Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രിസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവും പാർലിമെന്റ് തടഞ്ഞു; എസ്എൻപിയുടെ പിന്തുണയോടെ ഇന്ന് വീണ്ടും ശ്രമം; ബ്രെക്സിറ്റ് ജനുവരി 31 വരെ നീട്ടിയെങ്കിലും അനിശ്ചിതത്ത്വം മാറാതെ ബ്രിട്ടൻ

മന്ത്രിസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവും പാർലിമെന്റ് തടഞ്ഞു; എസ്എൻപിയുടെ പിന്തുണയോടെ ഇന്ന് വീണ്ടും ശ്രമം; ബ്രെക്സിറ്റ് ജനുവരി 31 വരെ നീട്ടിയെങ്കിലും അനിശ്ചിതത്ത്വം മാറാതെ ബ്രിട്ടൻ

സ്വന്തം ലേഖകൻ

യുകെയിൽ ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഏറ്റവും പുതിയ ശ്രമവും പാർലിമെന്റിൽ പരാജയപ്പെട്ടു. മന്ത്രിസഭ പിരിച്ച് വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസിന്റെ നീക്കമാണ് എംപിമാരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാവാത്തതിനെ തുടർന്ന് തകർന്നത്. ലേബർ പാർട്ടിയാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തി ബോറിസിന്റെ ശ്രമം പരാജയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും തളരാതെ ബോറിസ് ഇന്ന് എസ്എൻപിയുടെയുടെയും ലിബറൽ ഡെമോക്രാറ്റുകളുടെയും പിന്തുണയോടെ വീണ്ടും ശ്രമം നടത്തുമെന്നാണ് റിപ്പോർട്ട്.ജനുവരി 31 വരെ ബ്രെക്സിറ്റ് നീട്ടാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചുവെങ്കിലും ബ്രിട്ടൻ അനിശ്ചിതത്ത്വത്തിൽ നിന്നും വിട്ട് മാറിയിയിട്ടില്ല.

ഫിക്സഡ് ടേം പാർലിമെന്റ് ആക്ട് പ്രകാരം മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ നേടിയാൽ മാത്രമേ പാർലിമെന്റ് പിരിച്ച് വിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ ഈ നീക്കത്തെ പിന്തുണച്ച് വെറും 299 എംപിമാർ വോട്ട് ചെയ്തപ്പോൾ എതിർത്ത് വോട്ട് ചെയ്തിരിക്കുന്നത് 434 എംപിമാരാണ്. പക്ഷേ ക്രിസ്മസിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസിന്റെ ബില്ലിന് പിന്തുണയേകുമെന്ന സൂചന ലിബറൽ ഡെമോക്രാറ്റുകളും എസ്എൻപിയും ഉയർത്തിയത് ബോറിസിന് ഇക്കാര്യത്തിൽ കരുത്തേകുന്നുണ്ട്. അതേ സമയം ഇത് ലേബർ പാർട്ടിക്ക് കടുത്ത തിരിച്ചടിയായിത്തീരാനും സാധ്യതയുണ്ട്.

ഇതിനാൽ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനുള്ള ബിൽ ഇന്ന് വീണ്ടും പാർലിമെന്റിൽ അവതരിപ്പിക്കുമെന്നാണ് ബോറിസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ബിൽ പാസായാൽ ഡിസംബർ 12ന് ഇലക്ഷൻ നടത്താനാവുമെന്നും നിലവിൽ വേണ്ട രീതിയിൽ പ്രവർത്തിക്കാത്ത പാർലിമെന്റിനെ പുനഃസ്ഥാപിക്കാൻ വേണ്ടുന്ന സമയം ഇതിലൂടെ ലഭിക്കുെന്നും അത്തരമൊരു പാർലിമെന്റിന് മാത്രമേ ബ്രെക്സിറ്റ് വേണ്ട വിധത്തിൽ നടപ്പിലാക്കാനാവുകയുള്ളുവെന്നും പ്രധാനമന്ത്രി വിശദീകരിക്കുന്നു. നേരത്തെയുള്ള ഇലക്ഷന് എസ്എൻപിയും ലിബറൽ ഡെമോക്രാറ്റുകളും പിന്തുണച്ചേക്കാമെങ്കിലും ഇലക്ഷൻ തീയതിയുടെ കാര്യത്തിൽ ബോറിസും ഈ പാർട്ടികളും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയുള്ളത് ഈ ബിൽ പാസാകുന്നതിന് തടസമായി വർത്തിച്ചേക്കാം.

അതായത് ഡിസംബർ 12ന് ഇലക്ഷൻ നടത്താനുള്ള നീക്കമാണ് ബോറിസ് നടത്തുന്നതെങ്കിൽ ഡിസംബർ ഒമ്പതിന് ഇലക്ഷൻ നടത്തുന്നതിനെയാണ് എസ്എൻപിയും ലിബറൽ ഡെമോക്രാറ്റുകളും പിന്തുണയ്ക്കുന്നത്. ഇക്കാര്യത്തിൽ വിട്ട് വീഴ്ച നടത്താൻ ഇരു പക്ഷവും ഇന്നലെ രാത്രിയിൽ നിർണായകമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വൈകി ഇലക്ഷൻ നടത്താൻ അതായത് ഡിസംബർ 12ന് നടത്താനുള്ള ഏത് നീക്കത്തെയും തങ്ങൾ എതിർക്കുമെന്നും ഇത്തരത്തിൽ സമയം അധികം ലഭിച്ചാൽ അതിനിടെ തന്റെ ബ്രെക്സിറ്റ് ഡീൽ എങ്ങനെയെങ്കിലും നടപ്പിലാക്കാൻ ബോറിസ് ശ്രമിക്കുമെന്നും സ്‌കോട്ടിഷ് പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും പറയുന്നു.

അതിനിടെ ബ്രെക്സിറ്റ് തീയതി 2020 ജനുവരി 31 വരെ നീട്ടുന്നതിന് യൂറോപ്യൻ യൂണിയൻ ഇന്നലെ ഔദ്യോഗികമായി അംഗീകാരം നൽകുകയും ചെയ്തിരുന്നു.യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് ഇന്നലെ പുറത്ത് വിട്ട ഒരു ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഇക്കാര്യം ആദ്യമായി വെളിപ്പെട്ടത്.ബ്രെക്‌സിറ്റ് നീട്ടുന്നതിന് അയവുള്ള സമീപനമാണ് യൂണിയൻ എടുത്തിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനെ ' ഫ്‌ളെക്‌സ്റ്റെൻഷൻ' എന്നാണ് അദ്ദേഹം വിളിക്കുന്നത്.അതായത് ഇത് പ്രകാരം പുതുക്കിയ അവസാന തീയതിക്ക് മുമ്പ് തന്നെ പാർലിമെന്റ് ഡീലിന് അംഗീകാരം നൽകിയാൽ യുകെയ്ക്ക് യൂണിയനിൽ നിന്നും തടസങ്ങളൊന്നുമില്ലാതെ ഗുഡ്ബൈ പറയാൻ സാധിക്കും. ബോറിസ് ഒക്ടോബർ 31ന് തിരക്കിട്ട് ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിന് കോമൺസ് തടസം നിന്നതോടെയാണ് ബ്രെക്സിറ്റ് തീയതി നീട്ടിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP