Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.എഫ്.ഇ

പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.എഫ്.ഇ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രവാസി ചിട്ടിയിൽ അംഗങ്ങളാകുന്നവരുടെ പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിലേയ്ക്കുള്ള അംശാദായം കെ.എസ്.എഫ്.ഇ. നേരിട്ട് അടയ്ക്കുന്ന പദ്ധതിക്ക് തുടക്കമായി. സുവർണ്ണ ജൂബിലി വർഷത്തിൽ പ്രവാസി ചിട്ടി ഉപഭോക്താക്കൾക്കായി കെ.എസ്.എഫ്.ഇ. അവതരിപ്പിക്കുന്ന പദ്ധതിയാണ് ഇതെന്ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു. കുറഞ്ഞത് പതിനായിരം രൂപ പ്രതിമാസ അടവു വരുന്ന ചിട്ടിയിൽ 60 മാസത്തവണകളെങ്കിലും അടയ്ക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. നവംബർ ഒന്നു മുതൽ പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കും.

കേരള പ്രവാസി ക്ഷേമ ബോർഡാണ് പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കിവരുന്നത്. ഇതിൽ അംഗമായിട്ടുള്ളവർക്കും ഇനി അംഗങ്ങളാകുന്നവർക്കും പ്രവാസി ചിട്ടിയിൽ ചേരുമ്പോൾ അംഗത്വ നമ്പർ നൽകി പെൻഷൻ ആനുകൂല്യം തെരഞ്ഞെടുക്കാം. ഇവരുടെ അംശാദായം ഓരോ മാസവും കെ.എസ്.എഫ്.ഇ. അടയ്ക്കും.

പ്രതിമാസം 2,000 രൂപയാണ് പെൻഷനായി ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക. അഞ്ച് വർഷത്തിന് മുകളിൽ അംശാദായം അടയ്ക്കുന്നവർക്ക് പൂർത്തിയാകുന്ന ഓരോ അധിക വർഷത്തിനും മൂന്നു ശതമാനം നിരക്കിൽ മിനിമം പെൻഷൻ തുകയിൽ വർദ്ധനവുണ്ടാകും. ഇത്തരത്തിൽ പരമാവധി 4000 രൂപവരെ പെൻഷനായി ലഭിക്കും. അറുപതാമത്തെ വയസ്സു മുതലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക.

പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കുമ്പോൾ വരിക്കാരന് മരണം സംഭവിക്കുകയാണെങ്കിൽ, വരിക്കാരൻ പ്രവാസിയാണെങ്കിൽ നോമിനിക്ക് 50,000 രൂപയും പ്രവാസജീവിതം മതിയാക്കി നാട്ടിൽ വന്നതിന് ശേഷമാണ് മരണപ്പെടുന്നതെങ്കിൽ നോമിനിക്ക് 30,000 രൂപയും ലഭിക്കും. 50,000 രൂപയുടെ ആരോഗ്യാനുകൂല്യങ്ങളും അംഗത്വ കാലയളവിൽ പ്രസ്തുത അംഗത്തിന് ലഭിക്കും. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി 4000 രൂപയും രണ്ട് പെൺമക്കളുടെ വിവാഹാവശ്യങ്ങൾക്കായി 10,000 രൂപ വരെയും ഒരംഗത്തിന് ലഭിക്കും. വനിതാ അംഗങ്ങൾക്ക് 3,000 രൂപ വരെ പ്രസവാനുകൂല്യവുമുണ്ട്. ഒരു വരിക്കാരന് ഒരു ചിട്ടിയിൽ മാത്രമേ പെൻഷൻ സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. ചിട്ടിത്തവണ മുടക്കം കൂടാതെ അടയ്ക്കുന്നവരുടെ അംശാദായം മാത്രമേ കെ.എസ്.എഫ്.ഇ. തുടർന്ന് അടയ്ക്കുകയുമുള്ളൂ.

2019 ഒക്ടോബർ 31വരെയുള്ള കണക്കനുസരിച്ച് 11551 പേർ 388 പ്രവാസി ചിട്ടികളിലായി ചേർന്നു കഴിഞ്ഞു. ശരാശരി കണക്ക് നോക്കിയാൽ ഒരു ദിവസം ഒരു ചിട്ടി വച്ചെങ്കിലും ആരംഭിക്കാൻ പ്രവാസി ചിട്ടിയിൽ സാധിക്കുന്നുണ്ട്. പ്രതിമാസം ശരാശരി ആയിരം പേർ ചിട്ടിയിൽ ചേരുന്നുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ 453 കോടിയിലേറെ രൂപയുടെ വിറ്റുവരവ് ലഭിക്കാനാവശ്യമായ ചിട്ടികൾ ഇതിനോടകംതന്നെ ആരംഭിച്ചുകഴിഞ്ഞു. ഇതുവരെ 62 കോടിയിലേറെ രൂപ സംസ്ഥാന വികസനത്തിനായി സമാഹരിക്കാനും പ്രവാസി ചിട്ടിയിലൂടെ സാധിച്ചു. മാസം 2,500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളീയർക്കുമുന്നിൽ സുരക്ഷിതത്വമുള്ള സമ്പാദ്യ പദ്ധതികൾ അവതരിപ്പിച്ച് വിശ്വാസം നേടിയ കെ.എസ്.എഫ്.ഇ. കഴിഞ്ഞ ഒക്ടോബറിലാണ് ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി പ്രവാസിചിട്ടികൾ ആരംഭിച്ചത്. പ്രവാസി മലയാളികളുടെ സമ്പാദ്യശീലത്തിനു കരുത്തു പകരാനും കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന കിഫ്ബിയിലേയ്ക്ക് നിക്ഷേപം കണ്ടെത്തുന്നതിനുമായി കേരള സർക്കാർ കെ.എസ്.എഫ്.ഇ. വഴി നടപ്പാക്കുന്ന ഇത് കുറഞ്ഞ സമയംകൊണ്ടുതന്നെ വലിയ വിജയമായി മാറിക്കഴിഞ്ഞു. പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ ചരിത്രത്തിലാദ്യമായി പ്രവാസികൾക്ക്, പ്രവാസി രാജ്യത്തിരുന്നുതന്നെ നിയമാനുസൃത ചിട്ടിയിൽ ചേരാനും, ലേലത്തിൽ പങ്കെടുക്കാനുമുള്ള അവസരമാണ് ലഭിച്ചത്. പ്രവാസികൾക്ക് ഏതു സമയത്തും ചിട്ടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാനും സഹായങ്ങൾ നൽകാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ മറ്റൊരു സാമ്പത്തിക സ്ഥാപനത്തിലും ഇല്ലാത്ത പ്രത്യേകതയാണ്. യു.എ.ഇ. യിലെ പ്രവാസി മലയാളികൾക്ക് വേണ്ടി ആദ്യം തുറന്ന് കൊടുത്ത ഈ പദ്ധതി ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ലഭ്യമാണ്.

ചിട്ടിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും ഫ്‌ളോട്ട് ഫണ്ടുമാണ് കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിച്ച് സംസ്ഥാനത്തെ വികസന പദ്ധതികൾക്കായി ഉപയോഗിക്കുന്നത്. ചിട്ടി പിടിക്കുന്നവർ ആ തുക സ്ഥിര നിക്ഷേപമാക്കിയാൽ അതും കിഫ്ബി ബോണ്ടുകളിൽ കെഎസ്എഫ്ഇ നിക്ഷേപിക്കും. പ്രവാസികൾക്ക് യാതൊരു അധിക മുതൽ മുടക്കുമില്ലാതെ കേരളത്തിന്റെ വികസന പദ്ധതികളിൽ പങ്കാളികളാകാനും കൃത്യസമയത്ത് സമ്പാദ്യത്തുക ലാഭവിഹിതം സഹിതം പണമായി കൈവശം വാങ്ങാനും ഒരുപോലെ സാഹചര്യമൊരുങ്ങുകയാണ് ഇതിലൂടെ. പ്രവാസികളുടെ വിവിധ സംഘടനകൾക്ക് നാട്ടിലെ ഏതെങ്കിലും കിഫ്ബി പദ്ധതി സ്‌പോൺസർ ചെയ്യാനുള്ള സൗകര്യവും ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, എം.ഡി എ.പുരുഷോത്തമൻ, ഡയറക്ടർ വി.കെ.പ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP