Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുൽഖറിന്റെ സിനിമ പൂർത്തിയാക്കണം; ലേലം രണ്ടിന് നൽകിയ വാക്ക് പാലിക്കണം; മഴവിൽ മനോരമയിലെ കോടീശ്വരനുമായി മുന്നോട്ട് പോകാൻ പ്രത്യേക അനുമതിയും വേണം; ആക്ഷൻ ഹീറോയെ അമിത് ഷാ ഡൽഹിക്ക് വിളിപ്പിച്ചത് കേന്ദ്ര മന്ത്രിസ്ഥാനം തൊട്ടടുത്തെന്ന് അറിയിക്കാൻ; സിനിമയിലേയും ടിവിയിലേയും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സുരേഷ് ഗോപിയും; ബിജെപി അധ്യക്ഷനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ തുടരും

ദുൽഖറിന്റെ സിനിമ പൂർത്തിയാക്കണം; ലേലം രണ്ടിന് നൽകിയ വാക്ക് പാലിക്കണം; മഴവിൽ മനോരമയിലെ കോടീശ്വരനുമായി മുന്നോട്ട് പോകാൻ പ്രത്യേക അനുമതിയും വേണം; ആക്ഷൻ ഹീറോയെ അമിത് ഷാ ഡൽഹിക്ക് വിളിപ്പിച്ചത് കേന്ദ്ര മന്ത്രിസ്ഥാനം തൊട്ടടുത്തെന്ന് അറിയിക്കാൻ; സിനിമയിലേയും ടിവിയിലേയും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സുരേഷ് ഗോപിയും; ബിജെപി അധ്യക്ഷനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ തുടരും

എം മനോജ് കുമാർ

കൊച്ചി: മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകാൻ സുരേഷ് ഗോപിക്ക് തടസ്സങ്ങൾ ഏറെ. സിനിമയിൽ വീണ്ടും സജീവമായതാണ് ഇതിന് കാരണം. മൂന്ന് സിനിമകളുമായി സുരേഷ് ഗോപി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിനൊപ്പം മഴവിൽ മനോരമയുടെ കോടിശ്വരൻ എന്ന പരിപാടിയുടെ അവതാരകനും. ഇതെല്ലാം പൂർത്തിയാക്കേണ്ടതുള്ളതാണ് സുരേഷ് ഗോപിക്ക് മുമ്പിലുള്ള പ്രശ്‌നം. സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ അതോ പാർട്ടിയുടെ കേരള അദ്ധ്യക്ഷനോ ? പാർട്ടി നേതാക്കൾക്കിടയിൽ ഈ ചർച്ച ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രികൂടിയായ അമിത് ഷാ മന്ത്രിസഭാ പുനഃസംഘടനയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തുമെന്ന സൂചനയാണ് നൽകിയത്. ഇത് കേട്ടപ്പോൾ തന്നെ തന്റെ സിനിമയിലെ ഏറ്റെടുത്ത ജോലികളെ കുറിച്ച് അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര മന്ത്രിയായാലും ഈ ചുമതലകൾ നിർവ്വഹിക്കാൻ അനുവദിക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.

ജോബി ജോർജ് നിർമ്മിക്കുന്ന നിഥിൻ രഞ്ജി പണിക്കരുടെ കാവൽ എന്ന സിനിമയിലാണ് സുരേഷ് ഗോപി ഇപ്പോൾ അഭിനയിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി മലയാളത്തിൽ വീണ്ടും സജീവമാകുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂപ്പർ താരം തിരിച്ചെത്തുന്നത്. തിരിച്ചുവരവിൽ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടൻ മുന്നേറികൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി നായകനാവുന്ന അനൂപ് സത്യൻ ചിത്രം അടുത്തിടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ദുൽഖർ സൽമാനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം നടന്റെ ലേലം2 എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. സൂരേഷ് ഗോപിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയ സിനികളിൽ ഒന്നാണ് ലേലം. ചിത്രത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി എന്ന നടന്റെ കഥാപാത്രം പ്രേക്ഷക മനസുകളിൽ നിന്നും ഇന്നും മായാതെ നിൽക്കുന്ന ഒന്നാണ്. ജോഷിയുടെ സംവിധാനത്തിലാണ് ലേലം പുറത്തിറങ്ങിയിരുന്നത്. തിയ്യേറ്ററുകളിൽ ബ്ലോക്ക്‌ബസ്റ്റർ ഹിറ്റായി മാറിയ സിനിമകളിൽ ഒന്നുകൂടിയായിരുന്നു ലേലം. മികച്ച കളക്ഷനും തിയ്യേറ്ററുകളിൽ നിന്നും സിനിമ സ്വന്തമാക്കിയിരുന്നു. ലേലത്തിന് രണ്ടാം ഭാഗം വരുമെന്ന് സോഷ്യൽ മീഡിയയിൽ മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നതാണ്. രൺജി പണിക്കരുടെ തിരക്കഥയിൽ മകൻ നിതിൻ രൺജി പണിക്കർ സിനിമ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. മമ്മൂട്ടിയെ നായകനാക്കിയുള്ള കസബ എന്ന ചിത്രത്തിലൂടെയാണ് നിതിൻ രൺജി പണിക്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

കസബയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രമായി നിതിൻ പ്ലാൻ ചെയ്ത സിനിമയായിരുന്നു ലേലം 2. എന്നാൽ അതിന്റെ തിരക്കഥ പൂർത്തിയാവാൻ വൈകിയതോടെ ആണ് കാവൽ എന്ന പുതിയ ചിത്രം അടുത്തിടെ സംവിധായകൻ പ്രഖ്യാപിച്ചത്. സുരേഷ് ഗോപി തന്നെ നായകനാവുന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. കാവലും ഒരു മാസ് ആക്ഷൻ ചിത്രമാണെന്ന സൂചനകൾ നൽകികൊണ്ടാണ് എത്തുന്നത്. കാവൽ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ ലേലം 2 നിതിൻ രൺജി പണിക്കർ ഉപേക്ഷിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ ലേലം 2 ഉപേക്ഷിച്ചിട്ടില്ലെന്നും ആ പ്രോജക്ട് നടക്കുമെന്നും സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം സുരേഷ് ഗോപിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുത്താണ് മുമ്പാട്ട് പോകുന്നത്. അതുകൊണ്ടാണ് സമ്മതം മൂളിയ സിനിമാ പ്രോജക്ടിൽ അഭിനയിക്കാൻ അമിത് ഷായിൽ നിന്ന് സുരേഷ് ഗോപി അനുമതി തേടുന്നത്. സുരേഷ് ഗോപി വിസമ്മതം അറിയിച്ചാൽ ലേലം രണ്ട് നടക്കാതെ പോകും. കാവലും അനൂപ് സത്യൻ ചിത്രവും തുടങ്ങിയതു കൊണ്ടു തന്നെ പൂർത്തിയാക്കേണ്ടതുമുണ്ട്.

കേന്ദ്രമന്ത്രിമാരുടെ പ്രവർത്തന രീതിയിൽ നിരവധി നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പോട്ട് വച്ചിട്ടുണ്ട്. ഓഫീസിൽ എത്തേണ്ടതിന്റെ കൃത്യ നിഷ്ഠയാണ് ഇതിൽ പ്രധാനം. സിനിമാ ഷൂട്ടിംഗുമായി കുറഞ്ഞത് മൂന്ന് മാസമെങ്കിലും സുരേഷ് ഗോപിക്ക് മുമ്പോട്ട് പോകേണ്ടതുണ്ട്. ഈ സമയത്ത് മുഴുവൻ കൃത്യമായി ഡൽഹിയിൽ നിൽക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ല. അഭിനയിക്കാനും അവതരണത്തിനും പോയാൽ അത് പ്രധാനമന്ത്രിക്ക് അലോസരമായാൽ ബന്ധത്തിൽ വിള്ളുണ്ടാകും. മോദിയും സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇതെല്ലാം മനസ്സിലാക്കിയാണ് തന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചത്. കേരളത്തിലെ ബിജെപിയിലെ ക്രൗഡ് പുള്ളറായി സുരേഷ് ഗോപിയെ മാറ്റുകയാണ് അമിത് ഷായുടെ തന്ത്രം. ഇതിന് വേണ്ടിയാണ് കേന്ദ്രമന്ത്രി പദം ഓഫർ ചെയ്യുന്നത്. ഇതിനൊപ്പം ബിജെപി അധ്യക്ഷ സ്ഥാനത്തേയ്ക്കും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്. എന്നാൽ പരിവാർ സംഘടനകളിൽ പ്രവർത്തന പരിചയമില്ലാത്ത ആളെ അധ്യക്ഷനാക്കുന്നത് ആർ എസ് എസിന് താൽപ്പര്യമില്ല. അതുകൊണ്ടാണ് സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയായി പരിഗണിക്കുന്നത്.

ഇതോടെ ബിജെപി അധ്യക്ഷനായി ആരും എത്താവുന്ന അവസ്ഥയിലായി. കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ, ആർഎസ്എസ് നേതാവ് ജയകുമാർ എന്നിവരാണ് പരിഗണനയിൽ. ബാലശങ്കറും അധ്യക്ഷനാകാൻ സാധ്യതയുണ്ട്. ഇവർക്കൊപ്പം സുരേഷ് ഗോപിയേയും പരിഗണിക്കുന്നു. വൽസൻ തില്ലങ്കേരിയെയാണ് കേരളത്തിലെ ആർഎസ് എസിന് കൂടുതൽ താൽപ്പര്യം. കെ സുരേന്ദ്രൻ പട്ടികയിൽ രണ്ടാമനും. രണ്ട് നാളുകൾക്ക് മുൻപേ മിസോറാം ഗവർണറായി പി.എസ്. ശ്രീധരൻ പിള്ള നിയമിതനായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിൽ പാർട്ടി കേന്ദ്രത്തിൽ അത്തരത്തിൽ ആലോചനകളുണ്ടായെന്നും ജനപ്രിയനായ നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അമിത് ഷായുടെ ആവശ്യം സുരേഷ് ഗോപിയെ മനസിൽ കണ്ടാണെന്നും അറിയുന്നു.എന്നാൽ കേരളത്തിലെ നേതാക്കൾ ഈ അഭ്യൂഹങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയോട് അടിയന്തരമായി ഡൽഹിയിലേക്ക് എത്തുവാൻ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പെത്തി. ഇതോടെ സുരേഷ് ഗോപി പാർട്ടി അധ്യക്ഷനാകുമെന്ന അഭ്യൂഹം കത്തി പടർന്നു.

തൊട്ടു പിന്നാലെ സിനിമാ സെറ്റിൽ നിന്നും താരം ഡൽഹിയിലെത്തി ബിജെപി ദേശീയ അദ്ധ്യക്ഷനായ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാർലമെന്റിൽ ശീതകാല സമ്മേളനത്തിന് തൊട്ടു മുൻപായി കേന്ദ്രമന്ത്രിസഭയുടെ രണ്ടാം ഘട്ട വികസനമുണ്ടാകുമെന്ന് അറിയുന്നു. ഇതിൽ കേരളത്തിൽ നിന്നും സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് എത്തിക്കുവാൻ നീക്കമുണ്ടെന്നും അതിനെ കുറിച്ച് അറിയിക്കുന്നതിനായിട്ടാണ് താരത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. നിലവിൽ രാജ്യസഭയിലെ അംഗമാണ് സുരേഷ് ഗോപി. എന്നാൽ മന്ത്രിസഭയിലേക്കല്ല പാർട്ടിയുടെ കേരളഘടകത്തിന്റെ തലപ്പത്തേയ്ക്ക് ജനകീയനായ സുരേഷ് ഗോപിയെ നിയമിക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുവാനാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിന് സ്ഥിരീകരണമില്ല. എന്നാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകാനാണ് സാധ്യതയെന്ന് സിനിമയിലെ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്ത് മറുനാടനോട് പറഞ്ഞു.

ഡൽഹി സന്ദർശനത്തിന്റെ വിവരങ്ങൾ സുരേഷ് ഗോപി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ താത്പര്യം കാട്ടാതിരുന്ന സുരഷ് ഗോപി അമിത് ഷാ വിളിപ്പിച്ചതോടെയാണ് തൃശൂരിൽ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. പ്രധാനമന്ത്രിയുമായി സുരേഷ് ഗോപിക്കുള്ള അടുത്ത ബന്ധവും അനുകൂലഘടകമാണ്. അധ്യക്ഷനായി പരിഗണിക്കുന്നതിലും സുരേഷ് ഗോപിക്ക് വിയോജിപ്പില്ല. തന്റെ തിരക്കുകൾ പരിഗണിച്ച് പി പി മുകുന്ദനെ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി പദമേൽപ്പിച്ചാൽ ചുമതല ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന് സൂചന നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആർഎസ്എസ് നിലപാട് നിർണ്ണായകമാണ്. ആർഎസ്എസ് പ്രചാരകന്മാരാണ് സാധാരണ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകുന്നത്. നിലവിൽ മുകുന്ദന് പ്രചാരകനല്ല. അതുകൊണ്ട് തന്നെ മുൻ പ്രചാരകനെ ചുമതല ഏൽപ്പിക്കുന്നതിൽ അമിത് ഷായ്ക്ക് തീരുമാനം എടുക്കാനാകില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി എന്ന സാധ്യത എത്തുന്നത്.

പി എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായതോടെ സംസ്ഥാനത്ത് പുതിയ ബിജെപി അധ്യക്ഷനായുള്ള നീക്കങ്ങൾ സജീവമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ് ആദ്യം ഉയർന്നു കേട്ടത്. വി മുരളീധര പക്ഷം സുരേന്ദ്രന്റെ പേരാണ് മുന്നോട്ടുവച്ചത്. മറ്റൊരു ജനറൽ സെക്രട്ടറിയായ എം ടി രമേശിന്റെ പേരും ചർച്ചയായി. എന്നാൽ, നിലവിലുള്ള പലനേതാക്കളെയും പരീക്ഷിച്ചിട്ടും ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കാത്തതിനാൽ ജനപ്രിയനായ ഒരാളെ ആ പദവി ഏൽപ്പിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. നേരത്തേ പരിഗണനയിലുണ്ടായിരുന്നവരിൽ പലരും പാർട്ടിയിലെ വിവിധ ഗ്രൂപ്പുകളുടെ ഭാഗമായതിനാൽ ഗ്രൂപ്പുകൾക്ക് അതീതനായ ഒരാൾ വേണമെന്ന ആലോചനയും ഉണ്ട്. അപ്രതീക്ഷിതമായി ഡൽഹിയിൽ മനോജ് തിവാരിയെ പാർട്ടി അധ്യക്ഷനായി നിയമിച്ച പോലെ കേരളത്തിലും ഉണ്ടാകുമെന്നാണ് വിവരം. ഇതിനിടെയാണ് സുരേഷ് ഗോപിയെ ഡൽഹിക്ക് വളിപ്പിച്ചത്. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനസ്വാധീനം തെളിയിക്കാൻ സുരേഷ് ഗോപിക്കു കഴിഞ്ഞുവെന്ന റിപോർട്ടും പാർട്ടി നേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ട്.

1992 മുതൽ ബിജെപിയുടെ ഓർഗനൈസിങ് സെക്രട്ടറിയായിരുന്ന പി പി മുകുന്ദൻ കുറച്ചു കാലമായി പാർട്ടിയിൽ സജീവമല്ല. എങ്കിലും പാർട്ടിക്കാർക്കിടയിൽ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്. ഇപ്പോഴുള്ള എല്ലാ നേതാക്കളും പി പി മുകുന്ദന് കീഴിൽ വളർന്നവരാണ്. ഇതെല്ലാം പരിഗണിച്ചാണ് പിപി മുകുന്ദന്റെ പേര് സുരേഷ് ഗോപി മുന്നോട്ടുവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP