Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രി മുഴുവൻ പെരുമഴ; ഇന്ന് തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ട്; തൃശ്ശൂരും പാലക്കാട്ടും യെല്ലോ അലേർട്ട്; ലക്ഷ്വദീപിൽ രണ്ട് ദിവസം അതീവ ജാഗ്രതാ നിർദ്ദേശവും റെഡ് അലർട്ടും; കേരള തീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; മത്സ്യബന്ധനത്തിന് നിരോധനം; മലയോര മേഖലയിലേക്ക് രാത്രിയാത്രയ്ക്കും നിരോധനം; എംജി സർവ്വകലാശാലാ പരീക്ഷകൾ മാറ്റി; 'മഹാ ചുഴലിയിൽ' പ്രളയ ഭീതി വിട്ടൊഴിയാതെ കേരളം

രാത്രി മുഴുവൻ പെരുമഴ; ഇന്ന് തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ട്; തൃശ്ശൂരും പാലക്കാട്ടും യെല്ലോ അലേർട്ട്; ലക്ഷ്വദീപിൽ രണ്ട് ദിവസം അതീവ ജാഗ്രതാ നിർദ്ദേശവും റെഡ് അലർട്ടും; കേരള തീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; മത്സ്യബന്ധനത്തിന് നിരോധനം; മലയോര മേഖലയിലേക്ക് രാത്രിയാത്രയ്ക്കും നിരോധനം; എംജി സർവ്വകലാശാലാ പരീക്ഷകൾ മാറ്റി; 'മഹാ ചുഴലിയിൽ' പ്രളയ ഭീതി വിട്ടൊഴിയാതെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ രാത്രി മുഴുവൻ കേരളത്തിൽ ഉടനീളം പെയ്തത് കോരിച്ചൊരിയുന്ന മഴ. 'ക്യാർ' ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കേ കേരള തീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പും നൽകുന്നു. കാറ്റുകളുടെ പട്ടികയിലേക്ക് ഒമാന്റെ സംഭാവനയായ 'മഹ' എന്ന പേരാണ് ഇതിനു നൽകുക. തിരുവനന്തപുരത്തിന് ഏകദേശം 270 കിലോമീറ്റർ പടിഞ്ഞാറായി നിലകൊള്ളുന്ന ന്യൂനമർദമാണ് വ്യാഴാഴ്ചയോടെ ചുഴലിയായി മാറുക. ശനിയാഴ്ച വരെ കേരളത്തിലെ തീരത്ത് മീൻ പിടിത്തം നിരോധിച്ചിട്ടുണ്ട്. 2017 നവംബർ അവസാനം കേരളത്തെ തൊട്ടു കടന്നുപോയ 'ഓഖി' ചുഴലിക്കാറ്റിന്റെ അതേ ദിശയിലൂടെയാവും ഈ കാറ്റും കടന്നുപോവുക.

അതിശക്തമായ കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ ഇടുക്കിയിൽ യാത്രാ നിരോധനം ഏർപ്പെടുത്തി . ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലേർട്ടാണ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം,കൊല്ലം. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ടും തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോയ മത്സ്യത്തൊഴിലാളികളെ തിരികെ വിളിക്കുകയും ചെയ്തു. ഓഖിയിൽ സംഭവിച്ചതുപോലെ വൻ ദുരന്തങ്ങൾക്കു സാധ്യതയില്ലെങ്കിലും കടൽക്ഷോഭത്തിനു സാധ്യതയേറെയാണെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് അഥോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചു. മലയോരത്തേക്കുള്ള രാത്രിയാത്ര നിയന്ത്രിക്കണമെന്നും ബീച്ചുകളിലേക്കു പോകരുതെന്നും അഥോറിറ്റി വ്യക്തമാക്കി. എന്നാൽ പുതിയ ചുഴലിക്കാറ്റ് ഓഖിയിലേതു പോലെ കേരളത്തിൽ മറ്റുതരത്തിൽ നാശനഷ്ടമുണ്ടാകില്ല. കാറ്റിനു സാധ്യതയുള്ളതിനാൽ മര'ചുവടുകളിലും മറ്റും വാഹനം പാർക്ക് ചെയ്യാതിരിക്കുക.അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിവതും വ്യാഴാഴ്ച താമസിക്കാതെ സുരക്ഷിത ഇടങ്ങളിലേക്കു മാറുന്നതാണു നല്ലതെന്നും അഥോറിറ്റി അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പർ 1077.

കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എറണാകുളത്തെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ ബീച്ചുകളിലും വ്യാഴാഴ്ച പ്രവേശനം നിരോധിച്ചും ഉത്തരവിട്ടിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനന് അവധി ആയിരിക്കും. അതേസമയം, തിരുവനന്തപുരം ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടില്ല എന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. മഴയെ തുടർന്ന് എംജി സർവ്വകലാശാലാ പരീക്ഷകളെല്ലാം മാറ്റി വച്ചിട്ടുണ്ട്.

തീവ്രന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. തീവ്രന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരും. തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അഥോറിറ്റിയുടെ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' എന്ന് പേരിട്ട ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറിൽ 24 കിമീ വേഗതയിൽ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. മാലദ്വീപിൽ നിന്ന് വടക്ക്-കിഴക്കായി 600 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 170 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 170 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 370 കിമീ ദൂരത്തുമായാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം. അടുത്ത 12 മണിക്കൂറിൽ 'മഹാ' ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലക്ഷദ്വീപിലൂടെ കടന്ന് പോകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 'മഹാ' ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ഒരു അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്നും വടക്കുകിഴക്കൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP