Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരുതൽ ധനം കേന്ദ്രത്തിന് കൊടുത്ത് റിസർവ് ബാങ്കും പ്രതിസന്ധിയിലായോ? നാലുമാസത്തിനിടെ ആർബിഐ വിറ്റഴിച്ചത് 1.15 ബില്യൻ ഡോളറിന്റെ കരുതൽ സ്വർണം; വിവരം പുറത്തുവരുന്നത് കേന്ദ്രത്തിന് കരുതൽ ധനത്തിൽ നിന്നും റിസർവ് ബാങ്ക് 1.76 ലക്ഷം കോടി കൈമാറിയതിനു പിന്നാലെ; പണം കൈപ്പറ്റിയതിന് പിന്നാലെ മോദി സർക്കാർ കോർപറേറ്റുകൾക്ക് നല്കിയ നികുതി ഇളവ് 1.45 ലക്ഷം കോടിയുടേത്

കരുതൽ ധനം കേന്ദ്രത്തിന് കൊടുത്ത് റിസർവ് ബാങ്കും പ്രതിസന്ധിയിലായോ? നാലുമാസത്തിനിടെ ആർബിഐ വിറ്റഴിച്ചത് 1.15 ബില്യൻ ഡോളറിന്റെ കരുതൽ സ്വർണം; വിവരം പുറത്തുവരുന്നത് കേന്ദ്രത്തിന് കരുതൽ ധനത്തിൽ നിന്നും റിസർവ് ബാങ്ക് 1.76 ലക്ഷം കോടി കൈമാറിയതിനു പിന്നാലെ; പണം കൈപ്പറ്റിയതിന് പിന്നാലെ മോദി സർക്കാർ കോർപറേറ്റുകൾക്ക് നല്കിയ നികുതി ഇളവ് 1.45 ലക്ഷം കോടിയുടേത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്നും നല്ലൊരു പങ്ക് കേന്ദ്രസർക്കാറിന് നൽകിയപ്പോൾ ആർബിഐയും പ്രതിസന്ധിയിൽ ആയോ? ഈ സാമ്പത്തിക വർഷം നാലുമാസം കൊണ്ടു മാത്രം റിസർവ് ബാങ്ക് വിറ്റത് 1.15 ബില്യൺ ഡോളറിന്റെ  കരുതൽ സ്വർണമാണെന്ന വിവരം പുറത്തുവരുമ്പോൾ അതിനെ ചൊല്ലി വിവാദം മുറുകുകയാണ്. കഴിഞ്ഞ വർഷം ജൂലൈ-ഒക്ടോബർ കാലയളവിലെ കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ വിറ്റത് രണ്ട് ബില്യൺ ഡോളറിന്റെ  സ്വർണമാണ്. ജൂലൈ-ജൂൺ കാലയളവാണ് റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം.

ബിമൽ ജലാൻ കമ്മിറ്റി ശുപാർശ പ്രകാരം 1.76 ലക്ഷം കോടി രൂപ സർക്കാരിനു കൈമാറാൻ തയ്യാറായതാണു സ്വർണം വിൽക്കാൻ കാരണമായത്. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം രാജ്യത്തിന്റെ ഫോറെക്സ് റിസർവിലുള്ളത് 26.8 ബില്യൺ ഡോളറിന്റെ സ്വർണമാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 1991-ൽ 67 ടൺ സ്വർണം റിസർവ് ബാങ്ക് യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും പണയം വെച്ചിരുന്നു. വിദേശനാണ്യ കരുതൽ ശേഖരത്തിൽ വന്ന വൻ ഇടിവ് മറികടക്കാനായിരുന്നു അന്നത്തെ പണയം.

ഈ നടപടി അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. അതിനുശേഷം ഇപ്പോഴാണ് സ്വർണം വിൽക്കുന്നത്. ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകളെല്ലാം കരുതൽ ധനശേഖരത്തിന്റെ ഒരുഭാഗം സ്വർണമായിത്തന്നെ സൂക്ഷിക്കാറുണ്ട്. ഇതിനിടെ, കരുതൽ സ്വർണശേഖരത്തിന്റെ മൂല്യനിർണയം മാസത്തിൽ ഒരിക്കൽ എന്ന കീഴ്‌വഴക്കം മാറ്റാനുള്ള ശ്രമവും റിസർവ് ബാങ്കിൽ നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

അച്ചടിക്കുന്ന കറൻസിയുടെ മൂല്യം ഉറപ്പാക്കാൻ ആനുപാതികമായി ആർബിഐ സ്വർണശേഖരം സൂക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കറൻസിക്ക് മൂല്യം കുറയും. ആഗോളധനപ്രതിസന്ധി ഘട്ടമുണ്ടായാൽ നേരിടാനും കരുതൽശേഖരം അനിവാര്യമാണ്. ആഗോളമാന്ദ്യം ശക്തിപ്രാപിക്കെ കരുതൽശേഖരം ദുർബലപ്പെടുത്തരുതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കരുതൽശേഖരം കുറയ്ക്കണമെന്ന് ബിമൽ ജലാൻ കമ്മിറ്റി റിപ്പോർട്ട് ശുപാർശ വിവാദമായിരുന്നു. കേന്ദ്രസർക്കാരിന് കരുതൽ ധനത്തിൽ നിന്നും റിസർവ് ബാങ്ക് 1.76 ലക്ഷം കോടി കൈമാറിയതിനു പിന്നാലെയാണ് സ്വർണവില്പന വാർത്ത പുറത്തുവരുന്നത്. റിസർവ് ബാങ്കിൽനിന്ന് 1.76 ലക്ഷം കോടി കൈക്കലാക്കിയ മോദിസർക്കാർ കോർപറേറ്റുകൾക്ക് 1.45 ലക്ഷം കോടിയുടെ നികുതിയിളവാണ് നൽകിയത്.

അതേസമയം കരുതൽ സ്വർണശേഖരം വിൽക്കാൻ തുടങ്ങിയതോടെ മോദി സർക്കാർ പാപ്പരാവുകയാണോ എന്ന സംശയം ഉയരുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പ്രതികരിച്ചു. ധൂർത്തിനും അസത്യങ്ങൾ പ്രചരിപ്പിക്കാനുള്ള ചെലവിനുംവേണ്ടി ജനങ്ങളുടെ സ്വത്ത് വിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വാർത്ത പുറത്തുവന്നതിന് പിന്നാലെ ആർബിഐ ഏതെങ്കിലും സ്വർണം വിൽക്കുകയോ വ്യാപാരത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ട്വിറ്ററിൽ കുറിച്ചു. രാജ്യാന്തര വിപണിയിലെ സ്വർണ വിലയുടെ അടിസ്ഥാനത്തിലാണ് കരുതൽ ശേഖരത്തിന്റെ മൂല്യത്തിൽ ഏറ്റകുറച്ചിൽ ഉണ്ടായത്. സ്വർണശേഖരത്തിന്റെ പുനർമൂല്യനിർണയം മാസത്തിൽ നിന്ന് ആഴ്ചയിലേക്ക് മാറ്റിയതാണ് ഈ ഏറ്റക്കുറച്ചിലിന് കാരണമെന്നും ആർബിഐയുടെ ട്വീറ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP