Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂർണഗർഭിണിയായ സമയത്തുപോലും 'പൈപ്പിൽ വെള്ളമടിച്ചാൽ കറന്റ് ചാർജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്‌റൂമിൽ കുളിക്കാൻ സിലിയെ അനുവദിച്ചില്ല; ജോളി പുലിക്കയത്തെ വീട്ടിൽ നിത്യസന്ദർശകയായതു മുതൽ സിലിയെ മയക്കു മരുന്നിന് അടിമയാക്കാൻ ശ്രമം നടന്നു; 'നിന്റെ നാത്തൂന് ഭ്രാന്താണ്, അവളെ കൊണ്ടുപോയി ചികിത്സിക്കണം' എന്ന് സിലിയുടെ സഹോദര ഭാര്യ ജോലിചെയ്യുന്ന സ്‌കൂളിൽപ്പോയി പറഞ്ഞത് സഖറിയാസ്; ഷാജുവിന്റെ വീട്ടിൽ സിലി നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് ബന്ധുക്കൾ

പൂർണഗർഭിണിയായ സമയത്തുപോലും 'പൈപ്പിൽ വെള്ളമടിച്ചാൽ കറന്റ് ചാർജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്‌റൂമിൽ കുളിക്കാൻ സിലിയെ അനുവദിച്ചില്ല; ജോളി പുലിക്കയത്തെ വീട്ടിൽ നിത്യസന്ദർശകയായതു മുതൽ സിലിയെ മയക്കു മരുന്നിന് അടിമയാക്കാൻ ശ്രമം നടന്നു; 'നിന്റെ നാത്തൂന് ഭ്രാന്താണ്, അവളെ കൊണ്ടുപോയി ചികിത്സിക്കണം' എന്ന് സിലിയുടെ സഹോദര ഭാര്യ ജോലിചെയ്യുന്ന സ്‌കൂളിൽപ്പോയി പറഞ്ഞത് സഖറിയാസ്; ഷാജുവിന്റെ വീട്ടിൽ സിലി നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിൽ സിലി വധക്കേസിൽ ഷാജുവിന്റെ മാതാപിതാക്കൾക്കെതിരെ നിർണായക മൊഴിയുമായി സിലിയുടെ ബന്ധുക്കൾ രംഗത്തെത്തി. സിലി വധക്കേസിൽ ഷാജുവിലേക്കും അന്വേഷണം നീളവേയാണ് ബന്ധുക്കൾ ഷാജുവിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയത്. ഷാജുവിന്റെ വീട്ടിൽ ക്രൂരമായ മാനസികപീഡനമാണ് നേരിട്ടതെന്ന് വ്യക്തമാക്കികക്കൊണ്ടാണ് ബന്ധുക്കളും അയൽവാസികളും മൊഴി ൽകിയിരിക്കുന്നത്. സിലിയെ മനോരോഗിയായി ചിത്രീകരിക്കാൻ ഷാജുവിന്റെ കുടുംബവും ജോളിയും ശ്രമിച്ചെന്നാണ് സിലിയുടെ ഉറ്റബന്ധുക്കൾ അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തുന്നു.

പൂർണഗർഭിണിയായ സമയത്തുപോലും സിലിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണ്. 'പൈപ്പിൽ വെള്ളമടിച്ചാൽ കറന്റ് ചാർജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്‌റൂമിൽ കുളിക്കാൻ സിലിയെ അനുവദിച്ചിരുന്നില്ല. സിലിയുടെ ദുരൂഹമരണത്തിന് തൊട്ടുപിന്നാലെ ജോളിയെ പുലിക്കയത്തെ മരുമകളാക്കാൻ മുൻകൈയെടുത്തതും ഷാജുവിന്റെ മാതാപിതാക്കളാണെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

സിലിയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് പലപ്പോഴും ഷാജുവിന്റെ വീട്ടുകാർ ശ്രമിച്ചത്. സിലിയുടെ സഹോദരഭാര്യ ജോലിചെയ്യുന്ന സ്‌കൂളിൽപ്പോയി അവരെ വിളിച്ചിറക്കിയശേഷം 'നിന്റെ നാത്തൂന് ഭ്രാന്താണ്. അവളെ കൊണ്ടുപോയി ചികിത്സിക്കണം' എന്ന് ഒരിക്കൽ ഷാജുവിന്റെ പിതാവ് സഖറിയാസ് പറഞ്ഞതായി സിലിയുടെ ബന്ധു മൊഴിനൽകിയിട്ടുണ്ട്. ജോളി പുലിക്കയത്തെ വീട്ടുകാരുമായി അടുപ്പംതുടങ്ങിയ മുതൽക്ക് സിലിക്ക് ഭർതൃവീട്ടിൽ കടുത്ത അവഗണനയായിരുന്നു. ഭക്ഷണം പാകംചെയ്യുന്ന സിലിക്ക് വീട്ടുകാർക്ക് അത് വിളമ്പിനൽകാൻ അവകാശമുണ്ടായിരുന്നില്ല.

ജോളി പുലിക്കയത്തെ വീട്ടിൽ നിത്യസന്ദർശകയായതു മുതലാണ് ഇത്തരം ദുരവസ്ഥയിലേക്ക് സിലി എത്തിയത്. ഷാജുവിന്റെ മാതാപിതാക്കൾ മാനസികപീഡനത്തിന് വിധേയമാക്കിയതായും സിലിയെ മയക്കുമരുന്നിന് അടിമയാക്കാൻ ജോളി ശ്രമിച്ചിരുന്നതായുമാണ് സിലിയുടെ ബന്ധുക്കൾ മൊഴിനൽകിയിരിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന സിലിയെ അസുഖക്കാരിയായി ചിത്രീകരിച്ചശേഷം ഉള്ളിയേരിയിലെ ഒരു നാട്ടുവൈദ്യന്റെ പക്കൽനിന്ന് അരിഷ്ടം കൊണ്ടുനൽകിയത് ജോളിയാണ്. അരിഷ്ടത്തിൽ സയനൈഡ് ചേർത്ത് രണ്ടുതവണ വധിക്കാൻ ശ്രമിച്ചു.

രണ്ടാം തവണ അവശനിലയിലായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിലി നാലാം ദിവസമാണ് പൂർണബോധം വീണ്ടെടുത്തത്. സംശയംതോന്നിയ ഡോക്ടർ, സിലി കുടിച്ച അരിഷ്ടത്തിന്റെ ബാക്കി കൊണ്ടുവരാൻ ഷാജുവിന്റെ വീട്ടുകാരോട് പറഞ്ഞെങ്കിലും അതുവരെ സിലി കുടിച്ച അരിഷ്ടം ഒഴിവാക്കി പുതിയൊരു കുപ്പിയാണ് ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചത്.

മാവൂർ റോഡിലെ ഒരു മെഡിക്കൽ ഷോപ്പിൽനിന്ന് വിറ്റാമിൻ ഗുളികയെന്നപേരിൽ സിലിക്ക് മഷ്‌റൂം ഗുളികയും അപസ്മാരത്തിനുള്ള ഗുളികയും മറ്റും കൊണ്ടുനൽകിയത് ജോളിയാണ്. മയക്കുമരുന്നിന് അടിമയാക്കി സിലിയുടെ സ്വബോധം നഷ്ടപ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം. ജോളി കൊണ്ടുവരുന്ന ഗുളികയും അരിഷ്ടവും കുടിക്കാൻ ഷാജു ആവശ്യപ്പെട്ടിരുന്നെന്നും മൊഴിയിലുണ്ട്.

അതിനിടെ കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാമതായി രജിസ്റ്റർചെയ്ത സിലി വധക്കേസിൽ ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു എന്ന ഷാജി(44)യെ അന്വേഷണസംഘം അറസ്റ്റുചെയ്തു. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപൊലീസ് സ്റ്റേഷൻ സിഐ. ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച വൈകീട്ട് ജയിലിലെത്തി ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഈ കേസിൽ ഒന്നാം പ്രതിയായ പൊന്നാമറ്റം വീട്ടിൽ ജോളി എന്ന ജോളിയമ്മ ജോസഫി(47)നെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. സിലി വധക്കേസിൽ മാത്യുവിനെയും അറസ്റ്റുചെയ്യാൻ തിങ്കളാഴ്ച കേസ് പരിഗണിച്ച കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതിനൽകിയതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. 2016 ജനുവരി 11-ന് സിലിയെ കൊലപ്പെടുത്താനായി ഉപയോഗിച്ച സയനൈഡ് ജോളിക്ക് മാത്യുവാണ് എത്തിച്ചുനൽകിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

അതിനിടെ ജോളി ജോസഫിനെ മൂന്നാമത്തെ കേസിലും അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി നൽകിയിട്ടുണ്ട്. ജോളിയുടെ ഭർത്താവ് ഷാജു സഖറിയാസിന്റെയും കൊല്ലപ്പെട്ട സിലിയുടെയും മകൾ ആൽഫൈനിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനാണ് കൊയിലാണ്ടി മജിസ്‌ട്രേട്ട് കോടതി അനുമതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി എസ്എച്ച്ഒ ഇൻസ്‌പെക്ടർ ഷാജു ജോസഫ് അടുത്ത ദിവസം കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. ാലി വധക്കേസിലെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ജോളിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആൽഫൈൻ വധക്കേസിൽ ജോളിയെയും സിലി വധക്കേസിൽ മാത്യുവിനെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി പൊലീസ് അപേക്ഷ നൽകിയത്. 2014 മെയ്‌ മൂന്നിനാണ് ഒന്നര വയസ്സുകാരിയായ ആൽഫൈൻ കൊല്ലപ്പെടുന്നത്. സയനൈഡ് പുരട്ടിയ ബ്രഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി ആൽഫൈനെ കൊലപ്പെടുത്തിയെന്നാണു കേസ്. ആൽഫൈനിനു നൽകാനുള്ള ബ്രഡ് ഷാജുവിന്റെ സഹോദരിക്കു എടുത്തുകൊടുത്തത് ജോളിയാണെന്നുള്ള ദൃക്‌സാക്ഷിയുടെ മൊഴി ഈ കേസിൽ നിർണായകമാവും.

കൂടത്തായി കൊലപാതക പരമ്പരയിൽ പൊലീസ് രജിസ്റ്റർ ചെയ്ത 6 കേസുകളിൽ റോയ് തോമസ്, സിലി വധക്കേസുകളിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലും ജോളിയെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും 6 കേസുകളുമായി ബന്ധപ്പെട്ട് പൊലീസിന് ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ട്. മറ്റു 2 കേസുകളിൽ ജോളിയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിലുള്ള സാങ്കേതിക തടസ്സം മറികടക്കാനാണു പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഈ 3 കേസുകൾക്കു പുറമേ ടോം തോമസ്, അന്നമ്മ തോമസ്, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റോയ് തോമസിന്റെ വധവുമായി ബന്ധപ്പെട്ട് നേരത്തേ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിൽ നടന്ന മരണം സിലിയുടേതായിരുന്നതിനാൽ രണ്ടാമത്തെ അറസ്റ്റ് ഈ കേസിലായി. ഇതിനു തൊട്ടുമുൻപ് നടന്ന മരണം ആൽഫൈനിന്റേതായിരുന്നു. ഈ കേസിൽ ദൃക്‌സാക്ഷിയുണ്ടെന്നതും മൂന്നാമത്തെ അറസ്റ്റ് ആൽഫൈൻ വധക്കേസിൽ എന്ന പൊലീസ് തീരുമാനത്തിനു പിന്നിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP