Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളാ പൊലീസിലെ ചിലർ ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് നയത്തിനു കളങ്കം ചാർത്തുന്നുവെന്ന സിപിഐ വിമർശനത്തിന് പുല്ലുവില; തണ്ടർബോൾട്ട് സംഘം ഇന്ന് വെടിവച്ചിട്ടത് ഭവാനിദളം ഗ്രൂപ്പ് തലവനെ; മണിവാസകന്റെ മരണത്തോടെ മഞ്ചക്കണ്ടി ഓപ്പറേഷിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി; ചിതറി ഓടിയവരെ വിടാതെ കേരളാ പൊലീസ്; വഴി തെറ്റി പോയ സഖാക്കളെ പച്ചയ്ക്ക് കൊല്ലുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വ്യാപക പ്രതിഷേധം

കേരളാ പൊലീസിലെ ചിലർ ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് നയത്തിനു കളങ്കം ചാർത്തുന്നുവെന്ന സിപിഐ വിമർശനത്തിന് പുല്ലുവില; തണ്ടർബോൾട്ട് സംഘം ഇന്ന് വെടിവച്ചിട്ടത് ഭവാനിദളം ഗ്രൂപ്പ് തലവനെ; മണിവാസകന്റെ മരണത്തോടെ മഞ്ചക്കണ്ടി ഓപ്പറേഷിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി; ചിതറി ഓടിയവരെ വിടാതെ കേരളാ പൊലീസ്; വഴി തെറ്റി പോയ സഖാക്കളെ പച്ചയ്ക്ക് കൊല്ലുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

പലക്കാട്: മഞ്ചക്കണ്ടി വനത്തിൽ വീണ്ടും പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുട ഐണ്ണം നാലായി. ഇന്ന് ഒരാൾ കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവൻ മണിവാസകമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇയാൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടു പേർക്ക് വെടിയേറ്റെന്നും ഇവർ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇവർക്കു വേണ്ടി ഇന്ന് തെരച്ചിൽ നടത്തിയതിനു പിന്നലെയാണ് വീണ്ടും വെടിവയ്‌പ്പുണ്ടായതും മണിവാസകം കൊല്ലപ്പെട്ടതും.

മാവോയിസ്റ്റുകളെ നേരിടുന്നതുമായി ബന്ധപ്പെട്ട സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം ഇന്നലെ രംഗത്തെത്തിയതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെയും പ്രതികരണം. അട്ടപ്പാടി അഗളി മലയിൽ മൂന്ന് മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് സേന വെടിവെച്ചു കൊന്നിരുന്നു. ചിക്കമംഗലൂർ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാർത്തി എന്നിവരാണ് മരണപ്പെട്ടത്. വഴിതെറ്റിപ്പോയ സഖാക്കളെന്നാണ് ബിനോയ് വിശ്വം മാവോയിസ്റ്റുകളെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശേഷിപ്പിച്ചത്. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് യോജിക്കുന്നില്ലെന്നും എന്നാൽ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ വെടിയുണ്ട കൊണ്ട് പരിഹരിക്കാമെന്ന വലതുപക്ഷ വഴി സിപിഐയും സിപിഐ.എമ്മും അംഗീകരിക്കുന്നില്ല എന്നും പറഞ്ഞു.

കേരളാ പൊലീസിലെ ചിലർ ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് നയത്തിനു കളങ്കം ചാർത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷ സർക്കാരിനു ദുഷ്‌പേരുണ്ടാക്കാൻ അവർക്കു പ്രത്യേക മാനുവലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഈ വിമർശനങ്ങൾക്കൊപ്പാണ് സിപിഎം എന്ന തരത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദനും പ്രതികരിച്ചിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് മാവോയിസ്റ്റ് വേട്ട പൊലീസ് തുടരുന്നത്. തിങ്കളാഴ്ച രാവിലെ തണ്ടർ ബോൾട്ടും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി ശ്രീമതി, തമിഴ്‌നാട് സ്വദേശികളായ എ.എസ്. സുരേഷ്, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഈ ഏറ്റുമുട്ടലോടെ ഇടത് ചിന്തകർ പോലും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർത്തുകയാണ്. മാവോയിസ്റ്റ് വേട്ട പൊലീസ് നിർത്തണമെന്നതാണ് ഇവരുടെ ആവശ്യം.

സിപിഐയും സിപിഎമ്മും പോലും വിമർശനം ഉന്നയിച്ചിട്ടും മാവോയിസ്റ്റുകൾക്ക് വേണ്ടി തണ്ടർബോൾട്ട് സംഘാംഗങ്ങൾ ഇപ്പോഴും വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. ഏറ്റുമുട്ടലിൽ ചിലർ വനത്തിലുള്ളിലേക്ക് ചിതറിയോടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവർക്കുള്ള തിരച്ചിലാണ് തണ്ടർ ബോൾട്ട് സംഘം നടത്തുന്നത്. ഇവരെ പിന്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് വീണ്ടും വെടിവെയ്പുണ്ടായത്. ഇതാണ് മണിവാസകത്തിന്റെ ജീവനെടുത്തത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടത്താൻ പൊലീസ്- മെഡിക്കൽ- ഫോറൻസിക് സംഘങ്ങൾ മഞ്ചക്കണ്ടിയിൽനിന്ന് വനത്തിലേക്ക് പോയിട്ടുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന് വഴികാട്ടാനായി പോയ ഒരു പ്രദേശവാസിയുമാണ് വനത്തിൽനിന്ന് വെടിയൊച്ച കേട്ടത്.

അതേസമയം മഞ്ചക്കണ്ടി മേഖലയിൽ മാവോവാദികൾ ഇടയ്ക്കിടക്ക് വരാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അരിയും മറ്റും പ്രദേശവാസികളിൽനിന്ന് വാങ്ങാറുണ്ടെന്നും അവർ പറഞ്ഞു. ആയുധങ്ങളുമായാണ് വരാറ്. ഇന്നലെ കൊല്ലപ്പെട്ട കാർത്തിയെ നേരത്തെ, പലതവണ പ്രദേശത്ത് കണ്ടിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രാത്രി വൈകിയും പുതൂർ മഞ്ചക്കണ്ടി ഊരിന് സമീപമുള്ള വനമേഖലയിൽ സംഘം തിരച്ചിൽ നടത്തിയിരുന്നു. തമിഴ്‌നാട് പൊലീസ് ഒന്നുമുതൽ അഞ്ചുവരെ ലക്ഷംരൂപ തലയ്ക്കു വിലയിട്ടവരാണ് കൊല്ലപ്പെട്ടത്. ഒൻപത് പേരടങ്ങിയ സംഘമാണ് വനത്തിലുണ്ടായിരുന്നതെന്നാണു സൂചന. കബനിദളം മേധാവി മണിവാസകവും സംഘത്തിലുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്നും തെരച്ചിൽ തുടർന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് തണ്ടർ ബോൾട്ട് സംഘം ഇവിടെ പരിശോധനയ്ക്ക് എത്തിയത്. തണ്ടർ ബോൾട്ട് അസി. കമാൻണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ ഭീകരർ വെടിവച്ചതിനെ തുടർന്ന് തണ്ടർ ബോൾട്ട് തിരിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ അട്ടപ്പാടിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. നേരത്തെ പാലക്കാട് അട്ടപ്പാടി വനമേഖലയിലുണ്ടായ വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വ്യക്തിപരമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിരുന്നു. വിഷയത്തിൽ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം വിവരം മാധ്യമങ്ങളെ അറിയിക്കാമെന്നും ഡിജിപി പറഞ്ഞു.

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട വിഷയം സുപ്രീംകോടതി നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിനോ സർക്കാർ നിർദ്ദേശപ്രകാരം ജുഡീഷ്യൽ അന്വേഷണത്തിനോ ആണ് സാധ്യതയെന്നും അതിൽ തനിക്ക് വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും ബെഹ്റ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP