Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളയാറിൽ കൊല്ലപ്പെട്ട രണ്ടാമത്തെ പെൺകുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷി; കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സന്ദീപ് വാര്യർ; സഹോദരി കൊല്ലപ്പെട്ട ദിവസം വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ പെൺകുട്ടിയുടെ മൊഴി; മാതാപിതാക്കളും ഇക്കാര്യം ശരിവെക്കുന്നു; ഒമ്പതു വയസുകാരി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ചു എന്നത് അവിശ്വസനീയം; മുഖ്യമന്ത്രി അടക്കം ആത്മഹത്യയെന്ന് പറയുന്ന ആ ഒമ്പതുകാരിക്ക് സംഭവിച്ചത് എന്ത്?

വാളയാറിൽ കൊല്ലപ്പെട്ട രണ്ടാമത്തെ പെൺകുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷി; കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സന്ദീപ് വാര്യർ; സഹോദരി കൊല്ലപ്പെട്ട ദിവസം വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ പെൺകുട്ടിയുടെ മൊഴി; മാതാപിതാക്കളും ഇക്കാര്യം ശരിവെക്കുന്നു; ഒമ്പതു വയസുകാരി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ചു എന്നത് അവിശ്വസനീയം; മുഖ്യമന്ത്രി അടക്കം ആത്മഹത്യയെന്ന് പറയുന്ന ആ ഒമ്പതുകാരിക്ക് സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്നതാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. എന്നാൽ, 11 വയസും ഒമ്പതു വയസും പ്രായമുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്നത് ഇപ്പോഴും അവിശ്വസനീയമായി നിലനിൽക്കുന്നു. കൊലപാതകമാണെന്ന കൃത്യമായ സൂചന ഉണ്ടായിട്ടും അതിലേക്ക് ഊന്നി അന്വേഷണം മുന്നോട്ടു പോകാത്തതു തന്നെയാണ് വാളയാറിൽ സംഭവിച്ച ആദ്യത്തെ വീഴ്‌ച്ച. ഈ വീഴ്‌ച്ചയിലേക്ക് വിരൽ ചൂണ്ടുന്ന ഔദ്യോഗിക റിപ്പോർട്ടും ലഭ്യമാണ്. ആ റിപ്പോർട്ടിന്റെ പകർപ്പുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ രംഗത്തുവന്നു.

വാളയാർ കേസിൽ കൊല്ലപ്പെട്ട രണ്ടാമത്തെ പെൺകുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷി ആണെന്ന് വ്യക്തമക്കുന്ന റിപ്പോർട്ടാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പുരത്തുവിട്ടത്. ഇളയ സഹോദരിയുടെ മൊഴി സ്ഥിരീകരിക്കാൻ ഇപ്പോൾ പൊലീസ് തയ്യാറായിരുന്നില്ല. ഈ മൊഴി മുഖവിലയ്ക്കെടുത്ത് അന്വേഷണം മുന്നോട്ടു പോയിരുന്നെങ്കിൽ രണ്ടാമത്തെ പെൺകുട്ടിയും മരിക്കുന്ന സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഇക്കാര്യം 2017 മെയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യമാണ് യുവമോർച്ച ചൂണ്ടിക്കാട്ടുന്നത്.

സഹോദരി കൊല്ലപ്പെട്ട ദിവസം വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ പെൺകുട്ടി മൊഴി നൽകിയിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെ ഇപ്പോഴും ഇക്കാര്യം പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിക്കാൻ തയ്യാറാവുന്നില്ല. എന്നാൽ, 2017 മെയ് രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയാണ് കൊല്ലപ്പെട്ടതെന്ന ഗൗരവവത്തോടെ രണ്ടാമത്തെ മരണവും അന്വേഷിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. റിപ്പോർട്ടിലെ വിവരം സന്ദീപ് ചൂണ്ടിക്കാട്ടുന്നു.

കേസ് അന്വേഷിച്ചിരുന്ന പാലക്കാട് നാർക്കോട്ടിക് സെൽ ഡിഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് കൊടുത്ത റിപ്പോർട്ടാണ് യുവമോർച്ച പുറത്തുവിട്ടിരിക്കുന്നത്. മൂത്ത കുട്ടി മരണപ്പെട്ട ദിവസം സംഭവം നടന്ന വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ സഹോദരി പറഞ്ഞെങ്കിലും ഇതേപ്പറ്റി അന്വേഷണത്തിൽ സൂചനയൊന്നും ലഭിച്ചില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. മറ്റു വഴികളില്ലാത്തതിനാൽ, റിപ്പോർട്ടിൽ ഇക്കാര്യം ഗൗരവം കുറച്ച് പരാമർശിക്കുകയായിരുന്നെന്ന് യുവമോർച്ച ആരോപിക്കുന്നു. തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും കുട്ടിയുടെ പ്രായം, കയർ കെട്ടിയ സ്ഥലത്തിന്റെ ഉയരം എന്നിവ പരിഗണിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്.

കേസ് അട്ടിമറിച്ചതിനെ ഉന്നത ഇടപെടൽ ഉണ്ടെന്ന ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വരെ ഇടപെടലുണ്ട്. അരിവാൾ പാർട്ടിക്കാരാണ് പ്രതികളെന്ന് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. സിപിഎമ്മിലെ ഉന്നതർക്കും ചില കോൺഗ്രസ് നേതാക്കൾക്കും പ്രതികൾ രക്ഷപ്പെട്ടതിൽ പങ്കുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും യുവമോർച്ച സെക്രട്ടറി ആവശ്യപ്പെട്ടു.

മരിച്ച ഒമ്പതു വയസുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവസാനമായി കുട്ടി കഴിച്ചത് മാങ്ങയാണെന്ന പറയുന്നുന്നു. ഭക്ഷണം കഴിച്ച ശേഷം മണിക്കൂറുകൾ കഴിഞ്ഞ ശേഷം ഇരുപതു കിലോയിൽ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങി മരിച്ചു എന്നാതാണ് അവിശ്വസനീയമായ കാര്യം. സഹോദരിയുടെയും മരണങ്ങൾക്ക് ഉത്തരവാദികളായവർ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന തോന്നലിൽ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ നിയോഗിച്ചത് മൂന്ന് പൊലീസ് സംഘങ്ങളെയായിരന്നു. 2017 ജനുവരി 13-ന് കുടിലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 11-കാരിയുടെ കേസിൽ വാളയാർ എസ്‌ഐ. ആയിരുന്ന പി.സി. ചാക്കോയ്ക്കായിരുന്നു അന്വേഷണച്ചുമതല. സംഭവസമയത്ത് കുടിലിനു സമീപം മുഖം മറച്ച നിലയിൽ രണ്ടുപേരെ കണ്ടെന്ന ഇളയകുട്ടിയുടെ മൊഴിയും ലഭിച്ചതോടെ പൊലീസ് സമീപവാസിയായ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ പീഡനം നടന്നതായി സൂചിപ്പിച്ചിരുന്നില്ല. എന്നാൽ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പീഡനം നടന്നതായി സംശയിക്കുന്നെന്ന നിഗമനം വാക്കാൽ അറിയിച്ചിരുന്നെന്ന് അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഡോക്ടർ വാളയാർ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ച വിവരം പോസ്റ്റ്‌മോർട്ടം രേഖകളിൽ കാണാതായത് സംബന്ധിച്ച ദുരൂഹതയെക്കുറിച്ച് അന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും കണ്ടില്ലെന്ന് നടിക്കയായിരുന്നു.

ഇത്തരമൊരു പിഴവ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായ സാഹചര്യം പൊലീസ് പിന്നീട് പരിശോധിച്ചതായും സൂചനകളില്ല. ഇത് കേസ് ഒതുക്കിത്തീർക്കുന്നതിനുള്ള സംഘടിത നീക്കം നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. മൂത്തകുട്ടി മരിച്ച് 56-ാം ദിവസമാണ് ഇളയസഹോദരിയായ ഒമ്പതുവയസ്സുകാരിയെ ഇതേസാഹചര്യത്തിൽ കുടിലിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഒമ്പതുകാരിയുടെ മൃതദേഹം പൊലീസ് സർജൻ ഡോക്ടർ പി.ബി. ഗുജ്‌റാളിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഈ റിപ്പോർട്ടിൽ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനുവരെ വിധേയയാക്കിയിരുന്നെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചേച്ചിയുടെ മരണത്തിൽ നിർണായക മൊഴിനൽകിയ ഇളയപെൺകുട്ടിയെ സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നിലപാടിനെതിരേ വ്യാപക പ്രതിഷേധമുയർന്നു. കേസന്വേഷണം ലാഘവത്തോടെ നടത്തിയെന്നാരോപിച്ച് വാളയാർ എസ്‌ഐ. ആയിരുന്ന പി.സി. ചാക്കോയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇതേ തുടർന്നാണ്, പാലക്കാട് എ.എസ്‌പി.യായിരുന്ന പൂങ്കുഴലിക്ക് അന്വേഷണം കൈമാറി. എന്നാൽ, ഒരുദിവസം മാത്രമാണ് എ.എസ്‌പി. പൂങ്കുഴലിക്ക് അന്വേഷണച്ചുമതല ഉണ്ടായിരുന്നത്. പിറ്റേന്നു തന്നെ കേസിന്റെ ചുമതല ഡിവൈ.എസ്‌പി. എം.ജെ. സോജനെ ഏൽപ്പുക്കയായിരുന്നു. കേസന്വേഷണത്തിൽ അപാകമുണ്ടായിട്ടില്ലെന്ന് പൊലീസ് ആണയിടുമ്പോഴും കുറ്റവാളികളെ കണ്ണിചേർക്കാൻപോന്ന തെളിവുകൾ ഏറെയുണ്ടായിട്ടും പ്രതികൾ എങ്ങനെ നിയമത്തിന്റെ മുന്നിൽനിന്ന് രക്ഷപ്പെട്ടുവെന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം പൊലീസിനുമില്ല.

മൂത്തമകൾ മരിച്ച ദിവസം പ്രതി വി മധു വീട്ടിൽ നിന്ന് പോയത് ഇളയ മകൾ കണ്ടിരുന്നു. അന്ന് തന്നെ ഇളയ മകൾ ഇത് പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ മധുവിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. മധു പ്രദേശത്തെ സിപിഐഎം പ്രവർത്തകൻ ആയിരുന്നുവെന്നും പെൺകുട്ടികളുടെ അമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതിയും പൊലീസും തമ്മിൽ ഒത്തുകളിയുണ്ടെന്നും അതുകൊണ്ട് കേസ് ജയിക്കുമെന്ന് തുടക്കത്തിൽ പറഞ്ഞ് പറ്റിച്ചതെന്നും അമ്മ പറയുന്നു. ആദ്യ കുട്ടി മരിച്ച ദിവസം രണ്ട് പേർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്നതായി ഒമ്പത് വയസുകാരിയായ രണ്ടാമത്തെ കുട്ടി കണ്ടിരുന്നു. ഇക്കാര്യം പൊലീസിൽ അന്ന് പറഞ്ഞതുമാണെന്ന് അമ്മ കൂട്ടിച്ചേർത്തു.

സ്‌കൂൾ അവധിയായിരുന്ന സമയത്ത് പെൺകുട്ടികളുടെ അച്ഛൻ കാലിന് സുഖമില്ലാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. അന്ന് അച്ഛനെ കാണാനെന്ന വ്യാജേന പ്രതികളിലൊരാളായ വി മധു വീട്ടിലെത്തിയിരുന്നു. അച്ഛനെ കണ്ട ശേഷം ഷെഡ്ഡിൽ പോയിവരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. ഷെഡ്ഡിന് പിന്നിലൂടെ വന്ന് വീട്ടിലെത്തി മൂത്ത പെൺകുട്ടിയെ വിളിക്കുകയായിരുന്നു. അച്ഛന് വെള്ളം വേണമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വിളിച്ചത്. അച്ഛൻ ജനൽ വഴി നോക്കുമ്പോൾ മധു മകളെ ചുമരിൽ ചേർത്ത് നിർത്തിയിരിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അമ്മ പറയുന്നു. അച്ഛൻ വിളിച്ചതോടെ മധു ജനൽ വഴി ചാടി പോവുകയായിരുന്നു. അമ്മ പണിക്ക് പോയ സമയത്തായിരുന്നു ഇത്. പണി കഴിഞ്ഞ തിരിച്ചുവന്ന അമ്മ കണ്ടത് വീടിന്റെ പടിയിലിരുന്ന് കരയുന്ന അച്ഛനെയാണ്. വിവരം അന്വേഷിച്ചപ്പോഴാണ് മകൾക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അച്ഛൻ പറയുന്നത്.

ഇതെ കുറിച്ച് അപ്പോൾ തന്നെ അമ്മ മകളോട് ചോദിച്ചു. അപ്പോഴാണ് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞാൽ മധു തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി അമ്മയോട് പറയുന്നത്. പെൺകുട്ടികളുടെ അമ്മയുടെ ചേച്ചിയുടെ മകനാണ് മധു. പെൺകുട്ടികൾ മരണശേഷം മധുവിന്റെ വീട്ടിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ താമസിച്ചിരുന്നു. മധുവിനെ പൊലീസിൽ പിടിപ്പിച്ചത് പെൺകുട്ടികളുടെ അമ്മയും അച്ഛനുമാണെന്ന് പറഞ്ഞ് മധുവിന്റെ അച്ഛനുമായി കുടുംബം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് ഇരുവരും തിരിച്ചുവരികയായിരുന്നു. പെൺകുട്ടികളുടെ മരണത്തിൽ പരാതി നൽകിയ ശേഷം ഇവരുടെ വീട്ടിൽ കല്ലേറുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP