Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാൻസർ രോഗിയായ കുടുംബശ്രീ അംഗത്തിന് വേണ്ടി സമാഹരിച്ച തുകയടക്കം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് കൈയോടെ പിടികൂടി; ആരോപണമുൾമുനയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയായ സിഡിഎസ് ചെയർപേഴ്‌സൺ ആശ സുദർശൻ; തട്ടിപ്പ് കണ്ടുപിടിച്ച നഗരസഭാ സെക്രട്ടറി എസ്.ബിജുവിനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയത് കാസർകോട്ടേക്ക്; തിരുവല്ല നഗരസഭയിൽ വിവാദം പുകയുന്നു

കാൻസർ രോഗിയായ കുടുംബശ്രീ അംഗത്തിന് വേണ്ടി സമാഹരിച്ച തുകയടക്കം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് കൈയോടെ പിടികൂടി; ആരോപണമുൾമുനയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയായ സിഡിഎസ് ചെയർപേഴ്‌സൺ ആശ സുദർശൻ; തട്ടിപ്പ് കണ്ടുപിടിച്ച നഗരസഭാ സെക്രട്ടറി എസ്.ബിജുവിനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയത് കാസർകോട്ടേക്ക്; തിരുവല്ല നഗരസഭയിൽ വിവാദം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല : സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയായ സി ഡി എസ് ചെയർപേഴ്‌സൺ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് കൈയോടെ പിടികൂടിയ നഗരസഭാ സെക്രട്ടറിയെ ഭരണ സ്വാധീനം ഉപയോഗിച്ച് നാടുകടത്തിയ സംഭവം വിവാദമാകുന്നു. ചുമത്ര സ്വദേശിനിയും തിരുവല്ല നഗരസഭ സി ഡി എസ് ചെയർപേഴ്‌സണും ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ സുദർശനന്റെ ഭാര്യ ആശ സുദർശൻ നടത്തിയ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയ നഗരസഭാ സെക്രട്ടറി എസ് ബിജുവിനെയാണ് കാസർഗോഡിന് രായ്ക്കുരാമാനം സ്ഥലം മാറ്റിയത്.

166 കുടുംബശ്രീകളാണ് നഗരസഭയിലുള്ളത്. ക്യാൻസർ രോഗിയായ കുടുംബശ്രീ അംഗത്തിന് വേണ്ടി സഹപ്രവർത്തകർ സ്വരൂപിച്ച പതിനായിരം രൂപയടക്കം കുടുംബശ്രീയുടെ പേരിലെടുത്ത ലിങ്കേജ് ലോണിലും കുടുംബശ്രീ മുഖേന വിറ്റഴിച്ച നവകേരള ലോട്ടറിയിലും മറ്റ് നിരവധി കുടുംബശ്രീ പദ്ധതികളിലുമടക്കം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് സി ഡി എസ് ചെയർപേഴ്‌സൺ നടത്തിയതായാണ് ആരോപണം.

സി ഡി എസ് ചെയർപേഴ്‌സൺ ആശയ്‌ക്കെതിരെ പന്ത്രണ്ടോളം കുടുംബശ്രീ അംഗങ്ങൾ നഗരസഭാ സെക്രട്ടറിക്ക് നൽകിയ പരാതിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് വമ്പൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. നാലാം വാർഡിലെ കുടുംബശ്രീ അംഗവും ക്യാൻസർ രോഗിയുമായ ആൻസിയമ്മ വർഗീസിന് വേണ്ടി 31-ാം വാർഡിലെ അയൽക്കൂട്ടം പിരിച്ച പതിനായിരം രൂപ ആൻസിയമ്മയ്ക്ക് കൈമാറാനായി മാസങ്ങൾക്ക് മുമ്പ് അശയെ ഏൽപ്പിച്ചിരുന്നു. എന്നാൽ ആ തുകയും ആശ സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിച്ചു. തിരിമറി സംബന്ധിച്ച പരാതി ശക്തമായതിനെ തുടർന്ന് ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി പതിനായിരം രൂപ ആൻസിയമ്മയ്ക്ക് കൈമാറുകയായിരുന്നു.

മൂന്ന് ലക്ഷമെന്ന് കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലിങ്കേജ് ലോൺ പ്രകാരം സെൻട്രൽ ബാങ്ക് തിരുവല്ല ശാഖയിൽ നിന്നും ഏഴ് ലക്ഷം രൂപ ലോൺ എടുക്കുകയും നാല് ലക്ഷം രൂപ മുക്കുകയും ചെയ്ത ശേഷം ഏഴ് ലക്ഷം രൂപയുടെ തിരിച്ചടവ് കുടുംബശ്രീ അംഗങ്ങൾക്ക് മേൽ കെട്ടിവെൽപ്പിച്ചതായും പരാതിയുണ്ട്. രണ്ടാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഭവന നിർമ്മാണത്തിൽ പങ്കാളിയെന്ന് തെറ്റിദ്ധരിപ്പിച്ച് 10400 രൂപ നഗരസിടയിൽ നിന്നും ആശ കൈപ്പറ്റിയിരുന്നു. കൂടാതെ കുടുംബശ്രീ അംഗങ്ങൾ മുഖേന വിറ്റഴിക്കുന്നതിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും നവകേരള ലോട്ടറിക്കായി ഒരു ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. ഇതു മുഖേന അംഗങ്ങൾക്ക് 25000 രൂപ കമ്മീഷൻ ഇനത്തിൽ ലഭിക്കേണ്ടതാണ്. എന്നാൽ ഈ കമ്മീഷൻ തുകയും സി ഡി തസ് ചെയർപേഴ്‌സൺ കൈക്കലാക്കുകയായിരുന്നു.

നഗരസഭയിലെ കുടുംബശ്രീയുടെ ചുമതലയുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ തട്ടിപ്പുകൾക്ക് കൂട്ടുനിന്നതായും പരാതി ഉയരുന്നുണ്ട്. സി ഡി എസ് ചെയർപേഴ്‌സൺ നടത്തിയ ലക്ഷങ്ങളുടെ അഴിമതി കുടുംബശ്രീ അക്കൗണ്ടന്റിന്റെ മേൽ കെട്ടിവെച്ച് തടി തപ്പാനുള്ള ശ്രമവും ഇതിനിടെ നടക്കുന്നുണ്ട്. മഹിളാ അസോസിയേഷന്റെ മാസികയായ സ്ത്രീ ശബ്ദം കുടുംബശ്രീയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് ഓരോ കുടുംബശ്രീ യൂണിറ്റിൽ നിന്നും 200 രൂപ വീതം ചെയർപേഴ്‌സൺ പിരിച്ചെടുത്തിരുന്നു. ഈ തുക സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലടച്ച് ജില്ലയിൽ ഏറ്റവുമധികം കുടുംബശ്രീകളിലൂടെ മാസിക വിറ്റഴിച്ച ലേബലിൽ ആശ അടുത്തിടെ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. നഗരസഭ സെക്രട്ടറി മുമ്പാകെ ലഭിച്ച പരാതികൾ ഒതുക്കിത്തീർക്കാനും അണിയറയിൽ നീക്കം ശക്തമാകുന്നതിനിടെയാണ് ഞൊടിയിടയിലുള്ള സെക്രട്ടറിയുടെ സ്ഥലം മാറ്റ ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP