Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്യാഷ് വൗച്ചറുകളിൽ 170 എണ്ണത്തിൽ പണം സ്വീകരിച്ച ആളുടെ പേരോ വിലാസമോ ഒപ്പോ ഇല്ല; നടന്നിരിക്കുന്നത് 27 ലക്ഷത്തോളം രൂപയുടെ പ്രത്യക്ഷ അഴിമതി; ചാർജ്ഷീറ്റ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളിയതും തെളിവുകൾ തിരിച്ചറിഞ്ഞ്; എന്നിട്ടും വിചാരണയ്ക്കിടെ സിപിഎം എംഎൽഎ വികെസി മമ്മദ് കോയ ഒന്നാം പ്രതിയായ ഇൻകാ അഴിമതിക്കേസ് പിൻവലിച്ച് സർക്കാർ; നീക്കം വ്യവസായിയായ രാഷ്ട്രീയക്കാരനെ രക്ഷിക്കാൻ; പിണറായിയുടെ അഴിമതി മുക്ത ഭരണം വാക്കുകളിൽ ഒതുങ്ങുമ്പോൾ

ക്യാഷ് വൗച്ചറുകളിൽ 170 എണ്ണത്തിൽ പണം സ്വീകരിച്ച ആളുടെ പേരോ വിലാസമോ ഒപ്പോ ഇല്ല; നടന്നിരിക്കുന്നത് 27 ലക്ഷത്തോളം രൂപയുടെ പ്രത്യക്ഷ അഴിമതി; ചാർജ്ഷീറ്റ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളിയതും തെളിവുകൾ തിരിച്ചറിഞ്ഞ്; എന്നിട്ടും വിചാരണയ്ക്കിടെ സിപിഎം എംഎൽഎ വികെസി മമ്മദ് കോയ ഒന്നാം പ്രതിയായ ഇൻകാ അഴിമതിക്കേസ് പിൻവലിച്ച് സർക്കാർ; നീക്കം വ്യവസായിയായ രാഷ്ട്രീയക്കാരനെ രക്ഷിക്കാൻ; പിണറായിയുടെ അഴിമതി മുക്ത ഭരണം വാക്കുകളിൽ ഒതുങ്ങുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: കോഴിക്കോട് ബേപ്പൂരിലെ ഇടത് എംഎൽഎ വി.കെ.സി.മമ്മദ് കോയ ഒന്നാം പ്രതിയായ അഴിമതിക്കേസ് ഇടത് സർക്കാർ പിൻവലിച്ചു. എറണാകുളം അഡിഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ, അഴിമതിക്കേസിൽ മമ്മദ് കോയ കുടുങ്ങും എന്ന അവസ്ഥയിലാണ് കേസ് സർക്കാർ പിൻവലിച്ചത്.

വ്യവസായ വകുപ്പിന്റെ മേൽനോട്ടത്തിൽ 2009-ൽ കൊച്ചിയിൽ നടന്ന നടന്ന ഇൻക എക്‌സിബിഷനിൽ മമ്മദ് കോയ അടക്കമുള്ള പ്രതികൾ 27 ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തി എന്ന് കൊച്ചി സെൻട്രൽ പൊലീസ് കണ്ടെത്തിയ കേസാണ് ഇടത് സർക്കാർ പിൻവലിച്ചത്. അഴിമതിവിമുക്ത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിൽ ഏറിയ ഇടത് സർക്കാർ അഴിമതിക്ക് കുടപിടിക്കുന്നു എന്നതിന്റെ നേരിട്ടുള്ള ദൃഷ്ടാന്തം കൂടിയാകുകയാണ് ഈ നടപടി. വി.കെ.സി.മമ്മദ് കോയ ഒന്നാം പ്രതിയും കെ.എൻ.സുഭഗൻ, പി.ഡി.ജോർജ്, ദാമോദർ എന്നിവർ രണ്ടു മുതൽ നാല് വരെ പ്രതികളുമായ അഴിമതിക്കേസാണ് സർക്കാരിന്റെ നേരിട്ടുള്ള പിൻവലിക്കൽ കാരണം ഇല്ലാതായത്. ഇതിൽ ഒരു പ്രതിയായ പി.ഡി.ജോർജ് ഇപ്പോൾ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷനുമാണ്.

കേസിന്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ 14നു ഈ കേസ് സർക്കാർ പിൻവലിച്ചതായി പ്രതിഭാഗം കോടതിക്ക് കത്ത് നൽകിയത്. സർക്കാർ ഈ കേസ് പിൻവലിച്ചതായി വ്യക്തമാക്കുന്ന കത്തിന്റെ അടിസ്ഥാനത്തിൽ സിജെഎം കോടതി വിചാരണ നിർത്തിവെച്ചു. പ്രതികളും വക്കീലും ഹാജരാകാത്തത് കാരണം പ്രതികളുടെ ജാമ്യം കോടതി റദ്ദ് ചെയ്യുകയും ചെയ്തു. സർക്കാർ നൽകിയ അഴിമതിക്കേസ് സർക്കാർ തന്നെ റദ്ദ് ചെയ്തത് കാരണം വിചാരണ നടപടികൾ നിലച്ചിരിക്കുകയാണ്. അന്ന് വ്യവസായ വകുപ്പ് ഡയരക്ടർ ആയിരുന്ന ടി.ഒ.സൂരജ് നേരിട്ട് നടത്തിയ അന്വേഷണത്തിലും ഈ അഴിമതി തെളിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് വി.കെ.സി.മമ്മദ് കോയയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസ് വന്നത്. വ്യവസായ വകുപ്പ് ഡയരക്ടർ ആയിരുന്ന ടി.ഒ.സൂരജ് ആയിരുന്നു ചെയർമാൻ. വി.കെ.സി.മമ്മദ് കോയ വർക്കിങ് ചെയർമാനും. ഈ എക്‌സിബിഷനിലാണ് അഴിമതി നടന്നത്. സൂരജ് ചെയർമാൻ ആയിരുന്നെങ്കിലും വി.കെസി അടക്കമുള്ള ഒന്ന് മുതൽ നാല് വരെ പ്രതികളാണ് മേളയുടെ സംഘാടനം നടത്തിയിരുന്നത്.

ഇൻകാ അഴിമതിക്കേസിൽ വ്യക്തമായ ചാർജ്ഷീറ്റ് സിജെഎം കോടതി മമ്മദ്‌കോയ അടക്കമുള്ള പ്രതികൾക്ക് നൽകിയിരുന്നു. ഈ കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ മമ്മദ്‌കോയയും കൂട്ടരും കഴിഞ്ഞ വർഷം നൽകിയ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. അതിനു ശേഷം സിജെഎം കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെയാണ് അഴിമതിക്കേസ് സർക്കാർ തന്നെ നേരിട്ട് ഇടപെട്ടു പിൻവലിക്കുന്നത്. സർക്കാർ എടുത്ത അഴിമതിക്കേസ് സർക്കാരിനു തന്നെ പിൻവലിക്കാം എന്ന ന്യായം വച്ചാണ് കേസ് സിജെഎം കോടതിയിൽ നിന്ന് പിൻവലിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ കേസിൽ വാദം തുടരേണ്ടതുണ്ട് എന്ന് ഹൈക്കോടതി കണ്ടെത്തിയ അഴിമതിക്കേസിനാണ് സർക്കാർ നേരിട്ട് അള്ളുവെച്ചിരിക്കുന്നത്.

വ്യക്തമായ ബില്ലും വൗച്ചറുകളും നൽകാതെ 26 ലക്ഷത്തോളം രൂപയാണ് 2009-ൽ മമ്മദ് കോയയും കൂട്ടരും എക്‌സിബിഷൻ സംഘാടനവുമായി ബന്ധപ്പെട്ട് ചിലവഴിച്ചത്. പണം സ്വീകരിച്ച ആളുകളുടെ പേര് വിവരങ്ങൾ വൗച്ചറുകളിലില്ല, പ്ലാനോ, എസ്റ്റിമേറ്റോ ഇല്ലാതെ സ്റ്റാളുകൾ തയ്യാറാക്കി, വിവരങ്ങൾ മിനിട്‌സ് ബുക്കിൽ രേഖപ്പെടുത്തിയില്ല. ഇൻകാ സംഘാടനസമിതിയുടെ തീരുമാനത്തിനു വിരുദ്ധമായി സ്റ്റാളുകൾക്ക് 90 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകി ഇൻകയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടവും വി.കെ.സി.മമ്മദ്‌കോയ അടക്കമുള്ളവർ വരുത്തിവെച്ചതായി ചാർജ് ഷീറ്റിൽ ചൂണ്ടിക്കാട്ടുന്നു. ക്രമ നമ്പർ ഇട്ടിട്ടുള്ള ക്യാഷ് പെയ്‌മെന്റ്വൗച്ചറുകളിൽ 170 എണ്ണത്തിൽ പണം സ്വീകരിച്ച ആളുടെ പേര് വിവരമില്ല. വിലാസമോ, ഒപ്പോ ഇല്ല. ഇൻകയുടെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്താണ് ഒരു കോടി രൂപയോളം മുടക്കി കൊച്ചി മറൈൻ ഡ്രൈവിൽ ഇൻകാ എക്‌സിബിഷൻ നടത്തിയത്. ചെറുകിട വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ വേണ്ടിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായത്തോടെ മേള സംഘടിപ്പിച്ചത്. ചെറുകിട വ്യവസായികളും അവർക്ക് ലഭ്യമാക്കാൻ കഴിയുന്ന നൂതൻ മെഷീനുകളും അവയുടെ അവതരണവും പുതിയ ബിസിനസ് സാധ്യതകളുമാണ് ഇൻകാ എക്‌സിബിഷൻ വഴി നടക്കാറുള്ളത്. 2007-ലും 2009ലും നടന്ന ഇൻകാ എക്‌സിബിഷൻ മമ്മദ്‌കോയയും കൂട്ടരും നടത്തിയ അഴിമതിയെ തുടർന്ന് 2009-ൽ തന്നെ നിലച്ചു. ചെറുകിട വ്യവസായങ്ങളുടെ കാർണിവലായ ഇൻകാ എക്‌സിബിഷൻ 2009നു ശേഷം നടത്തിയതുമില്ല. ഇടത് എംഎൽഎയായ വി.കെ.സി.മമ്മദ് കോയ തന്നെ തലപ്പത്തിരുന്നു നടത്തിയ അഴിമതിയെ തുടർന്ന് ഇൻകാ എക്‌സിബിഷനും ചരമക്കുറിപ്പ് എഴുതപ്പെട്ടു.

ഇടത് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിക്കെതിരെയുള്ള നടപടികൾക്ക് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് ചിറക് മുളച്ചത്. പക്ഷെ ഹൈക്കോടതി അടക്കമുള്ള കോടതികളിൽ നിയമപോരാട്ടം നടത്തി കേസ് മമ്മദ് കോയയും കൂട്ടരും നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇപ്പോൾ ഇടത് സർക്കാർ ഭരണത്തിൽ നഗ്‌നമായ അഴിമതിക്കേസ് സർക്കാർ നേരിട്ട് എഴുതി തള്ളുകയും ചെയ്തു.

ഇൻകാ അഴിമതിക്കെതിരെ കോടതിയെ സമീപിച്ചവരിൽ ഒരാളായ വി.പി.സുബൈറിന്റെ പ്രതികരണം:

കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് 2007-ലും 2009-ലും ഇൻകയുടെ എക്‌സിബിഷൻ നടന്നിരുന്നു. 2009ലാണ് വി.കെ.സി.മമ്മദ്‌കോയയും കൂട്ടരും അഴിമതി നടത്തിയത്. പത്ത് ലക്ഷം രൂപ സർക്കാർ ഗ്രാന്റ് നൽകിയിരുന്നു. 14 ലക്ഷം രൂപ പൊതുമേഖലാ സ്ഥാപനങ്ങളും നൽകി. ഒരു കോടിയോളം രൂപയുടെ മേളയായിരുന്നു. 200 ഓളം സ്റ്റാളുകളും മേളയ്ക്ക് ഉണ്ടായിരുന്നു. വൻ അഴിമതിയാണ് മേളയിൽ നടന്നത്. ചെറുകിട വ്യവസായ അസോസിയേഷനായിരുന്നു മേളയുടെ നിയന്ത്രണം.

വി.കെ.സി.മമ്മദ് കോയ അന്ന് ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് ആണ്. ഞാൻ മലപ്പുറം ജില്ലാ പ്രസിഡനറും. മേളയുമായി ബന്ധപ്പെട്ടു ഇന്റെണൽ കമ്മറ്റി റിപ്പോർട്ട് അപാകതകൾ നിറഞ്ഞതായിരുന്നു. ഞാൻ കമ്മറ്റി അംഗമാണെങ്കിലും ഞങ്ങളെ വിവരം അറിയിച്ചില്ല. ഞാൻ ഇന്റെണൽ കമ്മറ്റിയുടെ കോപ്പി വാങ്ങി. അതിനുശേഷം വികെഎസിയോട് ഇത് കമ്മറ്റിയിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു. പക്ഷെ വികെസി ഒന്നും അറിഞ്ഞമട്ട് കാണിച്ചില്ല. കോർ കമ്മറ്റി റിപ്പോർട്ടിൽ ഞാൻ പ്രശ്‌നം അവതരിപ്പിച്ചു. റിപ്പോർട്ട് വികെസി വാങ്ങിവെച്ചു. പക്ഷെ പകരം നടപടി വന്നില്ല. പിന്നീട് എന്നോടു പറഞ്ഞു. ഒന്നും ചെയ്യാൻ കഴിയില്ല. സുബൈർ വേണമെങ്കിൽ മറുകണ്ടം ചാടിക്കോ എന്ന് പറഞ്ഞു. ഞാൻ വിവരാവകാശപ്രകാരം രേഖകൾ ചോദിച്ചു. പക്ഷെ ബില്ലും വൗച്ചറും കളഞ്ഞു പോയി എന്ന മറുപടിയാണ് വന്നത്. 500 പേജിനും മുകളിലുള്ള ബില്ലും വൗച്ചറുമാണ് കളഞ്ഞു പോയി എന്ന് പറയുന്നത്. ഇതോടെ വ്യവസായ വകുപ്പ് ഡയറക്ടർ ടി.ഒ.സൂരജിന് പരാതി നൽകി. ഇതിൽ അന്വേഷണം വന്നു. പക്ഷെ നടപടി വന്നില്ല.

ഇതോടെ മിൽനി ഫെർണാണ്ടസ് എന്ന ഇതിൽ തന്നെയുള്ള അംഗം എറണാകുളം സിജെഎംകോടതിയിൽ പരാതി നൽകി. ഇതോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തത്. 27 ലക്ഷം രൂപയുടെ പ്രത്യക്ഷ അഴിമതി എന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇത് പ്രകാരം വികെസി ഒന്നാം പ്രതിയായാണ് ചാർജ് ഷീറ്റ് ആണ്, സിജെഎം കോടതി നൽകിയത്. ഞാനും സൂരജും അടക്കമുള്ളവർ എല്ലാം ഈ കേസിൽ സാക്ഷികളാണ്. കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ ഈ കേസ് റദ്ദ് ചെയ്യാൻ വികെസി മമ്മദ് കോയ അടക്കമുള്ള പ്രതികൾ ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി അത് തള്ളി. ഇപ്പോൾ അഡിഷണൽ സിജെഎം കോടതിയിൽ വാദം നടന്നു കൊണ്ടിരിക്കെയാണ് പതിനാലാം തീയതി കേസ് പിൻവലിക്കുന്നതായി സർക്കാർ കത്ത് കോടതിയിൽ ഹാജരാക്കപ്പെട്ടത്. ഇടത് എംഎൽഎയെ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ ഇടത് സർക്കാർ സഹായഹസ്തം നീട്ടിയിരിക്കുകയാണ്.

അത്തരമൊരു സഹായഹസ്തമാണ് ഇടത് സർക്കാരിൽ നിന്നും നീണ്ടു വന്നിരിക്കുന്നത്. പതിനാലിന് ഈ കേസിൽ പ്രതിഭാഗം വക്കീലും പ്രതികളും ഹാജരായില്ല. പക്ഷെ ഒരു കത്ത് കോടതിയിൽ വന്നു. സർക്കാർ കേസ് പിൻവലിച്ചിരിക്കുന്നു എന്നാണ് കത്തിലുള്ളത്. ജഡ്ജി എപിപിയോട് ചോദിച്ചു, നിങ്ങൾക്ക് ഈ കാര്യത്തെക്കുറിച്ച് അറിയാമോ എന്ന്. ഇല്ലാ എന്നായിരുന്നു എപിപിയുടെ മറുപടി. ഇതോടെ കോടതി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു. ഇനി തുടർ നടപടികൾ നടക്കാനിരിക്കുകയാണ്-സുബൈർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP