Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപേക്ഷ നൽകിയത് 19 ന്; പരിഗണിച്ചത് 21 ന്; തള്ളിയത് 22 ന്; അന്ന് തന്നെ സൗജന്യമായി നൽകേണ്ട ഉത്തരവിന്റെ പകർപ്പ് നൽകിയത് നാലു ദിവസത്തിന് ശേഷം; അനുകൂലമായി ജില്ലാ കോടതി ഉത്തരവിട്ടിട്ടും കെ സുരേന്ദ്രന്റെ പാസ്‌പോർട്ട് വിട്ടു നൽകാൻ റാന്നി മജിസ്‌ട്രേറ്റ് കോടതിക്ക് മടി; കോടതിയുടെ കടുംപിടുത്തം കാരണം സുരേന്ദ്രന് നഷ്ടമായത് വിദേശത്തെ അവാർഡ് സ്വീകരണ പരിപാടി

അപേക്ഷ നൽകിയത് 19 ന്; പരിഗണിച്ചത് 21 ന്; തള്ളിയത് 22 ന്; അന്ന് തന്നെ സൗജന്യമായി നൽകേണ്ട ഉത്തരവിന്റെ പകർപ്പ് നൽകിയത് നാലു ദിവസത്തിന് ശേഷം; അനുകൂലമായി ജില്ലാ കോടതി ഉത്തരവിട്ടിട്ടും കെ സുരേന്ദ്രന്റെ പാസ്‌പോർട്ട് വിട്ടു നൽകാൻ റാന്നി മജിസ്‌ട്രേറ്റ് കോടതിക്ക് മടി; കോടതിയുടെ കടുംപിടുത്തം കാരണം സുരേന്ദ്രന് നഷ്ടമായത് വിദേശത്തെ അവാർഡ് സ്വീകരണ പരിപാടി

ശ്രീലാൽ വാസുദേവൻ

റാന്നി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനോട് സംസ്ഥാന സർക്കാരിന്റെ കലിപ്പുകള് തീരണില്ല. ശബരിമല കേസിന്റെ പേരിൽ തടഞ്ഞു വച്ചിരിക്കുന്ന കെ സുരേന്ദ്രന്റെ പാസ്പോർട്ട് വിട്ടു നൽകുന്നത് കോടതിയിൽ സർക്കാർ എതിർത്തു. മേൽക്കോടതി പാസ്പോർട്ട് വിട്ടു നൽകാൻ യാതൊരു ഉപാധിയുമില്ലാതെ ഉത്തരവ് നൽകിയിട്ടും ഓരോ ഒഴികഴിവുകൾ പറഞ്ഞ് കീഴ്ക്കോടതി നീട്ടിക്കൊണ്ടു പോയി. പാസ്പോർട്ട് വിട്ടു കൊടുക്കുന്നതിൽ വീഴ്ച വരുത്തിയ മജിസ്ട്രേറ്റിനും കോടതി ഉദ്യോഗസ്ഥർക്കുമെതിരേ, നിലവിലുള്ള സുപ്രീംകോടതി മാനദണ്ഡങ്ങളുടെ പേരിൽ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സുരേന്ദ്രന്റെ അഭിഭാഷകരായ വിആർ ഹരിയും എവി അരുൺ പ്രകാശും.

ചക്കുളത്ത് കാവ് ദേവി പ്രവാസി സമിതി ഏർപ്പെടുത്തിയ പ്രഥമ ചക്കുളത്തമ്മ സദ്ഭാവനാ പുരസ്‌കാരം കെ സുരേന്ദ്രനാണ് ലഭിച്ചത്. നവംബർ ഒന്നിന് ദുബായ് അജ്മാൻ ഹാളിൽ നടക്കുന്ന ചക്കുളത്ത് കാവ് പൊങ്കാല മഹോത്സവത്തിൽ വെച്ച് ചക്കുളത്ത് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി സുരേന്ദ്രന് പുരസ്‌കാരം കൈമാറാനാണ് നിശ്ചയിച്ചിരുന്നത്. ശബരിമല കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിക്കാൻ പാസ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. ഇത് ലഭിക്കാൻ കഴിഞ്ഞ രണ്ട് മാസമായി നിയമ പോരാട്ടം നടത്തി വരികയായിരുന്നു.

കഴിഞ്ഞ 19 ന് ശബരിമല കേസുകൾ നിലവിലുള്ള റാന്നി മജിസ്ട്രേറ്റ് കോടതിയിൽ പാസ്പോർട്ട് ഒരു മാസത്തേക്ക് മാത്രം തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകി. അപേക്ഷ കോടതി പരിഗണിച്ചത് 21 നാണ്. അന്ന് വാദം കേട്ട ശേഷം 22 ന് പരാതി തള്ളിക്കൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിട്ടു. വിചാരണക്കോടതിക്കാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.

ഇങ്ങനെ തള്ളുന്ന പരാതികളുടെ വിധിപ്പകർപ്പ് അന്നു തന്നെ സൗജന്യമായി ഹർജിക്കാരന് നൽകണമെന്നാണ് ഉത്തരവ്. ഹർജിക്കാരന് എത്രയും പെട്ടെന്ന് മേൽക്കോടതിയെ സമീപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, റാന്നി മജിസ്ട്രേറ്റ് ഇത് നൽകാൻ തയാറായില്ല. ഉത്തരവിന്റെ പകർപ്പിനായി അപേക്ഷ വയ്ക്കാനാണ് ആവശ്യപ്പെട്ടത്. സൗജന്യ വിധിപകർപ്പ് അന്നു തന്നെ നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശമുള്ളത് ചൂണ്ടിക്കാണിച്ചിട്ടും മജിസ്ട്രേറ്റ് വഴങ്ങിയില്ല. ജില്ലാ കോടതി ശിരസ്താറുമായി ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ പകർപ്പ് വിധി വന്ന അന്നു തന്നെ നൽകേണ്ടതാണ് എന്ന മറുപടിയാണ് ലഭിച്ചത്.

തുടർന്ന് സുരേന്ദ്രന്റെ അഭിഭാഷകരായ വിആർ ഹരിയും അരുൺ പ്രകാശും റാന്നി മജിസ്ട്രേറ്റിന് അപേക്ഷ നൽകി. 25 ന് വൈകിട്ടാണ് വിധിപ്പകർപ്പ് അഭിഭാഷകർക്ക് ലഭ്യമാക്കിയത്. പിറ്റേന്നാണ് ജില്ലാ കോടതിയിൽ പാസ്പോർട്ട് വിട്ടുകിട്ടാനുള്ള അപേക്ഷ നൽകിയത്. 31 ന് പാസ്പോർട്ട് നിരുപാധികം വിട്ടു നൽകാൻ ജില്ലാ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുമായി കീഴ്കോടതിയിൽ എത്തുകയും ഒരു പകർപ്പ് എടുത്ത് അവിടെ നൽകിയ ശേഷം പാസ്പോർട്ട് കൈപ്പറ്റണമെന്നായിരുന്നു ജില്ലാ കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്.

ഈ ഉത്തരവുമായി റാന്നി കോടതിയിൽ എത്തിയപ്പോൾ പാസ്പോർട്ട് ഉടൻ വിട്ടു നൽകാൻ പറ്റില്ലെന്നാണ് മജിസ്ട്രേറ്റ് ബെഞ്ച് ക്ലാർക്കിനെ അറിയിച്ചത്. പാസ്പോർട്ടിന്റെ സർട്ടിഫൈഡ് പകർപ്പിന് അപേക്ഷ വയ്ക്കണം. അതു പരിശോധിച്ച് രണ്ടു ദിവസത്തിന് ശേഷം പാസ്പോർട്ട് വിട്ടു നൽകാമെന്നായിരുന്നു മജിസ്ട്രേറ്റിന്റെ നിലപാട്. സുരേന്ദ്രന്റെ അഭിഭാഷകർ ഇത് എതിർത്തു. ഉത്തരവിൽ പറയാത്ത കാര്യങ്ങളാണ് മജിസ്ട്രേറ്റ് ഉന്നയിക്കുന്നതെന്നും ഈ കേസിൽ മജിസ്ട്രേറ്റിന് വിവേചനാധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. അതിനൊപ്പം ഈ വിവരം ജില്ലാ കോടതിയെ അറിയിക്കുകയും ചെയ്തു.

പാസ്പോർട്ടിന്റെ പകർപ്പ്് തങ്ങളുടെ കൈവശം ഇല്ലെന്നും അത് കൈയിൽ ലഭിച്ചെങ്കിൽ മാത്രമേ കോപ്പി എടുത്തു നൽകാൻ കഴിയൂവെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. എങ്കിൽ ഒരു സത്യവാങ്മൂലം കക്ഷി എഴുതി നൽകണമെന്നായി മജിസ്ട്രേറ്റ്. കക്ഷിയായ സുരേന്ദ്രൻ സ്ഥലത്തില്ലെന്ന് പറഞ്ഞപ്പോൾ അഭിഭാഷകർ തന്നെ സത്യവാങ്മൂലം തയാറാക്കി നൽകാൻ ആവശ്യപ്പെട്ടു. അഭിഭാഷകർ സത്യവാങ്മൂലം എഴുതി നൽകിയതോടെയാണ് പാസ്പോർട്ട് വിട്ടു നൽകാൻ മജിസ്ട്രേറ്റ് തയാറായത്. ഇതിനോടകം ജില്ലാ കോടതിയിൽ നിന്നും ജൂനിയർ സൂപ്രണ്ടിന് വിളി എത്തിയിരുന്നു.

ജില്ലാ കോടതി ഉത്തരവ് നടപ്പാക്കാൻ എന്താണ് കാലതാമസം എന്നായിരുന്നു ചോദ്യം. ഇതോടെ ഉദ്യോഗസ്ഥർ വിയർത്തു. ഒടുവിൽ തങ്ങളുടെ കുറ്റമല്ലെന്ന് പറഞ്ഞു കൊണ്ട് പാസ്പോർട്ട് വിട്ടു നൽകുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയ്ക്ക് കേസ് വന്നപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ പാസ്പോർട്ട് വിട്ടു കൊടുക്കുന്നത് എതിർത്തിരുന്നു. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചപ്പോൾ മൂന്നു മാസത്തെ നടപടി ക്രമങ്ങളാണ് നിർദ്ദേശിച്ചിരുന്നത്. അത് കൃത്യമായി പാലിച്ച സ്ഥിതിക്ക് സുരേന്ദ്രന്റെ പാസ്പോർട്ട് തടഞ്ഞു വയ്ക്കുന്നതിന് കോടതിക്ക് അവകാശമില്ലെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

മാത്രവുമല്ല, അന്യായമായി ആരുടെയും പാസ്പോർട്ട് തടഞ്ഞു വയ്ക്കാൻ പാടില്ലെന്ന കോടതി നിർദ്ദേശവും നിലവിലുണ്ടെന്നും ഇപ്പോൾ റാന്നി മജിസ്ട്രേറ്റ് കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയ്ക്കെതിരേ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകുമെന്നും അഭിഭാഷകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP