Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണം സ്ഥിരീകരിച്ചത് ഡോക്ടർമാരുടെ കോർ കമ്മറ്റി; മൃതദേഹം അഴുകിയെന്ന് ഉറപ്പിച്ചത് തെർമൽ ക്യാമറ ഇറക്കിയുള്ള പരിശോധനയിൽ; ബോഡി വഴുതി താഴേക്ക് പോകാതിരിക്കാനായി എയർടൈറ്റ് ചെയ്ത് ബലൂൺ ടെക്‌നോളജിയും റൊബോട്ടിക് ഹാൻഡ് ടെക്‌നോളജിയും ഉപയോഗിച്ച് പുറത്തെടുക്കൽ; ജീവനോടെ രക്ഷിക്കാനുള്ള ശ്രമത്തെ തകർത്തത് പ്രദേശത്തെ ഭൂമിക്കടിയിലെ പാറക്കെട്ടുകൾ; പ്രാർത്ഥനകൾ വെറുതെയാക്കി കൊച്ചു സുജിത്തിന്റെ തിരിച്ചു മടക്കം; തിരുച്ചിറപ്പള്ളിയിൽ വെറുതെയായത് നാല് ദിവസത്തെ പരിശ്രമം

മരണം സ്ഥിരീകരിച്ചത് ഡോക്ടർമാരുടെ കോർ കമ്മറ്റി; മൃതദേഹം അഴുകിയെന്ന് ഉറപ്പിച്ചത് തെർമൽ ക്യാമറ ഇറക്കിയുള്ള പരിശോധനയിൽ; ബോഡി വഴുതി താഴേക്ക് പോകാതിരിക്കാനായി എയർടൈറ്റ് ചെയ്ത് ബലൂൺ ടെക്‌നോളജിയും റൊബോട്ടിക് ഹാൻഡ് ടെക്‌നോളജിയും ഉപയോഗിച്ച് പുറത്തെടുക്കൽ; ജീവനോടെ രക്ഷിക്കാനുള്ള ശ്രമത്തെ തകർത്തത് പ്രദേശത്തെ ഭൂമിക്കടിയിലെ പാറക്കെട്ടുകൾ; പ്രാർത്ഥനകൾ വെറുതെയാക്കി കൊച്ചു സുജിത്തിന്റെ തിരിച്ചു മടക്കം; തിരുച്ചിറപ്പള്ളിയിൽ വെറുതെയായത് നാല് ദിവസത്തെ പരിശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുച്ചിറപ്പള്ളി: കുഴൽക്കിണറിൽ വീണ് മരിച്ച സുജിത് വിൽസണിന്റെ മൃതദേഹം പുറത്തെടുത്തത് അത്യാധുനിക സംവിധാനമുപയോഗിച്ച്. മലയാളിയായ എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ് ജിതേഷ് പിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. മൃതദേഹം കുഴൽക്കിണറിലൂടെ തന്നെയാണ് പുറത്തെത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഞായറാഴ്ച ഡോക്ടർമാരടങ്ങിയ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. പരിശോധനയിൽ കുട്ടി മരിച്ചതായും മൃതദേഹം അഴുകിയതായും ബോധ്യപ്പെട്ടു. ഇതോടെയാണ് മൃതദേഹം പുറത്തെടുക്കാൻ തീരുമാനിച്ചതും. നാലു ദിവസങ്ങൾ പിന്നിട്ട രക്ഷാപ്രവർത്തനങ്ങൾ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ടരവയസുകാരൻ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. നാല് ദിവസത്തെ പരിശ്രമമാണ് ഇതോടെ വെറുതെയായത്.

പിന്നീട് ബോഡി വഴുതി താഴേക്ക് പോകാതിരിക്കാനായി എയർടൈറ്റ് ചെയ്തു. ബലൂൺ ടെക്‌നോളജി, റൊബോട്ടിക് ഹാൻഡ് ടെക്‌നോളജി, എയൽലോക്കിങ് ടെക്‌നോളജി, ഇൻഫ്‌ളേഷൻ ടെക്‌നോളജി, പെന്റൺ ടെക്‌നോളജി എന്നിവയാണ് ഉപയോഗിച്ചത്. കുട്ടിക്കും കുഴൽക്കിണറിനും ഇടയിലുള്ള ചെറിയ വിടവിലൂടെ സാങ്കേതികത കടത്തിവിട്ട് എയർടൈറ്റ് ചെയ്താണ് ശരീരം പുറത്തെടുത്തത്. അഴുകിയതിനാൽ ശരീരഭാഗങ്ങളാണ് ലഭിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് മൃതദേഹം പുറത്തെത്തിച്ചത്. കുട്ടിയെ പുറത്തെടുക്കാൻ ആവുന്നതെല്ലാം ചെയ്തു. കാലാവസ്ഥയും ഭൂപ്രകൃതിയും തിരിച്ചടിയായെന്നും എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ് ജിതേഷ് വ്യക്തമാക്കി. കുട്ടി കുഴൽക്കിണറിൽ വീണ് 75 മണിക്കൂറുകൾ പിന്നിട്ടപ്പോഴും പ്രതീക്ഷ കൈവിട്ടിരുന്നില്ല. നാലാം ദിവസം പിന്നിട്ടതോടെ പുലർച്ചെ ഒരുമണിയോടെ ഡോക്ടർമാരുടെ സംഘം കുഴൽകിണറിൽ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. തുടർന്ന് കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടർമാരുടെ സംഘം എത്തുകയായിരുന്നു.

ക്യാമറ ഇറക്കി നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരഭാഗങ്ങൾ അഴുകിയ നിലയിലാണെന്ന് വ്യക്തമായിരുന്നു. പുലർച്ചയോടെ കുട്ടിയുടെ ശരീരഭാഗം പൂർണമായും പുറത്തേക്ക് എടുത്തു. അഴുകിത്തുടങ്ങിയ ശരീരം ഭാഗങ്ങളായാണ് പുറത്തെടുത്തത്. രണ്ട് മണിയോടെയാണ് ആദ്യ ശരീരഭാഗം പുറത്ത് എത്തിച്ചത്. കുട്ടിയെ ജീവനോടെ കിട്ടില്ലെന്ന് ഉറപ്പാക്കിയായിരുന്നു ഇത്. കുട്ടി വീണു കിടക്കുന്ന കുഴൽകിണറിന് സമാന്തരമായി വലിയ കിണർ കുഴിച്ച് അതിൽ നിന്നും കുട്ടി വീണ കിണറ്റിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയെരക്ഷിക്കാനായിരുന്നു ശ്രമം. അത് ഏല്ലെ അർത്ഥത്തിലും പൊളിയുകയായിരുന്നു. പ്രദേശത്തെ ഭൂമിയിൽ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടതിനാൽ മറ്റ് സാധ്യതകൾ ഉപേക്ഷിച്ചിരുന്നു. കാഠിന്യമേറിയ പാറകളാണ് രക്ഷാപ്രവർത്തനം സാധ്യതകളെ ഇല്ലാതാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സുജിത് കുഴൽക്കിണറിൽ വീണത്. ആദ്യം 26 അടിയിൽ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവർത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീണു. എന്നാൽ ഞായറാഴ്ച പുലർച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു. രാജ്യം മുഴുവൻ കുട്ടിയുടെ ജീവനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് കുട്ടി മരിച്ചെന്ന സ്ഥിരീകരണമെത്തുന്നത്. കുഴൽ കിണറിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ - കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. തിരുച്ചിറപ്പള്ളിയിൽനിന്ന് 45 കിലോമീറ്റർ അകലെ മണപ്പാറയിലെ നാടുകാടുപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടം ഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടർന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. രണ്ട് ദിവസത്തോളം കുഞ്ഞ് കരയുന്നത് കേൾക്കാമായിരുന്നു. എന്നാൽ പിന്നീട് അതില്ലാതായി. ഇതേത്തുടർന്ന് അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു സംഘം പ്രത്യേക തെർമൽ കാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കുട്ടി ശ്വസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ ഉൾപ്പെടെ ആറോളം സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം .

ശനിഴാഴ്ച രാത്രിയാണു സമാന്തര കുഴി നിർമ്മിച്ചു തുരങ്കത്തിലൂടെ കുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചത്. ഇതിനായി രാത്രി 2 മണിയോടെ അരിയാലൂരിൽ നിന്നു റിഗ് മെഷീൻ എത്തിച്ചു. കുഴിച്ച് 20 അടിയെത്തിയപ്പോൾ പാറയായി. 35 അടി വരെയെത്തിയപ്പോൾ പാറ കടുത്തതോടെ സമയം വൈകുന്നതു ഒഴിവാക്കാൻ 3 ഇരട്ടി ശക്തിയുള്ള മറ്റൊരു റിഗ് മെഷിൻ എത്തിച്ചു. ഇടയ്ക്കിടെ പെയ്ത മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അണ്ണാ സർവകലാശാല വികസിപ്പിച്ചെടുത്ത തെർമൽ ഉപകരണം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കുട്ടിയുടെ കൈ അനങ്ങുന്നതായി കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഏജൻസി, ഒഎൻജിസി, നെയ്വേലി ലിഗ്‌നൈറ്റ് കോർപറേഷൻ ഏജൻസികൾ സംയുക്തമായാണു കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചത്. ഈ സംയുക്ത നീക്കമാണ് പാളിയതും.

സുജിത്തിന്റെ രക്ഷക്കായി പ്രാർത്ഥനയോടെ കൂടെയുണ്ടാകുമെന്നും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പളനിസ്വാമിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. കുട്ടിയുടെ രക്ഷക്കായി രാജ്യം മുഴുവൻ കൈക്കോർക്കുമ്പോഴാണ് പ്രധാനമന്ത്രിയും രംഗത്തെത്തിയത്. നേരത്തെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ചലച്ചിത്ര താരം രജനീകാന്ത് തുടങ്ങിയവരും സുജിത്തിന് വേണ്ടി പ്രാർത്ഥനയുമായി രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP