Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റും; എല്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും മാറ്റാൻ എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം; സമ്പൂർണ അഴിച്ചുപണിക്ക് ഒരുങ്ങുന്നത് ഗ്രൂപ്പുകളിയുടെ ഭാഗമായി തന്നെ; രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾപ്പെടെ മാറണമെന്നായിരുന്നു നേരത്തെയുള്ള ധാരണയെന്ന് നേതാക്കൾ; കൊച്ചി നഗരത്തിലെ വെള്ളപ്പൊക്കവും ടി ജെ വിനോദിന്റെ ഭൂരിപക്ഷ കുറവും ചൂണ്ടിക്കാട്ടി ഗ്രൂപ്പുകളിച്ച് കോൺഗ്രസ് പടിയിറക്കിവിടാൻ ഒരുങ്ങുന്നത് ജില്ലാ കോൺഗ്രസിലെ ശ്രദ്ധേയമായ വനിതാ മുഖത്തെ

കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റും; എല്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും മാറ്റാൻ എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം; സമ്പൂർണ അഴിച്ചുപണിക്ക് ഒരുങ്ങുന്നത് ഗ്രൂപ്പുകളിയുടെ ഭാഗമായി തന്നെ; രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾപ്പെടെ മാറണമെന്നായിരുന്നു നേരത്തെയുള്ള ധാരണയെന്ന് നേതാക്കൾ; കൊച്ചി നഗരത്തിലെ വെള്ളപ്പൊക്കവും ടി ജെ വിനോദിന്റെ ഭൂരിപക്ഷ കുറവും ചൂണ്ടിക്കാട്ടി ഗ്രൂപ്പുകളിച്ച് കോൺഗ്രസ് പടിയിറക്കിവിടാൻ ഒരുങ്ങുന്നത് ജില്ലാ കോൺഗ്രസിലെ ശ്രദ്ധേയമായ വനിതാ മുഖത്തെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിനിന് മാറ്റാൻ കോൺഗ്രസിനുള്ളിൽ എ, ഐ ഗ്രൂപ്പുകളുടെ ധാരണ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പു വകവെക്കാതെയാണ് ഗ്രൂപ്പുമാനേജർമാർ സൗമിനി ജെയിനിനെ മാറ്റാൻ ഒരുങ്ങുന്നത്. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നെടുത്ത തീരുമാനം കെ പി സി സി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിക്കും. നഗരസഭ ഭരണത്തിൽ അഴിച്ചു പണി നടത്താനും ജില്ലാ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

മേയറെയും മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും മാറ്റാൻ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്നും കെ ബാബു പറഞ്ഞു. രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾപ്പടെ ഭരണസമിതി മൊത്തത്തിൽ മാറണമെന്ന് മുന്നേ തന്നെ ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് മേയറെ മാറ്റാൻ തീരുമാനിച്ചതെന്ന് കെ ബാബു വ്യക്തമാക്കി. കോർപ്പറേഷനിലെ ഭരണ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു. ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണം ഉപതെരഞ്ഞെടുപ്പ് ഫലമോ നഗരത്തിലെ വെള്ളക്കെട്ടോ അല്ല.

മേയർ എന്ന നിലയിൽ സൗമിനി നന്നായി പ്രവർത്തിച്ചു. നഗരസഭയുടെ വീഴ്ചകൾക്ക് മേയർക്ക് മാത്രമല്ല എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. പേരണ്ടൂർ കനാൽ ഉൾപ്പെടെയുള്ള വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നെന്നും എന്നാൽ സർക്കാരിനും വീഴ്ചപറ്റിയെന്ന് കെ വി തോമസ് കുറ്റപ്പെടുത്തി. മേയറെ മാറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഡിസിസി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാത്രി യോഗം ചേർന്നിരുന്നു. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വിജയം യുഡിഎഫിനൊപ്പമായിരുന്നെങ്കിലും ഫലം വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മേയറുടെ ഭരണവീഴ്‌ച്ചയ്‌ക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

ഭരണത്തിൽ പിടിപ്പുകേട് ഉണ്ടായെന്നും ജനവികാരം മനസിലാക്കാൻ കോർപ്പറേഷന് കഴിഞ്ഞില്ലെന്നും കുറ്റുപ്പെടുത്തി ഹൈബി ഈഡൻ എംപി രംഗത്തെത്തിയിരുന്നു. എന്നാൽ നേട്ടങ്ങൾ വരുമ്പോൾ മാത്രം സ്വന്തമാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഹൈബിക്കെതിരെ മേയർ തുറന്നടിച്ചിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കോർപ്പറേഷൻ നടത്തിയ പ്രവർത്തനങ്ങൾ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കാത്തതുകൊണ്ടാണ് ക്രഡിറ്റ് മറ്റുള്ളവർ കൊണ്ടുപോയതെന്നും മേയർ കുറ്റപ്പെടുത്തിയിരുന്നു.

കോർപറേഷൻ പരിധിയിലെ പ്രശ്‌നങ്ങളുടെ യഥാർഥ കാരണം കൃത്യമായി അറിയുന്നയാളാണ് ഹൈബി. ഇപ്പോഴത്തെ ഭാവമാറ്റത്തിന്റെ കാരണവും ഉദ്ദേശ്യവുമെന്താണെന്ന് മനസ്സിലാവുന്നില്ല. ഓരോ ജനപ്രതിനിധിക്കും പ്രതിസന്ധി ഘട്ടത്തിൽ ചില കർത്തവ്യമുണ്ട്. ഒന്നരമാസം മുമ്പ് റോഡ് അറ്റകുറ്റപ്പണി തുടങ്ങിവെച്ചെങ്കിലും അതു മുന്നോട്ടു പോവാതിരുന്നത് ജല അഥോറിറ്റി അമൃത് പദ്ധതി പ്രകാരം റോഡുകളിൽ പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി ഏറ്റെടുത്ത് റോഡുകൾ തിരിച്ചു നൽകാതിരുന്നതു മൂലമാണെന്നാണ് അവർ പറയുന്നത്.

ഇതേതുടർന്ന് മേയറെന്ന നിലക്ക് താൻ വാട്ടർ അഥോറിറ്റിക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നയാളാണ് ഹൈബി ഈഡൻ. വാട്ടർ അഥോറിറ്റിയുടെ പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയതാണ്. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ ഇ.ശ്രീധരന്റെ വിദഗ്ധാഭിപ്രായം തേടും. തന്റെ രാജിയുമായി ബന്ധപ്പെട്ട് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു സൗമിനിയുടെ പക്ഷം.

കൊച്ചിൻ കോർപ്പറേഷൻ മേയർ സ്ഥാനത്ത് നിന്നും സൗമിനി ജയിനെ മാറ്റാനുള്ള നീക്കത്തിനു പിന്നിൽ പദവി വീതം വയ്ക്കൽ മാത്രമല്ല, എ ഗ്രൂപ്പിൽ നിന്നു തന്നെയുള്ള ശക്തമായ എതിർപ്പുകളും കാരണമെന്നു സൂചന. 'എ'യ്‌ക്കൊപ്പം 'ഐ' ഗ്രൂപ്പും സൗമിനിക്കെതിരേ രംഗത്തു വന്നതോടെയാണ് മേയർ സ്ഥാനത്തു നിന്നും അവരെ മാറ്റാൻ തിടുക്കപ്പെട്ട് നീക്കങ്ങൾ നടന്നതെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം. അതേസമയം സൗനിമിക്ക് പകരക്കാരിയായി ഫോർട്ട് കൊച്ചി ഒന്നാം ഡിവഷനിൽ നിന്നുള്ള കൗൺസിലർ ഷൈനി മാത്യുവിനെയാണ് പരിഗണിക്കുന്നത്.

കോർപ്പറേഷനിലെ മുൻ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് സ്റ്റാൻഡിങ് കൗൺസിലർ എന്ന നിലയിൽ കഴിവ് തെളിയിച്ചൊരാളാണ് സൗമിനി. അവരുടെ പ്രവർത്തന മികവ് തന്നെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനും കാരണമായത്. മേയർ എന്ന നിലയിൽ സൗമിനി ജയിന്റെ ഇതുവരെയുള്ള പ്രകടനവും മികച്ചതാണ്. മുൻ മേയർ ടോണി ചമ്മണി അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങൾ അടക്കം ഉയർന്നിരുന്നു. എന്നാൽ, സൗമിനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഒന്നും തന്നെ ഉയർന്നിരുന്നില്ല. തെരഞ്ഞെടുപ്പു ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ മറവിലാണ് സൗമിനിക്കെതിരെ ഗ്രൂപ്പുകൾ ഒരുമിച്ചത്. അടുത്തകാലത്ത് കോൺഗ്രസിൽ നിന്നും വളർന്ന വനിതാ നേതാക്കളിൽ നിലപാടുള്ള സ്ത്രീ നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്.

കൗൺസിലിനുള്ളിലും മികച്ച പ്രവർത്തനാണ് സൗമിനിയുടെത്. വനിതകളായിട്ടുള്ള കൗൺസിലർമാരിൽ പലരും പുതുമുഖങ്ങളാണ്. മേയർ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്ന ഷൈനി മാത്യു കഴിഞ്ഞ നാലു വർഷത്തെ കൗൺസിൽ യോഗങ്ങളിൽ ആകെ എഴുന്നേറ്റ് നിന്ന് എന്തെങ്കിലും പറഞ്ഞിട്ടുള്ളത് മൂന്നു തവണയോ മറ്റോ ആണ്. അങ്ങനെയുള്ളവരെ മേയർ ആക്കിയാൽ ഫലം എന്തായിരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം മേയർ സ്ഥാനത്തു നിന്നു മാറാൻ കോൺഗ്രസ് നേതൃത്വം തന്നോട് ആവശ്യപ്പെടുകയാണെങ്കിൽ അനുസരിക്കുമെന്നാണ് സൗമിനി ജയിൻ നിലപാട് എടുത്തിരിക്കുന്നത്. രാജിവെക്കണമെന്ന വിവരം ഇവരെ നേതാക്കൾ അറിയിച്ചിട്ടില്ലെന്നും അറിയുന്നു.

എറണാകുളം ജില്ലയിൽ കോൺഗ്രസിന്റെ കൈവശമുള്ള രണ്ട് പ്രധാനപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കൊച്ചിൻ കോർപ്പറേഷനും ജില്ല പഞ്ചായത്തും. ഐ ഗ്രൂപ്പിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിന് മേയർ സ്ഥാനവുമായിരുന്നു പാർട്ടിയിലെ സമവാക്യം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്ന് ആശ സനലും ബോബി കുര്യാക്കോസും രംഗത്ത് വന്നപ്പോൾ ഇരുവർക്കും രണ്ടര വർഷം വീതം വീതിച്ചു നൽകാൻ തീരുമാനമാവുകയായിരുന്നു. ആശ സനൽ രണ്ടര വർഷം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ അവരെ മാറ്റി ബോബി കുര്യാക്കോസിനെ അടുത്ത രണ്ടര വർഷത്തക്ക് പ്രസിഡന്റാക്കി ഐ ഗ്രൂപ്പ് തീരുമാനം നടപ്പാക്കുകയും ചെയ്തു. ഇതേ രീതിയിൽ തന്നെയായിരുന്നു മേയർ സ്ഥാനത്തേക്കും രണ്ടര വർഷം വീതമുള്ള വീതം വയ്ക്കൽ തീരുമാനം വന്നത്. മുൻ മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയിൽ എറണാകുളത്ത് ചേർന്ന എ ഗ്രൂപ്പ് യോഗത്തിൽ ആദ്യത്തെ രണ്ടര വർഷക്കാലം ഷൈനി മാത്യുവിനെയും ബാക്കി രണ്ടര വർഷക്കാലം സൗമിനി ജയിനേയും മേയർ ആക്കാനുള്ള തീരുമാനം എടുത്തിരുന്നു.

എന്നാൽ അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരൻ മേയർ സ്ഥാനം വീതം വയ്ക്കലിനെതിരേ രംഗത്തു വരികയും സൗമിനിയെ മേയർ ആക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ലത്തീൻ സമുദായംഗമായ ഷൈനിക്കു വേണ്ടി സമുദായ സംഘടനകളും പ്രമുഖ നേതാക്കളും രംഗത്തു വന്നിരുന്നു. സുധീരന്റെ മേൽ കടുത്ത സമ്മർദ്ദവും ഇവർ നടത്തിയിരുന്നു. എന്നാൽ പുതുമുഖമായ ഷൈനിയെ അല്ല, പാർട്ടി പ്രവർത്തനത്തിൽ കഴിവ് തെളിയിച്ച സൗമിനിയെ മേയർ ആക്കണമെന്ന നിലപാടായിരുന്നു സുധീരന്. അന്ന് സുധീരനൊപ്പം എ ഗ്രൂപ്പിലെ കൗൺസിലർമാരും സൗമിനിയെ ആയിരുന്നു പിന്തുണച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP