Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പറയാതിരിക്കാനാകില്ല, ഷെയിം ബൽറാം.. നിങ്ങൾ ഇനിയും പക്വത നേടിയിട്ടില്ല; വാളയാർ വിഷയത്തിൽ ബാലനെ വിമർശിച്ച് മുഖ്യമന്ത്രിയെ തലോടിയ കെ ജെ ജേക്കബിന്റെ പോസ്റ്റിനെ വിമർശിച്ച ബൽറാമിനെതിരെ ഹരീഷ് വാസുദേവൻ; വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എംഎൽഎയുടെ മൂഡെന്ന് വിമർശനം

പറയാതിരിക്കാനാകില്ല, ഷെയിം ബൽറാം.. നിങ്ങൾ ഇനിയും പക്വത നേടിയിട്ടില്ല; വാളയാർ വിഷയത്തിൽ ബാലനെ വിമർശിച്ച് മുഖ്യമന്ത്രിയെ തലോടിയ കെ ജെ ജേക്കബിന്റെ പോസ്റ്റിനെ വിമർശിച്ച ബൽറാമിനെതിരെ ഹരീഷ് വാസുദേവൻ; വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എംഎൽഎയുടെ മൂഡെന്ന് വിമർശനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വാളയാറിൽ രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതേ വിട്ട സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. കേസ് അന്വേഷിച്ച പൊലീസുകാർക്കൊപ്പം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും പട്ടികക്ഷേമ വകുപ്പ് ചുമതലുള്ള മന്ത്രി എകെ ബാലനും സോഷ്യൽ മീഡിയയിൽ രൂക്ഷമായി വിമർശിക്കപ്പെട്ടു. തുടർന്ന് കേസിന് അപ്പീൽ പോകാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ്. ഇതിനിടെ കേസിൽ സോഷ്യൽ മീഡിയാ പോസ്റ്റുകളുടെ പേരിൽ വിടി ബൽറാമിനെതിരെ ആരോപണവുമായി അഡ്വ. ഹരീഷ് വാസുദേവൻ രംഗത്തെത്തി.

ബൽറാം ഇനിയും പക്വത നേടിയിട്ടില്ലെന്നും വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എംഎ‍ൽഎയുടെ മൂഡെന്നും ഹരീഷ് പരിഹസിച്ചു. വാളയാർ കേസിൽ മന്ത്രി എ.കെ ബാലനെതിരെ വിമർശനം ഉന്നയിച്ച് മാധ്യമപ്രവർത്തകനായ കെ.ജെ ജേക്കബിനെ വിമർശിച്ചായിരുന്നു ബൽറാമിന്റെ പോസ്റ്റ്. പൊലീസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ധൈര്യപ്പെടാതെ സൈബർ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്കു മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന നിഷ്പക്ഷ മാധ്യമ പ്രവർത്തകരോട് 'നിങ്ങൾക്ക് ഇതുതന്നെയാണോ പണി' എന്നായിരുന്നു ബൽറാമിന്റെ ചോദ്യം.

ഇതിന്റെ മറുപടിയായാണ് 'ബൽറാമിന്റെ നിലവാരം' എന്ന തലക്കെട്ടിൽ ഹരീഷ് പോസ്റ്റിട്ടത്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമിതിയിലെ അംഗമാണ് ബൽറാമെന്ന് ഹരീഷ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. വാളയാർ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും എംഎ‍ൽഎ ഇക്കാര്യത്തിൽ ഒരുവരി പ്രതികരണം പോലും എഴുതിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'പ്രതിപക്ഷത്തെ നാം ഏൽപ്പിച്ച പണി മാധ്യമപ്രവർത്തകർ നമുക്കുവേണ്ടി ചെയ്ത് റിസൾട്ട് ഉണ്ടാക്കുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്, അതിലുപരി ന്യായീകരണത്തിലാണ്.'- അദ്ദേഹം പറഞ്ഞു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ബൽറാമിന്റെ നിലവാരം

പ്രതിപക്ഷത്തുള്ള യുവ എംഎ‍ൽഎയാണ് ശ്രീ. വി.ടി ബൽറാം. ഫേസ്‌ബുക്കിലെ താരം. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിന്റെ പ്രതിനിധി. യൂത്ത് കോൺഗ്രസ് നേതാവ്. സർവ്വോപരി, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമിതിയിലെ അംഗം. പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിലെ വാളയാറിൽ 2 ദളിത് പെൺകുട്ടികളെ റേപ്പ് ചെയ്തു കൊന്ന പോക്സോ കേസിലെ പ്രതികളെ കോടതി വെറുതേ വിട്ട വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് ഏതാണ്ട് 24 മണിക്കൂറായി.

അതേപ്പറ്റി ഈ യുവതുർക്കി ഒരുവരി പ്രതികരണം ഇതുവരെ എഴുതിയിട്ടില്ല. ആഭ്യന്തരവകുപ്പിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല (മന്ത്രിയുടെ പ്രതികരണം വരുന്നത് വരെ പ്രതിപക്ഷ നേതാവ് പോലും ഒരുവരി പ്രതികരണം പറഞ്ഞിട്ടില്ല) ഇന്നീ വാർത്ത ഒന്നാം പേജിൽ പ്രാധാന്യത്തോടെ കൊടുത്ത ഒരേയൊരുപത്രം ഡെക്കാൻ ക്രോണിക്കിൾ ആണ്. അതിന്റെ റസിഡന്റ് എഡിറ്റർ ശ്രീ. കെ.എ ജേക്കബിന്റെ ഒരു എഫ്.ബി പോസ്റ്റ് ഇന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തതോടെയാണ് നിയമമന്ത്രി ശ്രീ. എ.കെ ബാലനെങ്കിലും ഇക്കാര്യത്തിൽ ഒരു പ്രതികരണം നൽകേണ്ടി വന്നത്.

പോസ്റ്റ് ആഭ്യന്തര വകുപ്പിനെതിരെ ആണ്, ചോദ്യം ആ ജില്ലയുടെ ചാർജുള്ള മന്ത്രിയോടും. ഒട്ടും വൈകാതെ ചോദ്യം മന്ത്രി കേട്ടു. അനുകൂലമായി പ്രതികരിച്ചു. അപ്പീൽ നൽകും, സർക്കാർ ഇടപെടും, അന്വേഷണത്തിൽ വീഴ്ച വരുത്തിയെങ്കിൽ കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കും എന്നൊക്കെ പൊതുസമൂഹത്തോട് മന്ത്രി ശ്രീ. ബാലന് പറയേണ്ടി വന്നത്.

കെ.എ ജേക്കബ് ഉയർത്തിയ പ്രശ്നത്തിനുള്ള ആദ്യ ഇംപാക്ട് ആണ്. അതായത് പ്രതിപക്ഷത്തെ നാം ഏൽപ്പിച്ച പണി മാധ്യമപ്രവർത്തകർ നമുക്കുവേണ്ടി ചെയ്ത് റിസൾട്ട് ഉണ്ടാക്കുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്, അതിലുപരി ന്യായീകരണത്തിലാണ്. ആ കെ.ജെ ജേക്കബിന്റെ പോസ്റ്റിനെ ട്രോളാനാണ് വി.ടി ബൽറാം ആകെ ഈ വിഷയത്തിൽ പ്രതികരിച്ചത്. അപ്പോഴും ആ വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എംഎ‍ൽഎയുടെ മൂഡ്. ക്രിമിനൽ അന്വേഷണം പൊലീസിന്റെ പണിയല്ലെന്നും, എംഎ‍ൽഎമാരുടെ പണിയല്ലെന്നും, എ.കെ ബാലൻ നിരപരാധിയാണെന്നുമാണ് പോസ്റ്റിന്റെ സാരം. വർഗ്ഗബോധം.

ഇന്നാട്ടിലെ എംഎ‍ൽഎമാരെ, അവരുടെ സ്റ്റാഫുകളെ, ഓഫീസിനെ പ്രതിമാസം ലക്ഷങ്ങൾ ചെലവിട്ടു ജനം പരിപാലിക്കുന്നത് അവരുടെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ നിയമസഭയുടെ അധികാരമുപയോഗിച്ച് ഇടപെടാനാണ്. എക്സിക്യൂട്ടീവിനെ അക്കൗണ്ടബിൾ ആക്കാൻ കഴിവുള്ള നിയമസഭയിൽ അംഗമായിരിക്കുന്ന ഓരോ എംഎ‍ൽഎക്കും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും, സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും, പരിഹാരം നേടിക്കൊടുക്കാനുമുള്ള ബാധ്യതയുണ്ട്.

കേരളം മുൻപ് കണ്ടിട്ടില്ലാത്തവിധം ക്രൂരമായ ഒരു പീഡനക്കേസിലെ പ്രതികളും അവരെ രക്ഷപ്പെടാൻ അനുവദിച്ച പൊലീസ് എമാന്മാരും തന്റെ ജില്ലയിൽ കറങ്ങി നടക്കുന്നത് ഒരു വലിയ പ്രശ്നമായി തോന്നാത്ത എംഎ‍ൽഎ തന്റെ ഊർജ്ജം ചെലവാക്കിയത്, ആ വാർത്ത സജീവ ജനശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരം ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ട്രോളാനാണ് .

പറയാതിരിക്കാനാകില്ല, ഷെയിം ബൽറാം ഷെയിം. നിങ്ങൾ ഇനിയും പക്വത നേടിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP