Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക പ്രതിസന്ധിയും നിർമ്മാണ മേഖലയുടെ തകർച്ചയും കാരണം രാജ്യത്ത് വർദ്ധിക്കുന്നത് തൊഴിലില്ലായ്മ; കഴിഞ്ഞ മാസം തൊഴിലില്ലായ്മ നിരക്കിലുണ്ടായ വർദ്ധനവ് 8.5 ശതമാനം; കേരളത്തിലെ തൊഴിൽരഹിതരുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലെന്നും കണക്കുകൾ

സാമ്പത്തിക പ്രതിസന്ധിയും നിർമ്മാണ മേഖലയുടെ തകർച്ചയും കാരണം രാജ്യത്ത് വർദ്ധിക്കുന്നത് തൊഴിലില്ലായ്മ; കഴിഞ്ഞ മാസം തൊഴിലില്ലായ്മ നിരക്കിലുണ്ടായ വർദ്ധനവ് 8.5 ശതമാനം; കേരളത്തിലെ തൊഴിൽരഹിതരുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലെന്നും കണക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

കഴിഞ്ഞ മാസം രാജ്യത്ത് രേഖപ്പെടുത്തിയത് റെക്കോഡ് തൊഴിലില്ലായ്മ വർദ്ധനവ്. മൂന്നുവർഷത്തെ ഏറ്റവും കൂടിയ നിരക്കായ 8.5 ശതമാനമായാണ് ഒക്ടോബറിൽ തൊഴിലില്ലായ്മ വർദ്ധിച്ചത്. 2016 ഓഗസ്റ്റിന് ശേഷം ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയ തൊഴിലില്ലായ്മ നിരക്കാണ് ഇത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

തൊഴിലില്ലായ്മ രൂക്ഷമാകാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. ഇതോടൊപ്പം നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധിയും അവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കി. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും അതൊന്നും ഫലവത്തായില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

അടിസ്ഥാന സൗകര്യവികസന മേഖലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വർഷംതോറുമുള്ള കണക്ക് പരിശോധിച്ചാൽ, സെപ്റ്റംബറിൽ ഈ മേഖലയിലുണ്ടായ ഇടിവ് 5.2 ശതമാനമാണ്. ഇത് രാജ്യത്തെ എട്ട് കോടി അടിസ്ഥാന സൗകര്യ വികസന വ്യവസായത്തെ ഗുരുതരമായി ബാധിച്ചു. രാജ്യത്തെ തൊഴിലവസരങ്ങളിൽ വ്യക്തമായ ഇടിവുണ്ടായിട്ടുണ്ടെന്ന് സെൻട്രൽ സസ്റ്റെയ്നബിൾ എംപ്ലോയ്മെന്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലും പറയുന്നു. ഇന്ത്യൻ എക്സ്പ്രസ് ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.

അസംഘടിത മേഖലയെയും സീസണൽ ലേബേഴ്സിനെയുമാണ് തൊഴിലില്ലായ്മ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ളവ ദിവസക്കൂലിക്കാരെയും ഗുരുതരാവസ്ഥയിലാക്കി. ഇത് ഇന്ത്യൻ ചരിത്രത്തിലാദ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിരവധി കമ്പനികൾ കഴിഞ്ഞ ഏതാനും മാസങ്ങളായി അവരുടെ ഉത്പാദനം കുറയ്ക്കുകയും തെഴിലാളികളെ പിരിച്ചുവിടുകയുമാണ്. ഇത് നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെയും ദിവസക്കൂലിക്കാരുടെയും ജീവിതം താറുമാറാക്കിയെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, കേരളത്തിൽ തൊഴിൽരഹിതരായ യുവതി-യുവാക്കളുടെ തോത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്ന് തൊഴിൽ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മെഡിക്കൽ, എൻജിനിയറിങ് ബിരുദധാരികളടക്കം 36,25,852 പേർ തൊഴിൽരഹിതരായി കേരളത്തിലുണ്ട്. ഇതിൽ എൻജിനിയറിങ് കഴിഞ്ഞവരിൽ തൊഴിൽ ലഭ്യമാകാത്ത സ്ഥിതി കൂടുന്നുണ്ടെന്നും തൊഴിൽവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

3.45 കോടി ജനസംഖ്യയുള്ള കേരളത്തിൽ 9.53 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. 6.1 ശതമാനമാണ് ദേശീയ ശരാശരി. സിക്കിം, ത്രിപുര സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തെക്കാൾ ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ളത്. ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവും.

തൊഴിൽരഹിതരായവരിൽ യുവതികളാണ് കൂടുതൽ. 23,00,139 യുവതികൾക്കാണ് തൊഴിലില്ലാത്തത്. 2,31,816 പേർ ബിരുദയോഗ്യതയുള്ളവരും 75,088 പേർ ബിരുദാനന്തര യോഗ്യതയുള്ളവരുമാണ്. തൊഴിൽരഹിതരായ 13,25,713 യുവാക്കളിൽ ബിരുദമുള്ളവർ 99,376, ബിരുദാനന്തര ബിരുദമുള്ളവർ 19,505 പേരുമാണ്. പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും കേരളത്തിൽ തൊഴിൽ ലഭ്യമാകുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മെഡിക്കൽ, എൻജിനിയറിങ്, എം.ബി.എ., ഐ.ടി.ഐ. യോഗ്യതയുള്ളവരെല്ലാം തൊഴിൽരഹിതരുടെ പട്ടികയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP