Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരമനയിലെ സ്വത്ത് തട്ടിപ്പും മരണങ്ങളും അന്വേഷിക്കാൻ ഡിസിപിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം; കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ ഉൾപ്പെടെ 12 പ്രതികൾ; മരണങ്ങളിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത് സ്വത്ത് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന് ശേഷം

കരമനയിലെ സ്വത്ത് തട്ടിപ്പും മരണങ്ങളും അന്വേഷിക്കാൻ ഡിസിപിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം; കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ ഉൾപ്പെടെ 12 പ്രതികൾ; മരണങ്ങളിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത് സ്വത്ത് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരമനയിലെ സ്വത്ത് തട്ടിപ്പും മരണങ്ങളും പ്രത്യേകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയെങ്കിലും മരണങ്ങളിൽ പുതിയ കേസ് ഉടൻ രജിസ്റ്റർ ചെയ്യില്ല. ഡിസിപിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സിറ്റി ക്രൈം ഡിസിപി മുഹമ്മദ് ആരിഫ് മേൽനോട്ടം നൽകുന്ന സംഘത്തിൽ ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എം.എസ്. സന്തോഷാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

കാര്യസ്ഥൻ രവീന്ദ്രൻ ഉൾപ്പെടെ പന്ത്രണ്ട് പേരാണ് കേസിലെ പ്രതികൾ. സ്വത്ത് തട്ടിപ്പിനേക്കുറിച്ച് അന്വേഷിക്കാനാണ് ആദ്യഘട്ടത്തിൽ പൊലീസിന്റെ തീരുമാനം. ഇതിനായി കൂടത്തിൽ കുടുംബത്തിന്റെ സ്വത്തുക്കൾ തിട്ടപ്പെടുത്താനും കൈമാറ്റരേഖകൾ പരിശോധിക്കാനും റവന്യൂ വകുപ്പിന്റെ സഹായം തേടും. വിൽപത്രം ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണോയെന്ന് സ്ഥിരീകരിച്ച ശേഷമാവും മരണങ്ങളിലേക്ക് അന്വേഷണം കടക്കുക. സ്വത്തുക്കൾ തട്ടിയെടുത്തത് മൂന്നു തരത്തിലെന്ന് വ്യക്തമാക്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത പഴയ കേസ് നിലനിൽക്കുന്നതിനാൽ പുതിയ കേസ് രജിസ്റ്റർ ചെയ്യില്ല. അതേസമയം കൂടത്തിൽ കുടുംബാംഗമായ പ്രസന്നകുമാരിയുടെ പരാതിയിലെടുത്ത കേസിൽ മൂന്ന് തരത്തിലാണ് ജയമാധവൻ നായരുടെ സ്വത്തുക്കൾ തട്ടിയെടുത്തതെന്ന് വ്യക്തമാക്കുന്നു. ആദ്യം ജയമാധവൻ നായർ ജീവിച്ചിരിക്കെ തന്നെ സ്വത്ത് തർക്കത്തിൽ കോടതിയിൽ കേസ് നൽകി. പിന്നീട് ഒത്തുതീർപ്പാക്കി ഭൂമി വീതിച്ചെടുത്തു. രണ്ടാമത് ഭൂമി വിറ്റ് കാര്യസ്ഥൻ രവീന്ദ്രൻ പണം കൈക്കലാക്കി. മൂന്നാമതാണ് വിൽപത്രത്തിലൂടെ ഭൂമിയും വീടും സ്വന്തമാക്കിയത്.

കൂടത്തിൽ കുടുംബത്തിനു നഗരത്തിൽ പലയിടത്തും കോടിക്കണക്കിനു രൂപയുടെ ഭൂമിയും കെട്ടിടങ്ങളും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. തമ്പാനൂർ, കൈതമുക്ക് എന്നിവിടങ്ങളിലൊക്കെ ഭൂമിയുണ്ടായിരുന്നതായാണു വിവരം. ഏഴു പേരുടെ മരണത്തിലും ജോലിക്കാരുടെ ഇടപെടലുകളിലും ദുരൂഹതയുണ്ടെന്നുകാട്ടി കരമന കാലടി സ്വദേശിയും പൊതുപ്രവർത്തകനുമായ ആർ.അനിൽകുമാർ കഴിഞ്ഞവർഷം ജൂൺ 11നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. വീട്ടിലെ കാര്യസ്ഥനും സഹായിക്കും മാത്രമാണു കുടുംബത്തിലെ കാര്യങ്ങൾ അറിയാമായിരുന്നത്.

ഇവർ നാട്ടുകാരായ ആരെയും വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ബന്ധുക്കളുമായി സംസാരിക്കുന്നതിനു വിലക്കുണ്ടായിരുന്നു. അവസാന അവകാശിയുടെ മരണശേഷം കാര്യസ്ഥനും ബന്ധുക്കളെന്ന് അവകാശപ്പെട്ടെത്തിയ ചിലരും രഹസ്യമായി സ്വത്തു തട്ടിയെടുത്തെന്നാണ് അനിൽകുമാറിന്റെ പരാതി. കോടിക്കണക്കിനു രൂപയുടെ സ്വത്തും ബാങ്ക് നിക്ഷേപവും ഇവർ വീതംവച്ചതായും അതിനു മണക്കാട് വില്ലേജ് ഓഫിസറുടെ സഹായം ലഭിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു. മരണങ്ങളിൽ ചില ദുരൂഹതകൾ ഉണ്ടെന്നു സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണു പൊലീസിനു പരാതി നൽകിയതെന്നു പരാതിക്കാരിയും ബന്ധുവുമായ പ്രസന്നകുമാരി പറഞ്ഞു. സത്യം പുറത്തു വരണമെന്നും അവർ ആവശ്യപ്പെട്ടു.

ജയമാധവൻ നായരുടെ മരണമാണ് ഇതിൽ ദൂരുഹമായി നിലനിൽക്കുന്നത്. ഇദ്ദേഹത്തിന്റെ നെറ്റിയിൽ മുറിവേറ്റ പാടുണ്ടായിരുന്നെന്നു എന്ന വിവരം ലഭിച്ചതോടെയാണ് ദുരൂഹത ഉടലെടുത്തത്. ജയമാധവൻ നായർക്കു വീണു പരുക്കേറ്റതായി അയൽവാസികളെ വിവരം അറിയിച്ചില്ല. വളരെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരിയെയാണ് അറിയിച്ചത്. അയൽവാസി തന്റെ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നത് കൂടത്തിൽ തറവാട്ടിലാണ്. എന്നാൽ വീട്ടുജോലിക്കാരിയെക്കൊണ്ടു സ്റ്റാൻഡിൽനിന്നു മറ്റൊരു ഓട്ടോ വിളിപ്പിച്ചാണു ജയമാധവൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയത്.

ജയമാധവൻനായരുടെ മരണത്തിനു പിന്നാലെ രവീന്ദ്രൻ നായർ രണ്ടു പേർക്കായി 25 ലക്ഷം രൂപ കൈമാറിയത് സംശയാസ്പദമാണ്. ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത് 3 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ. റവന്യു ഉദ്യോഗസ്ഥനാണെന്ന വ്യാജേന താടി വളർത്തി രൂപം മാറിയെത്തിയ സ്പെഷൻ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് ആരോപണവിധേയർ പറഞ്ഞ പരസ്പരവിരുദ്ധ മൊഴികളാണു ദുരൂഹത സംശയിക്കാൻ കാരണം. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും സ്വത്തു കൈമാറ്റത്തിലും ദുരൂഹത ആരോപിച്ച പരാതികൾ ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് കാര്യസ്ഥർക്കും ബന്ധുക്കളും അടക്കം 12 പേർക്ക് എതിരെ പ്രസന്നകുമാരി നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP