Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർമ്മലാ സീതാരാമനെ പുകഴ്‌ത്തി പോസ്റ്റിട്ടതോടെ അതുവരെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരെല്ലാം ശത്രുക്കളായി; പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടപ്പോൾ പോലും പതറാതെ നിന്ന കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡ് പിന്നീട് സ്വീകരിച്ചത് രാഷ്ട്രീയ വനവാസം; സിനിമാ ലോകത്ത് വീണ്ടും സജീവമായി ദിവ്യ സ്പന്ദന

നിർമ്മലാ സീതാരാമനെ പുകഴ്‌ത്തി പോസ്റ്റിട്ടതോടെ അതുവരെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരെല്ലാം ശത്രുക്കളായി; പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടപ്പോൾ പോലും പതറാതെ നിന്ന കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡ് പിന്നീട് സ്വീകരിച്ചത് രാഷ്ട്രീയ വനവാസം; സിനിമാ ലോകത്ത് വീണ്ടും സജീവമായി ദിവ്യ സ്പന്ദന

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും സോഷ്യൽ മീഡിയ ഇടപെടലുകളിൽ നിന്നും പിന്നോക്കം നിന്നിരുന്ന മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദന വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്നു. ദിവ്യ സ്പന്ദന അഭിനയിച്ച ദിൽ കാ രാജ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹെഡായിരുന്ന ദിവ്യ സ്പന്ദന സമൂഹ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷയായത്.

ബിജെപിയുടെ നിരന്തര വിമർശകയായിരുന്ന ദിവ്യ രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായി ചുമതലയേറ്റ നിർമ്മല സീതാരാമനെ പുകഴ്‌ത്തിക്കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വഴിവെച്ചു. തൊട്ട് പിന്നാലെയായിരുന്നു ദിവ്യയുടെ ട്വിറ്ററിൽ നിന്നുള്ള ഒളിച്ചോട്ടം. സോഷ്യൽ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ എന്ന വിശേഷണം ട്വിറ്ററിൽ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു.

2003ൽ സിനിമാ ലോകത്ത് സജീവമായ ദിവ്യ 39 സിനിമകളിലാണ് അഭിനയിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലാണ് അഭിനയിച്ചത്. 2016ലായിരുന്നു ദിവ്യയുടെ അവസാന സിനിമ റിലീസ് ചെയ്തത്. സിനിമയിൽ സജീവമായിരിക്കവേയാണ് 2012ൽ ദിവ്യ യൂത്ത് കോൺഗ്രസിൽ ചേരുന്നത്. 2013ൽ മാണ്ഡ്യ ലോക്സഭ മണ്ഡലത്തിൽ നിന്ന് എംപിയായി. 2014ൽ ഈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിൽ സജീവമായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദിവ്യ നടത്തിയ പ്രതികരണങ്ങൾ വലിയ ശ്രദ്ധയാണ് നേടിയിരുന്നത്. എന്നാൽ രണ്ടാം മോദി സർക്കാർ അധിാകരമേറ്റതിന് പിന്നാലെ ദിവ്യയുടെ ട്വിറ്റർ പോസ്റ്റ് വലിയ വിവാദമായിരുന്നു. അതിന് ശേഷം അവർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല.

വിവാദ പോസ്റ്റ്

മോദിക്കും ബിജെപിക്കുമെതിര ശക്തമായി പ്രതികരിക്കുന്ന നേതാവാണ് ദിവ്യ സ്പന്ദന. അവരുടെ കുറിക്ക് കൊള്ളുന്ന വിമർശനങ്ങൾ പല വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനെ പുകഴ്‌ത്തിക്കൊണ്ടുള്ള ട്വിറ്റർ പോസ്റ്റ്. ഇതിന് മുൻപ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ഏറ്റെടുത്ത നിർമ്മല സീതാരാമന് ആശംസകൾ എന്ന് കുറിച്ചുകൊണ്ടായിരുന്നു ദിവ്യയുടെ ട്വീറ്റ്. എന്നാൽ പോസ്റ്റ് വലിയ വിവാദങ്ങൾക്ക് കാരണമായി. പിന്നാലെ അവർ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ച് ട്വീറ്റ് ചെയ്തതിന് ദിവ്യയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. എന്നാൽ ഇതിന് ശേഷവും തന്റെ നിലപാട് തിരുത്താൻ തയ്യാറാകാതിരുന്ന ദിവ്യ വീണ്ടും മോദിയുടെ നെറ്റിയിൽ 'ചോർ' അഥവാ 'കള്ളൻ' എന്നെഴുതിയ ചിത്രം വീണ്ടും ട്വീറ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP