Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി സർക്കാറിന്റെ അടുത്ത സർജിക്കൽ സ്‌ട്രൈക്ക് കുടുംബങ്ങളിലെ ഖജനാവ് ലക്ഷ്യമിട്ടോ? വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണ്ണത്തിന് പരിധി കൊണ്ടുവരാൻ ആലോചിച്ചു കേന്ദ്രസർക്കാർ; കള്ളപ്പണം തടയാൻ നോട്ടുനിരോധനം ഏർപ്പെടുത്തിയ മോഡലിൽ പെട്ടന്നുള്ള തീരുമാനം വന്നേക്കും; വിവാഹിതരായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വർണം സൂക്ഷിക്കാൻ അനുവദിക്കും; കൂടുതൽ സ്വർണം കൈവശം വച്ചാൽ നികുതി നൽകേണ്ടി വരും; കള്ളപ്പണം ഉപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനുള്ള നീക്കമെന്ന് കേന്ദ്രം

മോദി സർക്കാറിന്റെ അടുത്ത സർജിക്കൽ സ്‌ട്രൈക്ക് കുടുംബങ്ങളിലെ ഖജനാവ് ലക്ഷ്യമിട്ടോ? വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണ്ണത്തിന് പരിധി കൊണ്ടുവരാൻ ആലോചിച്ചു കേന്ദ്രസർക്കാർ; കള്ളപ്പണം തടയാൻ നോട്ടുനിരോധനം ഏർപ്പെടുത്തിയ മോഡലിൽ പെട്ടന്നുള്ള തീരുമാനം വന്നേക്കും; വിവാഹിതരായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വർണം സൂക്ഷിക്കാൻ അനുവദിക്കും; കൂടുതൽ സ്വർണം കൈവശം വച്ചാൽ നികുതി നൽകേണ്ടി വരും; കള്ളപ്പണം ഉപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനുള്ള നീക്കമെന്ന് കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിലെ ഇടത്തരം വീടുകളിൽ ചുരുങ്ങിയത് അഞ്ച് പവൻ സ്വർണമെങ്കിലും കൈവശം വെക്കുന്ന ശീലമുണ്ട്. മലയാളികളോളം ആഭരണ ഭ്രമമുള്ള മറ്റൊരു വിഭാഗം ആളുകൾ പോലും ഉണ്ടാകില്ല. എന്നാൽ, ഇങ്ങനെ വീട്ടിൽ സ്വർണം സൂക്ഷിച്ചവർ കുടുങ്ങുന്ന അവസ്ഥ വരുമോ? മോദി സർക്കാറിന്റെ അടുത്ത സർജിക്കൽ സ്‌ട്രൈക്ക് കുടുംബങ്ങളിലെ ഖജനാവ് ലക്ഷ്യമിട്ടാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. കള്ളപ്പണം തടയാനായി നോട്ടു നീരോധനം ഏർപ്പെടുത്തിയ മാതൃകയിൽ വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇതിനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന വിവരം.

കള്ള്ള്ളപ്പണത്തിനെതിരായ വലിയ നീക്കമാണ് ഇതെന്നാണ് മോദി സർക്കാറിന്റെ അവകാശവാദം. ഇതിനായി നിയമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കള്ളപ്പണം ഉപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. സ്വർണം കള്ളക്കടത്തായി കേരളത്തിൽ എത്തുകയും ചെയ്യുന്നു എന്ന അവസ്ഥയുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ പുതയ നിയമം കൊണ്ടുവരുന്നത്.

നിശ്ചിത പരിധിയിൽ കൂടുതൽ കൈവശം വയ്ക്കുന്ന സ്വർണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമർപ്പിക്കുന്ന രീതിയിലാണു നിയമം കൊണ്ടുവരിക. നോട്ടുനിരോധനത്തിനു ശേഷം കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയായാണ് കേന്ദ്രസർക്കാർ ഇതിനെ കാണുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. പദ്ധതിയിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം വെളിപ്പെടുത്താനും, വെളിപ്പെടുത്തിയ സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ച് നികുതി നൽകാനും വ്യക്തികളെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ നിയന്ത്രണ പരിധി പദ്ധതി പ്രകാരം നിശ്ചയിക്കും.

നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം കൈവശംവയ്ക്കുന്നവരിൽ നിന്നു കനത്ത പിഴ ഈടാക്കും. സർക്കാർ അംഗീകാരമുള്ള മൂല്യനിർണ്ണയ സംവിധാനത്തിലൂടെ സ്വർണത്തിന്റെ മൂല്യം നിജപ്പെടുത്തും. വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വർണ്ണാഭരണങ്ങൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കും. കുറച്ചുകാലം ഗോൾഡ് ആംനെസ്റ്റി സ്‌കീം ആദായനികുതി ആംനെസ്റ്റി സ്‌കീമിനൊപ്പമായിരിക്കും. ഒക്ടോബർ രണ്ടാമത്തെ ആഴ്ച പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യാൻ മന്ത്രിസഭാ യോഗം കൂടാൻ തീരുമാനിച്ചിരുന്നു.

സ്വർണത്തിന്റെ മൂല്യം സർക്കാർ ഉടൻ കണക്കാക്കില്ല. മൂല്യം കണക്കാക്കാൻ സർക്കാർ ആളിനെ നിയോഗിക്കും. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി ചേർന്ന് 'ഗോൾഡ് ബോർഡ്' രൂപീകരിക്കും. പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം നവീകരിക്കും. സോവറിൻ ബോണ്ട് സ്‌കീം പ്രകാരം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്യുഎഫ്) നാല് കിലോ വരെ സ്വർണം വാങ്ങാം. പദ്ധതി പ്രകാരം 20 കിലോ സ്വർണം വാങ്ങാൻ ട്രസ്റ്റുകൾക്ക് അനുമതിയുണ്ട്. കൂടാതെ 2.5 ശതമാനം വാർഷിക കൂപ്പണും ഉണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ വിപണി മൂല്യത്തിൽ സ്വർണം വീണ്ടെടുക്കുകയും ചെയ്യാം.

അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും വലിയ തോതിൽ നികുതി വെട്ടിട്ടും മറ്റും സ്വർണം ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. കേരളത്തിലേക്കാണ് ഇങ്ങനെ വലിയ തോതിൽ സ്വർണം എത്തുന്നത്. ഈ സ്വർണ്ണ ഒഴുക്ക് തടയാൻ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രം നിയമം തയ്യാറാക്കുന്നത്. അതേസമയം, സ്ത്രീജനങ്ങളിൽ നിന്നടക്കം കടുത്ത എതിർപ്പിന് ഇടയാക്കുന്ന തീരുമാനമാകും കേന്ദ്രത്തിൽ നിന്നും വരുന്നത്. പാർലമെന്റിൽ നിയമം കൊണ്ടുവരാനും സജീവ ചർച്ചയാകുന്ന അവസ്ഥ വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP