Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറബിക്കടലിൽ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം; ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത; ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവ്വീസുകൾ നിർത്തിവച്ചു; ഫോർട്ട്കൊച്ചിയിൽ 15ലേറെ മീൻപിടുത്ത വള്ളങ്ങൾ തകർന്നു; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പെരുമഴപ്പേടിയിൽ കേരളത്തിൽ എങ്ങും അതീവ ജാഗ്രത

അറബിക്കടലിൽ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം; ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത; ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവ്വീസുകൾ നിർത്തിവച്ചു; ഫോർട്ട്കൊച്ചിയിൽ 15ലേറെ മീൻപിടുത്ത വള്ളങ്ങൾ തകർന്നു; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പെരുമഴപ്പേടിയിൽ കേരളത്തിൽ എങ്ങും അതീവ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിലോ മീറ്റർ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബാക്കിയെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നേരത്തെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എറണാകുളത്തും തൃശൂരും മലപ്പുറത്തും നാളെ യെല്ലോ അലർട്ടാണ്. 'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.

ലക്ഷദ്വീപിലെ അമിനിദിവി ദ്വീപിൽ നിന്ന് തെക്ക് കിഴക്കായി 30 കിലോ മീറ്റർ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 300 കിലോ മീറ്റർ ദൂരത്തും വടക്ക് കവരത്തിയിൽ നിന്ന് 60 കിലോ മീറ്റർ ദൂരത്തും കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിലോ മീറ്റർ ദൂരത്തുമായാണ് മഹ ചുഴലിക്കാറ്റിന്റെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ പരമാവധി വേഗത 61 മുതൽ 90 കിലോ മീറ്റർ വരെയുള്ള ഘട്ടമാണ്. 'മഹ' ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റാകും. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിലോ മീറ്റർ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ശേഷമുള്ള 24 മണിക്കൂറിൽ മഹ വീണ്ടും ശക്തി വർധിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറാനാണ് സാധ്യത. ഇത് അടുത്ത 12 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കും.

കേരളത്തിലെ തീരത്ത് ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധാവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്. രാത്രികാല യാത്രാ നിരോധനം തുടരും. ക്യാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് അറബിക്കടലിൽ മഹാ ചുഴലിക്കാറ്റും രൂപപ്പെട്ടത്. അറബിക്കടലിൽ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

കാലാവസ്ഥ മോശമായതിനാൽ കോഴിക്കോട് ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവ്വീസുകൾ നിർത്തിവച്ചു. നാലാം തീയതി വരെ ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളും സർവ്വീസ് നടത്തില്ല. കവരത്തിയിലും മിത്ര ദ്വീപിലും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കടലാക്രമണത്തിൽ പൊന്നാനിയിൽ ഇരുപത് വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ തൊട്ടടുത്ത എം ഐ സ്‌കൂളിലേക്ക് മാറ്റി. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, അലിയാർ പള്ളി എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന്, കണ്ണൂർ തയ്യിലിൽ തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി.

എറണാകുളത്ത് അതിശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. നായരമ്പലം, ചെല്ലാനം പ്രദേശങ്ങളിൽ നിന്നായി 600 ലേറെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. എടവനക്കാട് നാല് കുടുംബങ്ങൾ ക്യാമ്പിൽ ആണ്. ഫോർട്ട്‌കൊച്ചിയിൽ 15ലേറെ മീൻപിടുത്ത വള്ളങ്ങൾ തകർന്നു. ലക്ഷദ്വീപിൽ കാറ്റും മഴയും ശക്തമായതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP