Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്താകും ആ പെട്ടികൾക്ക് പറയാനുണ്ടാകുക? ഇഷ്ടങ്ങൾ നെയ്ത് കൂട്ടിയ സ്വപ്നങ്ങളെല്ലാം സമ്മാനങ്ങളായി പെട്ടിയിൽ കെട്ടിയ ശേഷം ഷാജി കിടന്നത് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്; നാട്ടിലേക്ക് പോകുന്നതിന്റെ തലേന്നാൾ രാത്രിയിൽ പ്രവാസിയെ തേടി മരണമെത്തി; വർക്കല സ്വദേശിയുടെ മരണ വാർത്ത വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും പ്രവാസി സമൂഹവും; മൃതദേഹം സൗദിയിൽ അടക്കം ചെയ്യുമെന്ന് കുടുംബവും

എന്താകും ആ പെട്ടികൾക്ക് പറയാനുണ്ടാകുക? ഇഷ്ടങ്ങൾ നെയ്ത് കൂട്ടിയ സ്വപ്നങ്ങളെല്ലാം സമ്മാനങ്ങളായി പെട്ടിയിൽ കെട്ടിയ ശേഷം ഷാജി കിടന്നത് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്; നാട്ടിലേക്ക് പോകുന്നതിന്റെ തലേന്നാൾ രാത്രിയിൽ പ്രവാസിയെ തേടി മരണമെത്തി; വർക്കല സ്വദേശിയുടെ മരണ വാർത്ത വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും പ്രവാസി സമൂഹവും; മൃതദേഹം സൗദിയിൽ അടക്കം ചെയ്യുമെന്ന് കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

ബുറൈദ: നാടണയുന്നതിന്റെ സുന്ദര സ്വപ്‌നങ്ങളുമായാണ് തിരുവനന്തപുരം സ്വദേശിയായ ഷാജി സൗദിയിലെ ഉനൈസയിൽ കഴിഞ്ഞ ദിവസവും ഉറങ്ങാൻ കിടന്നത്. ഒരു രാത്രി വെളുത്താൽ ഉച്ചയ്ക്കുള്ള ഫ്‌ളൈറ്റിൽ നാട്ടിലേക്ക് മടങ്ങാനായി എല്ലാം തയ്യാറാക്കി വെച്ചിരുന്നു- കൊണ്ടുപോകാനുള്ള സാധനങ്ങളും ഇടാനുള്ള ഡ്രസും ഉൾപ്പെടെ. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഇനി ജന്മനാട്ടിലേക്കൊരു മടക്കമില്ലെന്ന അന്ത്യവിധി. കൂട്ടുകാർക്കും സഹപ്രവർത്തകർക്കും വിശ്വസിക്കാനാകാത്ത വിയോഗമാണ് ഷാജിയുടെ മരണം.

നാട്ടിലേക്ക് പ്രിയപ്പെട്ടവർക്കായി വാങ്ങിയ സമ്മാനങ്ങൾ പെട്ടികളിൽ കെട്ടിവെച്ച് ഉറങ്ങാൻ കിടന്ന തിരുവനന്തപുരം വർക്കല പെരുമാതുറ സ്വദേശി അക്കരവിള പണയിൽ വീട് ഷാജി(48)യ്ക്കാണ് ഈ ദുരന്തമുണ്ടായത്. സൗദിയിലെ ഉനൈസയിൽ ഒരു കമ്പനിയിലെ ജീവനക്കാരനായി കഴിഞ്ഞ 13 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.05 ന്റെ വിമാനത്തിൽ നാട്ടിലേയ്ക്ക് പോകാനിരുന്നതായിരുന്നു.
രാവിലെ ഏറെ വൈകിയും മൊബൈലിൽ ലഭിക്കാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഉറക്കത്തിലെ ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.

മമ്മൂട്ടി നായകനായ പത്തേമാരി എന്ന സിനിമയിൽ നായകനുണ്ടായ അതേ അനുഭവമാണ് ഷാജിക്കും ഉണ്ടായത്. അന്ന് മലയാളികൾ കണ്ണീരോടെയാണ് ആ ചിത്രം ഏറ്റെടുത്തത്. പ്രവാസികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ചെറിയ സന്തോഷങ്ങളും അവന്റെ സ്വപ്‌നങ്ങളുമെല്ലാം പത്തേമാരിയിലൂടെ പൊതുസമൂഹത്തിന് മുന്നിൽ കാട്ടിക്കൊടുത്തിരുന്നു. എന്നും നാട്ടിലേക്ക് മടങ്ങിയെത്തി കുടുംബത്തിനൊപ്പം സന്തോഷമായി കഴിയണം എന്ന ആഗ്രവും പേറിയാണ് ഓരോ പ്രവാസിയും മണലാരണ്യത്തിൽ ജീവിക്കുന്നത്. പലർക്കും ആ സ്വപ്‌നം പൂവണിയാറുണ്ടെങ്കിലും ചിലർക്ക് ആ സ്വപ്‌നം മുറിയുക യാത്രയുടെ അവസാന നിമിഷങ്ങളിലാണ്.

സന്ദർശന വീസയിലുണ്ടായിരുന്ന കുടുംബം മൂന്നാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. മൃതദേഹം സൗദിയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ സൈനുദ്ദീൻ, മാതാവ്: സഫാറ, ഭാര്യ: റൂബി, മക്കൾ: സൗമ്യ (21), ആദിൽ(17).

പ്രവാസികളുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ഉറ്റവർക്ക് സമ്മാനവുമായി നാട്ടിലേക്കെത്തുക എന്നത്. നാട്ടിൽ പോകുന്നതിനും ഏറെ നാൾ മുന്നേ സാധനങ്ങൾ വാങ്ങാൻ തുടങ്ങും. എല്ലാ വെള്ളിയാഴ്‌ച്ചകളിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും കൂട്ടുകാരുമായി പോയി നാട്ടിൽ കൊണ്ടുപോകാൻ സാധനങ്ങൾ വാങ്ങുന്നത് പ്രവാസികൾക്ക് ഉത്സവ തുല്യമായ അനുഭവമാണ്. എത്ര സാധനങ്ങൾ വാങ്ങിയാലും മതിവരാത്ത ആളുകൾ എല്ലാം പായ്ക്ക ചെയ്യുന്നത് വരുന്നതിന്റെ തലേന്ന് രാത്രിയിലാകും. അതും കൂട്ടുകാർ ആഘോഷമാക്കും. കളി പറഞ്ഞും സ്വപ്‌നങ്ങൾ പങ്കുവെച്ചും അത്തരത്തിൽ ഷാജിയും കൂട്ടരും കെട്ടിവെച്ച പെട്ടികളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ഹൃദയ സ്പർശിയായ കുറിപ്പും സമൂഹ മാധ്യമങ്ങളിൽ നൊമ്പരം ഉണർത്തുന്നു. മാധ്യമ പ്രവർത്തകനായ നജീം കൊച്ചുകലുങ്കാണ് ഷാജിയുടെ മരണത്തെയും അനാഥമായി റൂമിലിരിക്കുന്ന പെട്ടിയേയും കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

നജീം കൊച്ചുകലുങ്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഏത് മരണവാർത്തയും വേദനയാണ്. എന്നാൽ ചിലത് കൂടുതൽ വേദനിപ്പിക്കും. മനസ് അസ്വസ്ഥമാക്കും. ഉറക്കം കെടുത്തും. പ്രസിദ്ധീകരിക്കാൻ ഇന്നലെ രാത്രി മുന്നിലേക്ക് വന്ന മരണങ്ങളിൽ അങ്ങനെയൊന്ന് ഒരു വർക്കല സ്വദേശിയുടേതായിരുന്നു. ആ വാർത്തയോടൊപ്പം വന്ന ഈ ചിത്രമായിരുന്നു മനസിനെ കൂടുതൽ വേട്ടയാടിയത്. പെട്ടികളെല്ലാം കെട്ടി ഉച്ചക്കുള്ള വിമാനത്തിൽ പോകാൻ തയ്യാറെടുത്തിരുന്ന ആൾ രാവിലെ മരിച്ചു. ചേതനയറ്റ ശരീരം ആശുപത്രി മോർച്ചറിയിലേക്ക് പോയപ്പോൾ മുറിയിൽ തനിച്ചായ പെട്ടികളുടെ ചിത്രം ആരോ എടുത്തയച്ചതാണ്. പ്രവാസി മരിക്കുേമ്പാൾ നാട്ടിൽ തനിച്ചായി പോകുന്ന അയാളുടെ കുടുംബത്തെ പോലെ...!

എന്താവും ആ പെട്ടികൾക്ക് പറയാനുണ്ടാവുക?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP