Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിന് കീഴിലാക്കാൻ പ്രസ്ഥാനം തുടങ്ങി; ഐസിസ് എന്ന ഇസ്ലാമിക ഭീകര സംഘടനയിൽ പ്രവർത്തിച്ചത് കേരളം മുതൽ ബ്രിട്ടൻ വരെയുള്ളിടങ്ങളിൽ പെൺകുട്ടികളടങ്ങിയ യുവത്വം; ഒടുവിൽ അമേരിക്കയുടെ പിടിയിലാകുന്നതിന് തൊട്ട് മുമ്പ് പൊട്ടിത്തെറിച്ചു; അബൂബേക്കർ അൽ ബാഗ്ദാദിയെ തീർത്ത അമേരിക്കയുടെ ഓപ്പറേഷൻ ഒബ്ളിട്രേഷൻ നടന്നത് ഇങ്ങനെ

ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിന് കീഴിലാക്കാൻ പ്രസ്ഥാനം തുടങ്ങി; ഐസിസ് എന്ന ഇസ്ലാമിക ഭീകര സംഘടനയിൽ പ്രവർത്തിച്ചത് കേരളം മുതൽ ബ്രിട്ടൻ വരെയുള്ളിടങ്ങളിൽ പെൺകുട്ടികളടങ്ങിയ യുവത്വം; ഒടുവിൽ അമേരിക്കയുടെ പിടിയിലാകുന്നതിന് തൊട്ട് മുമ്പ് പൊട്ടിത്തെറിച്ചു; അബൂബേക്കർ അൽ ബാഗ്ദാദിയെ തീർത്ത അമേരിക്കയുടെ ഓപ്പറേഷൻ ഒബ്ളിട്രേഷൻ നടന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: റഷ്യൻ സഹകരണത്തെ 'ഗ്രേറ്റ്' എന്നു വിശേഷിപ്പിച്ച ഇറാഖ് ഇന്റലിജൻസിനെ 'എക്‌സലന്റ്' എന്നാണു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുമ്പോൾ അവസാനിക്കുന്നത് ഇസ്ലാമിക ഭരണത്തിന് കീഴിൽ ലോകത്തെ മുഴുവൻ കൊണ്ടു വരാൻ ആഗോളതലത്തിൽ ഭീകര പ്രസ്ഥാനം കെട്ടിപ്പെടുത്ത തീവ്രവാദിയാണ്. സിറിയയിൽ യു.എസിന്റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. സൈനിക നീക്കത്തിനിടെ അബൂബക്കർ അൽ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം മൂന്നുകുട്ടികളും മരിച്ചതായി ട്രംപ് പറഞ്ഞു. എല്ലാം ടിവിയിൽ സിനിമ കാണുന്നത് പോലും തത്സമയം ട്രംപ് കാണുകയും ചെയ്തു. ഓപ്പറേഷൻ ഒബ്‌ളിട്രേഷൻ എന്നായിരുന്നു ഓപ്പറേഷന് നൽകിയ പേര്. ഇത് വിജയമാകുമ്പോൾ അവസാനിക്കുന്നത് ബാഗ്ദാദി എന്ന ഭീകരനും.

കഴിഞ്ഞ അഞ്ച് വർഷമായി ബാഗ്ദാദി ഒളിവിൽ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐസിസിന്റെ നേതാവാകുന്നത്. പിന്നീട് അൽഖായിദ സംഘടനയിൽ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ബഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ ദേഹത്തു സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുൻപ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് അവസാനമിറങ്ങിയതും ബഗ്ദാദിയായിരുന്നു. കൊല്ലപ്പെട്ട ശേഷം അവിടെവച്ചു തന്നെയായിരുന്നു ഡിഎൻഎ പരിശോധന. 15 മിനിറ്റിനകം ഫലം ലഭിച്ചെന്നും ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ചയോളം പദ്ധതിയിട്ടതിനു ശേഷമായിരുന്നു ലോകം കണ്ട ഏറ്റവും ഭീകരന്മാരിലൊരാളായ ബഗ്ദാദിയെ യുഎസ് ഇല്ലാതാക്കിയത്.

സിറിയതുർക്കി അതിർത്തി ഇദ്ലിബിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. സിറിയക്കു വിട്ടുകൊടുക്കാതെ ഐസിസ് കയ്യടക്കി വച്ചിരുന്ന പ്രദേശങ്ങളിലൊന്നായിരുന്നു ഇദ്ലിബ്. ഇവിടെ കുടുംബത്തോടെയായിരുന്നു ബഗ്ദാദിയുടെ ജീവിതം. പ്രദേശത്ത് യുഎസിന്റെ ഡെൽറ്റ ഫോഴ്‌സ് സംഘം ഹെലികോപ്ടറുകളിലെത്തി താഴേക്ക് ഇറങ്ങുകയായിരുന്നു. ആദ്യം കെട്ടിടത്തിനു നേരെ തുടർച്ചയായി വെടിയുതിർത്തു. ഹെലികോപ്ടറുകൾ അടുത്തെത്തിയതോടെ താഴെ നിന്നു വെടിവയ്പുണ്ടായിരുന്നു. എന്നാൽ നാടൻ തോക്കു കൊണ്ടായിരുന്നു വെടിവയ്പ്. തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾക്കൊപ്പം ബഗ്ദാദിയുടെ താവളം ലക്ഷ്യമാക്കി കമാൻഡോസ് കുതിച്ചു. ഇതിനിടയിൽ ഒരു തുരങ്കത്തിലേക്ക് മൂന്നു കുട്ടികളുമായി കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും നായ്ക്കൾ പിടികൂടിയിരുന്നു. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു.

അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോഹങ്ങൾ ശരിവെക്കുന്നതരത്തിൽ നേരത്തെ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരുവലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. റഷ്യയും ഇറാഖും അമേരിക്കയ്ക്ക് എല്ലാ പിന്തുണും നൽകി. ഇതാണ് ഏറ്റവും നിർണ്ണായകം. അങ്ങനെ ഐസിസിന്റെ എല്ലാമെല്ലാമായിരുന്ന ബാഗ്ദാദി അവസാനിക്കുകയാണ്. തീവ്രവാദത്തിന് ആഗോള മുഖം നൽകിയ മറ്റൊരു ഭീകരൻ. ഭീകരതയ്‌ക്കെതിരെ ഒരുമിക്കണമെന്ന ആഹ്വാനം ഏറ്റെടുത്ത് അമേരിക്കയ്ക്ക് റഷ്യയും പിന്തുണ നൽകി. അൽഖൈയ്ദാ നേതാവ് ഉസാമാ ബിൻലാദനെ വകവരുത്തിയതിന് ശേഷമുള്ള അമേരിക്കയുടെ ഏറ്റവും വലിയ സൈനിക വിജയം. കേരളത്തിൽ നിന്ന് പോലും തീവ്രവാദികളെ സൃഷ്ടിച്ച തീവ്രവാദ ബുദ്ധിയായിരുന്നു ഐസിസിന്റെ കരുത്ത്. ഇതിന് പിന്നിലെ ചാലക ശക്തിയാണ് സ്വയം പൊട്ടിത്തെറിക്കുന്നത്. അതുകൊണ്ട് തന്നെ ഐസിസ് ഭീകര സംഘടന തന്നെ ഇനി പ്രതിസന്ധിയിലാകും.

ലോകത്തെ വിറപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണം പേടിച്ചു കരഞ്ഞ് ഒരു ഭീരുവിനെപ്പോലെയായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ഭീകരതയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളയാളെ ശനിയാഴ്ച രാത്രി യുഎസ് ഇല്ലാതാക്കിയിരിക്കുന്നു. ലോകത്തെ ഏറ്റവും ക്രൂരമായ ഭീകര സംഘടനയായ ഐഎസിന്റെ സ്ഥാപക തലവനു വേണ്ടി യുഎസ് വർഷങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നു. ഇയാളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുകയെന്നതായിരുന്നു ഭരണകൂടത്തിന്റെ പരമമായ ലക്ഷ്യം. ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാൾ പേടിച്ചു വിറച്ച് ഓടുകയായിരുന്നു' വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

അതീവ രഹസ്യമായിരുന്നു ഓപ്പറേഷൻ. അമേരിക്കൻ കമാണ്ടോ ആക്രമണം കണ്ട് കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടിയവരുടെ കൂട്ടത്തിൽ ബഗ്ദാദി മാത്രമാണ് തുരങ്കത്തിലേക്ക് കടന്നത്. വെടിയേൽക്കാതിരിക്കാനുള്ള 'മറയായാണ്' കുട്ടികളെയും വലിച്ച് ഒപ്പം കൂട്ടിയത്. പിടിക്കപ്പെടുമെന്നുറപ്പായതോടെ സ്വയം പൊട്ടിത്തെറിച്ചു. മൂന്നു കുഞ്ഞുങ്ങളെയും ചേർത്തു നിർത്തിയായിരുന്നു ഇയാൾ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ മൃതദേഹങ്ങൾ ചിതറിത്തെറിച്ചു. തുരങ്കം ഇടിഞ്ഞു ദേഹത്തേക്കു വീഴുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന 11 കുട്ടികളെ ആദ്യമേ തന്നെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. പോരാട്ടത്തിനൊടുവിൽ അവിടെ നിന്നു പോകുമ്പോൾ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളും ലഭ്യമായതായി ട്രംപ് പറഞ്ഞു.

കെ9 നായ്ക്കളിലൊന്നിനു പരുക്കേറ്റെങ്കിലും യുഎസിന്റെ ഭാഗത്ത് ആൾനാശമില്ല. 'ഗ്രാൻഡ് സ്‌റ്റൈലിൽ' ഒരു സിനിമ പോലെയായിരുന്നു ബഗ്ദാദിയെ വേട്ടയാടി കൊലപ്പെടുത്തിയതെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ഒരു നായയെ പോലെ, ഒരു ഭീരുവിനെപ്പോലെയാണ് അയാൾ മരിച്ചത്. ഇന്നു ലോകം ജീവിക്കാൻ കൂടുതൽ സുരക്ഷിതമായിരിക്കുന്നു..' ട്രംപ് കൂട്ടിച്ചേർത്തു. റഷ്യ, തുർക്കി, സിറിയ, ഇറാഖ് എന്നിവയ്‌ക്കൊപ്പം സിറിയൻ കുർദുകൾക്കും ട്രംപ് നന്ദി പറഞ്ഞു. റഷ്യയുടെ കീഴിലുള്ള ചില സിറിയൻ മേഖലയിലൂടെയായിരുന്നു ഹെലികോപ്ടർ യാത്രയെന്നതും സഹായകരമായി. മേഖലയിലെ ഏറ്റവും അപകടം പിടിച്ച വ്യോമപാതകളിലൊന്നിലൂടെയായിരുന്നു യുഎസ് കമാൻഡോസിന്റെ യാത്ര. അതും വളരെ താഴ്ന്നായിരുന്നു പറന്നത്, അതിവേഗത്തിലും. എല്ലാ രാജ്യങ്ങളും ചേർന്നുള്ള മികച്ച സഹകരണമാണ് ബഗ്ദാദിയുടെ മരണത്തിലേക്കു നയിച്ചതെന്നും ട്രംപ് പറഞ്ഞു.

ഹയാത്ത് തഹ്‌രിൽ അൽഷാം എന്ന വിഭാഗത്തിനു കീഴിലായിരുന്നു ഇദ്ലിബ്. ഇവരാകട്ടെ ഐഎസിന്റെ എതിരാളികളും. ഐഎസിൽ ചേരുന്നവരെ തിരഞ്ഞുപിടിച്ച് വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു ഈ സംഘം. ഇവരുടെ സഹായവും ബഗ്ദാദിയെ തിരയാൻ യുഎസ് തേടി. ഇതോടൊപ്പം അമേരിക്കൻ ഇന്റലിജൻസും സ്‌പെഷൽ ഡെൽറ്റ ഫോഴ്‌സും ചേർന്നു. രണ്ടാഴ്ച മുൻപു തന്നെ ഇതിനു വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു. ബഗ്ദാദിയുടെ താവളം സ്ഥിരീകരിച്ചു നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കിടെ 23 തവണ ഇയാളെ പിടികൂടാനായി പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പദ്ധതി മാറ്റുകയായിരുന്നു. ട്രംപിനും അടുത്ത ഉദ്യോഗസ്ഥർക്കും സൈനിക മേധാവികൾക്കും മാത്രമേ ഇതിനെപ്പറ്റി അറിവുണ്ടായിരുന്നുള്ളൂ. ആക്രമണത്തിൽ ബഗ്ദാദിയുടെ എത്ര അനുയായികൾ കൊല്ലപ്പെട്ടുവെന്ന വിവരം വരുംനാളുകളിൽ വ്യക്തമാകും. ഇദ്ലിബിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ഇറാഖ് ദേശീയ ടെലിവിഷനും വാർത്താ ഏജൻസികളും പുറത്തുവിടുന്നുണ്ട്.

ഐഎസിന്റെ കീഴിലുള്ള 100 ശതമാനം പ്രദേശങ്ങളും ഇതോടെ തന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇല്ലാതാക്കിയെന്നും ട്രംപ് പറഞ്ഞു. അധമനായ, ആക്രമണകാരിയായ ഭീകരനായിരുന്നു ബഗ്ദാദി. അതേ രീതിയിൽത്തന്നെയാണ് അയാൾ കൊല്ലപ്പെട്ടതും. എന്നാൽ ബഗ്ദാദിയെ പിടികൂടാൻ വേണ്ടിയല്ല സിറിയയിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിച്ചതെന്നും ട്രംപ് വ്യക്തമാക്കി. സിനിമ കാണുന്നതു പോലെ 'വ്യക്തമായി' ആക്രമണം തൽസമയം കാണുകയും ചെയ്തു. എന്നാൽ ഇതെങ്ങനെ സാധിച്ചെന്ന ചോദ്യത്തിന് ട്രംപ് മറുപടി നൽകിയില്ല. കഴിഞ്ഞയാഴ്ച തന്നെ ആക്രമണത്തിനുള്ള സമ്മതം ട്രംപ് നൽകിയിരുന്നതായി പ്രതിരോധ സെക്രട്ടറി പറഞ്ഞു.

ബഗ്ദാദിയെ ജീവനോടെ പിടിക്കാനായില്ലെങ്കിൽ കൊലപ്പെടുത്താനായിരുന്നു നിർദ്ദേശം. ബഗ്ദാദി താമസിച്ചിരുന്ന കെട്ടിടം വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ കുട്ടികളുമായി ഇറങ്ങി ഓടുകയായിരുന്നു.-ട്രംപ് വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP