Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിലിയുടെ ആഭരണത്തിലെ ദുരൂഹത ജോൺസണെ കുടുക്കും; വ്യാജ ഒസ്യത്തിലെ അന്വേണം നീളുന്നത് കട്ടപ്പനയിലെ അച്ഛന് നേരെ; ജോളിയുടെ സഹോദരി ഭർത്താവും സംശയ നിഴലിൽ; ഷാജുവിന്റേയും മക്കളുടേയും സിലിയുടെ സഹോദരന്റേയും രഹസ്യ മൊഴി എടുക്കുന്നത് കേസിന് കൂടതൽ ബലം നൽകാൻ; സയനൈയ്ഡ് കൊലപാതകിയെ കുടുക്കാൻ ഭർത്താവിനെ മാപ്പുസാക്ഷിയാക്കും; കൂടത്തായിയിൽ അതിവേഗ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം

സിലിയുടെ ആഭരണത്തിലെ ദുരൂഹത ജോൺസണെ കുടുക്കും; വ്യാജ ഒസ്യത്തിലെ അന്വേണം നീളുന്നത് കട്ടപ്പനയിലെ അച്ഛന് നേരെ; ജോളിയുടെ സഹോദരി ഭർത്താവും സംശയ നിഴലിൽ; ഷാജുവിന്റേയും മക്കളുടേയും സിലിയുടെ സഹോദരന്റേയും രഹസ്യ മൊഴി എടുക്കുന്നത് കേസിന് കൂടതൽ ബലം നൽകാൻ; സയനൈയ്ഡ് കൊലപാതകിയെ കുടുക്കാൻ ഭർത്താവിനെ മാപ്പുസാക്ഷിയാക്കും; കൂടത്തായിയിൽ അതിവേഗ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് കേസിന് ബലം പകരാൻ. അന്വേഷണ സംഘം. ജോളിയുടെ രണ്ടാം ഭർത്താവായ ഷാജു, ജോളിയുടെ രണ്ട് മക്കൾ, സിലിയുടെ സഹോദരൻ സിജോ എന്നിവരുടെ രഹസ്യ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇതിനായി കോഴിക്കോട് സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി. വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലയിൽ റോയി തോമസിന്റെ പോസ്റ്റ് മോർട്ടം മാത്രമാണ് സയനൈയ്ഡ് അംശം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റ് മരണങ്ങൾ കൊലപാതകമാണെന്ന് പോലും ശാസ്ത്രീയമായി ഉറപ്പിക്കാനാവില്ല. അതുകൊണ്ടാണ് ബന്ധുക്കളുടേയും മറ്റും മൊഴി രേഖപ്പെടുത്തുന്നത്. ഇതിൽ ഷാജുവിനെ പൊലീസ് മാപ്പ് സാക്ഷിയാക്കാനും സാധ്യതയുണ്ട്. ഷാജുവിനെ കുറ്റപ്പെടുത്തുന്ന മൊഴി ജോളി നൽകിയെങ്കിലും അത് സ്ഥിരീകരിക്കാനുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല.

അതേസമയം ആൽഫൈൻ കൊലപാതക കേസിലും ജോളിയെ അറസ്റ്റ് ചെയ്തിരുന്നു. ആൽഫൈന് നൽകിയ ഭക്ഷണത്തിൽ സയനൈഡ് ചേർത്തുവെന്ന് ജോളി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിൽ മാത്യുവിനെയും, ആൽഫൈന്റെ കൊലപാതക കേസിൽ ജോളിയെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് താമരശ്ശേരി കോടതിയിൽ അപേക്ഷകൾ സമർപ്പിക്കും. കഴിഞ്ഞ ദിവസം, സിലി കൊലക്കേസിൽ മാത്യുവിന്റ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സിലിയെ കൊല്ലാൻ സയനൈഡ് വാങ്ങി നൽകിയത് മാത്യുവാണെന്ന് ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിലിയുടെ സ്വർണാഭരണങ്ങൾ കാണാതായ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ജോളിയുടെ സുഹൃത്തും ബി.എസ്.എൻ.എൽ ജീവനക്കാരനുമായ ജോൺസനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തു. അര മണിക്കൂർ ചോദ്യംചെയ്തശേഷം ജോൺസനെ വിട്ടയച്ചു. റൂറൽ എസ്‌പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ജോൺസൺ നേരത്തെ മൊഴി നൽകിയതിൽനിന്ന് വ്യത്യസ്തമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

മരിച്ച സിലിയുടെ ആഭരണങ്ങൾ പണയംവച്ചത് ജോൺസൺ ആണെന്ന വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടത്തായി സഹകരണ ബാങ്കിലടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. കോയമ്പത്തൂരിൽ ജോളി നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങൾ അടക്കമുള്ളവ അന്വേഷണ സംഘം ജോൺസണോട് ചോദിച്ചറിഞ്ഞുവെന്നാണ് സൂചന. ജോൺസണിന്റെ മൊഴി മജിസ്‌ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്തുന്നുമില്ല. ജോൺസൺ കേസുകളിൽ പ്രതിയാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടാണ് ജോൺസണിനെ മജിസ്‌ട്രേട്ടിന് മുമ്പിലേക്ക് കൊണ്ടു പോകാത്തത്. ഷാജുവിന്റേയും മറ്റും രഹസ്യമൊഴി രേഖപ്പെടുത്തുന്നതിലൂടെ മരണങ്ങളിലെ ദുരൂഹത പൊലീസ് ഉറപ്പിക്കും. എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിധ്യം ഉണ്ടായ സാഹചര്യത്തിലെ മൊഴികളും വിശകലനം ചെയ്യും. അതിന് ശേഷം എത്രയും വേഗം കുറ്റപത്രം നൽകി അന്വേഷണത്തിന് വിരാമമിടാനാണ് പൊലീസ് ആലോചന.

അതിനിടെ കൂടത്തായി കൂട്ടക്കൊലക്കേസ് വിഷയത്തിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. എത്രയും വേഗം റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കളക്ടർ സാംബശിവ റാവു പറഞ്ഞു. അതിനിടെ വ്യാജ ഒസ്യത്ത് കേസിൽ ജോളിയുടെ ബന്ധുക്കൾക്കും പങ്കുള്ളതായി സൂചനയുണ്ട്. കൂടാതെ ജോളിയുടെ സാമ്പത്തിക ഇടപാടുകൾ അറിയാൻ അന്വേഷണ സംഘം കൂടത്തായിലെ ബാങ്കുകളിൽ പരിശോധന നടത്തി. കൂടത്തായി കൊലക്കേസ് പ്രതി ജോളിജോസഫിന് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ റവന്യൂ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോർട്ടാണ് കളക്ടർക്ക് സമർപ്പിച്ചത്. പൊലീസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ ഈ റിപ്പോർട്ട് റവന്യൂമന്ത്രിക്ക് സമർപ്പിക്കും. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടർ പറഞ്ഞു.

പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും റവന്യൂ ഉദ്യോഗസ്ഥർക്ക് പുറമേ ജോളിയുടെ ബന്ധുക്കളിലേക്കുമാണ് വ്യാജ ഒസ്യത്തിന്റെ അന്വേഷണം നീളുന്നത്. ജോളിയുടെ അച്ഛനെ കൂടാതെ കട്ടപ്പനയിലെ സഹോദരീ ഭർത്താവും സഹോദരനും കേസിൽ നിർണായക പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. വടകരയിലെ റൂറൽ എസ് പി ഓഫീസിൽ വച്ച് അന്വേഷസംഘം ഇവരെ ചോദ്യംചെയ്തു. കേസിൽ വൈകാതെ കൂടുതൽ അറസ്റ്റും ഉണ്ടായേക്കും. അതിനിടെ ജോളിക്ക് അക്കൗണ്ടുള്ള ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ കൂടത്തായി ശാഖയിലും ഐസിഐസിഐ ബാങ്കിന്റെ താമരശ്ശേരി ശാഖയിലും അന്വേഷണ സംഘം പരിശോധന നടത്തി. ജോളിയുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. സിലി വധക്കേസിൽ ജോളി സമർപ്പിച്ച ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. കൂടാതെ അൽഫൈൻ വധക്കേസിൽ അറസ്റ്റിലായ ജോളിയുടെ കസ്റ്റഡി അപേക്ഷയും നാളെ സമർപ്പിക്കും.

കേസ് കോടതിയിലെത്തുമ്പോൾ മൊഴി മാറ്റാതിരിക്കാനാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം മജിസ്‌ട്രേട്ടിനു മുന്നിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത്. കൂടത്തായിയിലെ 6 മരണങ്ങളിൽ അന്വേഷണം ഏറെ പുരോഗമിച്ച റോയ്, സിലി വധക്കേസുകൾക്കായാണ് നടപടി. പൊലീസ് അപേക്ഷയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് നേരിട്ട് മൊഴി രേഖപ്പെടുത്തുകയോ മറ്റൊരു മജിസ്‌ട്രേട്ടിനെ ചുമതലപ്പെടുത്തുകയോ ആണ് ചെയ്യുക. സിലി വധക്കേസിൽ നവംബർ നാലുവരെയാണ് ജോളിയുടെ റിമാൻഡ് കാലാവധി. അതിനിടെ സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി രണ്ടാം തവണയും മാറ്റി. ജോളിയുടെ അഭിഭാഷകൻ കെ. ഹൈദർ സമർപ്പിച്ച ജാമ്യാപേക്ഷക്കെതിരെ അസി. പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ തടസ്സഹരജി നൽകിയതോടെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) മജിസ്ട്രേറ്റ് കെ. ആൽഫ മമായ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം, റോയ് തോമസ് വധക്കേസിന് പിന്നാലെ സിലി വധക്കേസിലും പ്രതിചേർക്കപ്പെട്ട രണ്ടാംപ്രതി എം.എസ്. മാത്യുവിനെ കസ്റ്റഡിയിൽ വാങ്ങും. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സിഐ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒന്നാം കോടതിയിലാണ് മാത്യുവിനെ ഹാജരാക്കുക. റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആൽഫൈൻ കേസിൽ ജോളിയെയും സിലി വധക്കേസിൽ മാത്യുവിനെയും കോടതിയിൽ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറന്റ് ഇരുകോടതികളും തിങ്കളാഴ്ച പുറപ്പെടുവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP