Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പണി മടുത്തു.. ഇനി സ്വന്തമായി ചില ബിസിനസുകളൊക്കെ തുടങ്ങി അങ്ങനെ സുഖമായി ജീവിക്കണം; മീഡിയ വൺ ചാനൽ വിടുമ്പോൾ അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് ഇഖ്ബാൽ പറഞ്ഞത് ഇങ്ങനെ; ജീവിത പങ്കാളിയുമായി ചേർന്ന് സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെ തറവാട്ട് വീടിന് മുമ്പിലെ മരത്തിൽ തൂങ്ങി മരിച്ചു; ബന്ധുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കും നൊമ്പരമായി ക്യാമറാമാൻ പി.ടി.ഇഖ്ബാലിന്റെ മരണം

ഇപ്പണി മടുത്തു.. ഇനി സ്വന്തമായി ചില ബിസിനസുകളൊക്കെ തുടങ്ങി അങ്ങനെ സുഖമായി ജീവിക്കണം; മീഡിയ വൺ ചാനൽ വിടുമ്പോൾ അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് ഇഖ്ബാൽ പറഞ്ഞത് ഇങ്ങനെ; ജീവിത പങ്കാളിയുമായി ചേർന്ന് സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെ തറവാട്ട് വീടിന് മുമ്പിലെ മരത്തിൽ തൂങ്ങി മരിച്ചു; ബന്ധുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കും നൊമ്പരമായി ക്യാമറാമാൻ പി.ടി.ഇഖ്ബാലിന്റെ മരണം

എം മനോജ് കുമാർ

കൽപ്പറ്റ: അടുത്ത ബന്ധുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കും നൊമ്പരമായി ക്യാമറാമാൻ പി.ടി.ഇഖ്ബാലി(37)ന്റെ മരണം. ഇന്നലെ വരെ മേപ്പാടി ടൗണിലും മറ്റു സജീവമായിരുന്ന ഇഖ്ബാലിനെ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുടുംബവീടിനു മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇഖ്ബാലിനെ കണ്ടത്. ഇഖ്ബാലിന്റെ സഹോദരനായ പ്രശസ്ത ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കൽ മുൻപ് മരിച്ചിരുന്നു. പിതാവ് അബൂബക്കറും നേരത്തെ മരിച്ചിരുന്നു. ഈ വേർപാടിന്റെ വേദന കുടുംബങ്ങളെ അലട്ടിക്കൊണ്ടിരുന്ന വേളയിൽ തന്നെയാണ് ഇഖ്ബാലും സ്വയം ജീവിതമൊടുക്കിയിരിക്കുന്നത്. ഈ കുടുംബത്തിലെ ഇളയ സഹോദരനായിരുന്നു .

കുടുംബ പ്രശ്‌നങ്ങൾ ഇഖ്ബാലിനെ അലട്ടിയിരുന്നതായാണ് സൂചന. ഒരു വർഷം മുൻപാണ്  വിവാഹിതനായത്. പ്രണയവിവാഹമായിരുന്നു. പ്രണയ വിവാഹത്തെതുടർന്ന്  കുടുംബത്തിൽ എതിർപ്പ് ശക്തമായിരുന്നു. തുടർന്ന് ഇക്‌ബാൽ വേറെ വീട് എടുത്ത് താമസം തുടങ്ങുകയായിരുന്നു. പക്ഷെ മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമെപമുള്ള തറവാട്ട് വീടിനു മുന്നിലാണ് ഇഖ്ബാലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തറവാട്ട് വീട് അടഞ്ഞു കിടക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ഈ വീടിനു മുന്നിലാണ്  മരിച്ച നിലയിൽ കണ്ടത്. ഇന്ത്യാവിഷനിലും മീഡിയ വണ്ണിലും ക്യാമറാമാനായിരുന്ന വേളയിൽ വിപുലമായ സൗഹൃദങ്ങൾക്ക് ഉടമകൂടിയായിരുന്നു ഇഖ്ബാൽ.

ഇന്ത്യാ വിഷൻ വിട്ടതിനു ശേഷമാണ് മീഡിയാവണ്ണിൽ ക്യാമറാമാനായിരുന്നു ഇഖ്ബാൽ. സ്വന്തമായി ബിസിനസ് തുടങ്ങാം എന്ന ലക്ഷ്യത്തോടെ മീഡിയവൺ വിട്ട ശേഷം മേപ്പാടിയിൽ സജീവമായിരുന്നു . മൂന്നു നാല് മാസങ്ങൾക്ക് മുൻപാണ്  മീഡിയാ വൺ വിടുന്നത്. സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞ ഭാര്യയുമായി ചേർന്ന് സ്ഥാപനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കെ തന്നെയാണ് ഇഖ്ബാൽ ജീവനൊടുക്കിയിരിക്കുന്നത്.

ഇന്നലെ മേപ്പാടി ടൗണിൽ പലരും ഇഖ്ബാലിനെ കണ്ടിരുന്നു. ബിസിനസ് തുടങ്ങേണ്ട കാര്യങ്ങളാണ് ഇഖ്ബാൽ ചർച്ച ചെയ്തിരുന്നതും. പക്ഷെ ഇന്ന് രാവിലെ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾ  സുഹൃത്തുക്കളുമായി പങ്ക് വെച്ചിരുന്നില്ല എന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ ഇഖ്ബാലിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആഘാതമായി മാറി. പ്രണയവിവാഹത്തെ തുടരുന്നു  കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഇഖ്ബാൽ ജീവനൊടുക്കും എന്ന് ബന്ധുക്കളും കരുതിയില്ല. തറവാട്ട് വീട് അടഞ്ഞു കിടന്നത് കാരണം ഇഖ്ബാൽ വീട്ടിലെത്തിയ കാര്യം ബന്ധുക്കളും അറിഞ്ഞിരുന്നില്ല. രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. മരണം അറിഞ്ഞു ഇഖ്ബാലിന്റെ സുഹൃത്തുക്കൾ ഇടുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റുകളിൽ തന്നെ വേർപാടിന്റെ നൊമ്പരങ്ങൾ വ്യക്തമാണ്. മാധ്യമ പ്രവർത്തകർ അടക്കം ഒട്ടനവധി സുഹൃത്തുക്കൾ  ഉണ്ടായിരുന്നെങ്കിലും ആരോടും ഉള്ള് തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇഖ്ബാൽ ജീവനൊടുക്കും എന്നും ആരും കരുതിയതുമില്ല.

ഇഖ്ബാലിന്റെ വേർപാടിന്റെ നൊമ്പരങ്ങൾ തന്നെയാണ് മാധ്യമ പ്രവർത്തകനായ അഷ്റഫ് വാളൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ നിന്നും തെളിയുന്നതും. മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന കാലത്ത് തുടങ്ങിയതാണ് ഇഖ്ബാലുമായുള്ള സൗഹൃദം.. സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അഷറഫ് വാളൂർ കുറിക്കുന്നു. ഇഖ്ബാലുമായി ഉണ്ടായിരുന്ന ഉറ്റ സൗഹൃദത്തിന്റെ നോവ് പടർത്തുന്നതാണ് തുടർന്നുള്ള വരികളും. ഒരു റോഡിന് ഇരുവശവുമായിരുന്നു ഇന്ത്യാവിഷന്റെയും ഏഷ്യാനെറ്റിന്റെയും ഓഫീസുകൾ.. അതിനാൽ തന്നെ ഒഴിവ് സമയങ്ങളിലെ ഒരുമിച്ചിരിക്കലും അത്തരം സമയങ്ങളിലെ കനപ്പെട്ട തമാശകളുമായി ആ സൗഹൃദം തുടർന്നു പോന്നു.... പിന്നീട് ഞാൻ മലപ്പുറം വിട്ട് കോട്ടയം വഴി കോഴിക്കോട് മീഡിയ വണ്ണിലെത്തി..അപ്പോൾ ഇഖ്ബാലും മീഡിയവണ്ണിലുണ്ടായിരുന്നു. ...ഏറെക്കാലും മീഡിയ വണിലെ സഹപ്രവർത്തകരായി... ഇപ്പണി മടുത്തു ..ഇനി സ്വന്തമായി ചില ബിസിനസുകളൊക്കെ തുടങ്ങി അങ്ങനെ സുഖമായി ജീവിക്കണമെന്ന് പറഞ്ഞാണ് മീഡിയ വണ്ണിൽ നിന്നിറങ്ങിയത്...അവിശ്വസനീയം ...ഇഖ്ബാൽ...അർദ്ധവിരാമത്തിൽ അഷ്റഫ് അവസാനിപ്പിക്കുന്നു. ഈ രീതിയിൽ തന്നെയുള്ള കുറിപ്പുകളാണ് ഇഖ്ബാലിന്റെ മറ്റു സുഹൃത്തുക്കളിൽ നിന്നും വരുന്നതും. എല്ലാം നോവിന്റെ കരളുലയ്ക്കുന്ന വേദനകൾ തന്നെ.

വിപുലമായ സൗഹൃദ ബന്ധങ്ങൾ ഉള്ള വ്യക്തമായിരുന്നു ഇഖ്ബാൽ. അതുകൊണ്ട് തന്നെ നിരവധി മാധ്യമ പ്രവർത്തകരാണ് ഇഖ്ബാലിനെ അനുസ്മരിച്ച് പോസ്റ്റിട്ടത്. എം ഉണ്ണിക്കൃഷ്ണൻ ഇഖ്ബാലിനെ അനുസ്മരിച്ച് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ക്യാമറയ്ക്കു പിന്നിൽ നിൽക്കുന്നവർ പലപ്പോഴും അദൃശ്യരാണ്. അവരുടെ കാഴ്ച നമുക്ക് കാഴ്ചയാകുമ്പോഴും അവരുടെ കണ്ണുകൾ നമ്മൾ കാണാറില്ല. ക്യാമറയ്ക്ക് മുന്നിൽ നിന്ന് നോക്കുമ്പോൾ പിറകിൽ കാണാമായിരുന്നു ചെറു നനവോടെ തിളങ്ങുന്ന ഇഖ്ബാലിന്റെ കണ്ണുകൾ. കണ്ണിൽ എപ്പോഴും ചെറു നനവുണ്ടായിരുന്നു അവന്. സ്‌നേഹം പ്രകടനപരതയല്ലെന്ന് ഇഖ്ബാലുമായി സൗഹൃദം ഉണ്ടായിരുന്നവർ അനുഭവിച്ചറിഞ്ഞു കാണും. പലപ്പോഴും ഒരു ചെറു ചിരിയിൽ എല്ലാം ഒതുക്കും.

വെളിച്ചത്തേക്കാൾ ഇരുട്ടിന്റെ കലയാണ് ഫോട്ടോഗ്രാഫി എന്ന് സഹോദരൻ റസാഖ് കോട്ടക്കലിൽ നിന്നാണ് പഠിച്ചതെന്ന് ഇഖ്ബാൽ പറഞ്ഞത് ഓർമ്മയുണ്ട്. ഗ്രേറ്റ് ഇന്ത്യൻ സർക്കസ് പ്രോഗ്രാം ഷൂട്ടിങ് പോകുമ്പോൾ ഓരോ ഫ്രേമും വ്യത്യസ്തമാക്കാൻ അത്രമേൽ ശ്രദ്ധയായിരുന്നു ഇഖ്ബാലിന്. ടെലിവിഷനിൽ ഫ്രേമുകൾ സെറ്റ് ചെയ്യുമ്പോൾ വെളിച്ചത്തെയും ഇരുട്ടിനെയും ഇത്ര സൂക്ഷ്മമായി കണക്കുകൂട്ടിയിരുന്ന ഇഖ്ബാൽ ഞങ്ങൾക്ക് അത്ഭുതമായിരുന്നു.

ഇരുളിൻ മഹാ നിദ്രയിൽ നിന്നെന്ന കവിത ചിത്രീകരിക്കുകയെന്ന ഓഫീസ് ഇടവേളയിലെ നേരം പോക്കിൽ ഇഖ്ബാൽ തന്നെ നായകനായി. വീഡിയോ ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു, വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന അവന്റെ നോട്ടത്തിൽ തിരിച്ചറിയാൻ ആകാത്ത ആഴമുണ്ടെന്ന്. പിന്നീട് പ്രവാസത്തെക്കുറിച്ചുള്ള ഗ്രേറ്റ് ഇന്ത്യൻ സർക്കസിലെ ഒരു എപ്പിസോഡിൽ ഇഖ്ബാൽ നായകനായ ആ ദൃശ്യങ്ങൾ വന്നു. ഇഖ്ബാൽ ഡൽഹി വിട്ട ശേഷം ഒന്നു രണ്ടു തവണയെ നേരിൽ കണ്ടിട്ടുള്ളു. തികഞ്ഞ സൂക്ഷ്മതയോടെ ക്യാമറയ്ക്ക് ചലിക്കുന്ന കണ്ണുകൾ നൽകിയ അവൻ സ്വയം അവസാനിപ്പിച്ചു പോയെന്നതിന്റെ നടുക്കം മാറുന്നില്ല. അവന്റെ നനവ് വറ്റാത്ത കണ്ണുകളാണ് ചുറ്റിലും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP