Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാഫി പറമ്പിലിനെ പ്രസിഡന്റും ശബരീനാഥനെ വൈസ് പ്രസിഡന്റും ആക്കി പ്ലാൻ ചെയ്തത് ഗ്രൂപ്പ് വീതം വയ്ക്കൽ; സോണിയാ ഗാന്ധിയെ കണ്ട് നോമിനേഷൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചത് കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയും; അടുത്ത ദിവസം കേട്ടത് യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പിന്റെ സമയക്രമം; സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പദമോ? കരുതലുകളുമായി ഐ ഗ്രൂപ്പ്; കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുകൾ തലപൊക്കും

ഷാഫി പറമ്പിലിനെ പ്രസിഡന്റും ശബരീനാഥനെ വൈസ് പ്രസിഡന്റും ആക്കി പ്ലാൻ ചെയ്തത് ഗ്രൂപ്പ് വീതം വയ്ക്കൽ; സോണിയാ ഗാന്ധിയെ കണ്ട് നോമിനേഷൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചത് കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയും; അടുത്ത ദിവസം കേട്ടത് യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പിന്റെ സമയക്രമം; സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പദമോ? കരുതലുകളുമായി ഐ ഗ്രൂപ്പ്; കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുകൾ തലപൊക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വെട്ടിലായത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം. യൂത്ത് കോൺഗ്രസിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്നും നോമിനേഷൻ മതിയെന്നുമായിരുന്നു കെപിസിസിയിലെ തീരുമാനം. രാഷ്ട്രീകാര്യ സമിതിയിൽ ഇതു സംബന്ധിച്ച ധാരണയുണ്ടായി. ഈ മാസം അവസാനം ഡൽഹിയിൽ പോയി സോണിയാ ഗാന്ധിയെ കാര്യങ്ങൾ ധരിപ്പിക്കാനും തീരുമാനിച്ചു. ഇതിനിടെയാണ് ഏവരേയം ഞെട്ടിച്ച് തെരഞ്ഞെടുപ്പ് തീയത് ദേശീയ നേതൃത്വം പ്രഖ്യാപിക്കുന്നത്.

രണ്ടാം തീയതി മുതൽ തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വം ഓൺലൈനായി മാത്രമേ സ്വീകരിക്കൂവെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ചുമതലയുള്ള ആർ. രവീന്ദ്രദാസ് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ എട്ടിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുംവിധമാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചത്. ഈ മാസം 10 വരെയായിരിക്കും അംഗത്വവിതരണം. മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ അഭിമുഖം 11, 12 തീയതികളിൽ. സൂക്ഷ്മപരിശോധന 16 മുതൽ 20 വരെ. 16 മുതൽ 21 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 23ന് ചിഹ്നങ്ങൾ അനുവദിക്കും. ഡിസംബർ നാലുമുതൽ ഏഴുവരെയാണ് വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.

നേരത്തേ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു. സംഘടനാപ്രവർത്തനം സജീവമല്ലാത്തത് കഴിഞ്ഞദിവസം ചേർന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ സജീവ ചർച്ചയായിരുന്നു. ഈ ചർച്ചയിലാണ് ഗ്രൂപ്പ് തലത്തിലെ വീതം വയ്‌പ്പിന് തീരുമാനമായത്. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എംഎ‍ൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ എന്നിവരെ സംഘടനാനേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനാണ് എ, ഐ ഗ്രൂപ്പുകൾക്കിടയിലെ ധാരണ. ഷാഫി പറമ്പിൽ പ്രസിഡന്റും ശബരീനാഥൻ വൈസ് പ്രസിഡന്റുമാകും.

ഈ ഫോർമുല അംഗീകരിച്ചെങ്കിലും ഇനി തെരഞ്ഞെടുപ്പിലൂടേയേ തീരുമാനം ഉണ്ടാകൂ. എ ഗ്രൂപ്പിന്റെ പ്രതിനിധിയായി ഷാഫി പറമ്പിൽ മത്സരിക്കുമെന്ന് ഉറപ്പാണ്. ഷാഫി തെരഞ്ഞെടുപ്പിൽ കൂടി ജയിക്കുന്നതിനാണ് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. കേരളത്തിൽ എ ഗ്രൂപ്പിന്റെ ശക്തി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് ഇത്. യൂത്ത് കോൺഗ്രസിനൊപ്പം കോൺഗ്രസിലും സംഘടനാ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നതാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കേരളത്തിൽ ഉടനീളം എ ഗ്രൂപ്പിന് ശക്തമായ സ്വാധീനം കോൺഗ്രസിലുണ്ട്. എന്നാൽ ഐ ഗ്രൂപ്പിന് പഴയ കരുത്തില്ല. അതുകൊണ്ട് തന്നെ വീതം വയ്ക്കാതെ തന്നെ എല്ലാം സ്വന്തമാക്കാമെന്ന പ്രതീക്ഷ ഉമ്മൻ ചാണ്ടിക്കുണ്ട്. ഇതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് വിലയിരുത്തൽ.

കേരളത്തിലെ ധാരണ എങ്ങനേയാണ് തള്ളിയതെന്ന് ആർക്കും പിടിയില്ല. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയാതെ ഇതൊന്നും നടക്കില്ല. സോണിയാ ഗാന്ധിയും എകെ ആന്റണിയോട് ചോദിച്ച് മാത്രമേ തീരുമാനം എടുക്കൂ. ഈ സാഹചര്യത്തിൽ രാഷ്ട്രീയ കാര്യ സമിതിയിലെ ധാരണ ആരാണ് പൊളിച്ചതെന്നാണ് കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർ അന്വേഷിക്കുന്നത്. ആർക്കും ഒന്നും അറിയില്ലെന്നാണ് ഏവരും പറയുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ അട്ടിമറിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നവരുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയാണ്. അതുകൊണ്ട് കെപിസിസി അധ്യക്ഷൻ എ ഗ്രൂപ്പുകാരനാകണമെന്ന ആഗ്രഹമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. കെപിസിസിയിലും സംഘടനാ തെരഞ്ഞെടുപ്പ് കൊണ്ടു വരാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം.

അടുത്ത തവണ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം ഉമ്മൻ ചാണ്ടിക്കുണ്ട്. രമേശ് ചെന്നിത്തലയെ വെട്ടണമെങ്കിൽ കെപിസിസിയിൽ സ്വാധീനം അനിവാര്യമാണ്. ഇതിന് വേണ്ടി ദേശീയ നേതൃത്വത്തിലെ ചിലരുമായി ഉമ്മൻ ചാണ്ടി ഒത്തുകളിക്കുന്നുവെന്നാണ് ഐ വിഭാഗം സംശയിക്കുന്നത്. ഇത് എക്കാർ നിഷേധിക്കുന്നു. കെ സി വേണുഗോപാൽ ഹൈക്കമാണ്ടിൽ അതിശക്തനായി നിൽക്കുമ്പോൾ ഉമ്മൻ ചാണ്ടി എങ്ങനെ സ്വാധീനം ചെലുത്തുമെന്നതാണ് ഐ വിഭാഗത്തിന്റെ മറുചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP