Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ട് കൊല്ലം ജോലി ചെയ്താൽ ഐഎഎസ് കിട്ടും; കേരള ഭരണ സർവ്വീസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് കൂടുതൽ സിവിൽ സർവ്വീസുകാരെ സൃഷ്ടിക്കൽ; കെ എ എസിലേക്ക് ആളെ എടുക്കാൻ വിജ്ഞാപനം ഇറക്കി പി എസ് സി; ലക്ഷ്യമിടുന്നത് അടുത്ത കേരള പിറവിയിൽ റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കൽ; നടപ്പാക്കിയത് ഇടതുമുന്നണിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എട്ട് കൊല്ലം ജോലി ചെയ്താൽ ഐഎഎസ് കിട്ടും; കേരള ഭരണ സർവ്വീസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് കൂടുതൽ സിവിൽ സർവ്വീസുകാരെ സൃഷ്ടിക്കൽ; കെ എ എസിലേക്ക് ആളെ എടുക്കാൻ വിജ്ഞാപനം ഇറക്കി പി എസ് സി; ലക്ഷ്യമിടുന്നത് അടുത്ത കേരള പിറവിയിൽ റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കൽ; നടപ്പാക്കിയത് ഇടതുമുന്നണിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ഭരണ സർവ്വീസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് കൂടുതൽ സിവിൽ സർവ്വീസുകാരെ സൃഷ്ടിക്കൽ തന്നെ. സംസ്ഥാന ഭരണനിർവഹണം കാര്യക്ഷമമാക്കുകയും ഐഎഎസിലേക്ക് സമർഥരെ നിയോഗിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 8 വർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് യുപിഎസ്‌സി മാനദണ്ഡങ്ങൾ പ്രകാരം ഐഎഎസിൽ പ്രവേശിക്കാനാകും. അതിവേഗം ഐ എ എസുകാരാകാനുള്ള കുറുക്കു വഴി കൂടിയാണ് ഇത്. സ്വന്തം കേഡറിലെ ഐഎഎസുകാരായി പെട്ടെന്ന് മാറാനും ഇതിലൂടെ കഴിയും.

സംസ്ഥാന സിവിൽ സർവീസിൽ നിന്ന് ഐഎഎസിലേക്കുള്ള ക്വോട്ട വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. വിജ്ഞാപനത്തോടൊപ്പം പ്രാഥമിക പരീക്ഷയുടെ സിലബസും മാസവും പിഎസ്‌സി പ്രഖ്യാപിച്ചുകഴിഞ്ഞു. കെഎഎസിൽ പ്രവേശിക്കുന്നവർ സർവ്വീസ് തുടങ്ങുന്നത് ജൂനിയർ ടൈം സ്‌കെയിൽ ട്രെയിനിയായിട്ടാണ്. പിന്നീടുള്ള മൂന്നെണ്ണം ട്രെയിനിയായി സർവീസിൽ പ്രവേശിക്കുന്ന ഓഫിസറുടെ പ്രമോഷൻ പോസ്റ്റുകളാണ്. 6:5:4:3 എന്ന അനുപാതത്തിലായിരിക്കും മേൽപറഞ്ഞ തസ്തികകളുടെ വിന്യാസം. കെ.എ.എസ്. വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചതിലൂടെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നുകൂടി യാഥാർഥ്യമാക്കിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം.

കെഎഎസ് ജൂനിയർ ടൈം സ്‌കെയിൽ ട്രെയിനി ആയി നിയമനം ലഭിക്കുന്നവർക്കു 18 മാസത്തെ പരിശീലനമുണ്ടാകും. 15 ദിവസത്തിൽ കുറയാതെയുള്ള പരിശീലനം പ്ലാനിങ്, ഡവലപ്‌മെന്റ് സെന്ററുകളിലും രാജ്യത്തെ ഉന്നത മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും വേറെ. പ്രബേഷൻ കാലാവധി 2 വർഷം. ഡിസംബർ നാലിന് രാത്രി 12 മണിവരെ അപേക്ഷിക്കാം. കെ.എ.എസ്. ഓഫീസർ ജൂനിയർ ടൈം സ്‌കെയിൽ ട്രെയിനി എന്നപേരിൽ മൂന്ന് ധാരകളിലാണ് വിജ്ഞാപനം. നേരിട്ടുള്ള നിയമനമാണ് ആദ്യ ധാര (കാറ്റഗറി നമ്പർ 186/2019). സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകളിൽ പ്രൊബേഷൻ പൂർത്തിയാക്കിയ സ്ഥിരാംഗങ്ങളായ ജീവനക്കാർക്കുള്ളതാണ് രണ്ടാംധാര (കാറ്റഗറി 187/2019). ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവർക്കാണ് മൂന്നാംധാര (കാറ്റഗറി 188/2019). ബിരുദമാണ് അടിസ്ഥാന യോഗ്യത.

ആദ്യ കാറ്റഗറിക്ക് 32 വയസ്സും രണ്ടാം കാറ്റഗറിക്ക് 40 വയസ്സും മൂന്നാം കാറ്റഗറിക്ക് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. പ്രതീക്ഷിത ഒഴിവുകളെന്നാണു പറഞ്ഞിട്ടുള്ളത്. നൂറിലേറെ ഒഴിവുകളുണ്ടാകും. റാങ്ക്പട്ടിക അടുത്ത കേരളപ്പിറവിദിനത്തിൽ പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷമാണ് റാങ്ക്പട്ടികയുടെ കാലാവധി.

തസ്തികയും യോഗ്യതയും

കെഎഎസ് ഓഫിസർ (ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ 3 രീതിയിലാണു നിയമനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.

സ്ട്രീം 1 (കാറ്റഗറി നമ്പർ 186/2019): നേരിട്ടുള്ള നിയമനം. പ്രായം: 21 32
പ്രായപരിധി കണക്കാക്കുന്നത് അതതു വർഷത്തെ ജനുവരി ഒന്നാം തീയതി വച്ച്. ആരോഗ്യ സ്ഥിതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം.

സ്ട്രീം 2 (കാറ്റഗറി നമ്പർ 187/2019): സർക്കാർ വകുപ്പിൽ പ്രബേഷൻ പൂർത്തിയാക്കിയവരിൽ നിന്നും സ്ഥിരമാക്കപ്പെട്ടവരിൽ നിന്നും നേരിട്ടുള്ള നിയമനം. ഫസ്റ്റ് ഗസറ്റഡ് ഓഫിസറാകാൻ പാടില്ല. പ്രായം: 21 40.

സ്ട്രീം 3 (കാറ്റഗറി നമ്പർ 188/2019): ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 50 കഴിയരുത്. പ്രബേഷൻ പൂർത്തിയാക്കുകയോ പ്രബേഷന് യോഗ്യമായ 2 വർഷത്തെ സേവനം പൂർത്തിയാക്കുകയോ വേണം. പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക ജീവനക്കാർക്ക് സ്ട്രീം 3 ലേക്ക് അപേക്ഷിക്കാനാകില്ല.

സംവരണവും പ്രായപരിധി ഇളവും

ഭരണഘടന നിശ്ചയിച്ചിട്ടുള്ള സംവരണം 3 സ്ട്രീമിലും ബാധകം. പട്ടിക വിഭാഗത്തിനും വിധവകൾക്കും വിമുക്തഭടന്മാർക്കും 5 വർഷം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് 15 വർഷം, അസ്ഥിസംബന്ധമായ പ്രശ്‌നമുള്ള ഭിന്നശേഷിക്കാർക്ക് 10 വർഷം.

പരീക്ഷയും അഭിമുഖവും

ആദ്യം സ്‌ക്രീനിങ് ടെസ്റ്റ്, രണ്ടാമത് മുഖ്യ പരീക്ഷ, ഒടുവിൽ അഭിമുഖം എന്ന ക്രമത്തിലാണ് തിരഞ്ഞെടുപ്പ്. സ്‌ക്രീനിങ് ടെസ്റ്റ് ഫെബ്രുവരിയിൽ നടക്കും. തീയതി പിന്നീട്.

പ്രാഥമിക പരീക്ഷയായ സ്‌ക്രീനിങ് ടെസ്റ്റ് (ഒഎംആർ) 200 മാർക്കിനാണ്. പ്രാഥമിക പരീക്ഷ 2 ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തിൽ 100 മാർക്കിന്റെ ജനറൽ സ്റ്റഡീസ് പേപ്പർ.

രണ്ടാം ഭാഗത്തിൽ 50 മാർക്കിന്റെ ഭാഷാവിഭാഗം, 30 മാർക്കിന്റെ മലയാള നൈപുണ്യം, 20 മാർക്കിന്റെ ഇംഗ്ലിഷ് നൈപുണ്യം എന്നിങ്ങനെ 3 പേപ്പറുകൾ.

പ്രാഥമിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന നിശ്ചിത പേരെ സംവരണം കൂടി പരിഗണിച്ച് തിരഞ്ഞെടുത്ത് പട്ടികയുണ്ടാക്കും. ഇവർ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അപ്ലോഡ് ചെയ്യണം.

3 വിഭാഗങ്ങൾക്കുമായി പ്രാഥമിക പരീക്ഷ നടത്തി 3 കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ 3 ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്നാണു മുഖ്യപരീക്ഷ.

100 മാർക്കിന്റെ 3 വിവരണാത്മക പേപ്പറുകളാണ് മുഖ്യപരീക്ഷയിലുള്ളത്. ദൈർഘ്യം 2 മണിക്കൂർ വീതം. ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലിഷിലായിരിക്കും ചോദ്യങ്ങൾ. ഉത്തരം ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം.

തുടർന്ന് 50 മാർക്കിന്റെ അഭിമുഖം. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ ചേർത്താണ് റാങ്ക് നിർണയിക്കുക.

തസ്തികയും ഘടനയും

1. കെഎഎസ് ഓഫിസർ (ജൂനിയർ ടൈം സ്‌കെയിൽ ട്രെയിനി)

2. കെഎഎസ് ഓഫിസർ (സീനിയർ ടൈം സ്‌കെയിൽ)

3. കെഎഎസ് ഓഫിസർ (സിലക്ഷൻ ഗ്രേഡ് സ്‌കെയിൽ)

4. കെഎഎസ് ഓഫിസർ (സൂപ്പർ ടൈം ഗ്രേഡ് സ്‌കെയിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP