Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിപി മുകുന്ദനെ ഓർഗനൈസിങ് സെക്രട്ടറിയാക്കിയാൽ അധ്യക്ഷനാകാമെന്ന് സുരേഷ് ഗോപി; ആക്ഷൻ ഹീറോയെ ഡൽഹിക്ക് വിളിപ്പിച്ച് അമിത് ഷാ; ബിജെപിയെ ഇനി കേരളത്തിൽ നയിക്കുക സൂപ്പർതാരം തന്നെയെന്ന സൂചന നൽകി ദേശീയ നേതാക്കളും; വിജ്ഞാൻ ഭാരതി നേതാവ് ജയകുമാർ വിസമ്മതം അറിയിച്ചതോടെ ശ്രീധരൻ പിള്ളയുടെ പിൻഗാമിയെ നിശ്ചയിക്കാൻ ഡൽഹിയിൽ നടക്കുന്നത് അതിവേഗ ചർച്ചകൾ; കേരളത്തിലെ ബിജെപി അധ്യക്ഷനിൽ അവസാന വാക്ക് അമിത് ഷായുടേത് മാത്രം

പിപി മുകുന്ദനെ ഓർഗനൈസിങ് സെക്രട്ടറിയാക്കിയാൽ അധ്യക്ഷനാകാമെന്ന് സുരേഷ് ഗോപി; ആക്ഷൻ ഹീറോയെ ഡൽഹിക്ക് വിളിപ്പിച്ച് അമിത് ഷാ; ബിജെപിയെ ഇനി കേരളത്തിൽ നയിക്കുക സൂപ്പർതാരം തന്നെയെന്ന സൂചന നൽകി ദേശീയ നേതാക്കളും; വിജ്ഞാൻ ഭാരതി നേതാവ് ജയകുമാർ വിസമ്മതം അറിയിച്ചതോടെ ശ്രീധരൻ പിള്ളയുടെ പിൻഗാമിയെ നിശ്ചയിക്കാൻ ഡൽഹിയിൽ നടക്കുന്നത് അതിവേഗ ചർച്ചകൾ; കേരളത്തിലെ ബിജെപി അധ്യക്ഷനിൽ അവസാന വാക്ക് അമിത് ഷായുടേത് മാത്രം

എം മനോജ് കുമാർ

ന്യൂഡൽഹി: കേരളത്തിലെ ബിജെപി അധ്യക്ഷനെ ദേശീയ പ്രസിഡന്റ് അമിത് ഷാ നിശ്ചയിക്കും. ഇതിന്റെ വ്യക്തമായ സൂചനകൾ കേരളത്തിലെ നേതാക്കൾക്ക് വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ കൊടുത്തു കഴിഞ്ഞു. സുരേഷ് ഗോപിക്കാണ് പ്രഥമ സ്ഥാനം. ചുമതല ഏറ്റെടുക്കാൻ സുരേഷ് ഗോപിയും താൽപ്പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ സംഘടനയെ ചലിപ്പിക്കാൻ പഴയ നേതാവിനെ ബിജെപിയിൽ തിരിച്ചെത്തിക്കണമെന്നാണ് സുരേഷ് ഗോപിയുടെ നിർദ്ദേശം. പിപി മുകുന്ദനെ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി പദമേൽപ്പിച്ചാൽ ചുമതല ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന് സൂചന നൽകി. ചർച്ചകൾക്കായി സുരേഷ് ഗോപിയെ അമിത് ഷാ ഡൽഹിക്ക വിളിപ്പിച്ചിട്ടുണ്ട്. പിപി മുകുന്ദന്റെ കാര്യവും ഡൽഹി ചർച്ചയിൽ സജീവ വിഷയമാകും.

പി എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായതോടെ സംസ്ഥാനത്ത് പുതിയ ബിജെപി അധ്യക്ഷനായുള്ള നീക്കങ്ങൾ സജീവമായി നടക്കുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ് കേരളത്തിൽ ഉയർന്ന് കേട്ടത്.മറ്റൊരു ജനറൽ സെക്രട്ടറിയായ എടി രമേശിന്റെ പേരും ചർച്ചയായി. എന്നാൽ ഏറെ ജനസ്വാധീനമുള്ള നെതാവിനെ കണ്ടെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമമെന്നാണ് വിവരം. അപ്രതീക്ഷിതമായി ഡൽഹിയിൽ മനോജ് തിവാരിയെ പാർട്ടി അധ്യക്ഷനായി പാർട്ടി നിയമിച്ച പോലെ കേരളത്തിലും ഇത്തരത്തിൽ ഒരു നീക്കം ഉണ്ടാകുമെന്നാണ് വിവരം. ഇതിനിടെയാണ് സുരേഷ് ഗോപിയെ ഡൽഹിക്ക് വളിപ്പിക്കുന്നത്. സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാൻ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് താത്പര്യമുണ്ടെന്നാണ് വിവരം. തൃശ്ശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വൻ ജനപ്രീതി സൃഷ്ടിച്ചുവെന്ന് റിപ്പോർട്ടാണ് അമിത് ഷായ്ക്ക് താരത്തോട് താത്പര്യം തോന്നാൻ കാരണം.

കേന്ദ്രമന്ത്രി വി മുരളീധര പക്ഷം കെ സുരേന്ദ്രന്റെ പേരാണ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ സുരേഷ് ഗോപിയാകും നല്ലതെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. വി മുരളീധരൻ അടക്കമുള്ളവരോട് അമിത് ഷാ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഗ്രൂപ്പുകൾ അതി ശക്തമാണ്. അതുകൊണ്ടാണ് സുരേഷ് ഗോപി സ്ഥാനം ഏറ്റെടുക്കാൻ കരുതലുകൾ എടുക്കുന്നത്. 1992 മുതൽ ബിജെപിയുടെ ഓർഗൈനിസിങ് സെക്രട്ടറിയായി കേരളത്തിൽ സംഘടനയെ മുന്നോട്ട് കൊണ്ടു പോയത് പിപി മുകുന്ദനാണ്. കുറച്ചു കാലമായി പാർട്ടിയിൽ സജീവമല്ല. എങ്കിലും പാർട്ടിക്കാർക്കിടയിൽ പിപി മുകുന്ദന് നല്ല സ്വാധീനമുണ്ട്. ഇപ്പോഴുള്ള എല്ലാ നേതാക്കളും പിപി മുകുന്ദന് കീഴിൽ വളർന്നവരാണ്. ഇതെല്ലാം പരിഗണിച്ചാണ് പിപി മുകുന്ദന്റെ പേര് സുരേഷ് ഗോപി ചർച്ചയാക്കുന്നത്.

കേരളത്തിൽ വി മുരളീധരൻ അധ്യക്ഷനായെത്തിയതോടെയാണ് പിപി മുകുന്ദൻ പിന്നോട്ട് വലിയുന്നത്. പിന്നീടൊരിക്കലും പാർട്ടി വേദികളിൽ മുരളീധരന്റെ കാലത്ത് മുകുന്ദനെ കണ്ടില്ല. നേമം തെരഞ്ഞെടുപ്പിൽ രാജഗോപാലിന്റെ കൺവെൻഷൻ വേദിയിൽ മുകുന്ദൻ എത്തി. കുമ്മനം രാജശേഖരൻ പാർട്ടിയിലേക്ക് മുകുന്ദനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ അതിന് അപ്പുറത്തേക്ക് ഭാരവാഹിത്വമോ പദവികളോ മുകുന്ദന് കിട്ടിയില്ല. ഇതിനിടെയാണ് ശ്രീധരൻ പിള്ള അധ്യക്ഷനാകുന്നത്. അപ്പോഴും പിപി മുകുന്ദന് റോളൊന്നും നൽകിയില്ല. ബിജെപിയിൽ മുകുന്ദൻ എത്തിയാൽ ബാക്കിയെല്ലാവരും അപ്രസക്തരാകുമെന്നതായിരുന്നു ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമായി. ഇതിനിടെയാണ് വീണ്ടും അധ്യക്ഷ മാറ്റം എത്തുന്നത്.

സുരേഷ് ഗോപിക്ക് മുകുന്ദനെ സംഘടനാ സെക്രട്ടറിയാക്കാനാണ് താൽപ്പര്യം. തന്റെ തിരക്കുകൾക്കിടയിൽ പാർട്ടിയെ നയിക്കാൻ കരുത്തനായ വ്യക്തി വേണമെന്നതാണ് ഇതിന് കാരണം. വോട്ട് മറിച്ചു വിൽക്കൽ അടക്കമുള്ള മുകുന്ദനെതിരായ ആരോപണങ്ങൾ ഭാവനാ സൃഷ്ടിയാണെന്നും സുരേഷ് ഗോപി വിലയിരുത്തുന്നു. താൻ നേതാവായാൽ മുകുന്ദൻ സജീവമായി ബിജെപിയിൽ ഉണ്ടാകണമെന്നാണ് സുരേഷ് ഗോപിയുടെ ആഗ്രഹം. കേരളത്തിന് പുറത്ത് നിന്നുള്ള എ ജയകുമാറിനേയും ബിജെപി അധ്യക്ഷനാക്കാൻ അമിത് ഷാ പരിഗണിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ ആർഎസ്എസ് പ്രചാരകനായി പ്രവർത്തനം തുടരാനാണ് ജയകുമാറിന് താൽപ്പര്യം. രാഷ്ട്രീയ പ്രവർത്തനം തൽകാലം ജയകുമാർ ആഗ്രഹിക്കുന്നില്ല. ഇതോടെയാണ് സുരേഷ് ഗോപി വീണ്ടും ചർച്ചകളിൽ ഒന്നാമനാകുന്നത്.

അടുത്ത് കേരളത്തിൽ നടക്കുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പും ഒന്നര വർഷത്തിന്നിടെ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് ദേശീയ നേതൃത്വം നടത്തുന്നത്. ആരെ ചുമതല ഏൽപ്പിച്ചിട്ടും കേരളത്തിൽ ബിജെപിക്ക് ക്ലച്ച് പിടിക്കാൻ കഴിയാതെ പോകുന്ന സാഹചര്യത്തിൽ പി.പി.മുകുന്ദനെ തന്നെ ബിജെപി സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയാക്കാനാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. പി.പി.മുകുന്ദൻ സ്റ്റേറ്റ് ഓർഗ നൈസിങ് സെക്രട്ടറിയായാൽ ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ വിസമ്മതമില്ലെന്നാണ് സുരേഷ് ഗോപി ബിജെപി ദേശീയ നേതൃത്വത്തോട് സമ്മതിച്ചിരിക്കുന്നത്.

നാലിലധികം പ്രോജക്റ്റ്കൾക്ക് കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന അധ്യക്ഷ പദവിയിൽ ഇരിക്കാൻ പ്രയാസമുണ്ട് എന്നാണ് സുരേഷ് ഗോപി അറിയിച്ചത്. അപ്പോഴാണ് പി.പി.മുകുന്ദനെ സ്റ്റേറ്റ് ഓർഗനൈസിങ് പദവിയിലിരുത്തി സംസ്ഥാന അധ്യക്ഷനാകാൻ സുരേഷ്‌ഗോപിയോട് അമിത് ഷാ തന്നെ ആവശ്യപ്പെട്ടത്. ഇതിലുള്ള സമ്മതമാണ് സുരേഷ് ഗോപി അറിയിച്ചത്. അതുപ്രകാരമാണ് ദേശീയ നേതൃത്വം പി.പി.മുകുന്ദനുമായി ബന്ധപ്പെടുന്നത്. അമിത് ഷായുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള തിരക്കിട്ട നീക്കങ്ങൾ തന്നെയാണ് കേരള കാര്യത്തിൽ നടക്കുന്നത്. ഈ കാര്യത്തിൽ വ്യക്തത വരാൻ വൈകുന്നത് മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്ന കാര്യത്തിൽ ചർച്ച നടക്കുന്നതിനാലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP