Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജിലൻസ് അന്വേഷണം നേരിടുന്നത് കഴിഞ്ഞ മന്ത്രിസഭയിലെ എട്ടുപേർ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഉള്ളത് നാല് കേസുകൾ; ഉമ്മൻ ചാണ്ടി, വി എസ്.ശിവകുമാർ, പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബാബു, അനൂപ് ജേക്കബ് എന്നിവരും അന്വേഷണം നേരിടുന്നത് വിവിധ കേസുകളിൽ; മുൻ മന്ത്രിമാരുടെ കേസുകൾ സംബന്ധിച്ച കണക്കുകൾ സർക്കാർ വ്യക്തമാക്കിയത് നിയമസഭയിൽ

വിജിലൻസ് അന്വേഷണം നേരിടുന്നത് കഴിഞ്ഞ മന്ത്രിസഭയിലെ എട്ടുപേർ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഉള്ളത് നാല് കേസുകൾ; ഉമ്മൻ ചാണ്ടി, വി എസ്.ശിവകുമാർ, പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബാബു, അനൂപ് ജേക്കബ് എന്നിവരും അന്വേഷണം നേരിടുന്നത് വിവിധ കേസുകളിൽ; മുൻ മന്ത്രിമാരുടെ കേസുകൾ സംബന്ധിച്ച കണക്കുകൾ സർക്കാർ വ്യക്തമാക്കിയത് നിയമസഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ വിജിലൻസ് അന്വേഷണം നേരിടുന്നത് കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ എട്ടു മന്ത്രിമാർ. നിയമസഭയിലാണ് മുൻ മന്ത്രിമാരുടെ വിജിലൻസ് കേസുകൾ സംബന്ധിച്ച കണക്കുകൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

നാലു കേസുകളിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണം നേരിടുന്നത്. മന്ത്രിമാരുടേയും എംഎൽഎമാരുടേയും ബന്ധുക്കൾക്ക് അനധികൃത നിയമനം നൽകിയതു സംബന്ധിച്ച പരാതിയിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഉമ്മൻ ചാണ്ടി, വി എസ്.ശിവകുമാർ, പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും ഇതേ കേസിൽ കുറ്റാരോപിതരാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡിക്കു സ്ഥാനക്കയറ്റം നൽകിയതിൽ ക്രമക്കേട് ആരോപിച്ചുള്ള പരാതിയിലും ചെന്നിത്തലയ്ക്കെതിരേ അന്വേഷണമുണ്ടായിരുന്നു. ഇതിൽ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചെന്നും റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

വിവിധ വകുപ്പുകളിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചെന്നിത്തലയ്ക്കെതിരേയുള്ള റിപ്പോർട്ടിൽ വിജിലൻസ് കോടതിയുടെ അന്തിമ ഉത്തരവായിട്ടില്ല. തിരുവനന്തപുരം നെയ്യാർ ഡാമിൽ സ്വകാര്യ ട്രസ്റ്റിന് സർക്കാർ ഭൂമി പതിച്ചുകൊടുത്ത കേസിലും ചെന്നിത്തലയ്ക്കെതിരേ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് സർക്കാരിന്റെ പരിശോധനയിലാണ്. ചെന്നിത്തല ഉൾപ്പെട്ട ബന്ധു നിയമന കേസിനു പുറമേ കണ്ണൂർ വിമാനത്താവള നിർമ്മാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലും ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. തലശ്ശേരി വിജിലൻസ് കോടതിയുടെ പരിഗണനയിലാണ് ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട്.

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരേയും ടൈറ്റാനിയം അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കെതിരേയും അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ബിനാമി പേരുകളിൽ അനധികൃത സ്വത്ത് സമ്പാദിച്ചതിനും സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളജുകൾക്ക് എൻഒസി നൽകിയതിലേയും അഴിമതി സംബന്ധിച്ച പരാതിയിൽ മുൻ ആരോഗ്യമന്ത്രി വി എസ്. ശിവകുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഒരു കേസിൽ കൂടി ശിവകുമാർ അന്വേഷണം നേരിടുന്നുണ്ട്.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബു രണ്ടു കേസുകളിലാണ് അന്വേഷണം നേരിടുന്നത്. ബാബുവിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിചാരണയിലാണ്. ബാർ കോഴ കേസിലും ബാബു അന്വേഷണം നേരിടുകയാണ്. കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾക്കും കെ.ബാബുവിന്റെ സുഹൃത്തുക്കൾക്കും ബിനാമികൾക്കും അന്യായമായി ലൈസൻസുകൾ അനുവദിച്ചെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ബവ്‌റിജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ പൂട്ടിയത് മന്ത്രിയുടെ സുഹൃത്തുക്കൾക്കും തൽപരകക്ഷികൾക്കും ഗുണകരമായി മാറിയെന്നുമുള്ള ആരോപണത്തിലാണ് അന്വേഷണം. ഈ കേസിൽ അന്വേഷണം പൂർത്തീകരിച്ചു. റിപ്പോർട്ട് സൂക്ഷ്മപരിശോധനയിലാണ്.

ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശിനെതിരേ ഒരു കേസാണുള്ളത്. ഈ കേസിൽ പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും അന്വേഷണം നേരിടുന്നുണ്ട്. അടൂർ പ്രകാശും പി.കെ.കുഞ്ഞാലിക്കുട്ടിയും എറണാകുളത്തെ പുത്തൻവേലിക്കര, തൃശൂരിലെ മടത്തുംപടി വില്ലേജുകളിൽപ്പെട്ട 127 ഏക്കറോളം നെൽവയൽ മിച്ചഭൂമിയിൽ ഇളവ് അനുവദിക്കാൻ ഒത്താശ ചെയ്തു എന്നാണ് പരാതി. ഇതിൽ കേസിന്റെ വസ്തുതാ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലാണ്. റേഷൻ സാധനങ്ങൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട കേസിൽ ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബിനേതിരയും അന്വേഷണം നടന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് ഈ കേസിൽ അന്തിമ ഉത്തരവ് വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP