Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിസ്ബൻ ടി20യിൽ ആടി തകർത്ത് സ്റ്റീവ് സ്മിത്ത്-ഡേവിഡ് വാർണർ ജോഡി; രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ നേടിയത് അനായാസ വിജയം; ഒരു കളി ബാക്കി നിൽക്കെ പരമ്പരയും സ്വന്തമാക്കി കങ്കാരു പട; ഇടത് കൈയിൽ സ്റ്റംപും വലതു കൈയിൽ പന്തുമായി സ്മിത്തിനെ സ്റ്റംമ്പ് ചെയ്ത് ലങ്കൻ താരത്തിന്റെ മണ്ടത്തരം

ബ്രിസ്ബൻ ടി20യിൽ ആടി തകർത്ത് സ്റ്റീവ് സ്മിത്ത്-ഡേവിഡ് വാർണർ ജോഡി; രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ നേടിയത് അനായാസ വിജയം; ഒരു കളി ബാക്കി നിൽക്കെ പരമ്പരയും സ്വന്തമാക്കി കങ്കാരു പട; ഇടത് കൈയിൽ സ്റ്റംപും വലതു കൈയിൽ പന്തുമായി സ്മിത്തിനെ സ്റ്റംമ്പ് ചെയ്ത് ലങ്കൻ താരത്തിന്റെ മണ്ടത്തരം

മറുനാടൻ ഡെസ്‌ക്‌

ബ്രിസ്‌ബേൻ;ബ്രിസ്ബൻ ടി20യിൽ ആടി തകർത്ത് സ്റ്റീവ് സ്മിത്ത്-ഡേവിഡ് വാർണർ ജോഡി. തിരിച്ചു വരവ് ടി20 പരമ്പര രണ്ടു പേരും ആഘോഷമാക്കിയതോടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ നേടിയത് അനായാസ വിജയമാണ്. ഇതോടെ രണ്ട് കളികളും ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പരയും സ്വന്തമാക്കിയത്.ഒൻപതു വിക്കറ്റിനാണ് ഓസീസ് ശ്രീലങ്കയെ തകർത്തുവിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 19 ഓവറിൽ 117 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ചുറികളുമായി തിളങ്ങിയ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസീസിന് അനായാസ ജയം സമ്മാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഓസീസ് ഉറപ്പിച്ചു.

ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഇത്തവണയും പുറത്താകാതെ നിന്നു. ആഷസ് പരമ്പരയിലെ ദയനീയ പ്രകടനത്തിന്റെ നിരാശയിൽനിന്നും പുറത്തുവന്ന വാർണർ ഇക്കുറി 41 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 60 റൺസെടുത്ത് പുറത്താകാതെ നിന്നു. ആഷസ് പരമ്പരയിൽ മിന്നുന്ന ഫോമിലായിരുന്ന സ്മിത്ത് അതേ മികവ് ഇവിടെയും പുറത്തെടുത്തു. സ്മിത്ത് 36 പന്തിൽ ആറു ഫോറുകളോടെ 53 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

സ്‌കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആരോൺ ഫിഞ്ച് ഡക്കിനു പുറത്തായതിനു ശേഷമാണ് വാർണർ സ്മിത്ത് സഖ്യം ഓസീസിനെ വിജയത്തിലേക്കു നയിച്ചത്. ലസിത് മലിംഗയുടെ പന്തിൽ കുശാൽ പെരേരയ്ക്കു ക്യാച്ച് സമ്മാനിച്ചാണ് ഫിഞ്ച് പുറത്തായത്. പിന്നീട് ക്രീസിൽ ഒരുമിച്ച വാർണർ സ്മിത്ത് സഖ്യം 75 പന്തിൽനിന്ന് 117 റൺസെടുത്താണ് വിജയം ഉറപ്പാക്കിയത്. അതും ഏഴ് ഓവർ ബാക്കിനിൽക്കെ!

നേരത്തെ, രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ ബില്ലി സ്റ്റാൻലേക്, പാറ്റ് കമ്മിൻസ്, ആഷ്ടൺ ടേണർ, ആദം സാംപ എന്നിവർ ചേർന്നാണ് ശ്രീലങ്കയെ 117 റൺസിൽ ഒതുക്കിയത്. 19 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 27 റൺസെടുത്ത കുശാൽ പെരേരയാണ് സന്ദർശകരുടെ ടോപ് സ്‌കോറർ. ധനുഷ്‌ക ഗുണതിലക 22 പന്തിൽ 21 റൺസെടുത്തു. ആവിഷ്‌ക ഫെർണാണ്ടോ (17), വാനിന്ദു ഹസരംഗ (10), ഇസൂരു ഉഡാന (10), ലക്ഷൻ സന്ദാകൻ (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റ് ലങ്കൻ താരങ്ങൾ.

മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെ തോൽവിയുടെ ഭാരം കുറയ്ക്കാനുള്ള അവസരം ലങ്കയ്ക്ക് ലഭിച്ചിരുന്നു. സ്മിത്തിന്റെ വിക്കറ്റിന്റെ രൂപത്തിൽ. പക്ഷെ ബോളർ സന്ദാകന്റെ മണ്ടത്തരം കാരണം ശ്രീലങ്ക ഏറ്റുവാങ്ങിയത് നാണക്കേടായിരുന്നു. സ്മിത്തിനെ അനായാസം റൺ ഔട്ടാക്കാനുള്ള അവസരമാണ് സന്ദാകൻ നഷ്ടപ്പെടുത്തിയത്.

സ്മിത്ത് നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കവെ സന്ദാകൻ എറിഞ്ഞ പന്ത് സ്മിത്ത് സ്ട്രെയിറ്റിലേക്ക് അടിച്ചു വിടുകയായിരുന്നു. പന്ത് നേരെ വന്ന് സ്റ്റംപിലാണ് കൊണ്ടത്. അപ്പോഴേക്കും സ്മിത്ത് ക്രീസ് വിട്ട് മുന്നോട്ട് കയറിയിരുന്നു. ക്രീസിന് അരികിലുണ്ടായിരുന്ന സന്ദാകൻ പന്തെടുത്ത് സ്റ്റംപ് ചെയ്യാനായി തിരിച്ച് കയറി.

ആവേശത്തിൽ സ്റ്റംപ് പിഴുതെടുത്ത സന്ദാകൻ പന്ത് സ്റ്റംപിൽ തൊടാൻ മറന്നു പോയി. ഇടത് കൈയിൽ സ്റ്റംപും വലതു കൈയിൽ പന്തുമായി നിൽക്കെ തനിക്ക് പറ്റിയ അമളി സന്ദാകൻ തിരിച്ചറിഞ്ഞു. താരത്തിനും ശ്രീലങ്കൻ ടീമും നാണക്കേടായി മാറിയിരിക്കുകയാണ് സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP