Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഹരി മരുന്നുകൾ വിൽക്കാൻ ഡീലർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്ക്; കവർന്നെടുത്തത് ഡീലർമാർക്ക് ലഹരി മരുന്നുകൾ വിൽപ്പന നടത്താനുള്ള എക്‌സൈസ് വിഭാഗത്തിന്റെ അധികാരവും; ചതി തിരിച്ചറിഞ്ഞ് അസാധുവാക്കി ഹൈക്കോടതിയുടെ ഇടപെടൽ; അണിയറയിൽ ഒരുങ്ങുന്നത് നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് ലൈസൻസ് വീണ്ടും ഡ്രഗ്‌സ് കൺട്രോളർക്ക് നൽകാനുള്ള നീക്കം

ലഹരി മരുന്നുകൾ വിൽക്കാൻ ഡീലർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്ക്; കവർന്നെടുത്തത് ഡീലർമാർക്ക് ലഹരി മരുന്നുകൾ വിൽപ്പന നടത്താനുള്ള എക്‌സൈസ് വിഭാഗത്തിന്റെ അധികാരവും; ചതി തിരിച്ചറിഞ്ഞ് അസാധുവാക്കി ഹൈക്കോടതിയുടെ ഇടപെടൽ; അണിയറയിൽ ഒരുങ്ങുന്നത് നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് ലൈസൻസ് വീണ്ടും ഡ്രഗ്‌സ് കൺട്രോളർക്ക് നൽകാനുള്ള നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന് മാത്രം ലൈസൻസ് നൽകാൻ അനുമതിയുള്ള ലഹരി മരുന്നുകൾക്ക് ഡ്രഗ്‌സ് കൺട്രോളർ ലൈസൻസ് നൽകുന്നത് വിവാദമാകുന്നു. എക്‌സൈസ് വകുപ്പ് മാത്രം നൽകേണ്ട ലൈസൻസ് ആണ് നിയമം മറികടന്നു ഡ്രഗ്‌സ് കൺട്രോളർ നൽകുന്നത്. ആശുപത്രികൾക്കും മരുന്ന് ഡീലർമാർക്കുമാണ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിനെ മറികടന്നു സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ ലൈസൻസ് നൽകുന്നത്. ഡ്രഗ്‌സ് കൺട്രോളറുടെ നടപടി ഹൈക്കോടതി തടഞ്ഞ ശേഷവും ഡ്രഗ്‌സ് കൺട്രോളർ വീണ്ടും ഇതേ മരുന്നുകൾ വിൽപ്പന നടത്താൻ അനുമതി നൽകുന്നു എന്നാണ് അറിയുന്നത്. ഇന്ത്യയിൽ 110 ഓളം നാർക്കോട്ടിക്‌സ് മെഡിസിൻസുണ്ട്. ഇവയെല്ലാം എൻഡിപിഎസ് ആക്റ്റിന്റെ പരിധിയിലാണ്. ഡ്രഗ്‌സിൽ നാർക്കൊട്ടിക്‌സ് ഡ്രഗ്‌സും എസൻഷ്യൽ നാർക്കോട്ടിക്‌സ് ഡ്രഗ്‌സുമുണ്ട്.

ആറോളം മരുന്നുകൾ അവശ്യ ലഹരിമരുന്നാണ്. കാൻസർ രോഗികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാനും സർജറി സമയത്ത് അനസ്തീഷ്യ നൽകാനും വേണ്ടിയാണ് എസൻഷ്യൽ നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് എന്ന കാറ്റഗറിയിൽ ചില മരുന്നുകളെ പെടുത്തിയത്. ആറോളം മരുന്നുകൾ ഈ എസൻഷ്യൽ നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് പട്ടികയിലുണ്ട്. ഈ മരുന്ന് വിൽക്കണമെങ്കിൽ അതിനു ലൈസൻസ് വേണം. ആശുപത്രികൾക്ക് ഈ മരുന്ന് വിൽക്കണമെങ്കിൽ ഏതെങ്കിലും ഡീലർഷിപ്പ് എടുക്കണം. ഈ ലൈസൻസ് കേരളത്തിൽ കൊടുക്കുന്നത് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ആണ്. എന്നാൽ അവശ്യ ലഹരി മരുന്നുകൾക്ക് ഉള്ള ഈ ലൈസൻസ് ആണ് എക്‌സൈസിനെ മറികടന്നു ഡ്രഗ്‌സ് കൺട്രോളർ നൽകുന്നത്.

ഡ്രഗ്‌സുമായി ബന്ധപ്പെട്ട എൻഡിപിഎസ് ആക്റ്റിൽ അമന്റ്‌റ്‌മെന്റ് വന്നിരുന്നു. 2015-ൽ അമന്റ്‌റ്‌മെന്റ് വന്നപ്പോൾ രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്ക് അവരുടെ ഉപയോഗത്തിനായി, രോഗികൾക്കും മറ്റും നല്കുന്നതിനായി എസൻഷ്യൽ നാർക്കൊട്ടിക്‌സ് ഡ്രഗ്‌സ് കൈവശം വയ്ക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് അനുമതി നൽകാം. ഈ അനുമതിയുടെ ബലത്തിലാണ് ഡീലർമാർക്ക് ഉൾപ്പെടെ നാർകോട്ടിക്‌സ് ഡ്രഗ്‌സ് വിൽക്കാനുള്ള അനുമതികൾ ഡ്രഗ്‌സ് കൺട്രോളർ നൽകുന്നത്. 52 എ റൂൾ പ്രകാരമുള്ള അനുമതിയാണ് ഈ കാര്യത്തിൽ ഡ്രഗ്‌സ് കൺട്രോളർക്ക് ഉള്ളത്. എന്നാൽ 52 ബി റൂൾ വ്യത്യസ്തമാണ്. നാർക്കൊട്ടിക്‌സ് ഡ്രഗ്‌സിന്റെ ലൈസൻസ് നേരത്തെ കൊടുത്തത് ആരാണോ അവർ തന്നെയാണ് എസൻഷ്യൽ നാർക്കൊട്ടിക്‌സ് ഡ്രഗ്‌സിന്റെ ലൈസൻസ് നൽകേണ്ടതും. ഇതാണ് 52 ബി റൂൾ പറയുന്നത്. ഇത് പ്രകാരം ലൈസൻസ് നൽകേണ്ടത് എക്‌സൈസ് വകുപ്പാണ്. ഈ അനുമതിയാണ് ഉന്നത തല സ്വാധീനത്തിന്റെ ബലത്തിൽ എക്‌സൈസിൽ നിന്നും അടർത്തിമാറ്റി ഡ്രഗ്‌സ് കൺട്രോളർ നൽകുന്നത്.

ഒരു സേന എന്ന നിലയിൽ വ്യവസ്ഥാപിത രീതിയിൽ കാര്യങ്ങൾ ചെയ്യുന്ന എക്‌സൈസിൽ നിന്നും നാർകോട്ടിക്‌സ് ഡ്രഗ്‌സിനായി ലൈസൻസ് നൽകാനുള്ള അനുമതി എടുത്ത് മാറ്റപ്പെടുമ്പോൾ അപകടകരമായ സാഹചര്യങ്ങളും ഒപ്പം അഴിമതിക്ക് ഉള്ള അരങ്ങ് ഒരുങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മദ്യവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദൈനം ദിനം കൈകാര്യം ചെയ്യുന്നതിനാൽ ഇത്തരം കാര്യങ്ങൾക്ക് ലൈസൻസ് നൽകുമ്പോൾ വ്യവസ്ഥാപിതമായ രീതിയിലാണ് എക്‌സൈസ് കാര്യങ്ങൾ നടത്തുന്നത്. എക്‌സൈസ് എന്നാൽ ഒരു ഫോഴ്‌സും അധികാരവും ഉള്ള സേനയാണ്. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനും തീരുമാനമെടുക്കാനും എക്‌സൈസിനു കഴിയും. എന്നാൽ ഡ്രഗ്‌സ് കൺട്രോളർ എന്ന് പറഞ്ഞാൽ ഒരേ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്. എക്‌സൈസിനെ അപേക്ഷിച്ച് അധികാരങ്ങളും പരിമിതവും. നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് കൈകാര്യം ചെയ്യുമ്പോൾ, ലൈസൻസ് നൽകുമ്പോൾ നിലവിലെ സുതാര്യത അതുപോലെ തന്നെ അപ്രത്യക്ഷമാവുകയും അഴിമതിക്ക് ഉള്ള അരങ്ങു സൃഷ്ടിക്കപ്പെടുകയും ചെയ്യാനുള്ള സാഹചര്യമാണ് നിലവിൽ വരുന്നത്.

ആറു മരുന്നുകൾ അവശ്യ ലഹരിമരുന്നുകൾ ആക്കി മാറ്റിയിട്ടുണ്ട്. ആ അവശ്യ ലഹരി മരുന്നുകൾ നൽകണമെങ്കിൽ അതിനു ലൈസൻസ് വേണം. ആശുപത്രികൾക്ക് ഈ മരുന്ന് വിൽക്കണമെങ്കിൽ ഏതെങ്കിലും ഡീലർഷിപ്പ് എടുക്കണം. ഈ ലൈസൻസ് കേരളത്തിൽ കൊടുക്കുന്നത് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ആണ്. 2017 വരെ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിനാണ് ഇത് നൽകാനുള്ള അവകാശം. 1985 ലാണ് എൻഡിപിഎസ് ആക്റ്റ് നിലവിൽ വന്നത്. അന്ന് മുതൽ 2017വരെ എക്‌സൈസ് ആണ് മരുന്നുകൾ വിൽക്കാൻ ഡീലർമാർക്ക് ലൈസൻസ് നൽകുന്നത്. 1985-മുതൽ 2017 വരെ ഇത്തരം മരുന്നുകൾ വിൽക്കുന്നത് നാല് ഡീലർമാരാണ്. പക്ഷെ എൻഡിപിഎസ് ആക്റ്റിൽ അമന്റ്‌റ്‌മെന്റ് വന്നപ്പോൾ ഡ്രഗ്‌സ് കൺട്രോളർക്ക് കേരളത്തിൽ കുറച്ച് അധികാരം നൽകി. രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്ക് അവരുടെ ഉപയോഗത്തിനു കൈവശം വെച്ച് ഉപയോഗിക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് ലൈസൻസ് നൽകാം. 52 എ റൂളിലാണ് ഇത് പറയുന്നത്.

റൂൾ 52 ബി പ്രകാരം നേരത്തെ നാർകോട്ടിക്‌സ് ഡ്രഗ്‌സിന്റെ ലൈസൻസ് കൊടുത്തത് ആരാണോ അവർ തന്നെയായിരിക്കണം എസൻഷ്യൽ നാർക്കൊട്ടിക്‌സ് ഡ്രഗ്‌സിന്റെ ലൈസൻസ് നൽകേണ്ടതും. നേരത്തെ നൽകിയത് എക്‌സൈസ് വകുപ്പ് ആയതിനാൽ ഇനി അത് നൽകേണ്ടതും എക്‌സൈസ് വകുപ്പ് തന്നെയാണ്. ഇവിടെയാണ് എക്‌സൈസ് വകുപ്പിനെ മറികടന്നു ഡ്രഗ്‌സ് കൺട്രോളർ ലൈസൻസ് നൽകുന്നത്. 52 എ റൂൾ ലൈസൻസ് നൽകാനുള്ള അധികാരമല്ല. ഡോക്ടർമാർക്ക് കൈവശം വെച്ച് ഉപയോഗിക്കാനുള്ള അധികാരമാണ്. എന്നാൽ ഈ റൂളിന്റെ മറ പിടിച്ച് ഡ്രഗ്‌സ് കൺട്രോളർ ആറു പേർക്ക് ലൈസൻസ് നൽകിയതായാണ് വിവരം. അടുപ്പമുള്ളവർക്കാണ് ലൈസൻസ് നൽകിയത്. ലൈസൻസ് അധികാരം നല്കണമെങ്കിൽ നോട്ടിഫിക്കേഷൻ വരേണ്ടതുണ്ട്. എന്നാൽ ഇത്തരമൊരു നോട്ടിഫിക്കേഷൻ വന്നതുമില്ല.

അവശ്യ ലഹരിമരുന്നുകൾ ആശുപത്രികൾക്ക് വാങ്ങണമെങ്കിൽ അത് ഡീലറുടെ കയ്യിൽ നിന്ന് വേണം വാങ്ങാൻ. ആശുപത്രികൾക്ക് ഡീലറുടെ കയ്യിൽ നിന്ന് മരുന്ന് വാങ്ങിക്കണമെങ്കിൽ അലോട്ട്‌മെന്റ് ഓർഡർ വേണം. ആശുപത്രികൾക്ക് ഈ മരുന്ന് വാങ്ങിക്കണം എന്നുണ്ടെങ്കിൽ ഒരു അപേക്ഷ ഡ്രഗ്‌സ് ഡിപ്പാർട്ട്‌മെന്റിൽ നൽകണം. ഇത്ര മരുന്നുകൾ സ്റ്റോക്കുണ്ട്. ഇത്ര മരുന്നുകൾ കൂടി വാങ്ങിക്കണം. അതിനാൽ ഇന്ന ഡീലറുടെ കയ്യിൽ നിന്ന് വാങ്ങിക്കാൻ അലോട്ട്‌മെന്റ് ഓർഡർ വേണം എന്ന് പറഞ്ഞു അപേക്ഷ നല്കണം ഇങ്ങിനെയാണ് അലോട്ട്‌മെന്റ് ഓർഡർ നൽകുന്നത്. മുൻപ് എക്‌സൈസ് ആണ് അലോട്ട്‌മെന്റ് ഓർഡർ നൽകിയിരുന്നത്. ഇപ്പോൾ ഡ്രഗ്‌സും. അതിൽ തന്നെയുള്ള അപാകതകകളും അപകടങ്ങളും ആണ് ഈ രംഗം അറിയുന്നവർ ചൂണ്ടിക്കാട്ടുന്നത്.

കാൻസർ രോഗികൾക്ക് മരുന്നുകൾ നൽകാൻ വേണ്ടിയാണ് ചില മരുന്നുകളെ അവശ്യ മരുന്നുകൾ കാറ്റഗറിയിലേക്ക് മാറ്റിയത്. എന്നാൽ കേരളത്തിൽ ഡ്രഗ്‌സ് കൺട്രോളർ ഡീലർമാർക്ക് നേരിട്ട് ലൈസൻസ് നൽകുകയാണ് ചെയ്യുന്നത്. എക്‌സൈസ് ഉന്നതരും ആരോഗ്യ വകുപ്പ് അധികൃതരും നടത്തിയ ഹൈലെവൽ മീറ്റിങ് തീരുമാനപ്രകാരമാണ് ഇങ്ങിനെ ലൈസൻസ് നൽകുന്നത് എന്നാണ് ഡ്രഗ്‌സ് കൺട്രോളർ മറുനാടനോട് പറഞ്ഞത്. . അവശ്യ ലഹരിമരുന്നുകൾക്ക് ലൈസൻസ് നൽകാനുള്ള അധികാരി ഡ്രഗ്‌സ് കൺട്രോളർ ആയി മാറി എന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഇത്തരം ഒരു ഹൈലെവൽ മീറ്റിങ് വന്നപ്പോൾ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗും ചുവടുമാറ്റി. ഈ തീരുമാനത്തിന്റെ ചുവട് പിടിച്ചാണ് എസൻഷ്യൽ നാർക്കൊട്ടിക്‌സ് ഡ്രഗ്‌സ് നൽകാനുള്ള അധികാരം ഇനി ഡ്രഗ്‌സ് കൺട്രോളർക്ക് ആയിരിക്കുമെന്ന് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഒരു സർക്കുലർ ഇറക്കിയത്.

എന്നാൽ ഈ സർക്കുലർ നിയമവിരുദ്ധമാണെന്ന് ഈ സർക്കുലർ ഇറക്കിയപ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സർക്കുലറിന്റെ പേരിൽ ഹൈക്കോടതിയിൽ നിന്ന് ഒരു കൊട്ട് ഋഷിരാജ് സിംഗിനും കിട്ടി. ഈ സർക്കുലർ ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു. ഋഷിരാജ് സിംഗിന്റെ ഉത്തരവ് വന്നതോടെ കോട്ടയത്ത് നിന്നുള്ള ഒരാൾ കോടതിയിൽ പോയി. എക്‌സൈസ് കമ്മിഷണർ ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണ്. അതിനാൽ ഇത് റദ്ദ് ചെയ്യണമെന്നാണ് ഹൈക്കോടതിയിൽ വാദം വന്നത്. 2018 ഓഗസ്റ്റ് മാസം ഹൈക്കോടതി സർക്കുലർ റദ്ദ് ചെയ്തു. ഇത്തരം ഒരു ലൈസൻസ് നൽകാൻ ഡ്രഗ്‌സ് കൺട്രോളർക്ക് അധികാരമില്ല എന്നാണു ഹൈക്കോടതി പറഞ്ഞത്. ഡ്രഗ്‌സ് കൺട്രോളർ നൽകിയ ആറു ലൈസൻസും ഇൻവാലിഡ് ആണെന്ന് ഹൈക്കോടതി ഉത്തരവും നൽകി. ഇതോടെ എസൻഷ്യൽ നാർക്കൊട്ടിക്‌സ് ഡ്രഗ്‌സ് നൽകാനുള്ള ലൈസൻസിങ് അഥോറിറ്റി എക്‌സൈസ് വകുപ്പ് തന്നെയായി മാറി. ഈ കേസ് നടക്കുമ്പോൾ തന്നെ ഡ്രഗ്‌സ് കൺട്രോളർ വേറെ ഒരാൾക്കും ലൈസൻസ് നൽകിയിരുന്നു. ഇവർ കേരളത്തിൽ മുഴുവൻ ഇപ്പോൾ അവശ്യ ലഹരിമരുന്നുകൾ വിപണനം നടത്തുകയാണ് എന്നാണു അറിയുന്നത്.

അവശ്യലഹരി മരുന്നുകൾ അനുവദിക്കാനുള്ള അഥോറിറ്റി എക്‌സൈസ് തന്നെയെന്നു ഹൈക്കോടതി വിധി വന്നിട്ടും തുടർന്നും ലൈസൻസ് നൽകുന്ന പ്രക്രിയ ഡ്രഗ്‌സ് കൺട്രോളർ തുടർന്നിരുന്നു. കഴിഞ്ഞ വർഷം ഈ പ്രശ്‌നത്തിൽ കോടതി അലക്ഷ്യക്കേസും ഡ്രഗ്‌സ് കൺട്രോളർക്ക് എതിരെ വന്നു. അതോടെ ഡ്രഗ്‌സ് കൺട്രോളർ നിലപാട് മാറ്റി. നൽകിയ ലൈസൻസുകൾ പിൻവലിച്ചു. ലൈസൻസിങ് അഥോറിറ്റി ആരെന്ന കാര്യത്തിൽ സർക്കാരിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതിനാലാണ് താൻ നൽകിയ ലൈസൻസ് പിൻവലിച്ചത് എന്നാണ് ഡ്രഗ്‌സ് കൺട്രോളർ ഈ കാര്യത്തിൽ നിലപാട് എടുത്തത്. പക്ഷെ അണിയറയിൽ വീണ്ടും അധികാരം തന്നിലേക്ക് തന്നെ കേന്ദ്രീകരിക്കാൻ ഡ്രഗ്‌സ് കൺട്രോളർ വീണ്ടും ചരടുവലി തുടങ്ങിയിട്ടുണ്ട് എന്നാണ് അറിയുന്നത്. അവശ്യ ലഹരിമരുന്നുകൾക്ക് ലൈസൻസ് നൽകാനുള്ള അധികാരം എക്‌സൈസ് വകുപ്പിൽ തന്നെ നിക്ഷിപ്തമാക്കണം എന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം. സമൂഹത്തിന്റെ താത്പര്യം മുൻനിർത്തിയും നാർക്കോട്ടിക്‌സ് മെഡിസിന്റെ ദുരുപയോഗം ഇല്ലാതിരിക്കാനും ലൈസൻസ് അഥോറിറ്റി എക്‌സൈസ് വകുപ്പ് തന്നെ ആയിരിക്കണം എന്നാണ് ഈ രംഗത്ത് നിന്നും ഉയരുന്ന ആവശ്യം.

ഡ്രഗ്‌സ് കൺട്രോളർ നൽകുന്ന വിശദീകരണം:

അവശ്യ ലഹരി മരുന്നുകളുടെ കാര്യത്തിൽ ആശുപത്രികളുടെ ലൈസൻസ്, രോഗികൾക്ക് നൽകാനുള്ള ലൈസൻസ്, ഡോക്ടർമാരുടെ ലൈസൻസ് എന്നിവ നൽകാനുള്ള അധികാരം ഡ്രഗ്‌സ് കൺട്രോളറിൽ നിക്ഷിപ്തമാണ്-ഡ്രഗ്‌സ് കൺട്രോളർ രവി എസ്.മേനോൻ മറുനാടനോട് പറഞ്ഞു. അവശ്യ ലഹരി മരുന്നുകളുടെ കാര്യത്തിൽ ഡീലർ ലൈസൻസുണ്ട്. എൻഡിപിഎസ് ആക്റ്റിൽ ഡീലർമാർക്ക് ലൈസൻസ് നൽകുന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഡീലർമാർക്കാണ് മരുന്നുകൾ വിതരണം ചെയ്യാനുള്ള അധികാരം. പക്ഷെ നിയമത്തിൽ വ്യക്തതയില്ല. ഇപ്പോൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്. അമന്റ്‌റ്‌മെന്റ് വരുത്താൻ. ഈ അമന്റ്‌റ്‌മെന്റ് വരുന്നത് വരെ ഇതിനുള്ള അധികാരം ഡ്രഗ്‌സ് കൺട്രോളർക്ക് നൽകാൻ എക്‌സൈസ് കമ്മിഷണർ അടക്കമുള്ളവരുടെ ഉന്നത തല യോഗത്തിൽ തീരുമാനം വന്നിരുന്നു. അപ്പോൾ ചിലർ കോടതിയിൽ പോയി. ഇപ്പോൾ ഈ കാര്യത്തിൽ കേസുമുണ്ട്.

അവശ്യ ലഹരിമരുന്നുകൾ വിതരണം ചെയ്യാൻ ചിലർക്ക് ഞാൻ ലൈസൻസ് നൽകിയിരുന്നു. എന്നാൽ കേസ് വന്നപ്പോൾ അത് ഹൈക്കോടതി റദ്ദ് ചെയ്തു. ലൈസൻസ് പഴയത് പോലെ ഏക്സൈസ് വിഭാഗം തന്നെ നൽകട്ടെ എന്ന് വിധി നൽകി. ആറു മരുന്നുകൾ അവശ്യ ലഹരിമരുന്ന് ആക്കി കേന്ദ്രനിയമത്തിൽ മാറ്റിയിട്ടുണ്ട്. പെട്ടെന്ന് ആളുകൾക്ക് ലഭിക്കാൻ വേണ്ടിയാണ് ഈ മാറ്റം. ഇതെല്ലാം പാലിയെറ്റീവ് മരുന്നുകൾ ആണ്. പക്ഷെ ഡീലർ ലൈസൻസ് ആണ് പ്രശ്‌നമായത്. അത് ആര് ഇഷ്യു ചെയ്യും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഞാൻ ലൈസൻസ് നൽകിയ ആൾ ഹൈക്കോടതിയിൽ പറഞ്ഞത് എനിക്ക് ലൈസൻസ് ലഭിച്ചിട്ടില്ല എന്നാണ്. പക്ഷെ ലൈസൻസ് നൽകിയിരുന്ന ആളാണ്. ഇങ്ങിനെ കേസ് വന്നതാണ് ഹൈക്കോടതി വിധി വരാൻ കാരണം. പക്ഷെ നിയമത്തിൽ വീണ്ടും മാറ്റം വന്നേക്കും.അവശ്യ ലഹരി മരുന്നുകൾക്ക് ലൈസൻസ് നൽകാനുള്ള അധികാരം തിരികെ ഡ്രഗ്‌സ് കൺട്രോളർക്ക് തന്നെ വന്നേക്കും-ഡ്രഗ്‌സ് കൺട്രോളർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP