Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീനയിൽ വീണ്ടും ഇടതുപക്ഷം; പ്രസിഡന്റായി പെറൊണിസ്റ്റ് പാർട്ടിയുടെ ആൽബെർട്ടോ ഫെർണാണ്ടസും വൈസ് പ്രസിഡന്റായി ക്രിസ്റ്റീന ഫെർണാണ്ടസും; സാമ്പത്തിക തളർച്ച നേരിടുന്ന രാജ്യത്തെ കൈ പിടിച്ചുയർത്തുക എന്നത് പ്രധാന വെല്ലുവിളി; പത്തിൽ ഒരാൾക്ക് തൊഴിലില്ലാത്ത അവസ്ഥയിൽ നിന്നും അർജന്റീനയെ രക്ഷിക്കാൻ ' ഫെർണാണ്ടസുമാർ'

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീനയിൽ വീണ്ടും ഇടതുപക്ഷം; പ്രസിഡന്റായി പെറൊണിസ്റ്റ് പാർട്ടിയുടെ ആൽബെർട്ടോ ഫെർണാണ്ടസും വൈസ് പ്രസിഡന്റായി ക്രിസ്റ്റീന ഫെർണാണ്ടസും; സാമ്പത്തിക തളർച്ച നേരിടുന്ന രാജ്യത്തെ കൈ പിടിച്ചുയർത്തുക എന്നത് പ്രധാന വെല്ലുവിളി; പത്തിൽ ഒരാൾക്ക് തൊഴിലില്ലാത്ത അവസ്ഥയിൽ നിന്നും അർജന്റീനയെ രക്ഷിക്കാൻ ' ഫെർണാണ്ടസുമാർ'

മറുനാടൻ മലയാളി ബ്യൂറോ

അർജന്റീന: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീനയിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി പെറൊണിസ്റ്റ് പാർട്ടിയുടെ ആൽബെർട്ടോ ഫെർണാണ്ടസും വൈസ് പ്രസിഡന്റായി മുൻ പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസും തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ വലതു പക്ഷ പ്രസിഡന്റ് മൗറിഷ്യോ മക്രിക്ക് 40.4 ശതമാനം വോട്ടാണ് നേടാൻ സാധിച്ചത്. അർജന്റീനിയൻ നിയമപ്രകാരം ഒന്നാംവട്ടത്തിൽതന്നെ ജയിക്കാൻ 45 ശതമാനത്തിലധികം വോട്ടോ 40 ശതമാനം വോട്ടും പ്രധാന എതിരാളിയുമായി 10 ശതമാനം വ്യത്യാസമോ വേണം. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും തരണം ചെയ്യുക എന്നുള്ളതാകും ഇനി പെറൊണിസ്റ്റ് പാർട്ടിയുടെ മുന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളി.

സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ് ഇപ്പോൾ അർജന്റീനയുള്ളത്. 10 പേരിൽ ഒരാൾക്ക് തൊഴില്ലില്ല. ഇപ്പോഴുള്ള അവസ്ഥയിൽ നിന്ന് രാജ്യത്തെ കര കയറ്റാൻ തിരഞ്ഞെടുപ്പിലൂടെ സാധിക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ വോട്ട് ചെയ്യാനായി എത്തിയത്. പട്ടിണി തുടച്ച് നീക്കും എന്ന് വാഗ്ദാനവുമായിട്ടാണ് കഴിഞ്ഞ തവണ മക്രി അധികാരത്തിലെത്തിയത്. പക്ഷേ സാഹചര്യങ്ങൾ വീണ്ടും മോശമാകുകയും രാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു. അതേ സമയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന വാഗ്ദാനവുമായി എത്തിയ ഫെർണാണ്ടസിന്റെ നയങ്ങൾ അർജന്റീനയെ നിലവിലെ അവസ്ഥയിലേക്ക് നയിച്ച നയങ്ങളുമായി യോജിച്ച് പോകുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ക്രിസ്റ്റീന ഫെർണാണ്ടസ് പെറൊണിസ്റ്റ് പാർട്ടിയുടെ വിജയത്തിൽ നിർണായക സ്വാധീനമാണ് നിർവഹിച്ചത്. ആധുനികകാലത്തെ ഇവാ പെറോൺ എന്നാണ് ആൾക്കാർ അവരെ വിശേഷിപ്പിക്കുന്നത്. അതേ സമയം അവർ അഴിമതിക്കാരിയാണെന്നും സാമ്പത്തികമായി നിരുത്തരവാദപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ചിലർ ആരോപിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയ്ക്ക് അർജന്റീന സാമ്പത്തികമായി ഗുരുതരമായ അവസ്ഥയിലാണ്. ജനസംഖ്യയുടെ 35% അതായത് 15 ദശലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. സ്ഥിരമായി ഉയർന്ന പണപ്പെരുപ്പം സാധാരണക്കാരായ ജനങ്ങളെ ആണ് തളർത്തിയത്. യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ പോലും പലരും കഷ്ടപ്പെട്ടു. തൊഴിലില്ലായ്മ 10 ശതമാനത്തിൽ കൂടുതലായണ്. ജനസംഖ്യ കൂടുന്നതിനനുസരിച്ച് പലരും തെരുവുകളിൽ താമസിക്കാൻ നിർബന്ധിതരാകുകയാണ്.

കഴിഞ്ഞ വർഷം അർജന്റീന പെസോ കറൻസിയുടെ മൂല്യം തകർന്നതോടെ സാഹചര്യം കൂടുതൽ വഷളായി. കൂടാതെ വിദേശ കറൻസിയിൽ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പെസോ കറൻസിയെ സ്ഥിരപ്പെടുത്തുന്നതിനും പണപ്പെരുപ്പം തടയുന്നതിനുമായി സെൻട്രൽ ബാങ്ക് പലിശനിരക്ക് 60 ശതമാനമായി കുത്തനെ ഉയർത്തി. ഇത് കടം വാങ്ങുന്ന ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വൻ തിരിച്ചടിയായി. ഗതി കെട്ട് സഹായത്തിന് വേണ്ടി അർജന്റീന അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും 55 ബില്യൺ ഡോളറിന്റെ വായ്പ ആവശ്യപ്പെട്ടു. എന്നാൽ ഇത് രാജ്യത്തിന് അടയ്ക്കാൻ കഴിയാത്ത കടത്തിന്റെ ആക്കം കൂട്ടി. ഇത്തരത്തിൽ ഗതികേടിലാണ് ഇപ്പോൾ അർജന്റീന ഉള്ളത്. നിലവിലെ അവസ്ഥയിൽ മാറ്റമുണ്ടാക്കുക എന്നതാണ് ഫെർണാണ്ടസിന്റെ പ്രധാന വെല്ലുവിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP