Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധശിക്ഷ നിർത്തലാക്കണമെന്നു പറയുന്ന ഒരു പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കൺമുന്നിൽപെട്ടാൽ വെടിവെച്ചു കൊല്ലുമെന്ന അവസ്ഥ; കെ കരുണാകരന്റെ കാലത്തെ കുപ്രസിദ്ധമായ നക്സൽവേട്ടയെ പിണറായി ചെറുതാക്കുന്നു; കൊന്നത് തണ്ടർബോൾട്ടാവാം, തിന്നു തീർക്കേണ്ടത് ജനാധിപത്യ ഭരണകൂടമാണ്...പിണറായി സർക്കാറാണ്: മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഡോ. ആസാദ് എഴുതുന്നു

വധശിക്ഷ നിർത്തലാക്കണമെന്നു പറയുന്ന ഒരു പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കൺമുന്നിൽപെട്ടാൽ വെടിവെച്ചു കൊല്ലുമെന്ന അവസ്ഥ; കെ കരുണാകരന്റെ കാലത്തെ കുപ്രസിദ്ധമായ നക്സൽവേട്ടയെ പിണറായി ചെറുതാക്കുന്നു; കൊന്നത് തണ്ടർബോൾട്ടാവാം, തിന്നു തീർക്കേണ്ടത് ജനാധിപത്യ ഭരണകൂടമാണ്...പിണറായി സർക്കാറാണ്: മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഡോ. ആസാദ് എഴുതുന്നു

ഡോ. ആസാദ്

ന്ത്യയിലെ വ്യാജ ഏറ്റുമുട്ടൽ കൊലയുടെ തലസ്ഥാനമായി കേരളം മാറുകയാണ്. 2016 നവംബറിൽ നിലമ്പൂരിൽ അതാരംഭിച്ചു. ഈ വർഷമാദ്യം മാർച്ചിൽ വയനാട്ടിലും കണ്ടു. ഇപ്പോഴിതാ പാലക്കാട്ട് കാട്ടിൽ കയറി മൂന്നുപേരെ വെടിവെച്ചു വീഴ്‌ത്തിയിരിക്കുന്നു! ഏറ്റുമുട്ടൽക്കൊലയുടെ നാടായി കേരളം മാറിയിരിക്കുന്നു. വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടിക്ക് ന്യായമെന്തുണ്ട്? രാജ്യത്തെ നിയമവ്യവസ്ഥക്ക് വിചാരണചെയ്ത് ശിക്ഷിക്കാൻ കഴിയാത്ത ഏതു കുറ്റത്തിനാണ് തണ്ടർബോൾട്ട് വിധി കൽപ്പിക്കുന്നത്? രണ്ടോ മൂന്നോ വനചാരികളെ ജീവനോടെ പിടിച്ച് നിയമത്തിനു മുന്നിൽ എത്തിക്കാനാവാത്ത തണ്ടർബോൾട്ട് ഒരു സേനാവിഭാഗമാണോ? അഥവാ ഇതെല്ലാം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ രക്തദാഹമോ?

എന്താണ് കേരളത്തിൽ മാവോയിസ്റ്റുകൾ നടത്തിയ കൊടിയ അക്രമം? ആദിവാസി ഊരുകളിൽ കടന്നു ചെന്നതോ? പുറംചുമരുകളിൽ പോസ്റ്റർ പതിച്ചതോ? വെടിവെച്ചുകൊല്ലാന്മാത്രം അവർ നടത്തിയ കുറ്റകൃത്യം ജനം അറിയട്ടെ. കോടതിയിലേക്കുപോലും നീട്ടാതെ അവരുടെ ജീവനൊടുക്കാൻ എന്തുണ്ട് കാരണം?

ഇന്ത്യയിലെ വ്യാജ ഏറ്റുമുട്ടൽ കൊലയുടെ തലസ്ഥാനമായി കേരളം മാറുകയാണ്. 2016 നവംബറിൽ നിലമ്പൂരിൽ അതാരംഭിച്ചു. ഈ വർഷമാദ്യം മാർച്ചിൽ വയനാട്ടിലും കണ്ടു. ഇപ്പോഴിതാ പാലക്കാട്ട് കാട്ടിൽ കയറി മൂന്നുപേരെ വെടിവെച്ചു വീഴ്‌ത്തിയിരിക്കുന്നു! പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനമാണത്. ഒരു നിയമ പുസ്തകവും ബാധകമല്ലെന്ന, ഒരു രാഷ്ട്രീയ ധാർമ്മികതയും പിന്തുടരില്ലെന്ന സർക്കാറിന്റെ കർക്കശശാഠ്യം!

മാവോയിസം ഒരു രാഷ്ട്രീയ കാഴ്‌ച്ചപ്പാടാണ്. മാവോ ഭീകരനായിരുന്നില്ല. വലിയൊരു രാഷ്ട്രത്തിന്റെ പിതൃസ്ഥാനീയനാണ്. ഇന്ത്യക്കു ഗാന്ധിജിയെന്നപോലെ. ചൈനീസ് വിപ്ലവത്തിന്റെ കാലാന്തര ആഖ്യാനമോ ആവർത്തനമോ ലക്ഷ്യം വെച്ചു കഴിയുന്നവരുണ്ടാവാം. അവർ രാജ്യവിരുദ്ധരോ ജനദ്രോഹികളോ ആകുന്നുവെന്ന് ഭരണകൂടത്തിന് തോന്നുന്നുവെങ്കിൽ നിരോധിക്കാം, നിയമപരമായ വിചാരണയും ശിക്ഷയുമാവാം. വധശിക്ഷ നിർത്തലാക്കണമെന്നു പറയുന്ന ഒരു പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കൺമുന്നിൽപെട്ടാൽ വെടിവെച്ചു കൊല്ലുമെന്ന അവസ്ഥ ദയനീയമാണ്.

രാജ്യത്ത് അന്തഛിദ്രമുണ്ടാക്കുന്ന സംഘടനകളുണ്ട്. ആൾക്കൂട്ടക്കൊലകൾക്ക് നേതൃത്വം കൊടുക്കുന്ന പരിവാരങ്ങളുണ്ട്. നൂറു കണക്കിനു മനുഷ്യരെ കൊന്നുതള്ളുന്ന രാഷ്ട്രീയ പാർട്ടികളുണ്ട്. പൊതുവിഭവങ്ങൾ കയ്യേറുകയും കൊള്ളയടിക്കുകയും ചെയ്യുന്ന മാഫിയകളുണ്ട്. അവർക്കിടയിൽനിന്ന് വെടിവെച്ചുകൊല്ലാൻ ചിലരെ കണ്ടെത്തുന്നത് എത്ര ക്ലേശകരമായാണ്!

മാവോയിസവും മാർക്സിസവും വിരുദ്ധപക്ഷങ്ങളല്ല. ചില വഴിത്തർക്കങ്ങളല്ലാതെ ലക്ഷ്യത്തെക്കുറിച്ച് അഭിപ്രായഭേദമില്ല. വഴിത്തെറ്റ് തിരുത്തുന്നത് ഏറ്റുമുട്ടൽക്കൊലയിലൂടെയല്ല. കെ കരുണാകരന്റെ കാലത്തെ കുപ്രസിദ്ധമായ നക്സൽവേട്ടയെ പിണറായി ചെറുതാക്കുന്നു. ഇടതുപക്ഷത്തിന് ഒട്ടും ഭൂഷണമല്ലാത്ത നയമാണിത്. കൊന്നത് തണ്ടർബോൾട്ടാവാം. തിന്നു തീർക്കേണ്ടത് ജനാധിപത്യ ഭരണകൂടമാണ്. പിണറായി സർക്കാറാണ്.

നരഹത്യയുടെ തമ്പുരാനെന്ന് ഇനി കരുണാകരനെ ആരും വിളിക്കില്ല. കാശ്മീരിലേക്കോ യു പിയിലേക്കോ ബിഹാറിലേക്കോ നോക്കി എന്തൊരു മനുഷ്യാവകാശ ലംഘനമെന്ന് ആരും സ്തംഭിച്ചുപോവില്ല. ഇവിടെ ഉരുൾപൊട്ടി പടരുന്ന ചോര നിങ്ങളുടെ പടിവാതിൽക്കൽ തളം കെട്ടുന്നുണ്ട്. ഓരോ തുള്ളി ചോരയിലും അതിന്റെ പഴയ പ്രതാപവും ഊർജ്ജവുമുണ്ട്. രക്തദാഹികൾ അതോർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP