Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസിനും കനൽ ഒരു തരിമതി! അബൂബക്കർ അൽ ബാഗ്ദാദി വീണതോടെ ഐഎസിന് ചരമക്കുറിപ്പ് എഴുതാൻ കഴിയുമോ; പാശ്ചാത്യാ മാധ്യമങ്ങളിൽ ഇന്ന് നടക്കുന്ന ഈ സജീവ ചർച്ച ഇന്ത്യയും കാണാതിരുന്നുകൂടാ; ഈ ഇസ്ലാമിക ഭീകര സംഘടന കുടികൊള്ളുന്നത് സിറിയയിലും ഇറാഖിലും അല്ല മത മസ്തിഷ്‌ക്കങ്ങളിൽ തന്നെയാണ്; മതരഹിത ജീവിതമാണ് അല്ലാതെ മതേതരത്വമല്ല മതഭീകരതക്ക് പരിഹാരം; ഐഎസിന്റെ ജനിതകം ഇവിടെയാണ്: ഡെവിൾസ് അഡ്വക്കേറ്റ്

ഐഎസിനും കനൽ ഒരു തരിമതി! അബൂബക്കർ അൽ ബാഗ്ദാദി വീണതോടെ ഐഎസിന് ചരമക്കുറിപ്പ് എഴുതാൻ കഴിയുമോ; പാശ്ചാത്യാ മാധ്യമങ്ങളിൽ ഇന്ന് നടക്കുന്ന ഈ സജീവ ചർച്ച ഇന്ത്യയും കാണാതിരുന്നുകൂടാ; ഈ ഇസ്ലാമിക ഭീകര സംഘടന കുടികൊള്ളുന്നത് സിറിയയിലും ഇറാഖിലും അല്ല മത മസ്തിഷ്‌ക്കങ്ങളിൽ തന്നെയാണ്; മതരഹിത ജീവിതമാണ് അല്ലാതെ മതേതരത്വമല്ല മതഭീകരതക്ക് പരിഹാരം; ഐഎസിന്റെ ജനിതകം ഇവിടെയാണ്: ഡെവിൾസ് അഡ്വക്കേറ്റ്

എം റിജു

ശ്രീലങ്കയിൽ കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പൊട്ടിത്തെറിച്ച ഐഎസ് ചാവേറിന്റെ ശരീരഭാഷ ഓർമ്മയില്ലേ. അങ്ങേയറ്റം ആഹ്ലാദവാനായി തോളിലൊരു ബാഗുമായി ഉല്ലാസയാത്രക്ക് പോകുന്നപോലെ, പുഞ്ചിരിച്ചെത്തുന്ന അയാൾ, അടുത്ത് കളിക്കുന്ന കുട്ടികളെ ഒന്ന് തലോടാനും മറക്കുന്നില്ല. ഓർക്കണം, തൊട്ടടുത്ത നിമിഷം തന്നെ താൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെടുമെന്ന് അയാൾക്ക് നന്നായി അറിയാം. എന്നിട്ടും ആ മരണം അയാൾ അങ്ങേയറ്റം ആസ്വദിക്കയാണ്....

പുൽവാമയിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ചാവേർ പറഞ്ഞതുനോക്കുക 'ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കും'. നോക്കൂ, നിരപരാധികളായ ഇന്ത്യൻ സൈനികരെ കൊന്നൊടുക്കുന്നത് അയാൾക്ക് സ്വർഗം കിട്ടുന്ന പുണ്യ കർമമാണ്.

കടപ്പുറത്ത് നിരനിരയായി നിരത്തി നിർത്തി തലവെട്ടുമ്പോൾ, യസീദി സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്യുമ്പോൾ, അവരെ അടിമച്ചന്തയിൽ വിലപേശി വിൽക്കുമ്പോൾ, രോമവളർച്ചനോക്കി കൗമാരക്കാരെ വെട്ടുമ്പോൾ, അവർക്ക് കൈവിറയ്ക്കാറില്ലെന്ന് മാത്രമല്ല അവർ അങ്ങേയറ്റം സന്തുഷ്ടരുമാണെന്നതാണ് സത്യം. മരിക്കുമ്പോൾ പോലും അവർ പുഞ്ചിരിക്കും. കാരണം അവരെ സംബന്ധിച്ചിടത്തോളം ഇതുകൊന്നാലും ചത്താലും സ്വർഗം കിട്ടുന്ന കളിയാണ്. സ്വയം മരിക്കാൻ തയ്യാറായി ഒരു പറ്റം ഇറങ്ങിവന്നാൽ ലോകത്തിലെ എത്രവലിയ സുരക്ഷാ സംവിധാനങ്ങളും മതിയാവില്ല. അൽഖ്വായിദ തൊട്ട് ഐഎസ് വരെയുള്ള ഇസ്ലാമിക ഭീകര സംഘടനകളുടെ വിജയവും അവിടെയാണ്. ഇതിന് ഏക അപവാദമെന്ന് തോന്നുന്നത് ഐഎസ് തലവൻ അബൂബക്കർ ബാഗ്ദാദിയുടെ മരണം തന്നെയാണ്. ട്രംപിന്റെ ഭാഷയിൽ പറഞ്ഞാൽ യുഎസ് ഹെലികോപ്റ്ററുകളെയും വേട്ടനായ്ക്കളെയും പേടിച്ചോടിയും, ശപിച്ചും, നിലവിളിച്ചും മരിക്കുകയെന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഐഎസിന്റെ ജനിതകത്തിൽ ഇല്ലാത്ത സാധനമാണ് പേടി. ഒന്നുകിൽ തുടർച്ചയായ തിരിച്ചടിയും ഭക്ഷണവും വെള്ളവുമില്ലാത്ത ശോച്യമായ ജീവതാവസ്ഥയും ബാഗ്ദാദിയുടെ മനോനില തെറ്റിച്ചു.. അല്ലെങ്കിൽ ട്രംപ് നുണപറയുന്നു. രണ്ടാമത്തേതിനാണ് കൂടുതൽ സാധ്യത.

കൊടും സൈക്കോ ക്രിമിനലുകൾക്കുമാത്രം സ്വായത്തമാവുന്ന ഒരു മാനസികാസ്ഥയാണ് നിർഭയത്വം.. ഇതെങ്ങനെയാണ് ഇവർക്ക് കൈവരുന്നത്. ഇവരിൽ പലരും മുൻകാല പുരോഹിതന്മാരും, അഭിഭാഷകരും ഡോക്ടർമാരുമൊക്കെയാണ്. വിദ്യാഭ്യാസം മത ഭീകരവാദത്തെ തടയുമെന്നുള്ള പഴയ കമ്യൂണിസ്റ്റ് തിയറികളൊക്കെ എത്ര പൊട്ടയാണെന്ന് അറിയാൻ ഐഎസിന്റെ നേതൃത്വത്തിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത നോക്കിയാൽ മനസ്സിലാവും. എന്തിന് കേരളത്തിൽനിന്ന് ആടുമേക്കാനെന്ന് പറഞ്ഞ് സിറിയയിലേക്ക് പോയവരെ നോക്കുക. അദ്ധ്യാപകരും, എഞ്ചിനീയർമാരും തൊട്ട് അഭ്യസ്തവിദ്യരുടെ നീണ്ട നിര.

തലവൻ അബൂബക്കർ അൽബാഗ്ദാദി വീണതോടെ ഐഎസിന്റെയും ചരമക്കുറിപ്പ് എഴുതാൻ കഴിയുമോ എന്നതാണ് പാശ്ചാത്യ മാധ്യമങ്ങളിൽ ഇന്ന് നടക്കുന്ന ചർച്ച. 'ദ ഗാർഡിയൻ' പോലുള്ള അൽപ്പം ഇടതുപക്ഷ സ്വഭാവമുള്ള മാധ്യമങ്ങളൊക്കെ പറയുന്നത് ഐഎസിന് ഇനി ഒരു തിരച്ചുവരവില്ല എന്നാണ്. യഥാർഥ മതവിശ്വാസികൾ ഐഎസിസ് പോലുള്ള സംഘടനകളെ ശക്തമായി ചെറുക്കും എന്നും അവർ പറയുന്നു. അൽജസീറയും സമാനമായ നിലപാടിലാണ്. എന്നാൽ ഇതിന് നേർ വിപരീതമായ ചർച്ചാണ് ബിബിസിയും 'ചാനൽ 4' ഒക്കെ നടത്തുന്നത്. കനൽ ഒരു തരിമതിയെന്ന് പറയുന്നപോലെ, ഐഎസിന്റെ കനലുകൾ ശക്തമാണെന്നും, അനുകൂല സാഹചര്യം വന്നാൽ അത് ആളിക്കത്തുമെന്നും അവർ വിലയിരുത്തുന്നു. തീർത്തും മതജന്യമായ ഒരു സൃഷ്ടിയാണ് ഐഎസ്. അതുകൊണ്ടുതന്നെ മതം ഉള്ളിടത്തോളം കാലം അതിനെ ഉന്മൂലനം ചെയ്യാനും ബുദ്ധിമുട്ടാണ്. ഐസിസിന്റെ ജനിതകം അന്വേഷിക്കുമ്പോൾ നാം ചെന്നെത്തുക മതത്തിൽ തന്നെയാണെന്ന് സത്യമാണ്. അതുകൊണ്ടുതന്നെ മതരഹിത ജീവിതമാണ, അല്ലാതെ മതേതരത്വമല്ല മതഭീകരതക്ക് പരിഹാരമെന്നുള്ള ചിന്തയാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്നുവരുന്നത്. പാശ്ചാത്യ സാംസ്‌കാരിക ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ എഴുത്തുകാരായ ഡോ. സാം ഹാരീസ് ഇസ്ലാമിനെക്കുറിച്ച് എഴുതിയത് 'ദ മദർ ഓഫ് ഓൾ ബാഡ് ഐഡിയാസ്' എന്നാണ്. എല്ലാമതങ്ങളിലും ഉള്ളതിനേക്കാൾ പരമതനിന്ദ ഇസ്ലാമിലുണ്ടെന്നും ജിഹാദ് എന്ന ആശയത്തെ കൃത്യമായി വ്യാഖ്യാനിച്ചുമാണ് ഐഎസ് വളർന്നുവെന്നതിൽ യാതൊരു തർക്കവുമില്ല.

ഇത് കേരളത്തിന്റെ ഒരു വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ നാം ഞെട്ടും. കാരണം കെഇഎന്നും, പി.കെ പോക്കർ മാഷും, തൊട്ട് സുനിൽ.പി. ഇളയിടം വരെയുള്ള നമ്മുടെ ലിബറൽ ബുദ്ധിജീവികൾ മതത്തെ പൗഡറിട്ട് വൃത്തിയാക്കിയാണ് അവതരിപ്പിക്കാറുള്ളത്. കെ.പി രാമനുണ്ണിയെപ്പോലുള്ളവർ പള്ളികളിൽ പോയി ഖുർആൻ ഉയർത്തിക്കാട്ടിയാണ് പ്രഭാഷണം. ഇസ്ലാമിനെ, പൊടിയിടാതെ അവതരിപ്പിക്കാൻ ചങ്കുറപ്പുള്ള സാംസ്‌കാരിക നായകർ കേരളത്തിൽ വിരളമാണ്. എന്നാൽ ഹൈന്ദവ ഫാസിസത്തെക്കുറിച്ചും, ഹിന്ദുത്വത്തെക്കുറിച്ചുമൊക്കെ വലിയവായിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ മൽസരവുമാണ്. വ്യാജമായ മതേതരത്വമല്ല, മതരഹിത സമൂഹത്തിലൂടെയാണ് ലോകം അഭിവൃദ്ധിപ്പെടുന്നത് എന്ന തിരിച്ചറിവിലേക്ക് ഇനി എന്നാണ് കേരളം എത്തിപ്പെടുക.

മതവ്യാഖ്യാന ഫാക്ടറികൾ പറയുന്നത് ഇങ്ങനെയാണ്:

ഐസിസിന്റെ മുൻ തലവൻ അൽ സവാഹരിയും ഈജിപ്തിലെ ഗ്രാൻഡ് മുഫ്ത്തിയും തമ്മിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു തർക്കം ഉണ്ടായിരുന്നു. ഇസ്ലാം ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും, ഐസിസ് തങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുകയുമാണെന്ന, മുഫ്ത്തിയുടെ വാദം ശ്രദ്ധയിൽപെട്ടപ്പോഴാണ് സവാഹരി അദ്ദേഹത്തിന് ഒരു വീഡിയോ അയച്ചുകൊടുത്ത് സംവാദത്തിന് വെല്ലുവിളിച്ചത്. ഖുർആൻ അല്ലാതെ ഒന്നും തങ്ങൾ പിന്തുടരുന്നില്ലെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ആയുധമെടുക്കുന്നതെന്നും, ജിഹാദ് തങ്ങളുടെ അനിവാര്യതയാണെന്നും സവാഹരി ഗ്രന്ഥം ഉദ്ധരിച്ച് പറഞ്ഞതോടെ മുഫ്ത്തിയുടെ കിളിപോയി. പിന്നെ മിണ്ടിയിട്ടില്ല. യൂറോപ്യൻ ചിന്തകൻ സാം ഹാരിസ് തീർത്തും കച്ചവടയുക്തിയുടെ മതം ആയാണ് ഇസ്ലാമിനെ വിലയിരുത്തുന്നത്. ഇന്നതുചെയ്താൽ ഇന്ന കൂലി കിട്ടുമെന്ന സിമ്പിൾ കച്ചവട ലോജിക്ക്. നോമ്പുനോറ്റാൽ എന്തുകിട്ടും, നിസ്‌ക്കരിച്ചാൽ എന്തു കിട്ടുമെന്ന കൊതിയും, അവയൊന്നും ചെയ്തില്ലെങ്കിൽ നരകം കിട്ടുമെന്ന പേടിയും. ഈ കൊതി- പേടി സിദ്ധാന്തം ചില്ലറക്കാരനല്ല. കശ്മീർ മുതൽ സിറിയ വരെ അത് രക്തമൊഴുക്കുന്നു.

ഇനി മതത്തിലുള്ളതിനെ അതിനേക്കാൾ ഭീകരമായ വ്യഖ്യാനിക്കുന്ന മൗദൂദിയെപ്പോലുള്ള വ്യാഖ്യാന ഫാക്ടറികളും അപകടം വർധിപ്പിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം എന്ന ഖുർആൻ വചനത്തെ മൗലാനാ മൗദൂദി തഫ്ഹീമുൽ ഖുർആനിൽ വ്യാഖ്യാനിക്കുന്നതു പരിശോധിക്കാം. അതു വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വചനമാക്കി അദ്ദേഹം മാറ്റുന്നു എന്നതാണ് അതിന്റെ പ്രത്യേകത. പരസ്പര ബഹുമാനത്തോടെ ജീവിക്കാമെന്നല്ല, വിശ്വാസികളും കാഫിറുകളും തമ്മിൽ ഏതെങ്കിലും തരത്തിൽ സന്ധിയുണ്ടാക്കാമെന്ന് കാഫിറുകൾ ആശിക്കേണ്ടതില്ലെന്നും മൗദൂദി വിശദീകരിക്കുന്നു.

അദ്ദേഹത്തിന്റെ തന്നെ വിശദീകരണം: 'എന്റെ ദീൻ വേറെ, നിങ്ങളുടെ ദീൻ വെറെ എന്നർഥം. ഞാൻ നിങ്ങളുടെ ദൈവങ്ങളുടെ ആരാധകനല്ല. നിങ്ങൾ എന്റെ ദൈവത്തിന്റെ ആരാധകരുമല്ല. എനിക്കു നിങ്ങളുടെ ദൈവങ്ങളുടെ അടിമയാവാൻ കഴിയില്ല. എന്റെ ദൈവത്തിന്റെ അടിമകളായിരിക്കാൻ നിങ്ങളും തയ്യാറല്ല. അതുകൊണ്ട് എന്റെയും നിങ്ങളുടെയും വഴി ഒരിക്കലും ഒന്നാവുക വയ്യ. ഇതു കാഫിറുകൾ കാഫിറുകളായിരിക്കുന്നേടത്തോളം കാലം അവരുടെ വിശ്വാസങ്ങളിൽനിന്നും ആരാധനകളിൽനിന്നും വിശ്വാസികൾ വിമുക്തരായിരിക്കുമെന്നും വേറിട്ടുനിൽക്കുമെന്നുമുള്ള പ്രഖ്യാപനമാണ്. വിശ്വാസത്തിന്റെയും ആരാധനയുടേയും കാര്യത്തിൽ അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തിൽ വിശ്വസിച്ചവരും, കാഫിറുകളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സന്ധിയുണ്ടാക്കാമെന്നു മോഹിക്കുന്ന കാഫിറുകളെ അന്തിമമായും ഖണ്ഡിതമായും നിരാശരാക്കുകയാണിതിന്റെ ലക്ഷ്യം.''

ഇത് കാഫിറുകളുമായുള്ള ബന്ധവിച്ഛേദനത്തിനുള്ള വചനമാണെന്നാണ് മൗദൂദിയുടെ വ്യാഖ്യാനം. കാഫിറുകളെ വെറുക്കുകയും അവരോട് വിദ്വേഷം വെച്ചു പുലർത്തുകയും ചെയ്യുകയാണ് വേണ്ടതെന്ന് സമർഥിക്കാൻ അദ്ദേഹം ഖുർആനിലെ മറ്റൊരു വചനം ഈ വചനത്തോട് അദ്ദേഹം ചേർത്തുവെക്കുന്നു .ഇതുപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതേ മൗദൂദിയൻ ആശയങ്ങൾ പിന്തുടരുന്ന സംഘടനകൾ പലതും ഇന്ന് മനുഷ്യാവകാശ പ്രവർത്തനത്തിന്റെ മൊത്തക്കച്ചവടക്കാരായി രംഗത്തുവന്നിരിക്കയാണ്. അതുപോലെതന്നെയാണ് ജിഹാദ് എന്ന ആശയവും.

ഈ വിഷയത്തിൽ പലരും പറയുന്നത് ഇസ്ലാമിനെ തെറ്റായി ഉപയോഗിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നാണ്. എന്നാൽ നവ നാസ്തികർ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ക്രിസ്റ്റഫർ ഹിച്ചൻസ്, കാൾപോപ്പർ, ഡാനിയൽ ഡെന്നെറ്റ്, എ.സി ഗ്രെലിങ് എന്നിവർ അടങ്ങുന്ന യൂറോപ്യൻ ബുദ്ധിജീവികൾ ഇതിനെ വസ്തുതകൾ വെച്ച് ഖണ്ഡിക്കുകയാണ്. ഇന്ന യൂറോപ്പ് അംഗീകരിക്കുന്നതും അതുതന്നെയാണ്..സാം ഹാരിസ് തീർത്തും കച്ചവടയുക്തിയുടെ മതം ആയാണ് ഇസ്ലാമിനെ വിലയിരുത്തുന്നത്. ഇന്നതുചെയ്താൽ ഇന്ന കൂലി കിട്ടുമെന്ന സിമ്പിൾ കച്ചവട ലോജിക്ക്. നോമ്പുനോറ്റാൽ എന്തുകിട്ടും, നിസ്‌ക്കരിച്ചാൽ എന്തു കിട്ടുമെന്ന കൊതിയും, അവയൊന്നും ചെയ്തില്ലെങ്കിൽ നരകം കിട്ടുമെന്ന പേടിയും. ഈ കൊതി- പേടി സിദ്ധാന്തം ചില്ലറക്കാരനല്ല

ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥമായ ഖുർആനെ തന്നെയാണ് അവർ വിമർശിക്കുന്നത്. ഒരുഭാഗത്ത് യുദ്ധത്തിനുള്ള ആഹ്വാനവും മറുഭാഗത്ത് സമാധാനത്തിനുള്ള ആഹ്വാനവുമുള്ള, ഒന്നിനും വ്യക്തതയില്ലാത്ത ഒരു പുസ്തകമായാണ് അവർ ഖുർആനെ വിലയിരുത്തുന്നത്.
എല്ലാമതങ്ങളുടെയും ദൈവങ്ങളുടെയും അടിസ്ഥാന പ്രശ്‌നമായ 'എന്നെ മാത്രം ആരാധിക്കൂ' എന്ന കൽപ്പനയാണ് ഇസ്ലാമിന്റെയും അടിസ്ഥാനം. കൊലപാതകമോ, ബലാൽസംഗമോ ഒന്നുമല്ല ശിർക്ക് അഥവാ അന്യദൈവ ആരാധനയാണ് ഈ മതത്തിലെയും കടുത്ത കുറ്റം. സാം ഹാരിസ് തീർത്തും കച്ചവടയുക്തിയുടെ മതം ആയാണ് ഇസ്ലാമിനെ വിലയിരുത്തുന്നത്. ഇന്നതുചെയ്താൽ ഇന്ന കൂലി കിട്ടുമെന്ന സിമ്പിൾ കച്ചവട ലോജിക്ക്. നോമ്പുനോറ്റാൽ എന്തുകിട്ടും, നിസ്‌ക്കരിച്ചാൽ എന്തു കിട്ടുമെന്ന കൊതിയും, അവയൊന്നും ചെയ്തില്ലെങ്കിൽ നരകം കിട്ടുമെന്ന പേടിയും. ഈ കൊതി- പേടി സിദ്ധാന്തം ചില്ലറക്കാരനല്ല. ഇപ്പോൾ കശ്മീരിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം തന്നെ നോക്കുക. എത്ര ന്യായീകരിച്ചാലും അതിനുപിന്നിൽ മതം തന്നെയാണ്. ഇസ്ലാമിന്റെ ഭരണം ലോകം മുഴുവൻ സ്ഥാപിച്ചെടുക്കാനുള്ള വിശുദ്ധ യുദ്ധത്തിൽ അഥാവാ ജിഹാദിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ലോകത്ത് എല്ലാവിധ ഇസ്ലാമിക തീവ്രവാദ സംഘടനകളും പ്രവർത്തിക്കുന്നത്.

എഴുത്തുകാരനും സാമൂഹിക വിമർശകനുമായ ഡാനിയൽ ഡെന്നറ്റ് പറയുന്നത് മിക്ക മതങ്ങളും ഇന്ന് ആളുകൾ ഏറെ നേർപ്പിച്ചാണ് ഉപയോഗിക്കുന്നത് എന്നാണ്. അല്ലാതെ അവർക്ക് ആധുനികലോകത്ത് ഒത്തുപോവാനാവില്ല. മാർപ്പാപ്പക്കുപോലും പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കേണ്ടി വന്നതുതൊട്ടുള്ള നിരവധി ഉദാഹരണങ്ങൾ അദ്ദേഹം എടുത്തു പറയുന്നുണ്ട്. പക്ഷേ ഇപ്പോഴും പരിഷ്‌ക്കരണങ്ങളെ വല്ലാതെ ചെറുത്തുനിൽക്കയും, നേർപ്പിക്കലിനെ വല്ലാതെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു മതമായി അവർ എടുത്തുകാട്ടുന്നത് ഇസ്ലാമിനെയാണ്.

അതുതന്നെയാണ് ഇസ്ലാമിന്റെ പേരിൽ പലപ്പോഴും പൊട്ടിത്തെറികൾ ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ എല്ലാമതങ്ങളും സമാധാനമാണ് നന്മയാണ് എന്ന ഗീർവാണങ്ങൾക്കൊന്നും പ്രസ്‌കതിയില്ലെന്നും ആധുനികത ആവശ്യപ്പെടുന്നത് മത രഹിത ജീവിതമാണെന്നുമാണ് റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നമ്മുടെ നാട്ടിലെ ഇടതുപക്ഷ ബുദ്ധിജീവികൾക്കൊന്നും ഇത് ഇപ്പോഴും തലയിൽ കയറിയിട്ടില്ല. അവർ ഹൈന്ദവ ഫാസിസത്തെ മാത്രം വിമർശിച്ച് ഇരവാദത്തിൽ ജീവിക്കയാണ്.

മസ്തിഷ്‌ക്കത്തെ ശുദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾ

കഴിഞ്ഞ തവണ ആടുമേക്കാൻ പോയി വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു കണ്ണൂർ സ്വദേശി ഡോ ഇജാസ്. സിറിയയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ഇയാളുടെ ജീവിത രീതി വിചിത്രമായിരുന്നു. സ്വന്തം വീട്ടിൽ നിന്ന് ഇദ്ദേഹം ഭക്ഷണം കഴിക്കാറില്ല. കാരണം മുംബൈയിൽ ഹോട്ടൽ നടത്തുന്ന പിതാവ് അസാന്മാർഗിക രീതിയിലാണ് പണം സമ്പാദിക്കുന്നതെന്നാണ് അയാളുടെ വിശ്വാസം. അത്തരം പണത്തിൽ നിന്നും ഭക്ഷണവും മറ്റും അനുഭവിക്കുന്നത് അനിസ്ലാമികമെന്നാണ് അയാളുടെ അഭിപ്രായം. കുടിവെള്ളംപോലും സ്വന്തം വീട്ടിൽനിന്ന് ഇയാൾ എടുക്കില്ല. ഡോ. ഇജാസിന്റെ വീട്ടിൽനിന്നും ഭാര്യയും സഹോദരനുമടക്കം അഞ്ചു പേരാണ് ഐസിസിലേക്ക് പോയത്

എന്നാൽ പൊലീസിന്റെ റിപ്പോർട്ട് നോക്കുക. രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ഏറെക്കാലമായി അരങ്ങേറുന്നുണ്ട്. കള്ളനോട്ട്, കള്ളക്കടത്ത്, പാസ്‌പ്പോർട്ട് തട്ടിപ്പ്, ലഹരിമരുന്ന് കടത്ത്, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ഡോ ഇജാസിന് യാതൊരു മടിയുമില്ല. എന്നാൽ സ്വന്തം പിതാവ് പലിശക്കും മറ്റും കടം എടുത്ത് കച്ചവടം നടത്തുന്നത് അയാൾക്ക് അനിസ്ലാമികമാണ്! ഈ വിചിത്രമായ ബോധമാണ് സത്യത്തിൽ മതബോധം. ഒരു തലമുറയെ മൊത്തം വഴിതെറ്റിക്കുന്ന ലഹരിമരുന്ന് കടത്തുപോലും മതത്തിന്റെ പേരിൽ ആകുമ്പോൾ ഹലാൽ ആകുന്നു!

സാധാരണ കരുതുന്നപോലെ ഈ മതം എന്നത് നിസ്സാരകാര്യമല്ല. അതുകൊണ്ടുതന്നെയാണ് സിറിയയിലും അഫ്ഗാനിലും തോറാബോറ മലനിരകളിലും ഒന്നുമല്ല ഐഎസ് ഉള്ളത്. അത് ഉറങ്ങിക്കിടക്കുന്നത് മനുഷ്യന്റെ മസ്തിഷ്‌ക്കങ്ങളിലാണ്. അതുകൊണ്ടുതന്നെ ഒരു ബാഗ്ദാദിയിൽ അവസാനിക്കുന്നില്ല അതിന്റെ ചരിത്രം. ചാരം മൂടിയ കനൽപോലെ എത് നിമിഷവും ആളിക്കത്താം. ആർക്കും ഒരു അബൂബക്കർ ബാഗ്ദാദിയാവാൻ കഴിയും. അത് തടയിടാൻ മതസൗഹാർദ പ്രസംഗങ്ങൾകൊണ്ട് കഴിയില്ല. ഇത് കണ്ടുകൊണ്ടുള്ള ശക്തമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്നത്. മതത്തെ വിദ്യാഭ്യാസത്തിൽ നിന്ന് മോചിപ്പിപ്പിക്കാനുള്ള ശ്രമമാണ് ഇതിൽ ഏറ്റവും പ്രാധാനം. സ്‌കാൻഡനേവിയൻ രാജ്യങ്ങളൊക്കെ ആ പദ്ധതി ഏതാണ്ട് പുർണ്ണമായെന്നോണം നടപ്പാക്കി കഴിഞ്ഞു.ബാഗ്ദാദി ഇല്ലാതായി എന്നുവെച്ച് ഈ ഒഴുക്കിന് യാതൊരു കുറവും വരില്ല. ഒരു തലവനും പകരം മറ്റൊരു തലവൻ വരും. പക്ഷേ ഈ മതജന്യമായ മസ്തിഷ്‌ക്ക രോഗം ഇല്ലാതാക്കാനുള്ള, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ, അതായത് ശാസ്ത്രബോധവും യുക്തിബോധവും പ്രചരിപ്പിക്കാൻ നാം എത്രപേർ തയ്യാറുണ്ട് എന്നതാണ് ചോദ്യം.

മതവിശ്വാസികൾ മതത്തിന്റെ ഇരകളായാണ് യൂറോപ്യൻ ചിന്തകർ വിലയിരുത്തപ്പെടുന്നത്. പ്രത്യയശാസ്ത്ര വിശ്വാസികൾ പ്രത്യയശാസ്ത്രങ്ങളുടെയും. എന്നാൽ ഈ രണ്ടു വിശ്വാസങ്ങളും തള്ളിക്കളഞ്ഞ രാജ്യങ്ങളിലാണ് മനുഷ്യർ ഏറ്റവും മനസ്സമാധാനത്തോടെ ജീവിക്കുന്നത് എന്നതാണ് സമകാലിക യാഥാർത്ഥ്യം. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, ജനാധിപത്യബോധം, ശാസ്ത്രീയ മനോഭാവം, താരതമ്യേന ഭേദമായ സ്ഥിതിസമത്വം, സ്ത്രീസ്വാതന്ത്ര്യം, തുടങ്ങി മനുഷ്യർക്ക് അത്യന്താപേക്ഷിതമായ കാര്യങ്ങളിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന ആ രാജ്യങ്ങൾ തീവ്രവാദികളുടെ ടാർജറ്റായത് ആകസ്മികമല്ല. മതങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും മനുഷ്യർക്ക് വേണ്ടി ചെയ്യാൻ കഴിയാഞ്ഞത് ദൈവങ്ങളുടെയോ 'സമത്വത്തിന്റെ ദാർശനികരുടെയോ'' പിന്തുണയില്ലാതെ ആ രാജ്യങ്ങൾ ചെയ്തു കാട്ടി. ഗോത്രീയ മതങ്ങളുടെയും ഗോത്രീയ രാഷ്ട്രീയത്തിന്റെയും ടാർജറ്റായി ആ രാജ്യങ്ങൾ മാറാൻ അതും ഒരു കാരണമായി

ഇവിടെയാണ് മതം ശ്വസിച്ച് മതം തിന്ന് ജീവിക്കുന്ന ഇന്ത്യയുടെ ഒക്കെ പരാജയം. മതം എപ്പോഴും പടിമുറുക്കുക ദാരിദ്ര്യം പുളയ്ക്കുന്ന മൂന്നാം ലോക രാജ്യങ്ങളിൽ ആണെന്നതും ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഏറെപ്പേടിക്കേണ്ടത് നാം ആണ്. പ്രത്യേകിച്ച് മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന സാംസ്കാരിക നായകരുള്ള ഈ നാട്ടിൽ. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ള ആടുമേക്കാൻ പോവുകയെന്ന പേരിൽ ഏതാണ്ട് 70 ലേറെ പേർ കേരളത്തിൽനിന്ന് സിറിയയിലേക്ക് കടന്നുവെന്നാണ് എൻഐഎയുടെ റിപ്പോർട്ട്. ബാഗ്ദാദി ഇല്ലാതായി എന്നുവെച്ച് ഈ ഒഴുക്കിന് യാതൊരു കുറവും വരില്ല. ഒരു തലവനും പകരം മറ്റൊരു തലവൻ വരും. പക്ഷേ ഈ മതജന്യമായ മസ്തിഷ്‌ക്ക രോഗം ഇല്ലാതാക്കാനുള്ള, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ, അതായത് ശാസ്ത്രബോധവും യുക്തിബോധവും പ്രചരിപ്പിക്കാൻ നാം എത്രപേർ തയ്യാറുണ്ട് എന്നതാണ് ചോദ്യം.

വാൽക്കഷ്ണം: ഡീ റിലീജിയനൈസേഷൻ എന്നത് യൂറോപ്പിലൊക്കെ കഴിഞ്ഞ കുറക്കാലമായി നടന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ പക്രിയയാണ്. മതത്തിന് പകരം ശാസ്ത്രത്തെ മുന്നോട്ടുവെച്ചുകൊണ്ടുള്ള കൃത്യമായ ഒരു ചിന്താപദ്ധതി. എല്ലാ മത തീവ്രവാദികളെയും ഒരു പരിധിവരെ തുടച്ചുമാറ്റാൻ കഴിയുക അത്തരമൊരു ബോധവത്ക്കരണ പക്രിയകൊണ്ട് മാത്രമാണ്. എന്നാൽ ശാസ്ത്രബോധം പ്രചരിപ്പിക്കലും, അന്വേഷണത്വരയും, സാമൂഹിക പരിഷ്‌ക്കരണവും പൗരന്റെ ഭരണഘടനാ കർത്തവ്യമായി എഴുതിച്ചേർത്ത ഇന്ത്യയിലാണ് ഏറ്റവും അശാസ്ത്രീയ വിദ്യാഭ്യാസം പൊടിപൊടിക്കുന്നത് എന്നത് ഏറ്റവും വിചിത്രമാണ്. എന്നെന്നും പ്രീണിപ്പിക്കേണ്ട മദയാനയായി കണ്ട് മതത്തെ വിമർശനാതീതമായ ഒരു സംഭവമാക്കി മാറ്റുന്നവർ നശിപ്പിക്കുന്നത് ഒരു തലമുറയുടെ മസ്തിഷ്‌ക്കത്തെയാണ്. അത്തരം തലകളിലാണ് ഐഎസ് അടക്കമുള്ള എല്ലാ തീവ്രാവാദ സംഘടനകളും കൂടുകൂട്ടുന്നതെന്ന് മറന്നുപോകരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP