Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാറ്റത്തു വിളക്ക് അണഞ്ഞാൽ അത് കാറ്റിന്റെ കുറ്റമോ വിളക്കിന്റെ കുറ്റമോ? കോന്നിയിലെ തോൽവിയ അടൂർ പ്രകാശിന്റെ തോളിൽ എങ്ങനെ കെട്ടിവെക്കും? അടൂർ പ്രകാശ് പറയുന്ന ആൾക്ക് ആളുകൾ വോട്ടു ചെയ്യില്ല എന്ന് വാതോരാതെ പറഞ്ഞവർ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ അടൂർ പ്രകാശ് പറഞ്ഞാൽ 9000 വോട്ടു മറിഞ്ഞു എന്നു പറഞ്ഞാൽ മലയാളി എങ്ങനെ വിശ്വസിക്കും? ബിജു ലാൽ എഴുതുന്നു

കാറ്റത്തു വിളക്ക് അണഞ്ഞാൽ അത് കാറ്റിന്റെ കുറ്റമോ വിളക്കിന്റെ കുറ്റമോ? കോന്നിയിലെ തോൽവിയ അടൂർ പ്രകാശിന്റെ തോളിൽ എങ്ങനെ കെട്ടിവെക്കും? അടൂർ പ്രകാശ് പറയുന്ന ആൾക്ക് ആളുകൾ വോട്ടു ചെയ്യില്ല എന്ന് വാതോരാതെ പറഞ്ഞവർ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ അടൂർ പ്രകാശ് പറഞ്ഞാൽ 9000 വോട്ടു മറിഞ്ഞു എന്നു പറഞ്ഞാൽ മലയാളി എങ്ങനെ വിശ്വസിക്കും? ബിജു ലാൽ എഴുതുന്നു

ബിജു ലാൽ

'കാറ്റത്തു വിളക്ക് അണഞ്ഞാൽ അത് കാറ്റിന്റെ കുറ്റമോ വിളക്കിന്റെ കുറ്റമോ ' ഒരു പാട് സൈബർ ആക്രമണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഞാൻ ഈ പോസ്റ്റിടുന്നത്. സംഭവം കോന്നി ഇലക്ഷൻ തന്നെയാണ്. കോന്നിയിൽ നടന്ന ഇലക്ഷന് ശേഷം, മുൻ MLA യും, ഇപ്പോൾ ആറ്റിങ്ങൽ എംപി യും ആയ ശ്രീ. അടൂർ പ്രകാശിനെ വ്യക്തി ഹത്യ ചെയ്യുന്ന ഒരു പാട് പോസ്റ്റുകൾ കണ്ടു, അതൊക്കെ കാണുമ്പോൾ ഏതോ തല്പര കക്ഷികൾ സ്വന്തം താല്പര്യം സംരക്ഷിക്കാനും ചിലരൊക്കെ കഥ അല്പം പോലും അറിയാതെ ആട്ടം കാണുന്നവരാണെന്നും തോന്നി.

ഒരു കൊണ്‌ഗ്രെസ്സ് MLA, രാജി വച്ചു എംപി ആയി പോയാൽ ആ എംപി പറയുന്ന ആളിനെ പരിഗണിക്കുന്നത് കോൺഗ്രസിൽ പുതുമ ആണോ? അല്ലെങ്കിൽ അങ്ങനെ പരിഗണിക്കുന്നതിൽ എന്താണ് തെറ്റ്? തെറ്റ് ആണ് എന്നുത്തരം എങ്കിൽ എന്റെ ചില നിരീക്ഷണങ്ങൾക്ക് ഉത്തരം വേണം 1985 ൽ ശ്രീ. വക്കം പുരുഷോത്തമൻ ആറ്റിങ്ങൽ അസംബ്ലി മണ്ഡലം ഉപേക്ഷിച്ചു ആലപ്പുഴ യിൽ പോയപ്പോൾ അദ്ദേഹം കൂടി ആവശ്യ പ്പെട്ട, അതും കൊല്ലം ജില്ലയിലുള്ള ശ്രീമതി സരസ്വതി കുഞ്ഞികൃഷ്ണന് അല്ലേ സീറ്റ് കൊടുത്തത്,(എസ് എസ് ഹരി ഹര അയ്യരെ പോലുള്ള വളരെ സീനിയർ ആയവർ ആറ്റിങ്ങലിൽ ഉണ്ടായിട്ടും). ശ്രീ. വിജയദാസിനോട് 5433 വോട്ടിനു ശ്രീമതി സരസ്വതി കുഞ്ഞു കൃഷ്ണൻ തോറ്റു എന്നത് മറ്റൊരു കഥ. ഇനി 2009 ൽ കണ്ണൂരിൽ ശ്രീ. കെ. സുധാകരൻ എംപി ആയി പോയപ്പോൾ അദ്ദേഹത്തിന്റെ കടുത്ത നിർബന്ധത്തിനു വഴങ്ങി അല്ലേ, അന്നത്തെ DCC പ്രസിഡന്റ് ശ്രീ. സുരേന്ദ്രനെ ഒഴിവാക്കി പാർട്ടിയിൽ എത്തി ആറു മാസം പൂർത്തിയാകാത്ത ശ്രീ. അബ്ദുള്ള ക്കുട്ടി യെ സ്ഥാനാർത്ഥി ആക്കിയത്. അബ്ദുള്ള കുട്ടി എംവി ജയരാജനെ 12043 വോട്ടിനു അന്ന് തോൽപ്പിച്ചു.

ഇതേ 2009 ൽ തന്നെ ശ്രീ. കെ സി വേണുഗോപാൽ ആലപ്പുഴ നിന്ന് ജയിച്ചു പോയപ്പോൾ അദ്ദേഹത്തിന്റെ കൂടി താല്പര്യം പരിഗണിച്ചല്ലെ ശ്രീ. ഷുക്കൂറിനു സീറ്റ് കൊടുത്തത്? വർത്തമാനകാല രാഷ്ട്രീയത്തിൽ എറണ കുളത്തു ഹൈബി ഈഡൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ അല്ലേ പാർട്ടി നിർത്തിയത്? ( പരിണിത പ്രജ്ഞനായ തോമസ് മാഷിനെ പോലും ഒഴിവാക്കി ) 1998 ലെ പാർലിമെന്റ് ഇലക്ഷന് ൽ ജയിച്ചു വന്നവരിൽ നിന്ന് മുഴുവൻ ആൾക്കാരും 1999 ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് AICC തീരുമാനിച്ചപ്പോൾ കോഴിക്കോട് ശങ്കരൻ വക്കീൽ മാറിനിന്നത് ശ്രീ. കെ മുരളീധരന് വേണ്ടിയല്ലായിരുന്നോ? അതിന്റെ പരിണാമം അല്ലായിരുന്നോ 2001 ലെ കൊയിലാണ്ടി സീറ്റും പിന്നെ മന്ത്രി യും ഒക്കെ ആയത്? ശ്രീ. രമേശ് ചെന്നിത്തല ക്ക് വേണ്ടി ഹരിപ്പാട് ഒഴിഞ്ഞു കൊടുത്തതുകൊണ്ടല്ലേ ശ്രീ. ബാബു പ്രസാദിനെ ഉടൻ KSEB മെമ്പർ ആക്കിയത്? ഇങ്ങനെ പറഞ്ഞാൽ കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രം അറിയാവുന്ന വർക്കും, അല്ലെങ്കിൽ രാഷ്ട്രീയ വിദ്യാർത്ഥി യായ എന്നെ പോലെയുള്ളവർക്കും ഒരു പാട് ഉദാഹരങ്ങൾ ഇനിയും ചൂണ്ടിക്കാണിക്കാൻ ഉണ്ട്. ഇതൊന്നും ചർച്ച യാക്കാതെ ശ്രീ. അടൂർ പ്രകാശിനെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ യുക്തി എന്ത് എന്നറിയാൻ പാഴൂർ പടിപ്പുര വരെ ഒന്നും പോകണ്ട.

ഈ തോൽവി ശ്രീ. അടൂർ പ്രകാശിന്റെ തോളിൽ എങ്ങനെ കെട്ടിവെക്കും? ശ്രീ. അടൂർ പ്രകാശിന് ആളുകൾ വോട്ട് ചെയ്യും, പക്ഷേ അടൂർ പ്രകാശ് പറയുന്ന ആൾക്ക് ആളുകൾ വോട്ട് ചെയ്യില്ല എന്ന് വാതോരാതെ പറഞ്ഞവർ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ അടൂർ പ്രകാശ് പറഞ്ഞാൽ 9000 ത്തോളം ആൾ ക്കാർ വോട്ട് മറിച്ചു ചെയ്യും എന്ന് പറഞ്ഞാൽ അരിയാഹാരം രണ്ടു നേരം കഴിക്കുന്ന മലയാളി എങ്ങനെ വിശ്വസിക്കും? അതല്ല കയ്യിൽ തെളിവുണ്ട് എങ്കിൽ, ആരോടെങ്കിലും ശ്രീ. അടൂർ പ്രകാശ് സ്ഥാനാർത്ഥി ക്കെതിരെ വോട്ട് മാറ്റി ചെയ്യാൻ പറഞ്ഞു എങ്കിൽ, ഏതെങ്കിലും വിഭാഗത്തിനോട് വോട്ടുകൾ മറി ക്കാൻ നിർദ്ദേശിച്ചു എങ്കിൽ, തിരഞ്ഞെടുപ്പ് കൺവെൻഷന് ശേഷം സ്ഥാനാർത്ഥി ക്കെതിരെ മോശമായി എന്തെങ്കിലും പറഞ്ഞു എങ്കിൽ നമുക്ക് KPCC യെ സമീപിക്കാം, ഞങ്ങളും കൂടാം അതല്ലാതെ വളഞ്ഞിട്ട് ആക്രമിക്കാൻ ആണ് ഭാവം എങ്കിൽ തിരിച്ചും പ്രതികരണം ഉണ്ടാകും എന്ന് അടിവരയിട്ട് പറയാൻ ആഗ്രഹിക്കുന്നു.

വസ്തുത കൾ പരിശോധിച്ചാൽ :-തിരഞ്ഞെടുപ്പ് പ്രക്രിയകൾ മാറുന്നു , വ്യക്തി പരമായി വോട്ട് സമാഹരിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഇനി ജയിക്കാൻ കഴിയൂ, ഒരു പരിധി വരെ വട്ടിയൂർക്കാവിലും അത ല്ലേ സംഭവിച്ചത്? സാമുദായിക സംഘടനാ സമ്മർദ്ദം ഒക്കെ അല്ലേ കോന്നിയിൽ ഏറ്റവും കൂടുതൽ UDF നെ സമ്മർദ്ദ പെടുത്തിയത് ? യുഡിഫ് എന്നും സാമുദായിക സംഘടന കളുടെ വോട്ട് വാങ്ങിയിട്ടുണ്ട്, ലീഡറുടെ കാലം മുതൽ കണക്കു നോക്കിയാൽ അറിയാം . പക്ഷെ എന്നെങ്കിലും സമുദായ ഭാരവാഹികളെ ഗൃഹ സന്ദർശനത്തിന് കൊണ്ട് പോയിട്ടുണ്ടോ? പരസ്യമായി നിലപാട് എടുപ്പിച്ചിട്ടുണ്ടോ? ഒരു സമുദായ സംഘടന പരസ്യ നിലപാട് എടുത്താൽ മറ്റു സമുദായ സംഘടന കൾ തിരിഞ്ഞു കുത്തും എന്നറിയാത്ത വർ ആണോ സംഘടനാ തലപ്പത്തുള്ളവർ? ഇവിടെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഏതുകൊണ്‌ഗ്രെസ്സ് കാരനെ ഉന്മൂലനം ചെയ്യണം എങ്കിലും സുകുമാരൻ നായർ പറഞ്ഞു എന്ന തറക്കളി അല്ലേ എടുക്കുന്നത്?

ഈ തന്ത്രം മറ്റു സാമുദായിക ശക്തി കൾ മുതലെടുത്തു എങ്കിൽ അതിൽ ശ്രീ. അടൂർ പ്രകാശിന്റെ കുറ്റം എന്താണ്? ഈ തന്ത്രം നടപ്പാക്കിയവരാണ് ഇതിന് മറുപടി പറയേണ്ടത്. ശ്രീ. അടൂർ പ്രകാശ് അദ്ദേഹത്തിന്റെ സമുദായത്തിൽ നിന്നാരെ യെങ്കിലും നിർദ്ദേശിച്ചോ? ബന്ധുക്കളെ നിർദ്ദേശിച്ചോ? അദ്ദേഹം കോന്നിയിൽ എത്തും മുൻപ് പഞ്ചായത്ത് മെമ്പർ ആയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി, ജില്ലാ പഞ്ചായത്ത് മെമ്പർ ആയി, പഞ്ചായത്ത് പ്രസിഡന്റ് ആയ ആളിനെ അല്ലേ നിർദ്ദേശിച്ചത്? ഗോഡ് ഫാദർ മാരില്ലാതെ നേതാവായ എത്ര നേതാക്കൾ ഉണ്ട് കോൺഗ്രസിൽ ? പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ! പാർട്ടിയിൽ ജനസ്വാധീനം ഉള്ള നേതാക്കളെ ചെളി വാരിയെറിയുന്ന കുതന്ത്രത്തെ പാർട്ടി പ്രവർത്തകർ ഇനിയെങ്കിലും തിരിച്ചറിയുക.

വൽക്കഷ്ണം :- 29 വർഷത്തെ cpm ന്റെ പൊന്നാപുരം കോട്ട യെ തകർക്കുവാൻ ചങ്കൂറ്റം കാണിച്ച നേതാവിനോട് , സ്വന്തം മണ്ഡലത്തിലെ ഓരോ ബൂത്ത് പ്രസിഡന്റ് മാരെയും പേരെടുത്തു വിളിക്കുവാൻ കഴിയുന്ന നേതാവിനോടൊക്കെ ഏത് പാർട്ടി പ്രവർത്തകനും ഒരല്പം ഇഷ്ട കൂടുതൽ തോന്നാം, അതൊരു കുറ്റം അല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP