Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗദിയിൽ അതിശക്തമായ മഴയിൽ മരണപ്പെട്ടത് ഏഴു പേർ; വാഹനങ്ങൾക്കും വീടുകൾക്കും സംഭവിച്ചത് വൻ നാശനഷ്ടം; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകിയതോടെ ഗതാഗതവും താറുമാറായി; ആഘാതം കൂട്ടിയത് ആലിപ്പഴ വർഷവും; ഒറ്റ ദിവസം കൊണ്ട് സൗദിയെ തളർത്തിയത് കാറ്റോട് കൂടിയ മഴ

സൗദിയിൽ അതിശക്തമായ മഴയിൽ മരണപ്പെട്ടത് ഏഴു പേർ; വാഹനങ്ങൾക്കും വീടുകൾക്കും സംഭവിച്ചത് വൻ നാശനഷ്ടം; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകിയതോടെ ഗതാഗതവും താറുമാറായി; ആഘാതം കൂട്ടിയത് ആലിപ്പഴ വർഷവും; ഒറ്റ ദിവസം കൊണ്ട് സൗദിയെ തളർത്തിയത് കാറ്റോട് കൂടിയ മഴ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദിയിൽ ശക്തമായ മഴ തുടരുന്നു. വടക്കു കിഴക്കൻ ഭാഗമായ ഹഫർ അൽ ബാതിനിൽ കനത്ത മഴയെത്തുടർന്ന് ഏഴു പേർ മരിച്ചു. പതിനൊന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങൾ മഴയിൽ നശിക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിൽ നിന്ന് 100 കിലോ മീറ്റർ മാത്രം അകലെയുള്ള പ്രദേശമാണിത്. ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. വീടുകൾ മഴയെത്തുടർന്ന് ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഹഫർ ബാതിനിൽ ഇന്നലെ മുതൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ല. ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.

ഖഫ്ജി, അൽ ഖുറിയാത്ത എന്നിവിടങ്ങളിലും മഴ അനുഭവപ്പെടുന്നുണ്ട്. മഴയിൽ കുടുങ്ങിയ 16 പേരെ സൗദി സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.നിരവധി വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. ഉയർന്ന പ്രസരണശേഷിയുള്ള വലിയ ഇലക്ട്രിക് ടവറുകളും നിലംപൊത്തിയതായി റിപ്പോർട്ടുണ്ട്. പട്ടണത്തിലെ പ്രധാന സർക്കാർ ആശുപത്രിയിലെ വലിയ പാർക്കിങ് കുടകൾ തകർന്നുവീണു. നിരവധി പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. പലരെയും പ്രത്യേക ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. സഹായം അഭ്യർത്ഥിച്ച് നൂറുക്കണക്കിന് ആളുകളാണ് തങ്ങളുമായി ബന്ധപ്പെടുന്നതെന്ന് സിവിൽ ഡിഫൻസ് കിഴക്കൻ പ്രവിശ്യാ വക്താവ് അബ്ദുൽഹാദി ശഹ്റാനി പറഞ്ഞു.

'മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. തീവ്രമായ മഴയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പരിചയമില്ലാത്ത ഭാഗങ്ങളിലൂടെയും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യരുത്. വീട്ടിൽ വൈദ്യുതാഘാതം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രളയത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ആവശ്യ സാധനങ്ങളും മരുന്നുകളും വീട്ടിൽ പ്രത്യേകം തയ്യാറാക്കി
വയ്ക്കണം. അപകടാവസ്ഥയിൽ സ്വന്തം വീട്ടിൽ നിൽക്കുന്നതിന് പകരം സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറണം. സഹായത്തിന് സിവിൽ ഡിഫൻസിന്റെ 998 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം' എന്നും ശഹ്റാനി പറഞ്ഞു.

ആലിപ്പഴ വർഷത്തോടെയാണ് പല ഭാഗത്തും മഴ പെയ്യുന്നത്. ഇന്നലെയും ഇന്നും റിയാദ് വടക്ക്, അസീർ, ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ആലിപ്പഴവർഷമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. ആലിപ്പഴ വർഷത്തിൽ വാഹനങ്ങളുടെ ചില്ലുകൾ വരെ തകർന്നു. ശക്തമായ മഴ പെയ്തതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. മഴ കാരണം മരിച്ചവർ എവിടെ നിന്നുള്ളവരാണെന്ന കാര്യം ഇത് വരെ പുറത്ത് വന്നിട്ടില്ല. നവംബറിൽ സൗദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 12 പേർ മരിച്ചിരുന്നു. വടക്ക് പടിഞ്ഞാറൻ നഗരമായ തബൂക്കിലാണ് അന്ന് ആളപായമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP