽ പാർട്ടിയെ വളർത്താൻ എംവിആർ രൂപം നൽകിയ 'ഗോപാലസേന' എന്ന വളണ്ടിയർ സംഘത്തിന്റെ നേതാക്കളായിരുന്നു പിണറായിയും വർഗീസും. ഈ ബന്ധം കൂടി കണക്കിലെടുത്താണ് ഇരുവരോടും സംസാരിപ്പിക്കാൻ പാർട്ടി രാഘവനെ ചുമതലപ്പെടുത്തിയത്.

വയനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ വർഗീസിനെ മാനന്തവാടിയിലേക്ക് അയക്കണമെന്ന് നിർദ്ദേശിച്ചതും രാഘവൻ ആയിരുന്നു. വർഗീസ് മാവോയിസറ്റ് ആശയത്തിൽ ആകൃഷ്ടനായത് അറിഞ്ഞ്, എംവിആർ വയനാട്ടിലെത്തി പാർട്ടി ഏരിയാ കമ്മറി വിളിച്ചുചേർത്തു. ആ യോഗത്തിൽ രൂക്ഷമായ മറുപടിയാണ് വർഗീസിൽനിന്ന് ഉണ്ടായത്. വിപ്ലവ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പുത്തൻ റിവിഷനിസ്റ്റായിട്ടാണ്, രാഘവനെ വർഗീസ് വിശേഷിപ്പിച്ചത്. പാർട്ടിനയം അംഗീകരിക്കില്ലെന്ന് പറഞ്ഞ് വർഗീസിനൊപ്പം ഭൂരിഭാഗം പേരും ഇറങ്ങിപ്പോയത് രാഘവനെയും ഞെട്ടിച്ചു. ഒരുവേള നകസ്ലിസം സിപിഎമ്മിനെ വിഴുങ്ങുമെന്ന ആശങ്കപോലും പാർട്ടിയിൽ ഉയർന്നിരുന്നു. ഇതിനുശേഷം വർഗീസുമായി വ്യക്തിപരമായ രാഘവൻ ദീർഘനേരം സംസാരിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങാൻ കൂട്ടാക്കിയില്ല.

ഇതേ രീതിയിലുള്ള ഒരു സംവാദം താൻ പിണറായി വിജയനുമായും നടത്തിയെന്നും, നക്സലിസത്തിലേക്ക് പോകതെ ജനാധിപത്യപാതയിൽ ഉറച്ചുനിൽക്കണമെന്ന് അഭ്യർത്ഥിച്ചുവെന്നുമാണ് രാഘവൻ പറയുന്നത്. മറുപടിയായി പിണറായി തീർത്തും ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് ഇഎംഎസിനെപ്പോലുള്ള മുതിർന്ന നേതാക്കളുടെ അഭ്യർത്ഥനകൂടിയായതോടെ പിണറായി മനസ്സു മാറ്റുകയായിരുന്നു. എന്നാൽ പാർട്ടി വിട്ടതോടെ പിണറായി രാഘവന്റെ കടുത്ത ശത്രുവാകുന്നതാണ് പിന്നീട് കണ്ടത്. 'പച്ചക്കുതിര' മാസികക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇത് തുറന്നു പറയുന്നുണ്ട്. രാഘവൻ സിപിഎമ്മിൽ ഉണ്ടായിരുന്നെങ്കിൽ പിണറായി ഒന്നുമാകുമായിരുന്നില്ല എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകരും നിരവധിയാണ്.

പക്ഷേ നകസ്ലുകൾക്ക് കാലം കാത്തുവെച്ചത് ദുർവിധി തന്നെയായിരുന്നു. തെറ്റായ ഉന്മൂല ആശയംമൂലം അവർ കേരളത്തിൽ ഒറ്റപ്പെട്ടു. കരുണാകരന്റെ പൊലീസ് ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ കുപ്രസിദ്ധമായ നക്സൽ വേട്ട കേരളം മറന്നിട്ടില്ല. 70കളിലെ അവസാനത്തോടെയാണ് കേരളത്തിലെ നക്സൽ പ്രസ്ഥാനം പല വിധ തർക്കങ്ങളാൽ പല കഷ്ണങ്ങളായി ഭാഗിക്കപ്പെട്ടത്. അങ്ങനെ ചിന്നിച്ചിതറിയും തമ്മിലടിച്ചും ഇല്ലാതായ ഈ പ്രസ്ഥാനം വീണ്ടും തലപൊക്കുന്നത് 2011നു ശേഷമാണ്.

നവ നക്സലിസത്തിന്റെ അന്തകനായി പിണറായി

എഴുപതുകളിൽ നാൽപ്പതിനായിരത്തോളം സജീവ അംഗങ്ങൾ ഉണ്ടായിരുന്ന കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ രാഷ്ട്രീയമായും കായികമായും തകർത്തതിന് പിന്നിൽ കെ കരുണാകരൻ ആണെന്നാണ് വിലയിരുത്തൽ. അതുപോലെ 2010നുശേഷം കേരളത്തിൽ ഉണ്ടായ നവ നക്‌സൽ പ്രസ്ഥാനത്തിന്റെ അന്തകനായി പൊതുവെ വിലയിരുത്തുന്നത് പിണറായി വിജയനെയാണ്. മവോയിസ്റ്റുകളെ നിർദയം വേട്ടയാടുന്നതിൽ കരുണാകരനെയും കടത്തിവെട്ടി, അമിത് ഷായുടെ അതേ നിലപാട് തന്നെയാണ് പിണറായിക്കുമെന്ന് വ്യക്തമാണ്.

70കളിലെ വിപ്ലവ സ്വപ്നങ്ങളും വസന്തത്തിന്റെ ഇടിമുഴക്ക സ്വപ്നവുമൊക്കെ ചീറ്റിപ്പോയത് വലിയ തിരിച്ചടിയാണ് കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഉണ്ടാക്കിയത്. ഫിലിപ്പ് എം പ്രസാദിനെപ്പോലുള്ള നക്‌സലുകൾ സായിബാബ ഭക്തരായി. വെള്ളത്തൂവൽ സ്റ്റീഫനെപ്പോലുള്ള പലരും സുവിശേഷ പ്രാസംഗികരുമായി. കെ അജിതയെപ്പോലുള്ള ബാക്കിയുള്ളവർ മനുഷ്യവകാശ പ്രവർത്തനങ്ങളിലേക്കാണ് തങ്ങളുടെ കർമ്മ മണ്ഡലം മാറ്റിയത്. കേരളത്തിൽ കുറ്റിയറ്റുപോയ മവോയിസം പിന്നെ ചിന്തിച്ചു വരുന്നത് 2011-ന് ശേഷമാണ്. ആദിവാസി-ദലിത് വിഭാഗങ്ങളുടെ ഭൂസമരം അടക്കമുള്ള വിഷയങ്ങൾ സജീവമായി ഉയർത്തിക്കൊണ്ടുവരാനാണ് ഇവർ ഒരു ചെറിയ വിഭാഗം യുവാക്കളിൽ പിന്തുണ നേടിയെടുത്തത്. ഈ വ്യാപകമായ അസമത്വങ്ങൾ മാവോയിസ്റ്റുകൾക്ക് സമൂഹത്തിൽ വേരു പിടിക്കാനുള്ള അവസ്ഥ ഉണ്ടാക്കിക്കൊടുതെന്ന് മുൻ നക്‌സൽ നേതാവു ഇപ്പോൾ മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസു പ്രതികരിച്ചിരുന്നു. പിന്നീട് ഏതാനും ചില വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു മാവോയിസ്റ്റ് പ്രവർത്തനങ്ങൾ. രൂപേഷ്-ഷൈമ ദമ്പതികൾ, കഴിഞ്ഞ തവണ വയനാട്ടിൽ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട പോരാട്ടം ജലീൽ, മുരളി കണ്ണമ്പള്ളിയുടെ ചില അനുയായികൾ തുടങ്ങിയവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലെ നവ നക്‌സലുകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്.

അട്ടപ്പാടിയിലെ മാവോവാദികൾ ഭവാനി ദളമെന്നും വയനാടൻ കാടുകളിൽ പ്രവർത്തിക്കുന്നവർ കബനി ദളമെന്നും നിലമ്പൂർ വനത്തിലുള്ളവർ നാടുകാണി ദളമെന്നുമാണ് അറിയപ്പെടുന്നത്. പുറമേ കർണാടകയിലും തമിഴ്‌നാട്ടിലും വേറെയും ഓരോ ദളങ്ങളുണ്ട്. 2014 മുതൽ ഭവാനി ദളത്തിന് കീഴിൽ അട്ടപ്പാടി വനത്തിൽ നിലയുറപ്പിച്ച മാവോവാദികൾ ശിരുവാണി മേഖലയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അട്ടപ്പാടിയിൽ ആകെയുള്ള 192 ആദിവാസി ഊരുകളിൽ കേവലം 19 ഊരുകൾ കേന്ദ്രീകരിച്ചാണ് 50 അംഗങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഭവാനിദളത്തിന്റെ പ്രവർത്തനം. വയനാട് തിരുനെല്ലി സ്വദേശി സോമനാണ് ഈ ദളത്തിന്റെ അമരത്ത്. ഇവരുടെ അംഗബലം ഇപ്പോൾ 18ൽ നിന്ന് 7ായി ചുരുങ്ങിയിട്ടുണ്ട്. ഈ ഏഴുപേരെ പിടിക്കാനാണ് കോടികൾ ചെലവിട്ടുള്ള മവോയിസ്റ്റ് വേട്ടയെന്ന് ഓർക്കണം.

നക്‌സലൈറ്റുകളും മാവോവാദികളും ഏറ്റുമുട്ടലിൽ മരിക്കുമ്പോഴെല്ലാം സംസ്ഥാനം ഭരിച്ചത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ആയിരുന്നുവെന്നതാണ് ഏറ്റവും വിചിത്രം. വയനാട് തിരുനെല്ലിയിൽ 1970 ഫെബ്രുവരി 18ന് വർഗീസ് കൊല്ലപ്പെടുമ്പോൾ സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ്, മുസ്ലിം ലീഗ്, ആർ.എസ്‌പി, കേരള കോൺഗ്രസ് പിന്തുണയോടെയായിരുന്നു സർക്കാർ. ആഭ്യന്തരം കൈയാളിയത് സി.എച്ച്. മുഹമ്മദ് കോയ. ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടെന്നായിരുന്നു അന്നത്തെ പൊലീസ് ഭാഷ്യമെങ്കിലും 28 വർഷത്തിനുശേഷം കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലോടെ സത്യം പുറത്തുവന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നെന്നായിരുന്നു വെളിപ്പെടുത്തൽ. തുടർന്ന് സിബിഐ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ ഐ.ജി ലക്ഷ്മണയെ 2010ൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

പക്ഷേ ഇപ്പോഴിതാ ഏറ്റവും കൂടതൽ മവോയിസ്റ്റുകൾ കൊല്ലപ്പെടുന്ന കാലമായി പിണറായിക്കാലം മാറിയിരിക്കയാണ്. നിലമ്പൂരിലും, വയനാട്ടിലും, അട്ടപ്പാടിയിലുമായി ഏഴുപേരാണ്, പൊലീസ് പറയുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മാത്രമല്ല മവോയിസ്റ്റ് അനുഭാവികൾ എന്ന് മുദ്രകുത്തി എസ്എഫ്ഐക്കാരെപ്പോലും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഘടകക്ഷിയായ സിപിഐമാത്രമല്ല സ്വന്തം പാർട്ടിയിൽനിന്നപോലും എതിർപ്പുയർത്തിട്ടും തന്റെ ഫാസിസ്റ്റ് നയങ്ങളുമായി പിണറായി മുന്നോട്ടുപോവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP