Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്റെ മോളെ ഉപദ്രവിക്കുന്നതു ഞാനും ഭർത്താവും നേരിട്ടു കണ്ടതാണ്, പൊലീസിലും കോടതിയിലും ആവർത്തിച്ചു പറഞ്ഞിട്ടും അയാളെ വിട്ടയച്ചു; ഞങ്ങളെ എല്ലാവരും ചേർന്ന് പറ്റിക്കുകയായിരുന്നു'; രണ്ട് പെൺമക്കളെയും നഷ്ടമായ വാളയാറിലെ അമ്മ കണ്ണീർ വാർത്ത് പറയുന്നത് ഇങ്ങനെ; കേസ് അന്വേഷിച്ച പൊലീസിനും പ്രോസിക്യൂഷനും വീഴ്‌ച്ച പറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്; തെളിവു ശേഖരണം വെല്ലുവിളി ആയെന്ന് ഡിവൈഎസ്‌പിയും; പ്രതികളെ വെറുതേ വിട്ടതിൽ രോഷം കടുത്തതോടെ അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലൻ

'എന്റെ മോളെ ഉപദ്രവിക്കുന്നതു ഞാനും ഭർത്താവും നേരിട്ടു കണ്ടതാണ്, പൊലീസിലും കോടതിയിലും ആവർത്തിച്ചു പറഞ്ഞിട്ടും അയാളെ വിട്ടയച്ചു; ഞങ്ങളെ എല്ലാവരും ചേർന്ന് പറ്റിക്കുകയായിരുന്നു'; രണ്ട് പെൺമക്കളെയും നഷ്ടമായ വാളയാറിലെ അമ്മ കണ്ണീർ വാർത്ത് പറയുന്നത് ഇങ്ങനെ; കേസ് അന്വേഷിച്ച പൊലീസിനും പ്രോസിക്യൂഷനും വീഴ്‌ച്ച പറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്; തെളിവു ശേഖരണം വെല്ലുവിളി ആയെന്ന് ഡിവൈഎസ്‌പിയും; പ്രതികളെ വെറുതേ വിട്ടതിൽ രോഷം കടുത്തതോടെ അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: രണ്ട് പെൺമക്കളെയും നഷ്ടമായ ആ മാതാവിന്റെ നിലവിളി കേരളം ഏറ്റെടുക്കുകയാണ്. വാളയാറിൽ പീഡനത്തിന് ഇരയായി രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിടാൻ ഇടയാക്കിയ സംഭവമാണ് കേരളത്തിൽ ജനരോഷം കത്തിപ്പടരാൻ ഇടയാക്കുന്നത്. പൊലീസും കോടതിയും അധികാരികളുമെല്ലാം തങ്ങളെ പറ്റിച്ചു എന്ന വികാരമാണ് കുട്ടികളുടെ മാതാവിന്. തന്റെ മകളെ ഉപദ്രവിക്കുന്നത് കണ്ടന്ന് കോടതിയിൽ പറഞ്ഞ് മൊഴി പോലും വെറുതേ ആയതിൽ കടുത്ത അമർഷമാണ് ആ മാതാവിനുള്ളത്.

'എന്റെ മോളെ ഉപദ്രവിക്കുന്നതു ഞാനും ഭർത്താവും നേരിട്ടു കണ്ടതാണ്, അതു പൊലീസിനോടും കോടതിയിലും ആവർത്തിച്ചു പറഞ്ഞിട്ടും അയാളെ പോലും വിട്ടയച്ചു. ഞങ്ങളെ എല്ലാവരും ചേർന്നു പറ്റിക്കുകയായിരുന്നു. ശരിക്ക് അന്വേഷിച്ചിരുന്നെങ്കിൽ ഇളയ മകളെയെങ്കിലും മരണത്തിൽ നിന്നു രക്ഷിക്കാമായിരുന്നു.'പതിമൂന്നും ഒൻപതും വയസ്സുള്ള ദലിത് സഹോദരിമാരുടെ അമ്മ കണ്ണീരോടെ പറയുന്നത് ഇങ്ങനെയാണ്. കേസിലെ മൂന്നു പ്രതികളെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പാലക്കാട് പോക്‌സോ കോടതി വിട്ടയച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അമ്മ.

പ്രതികൾക്കെല്ലാം ശിക്ഷ കിട്ടുമെന്നാണു പൊലീസ് വിശ്വസിപ്പിച്ചതെന്ന് അവർ പറഞ്ഞു. ഒരാഴ്ച മുൻപു കേസിലെ ഒരു പ്രതിയെ വിട്ടയച്ചപ്പോഴും ബാക്കിയുള്ളവർക്കു ശിക്ഷ കിട്ടുമെന്നു പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം അന്തിമ വിധി വരുന്ന കാര്യം പോലും ആരും അറിയിച്ചില്ലെന്ന് അമ്മ പറയുന്നു. മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി വീട്ടിലെത്തിയപ്പോഴാണു കോടതിവിധി അറിഞ്ഞത്.

ആദ്യത്തെ കുട്ടി മരിച്ച രാത്രിതന്നെ പൊലീസിനോട്, കേസിലെ ഒരു പ്രതി കുട്ടിയെ ഉപദ്രവിച്ച കാര്യം വ്യക്തമായി പറഞ്ഞതാണെന്നും അന്ന് അയാളെ കസ്റ്റഡിയിലെടുത്തെങ്കിലും മണിക്കൂറുകൾക്കകം പാർട്ടിക്കാർ ഇടപെട്ടു പുറത്തിറക്കിയെന്നും ഈ അമ്മ പറയുന്നു. കേസിൽ നിന്നു പിന്മാറില്ലെന്നും വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും പോരാടുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. പെൺകുട്ടികൾ പീഡനത്തിനിരയായെന്നു കോടതി കണ്ടെത്തിയെങ്കിലും പൊലീസ് പ്രതി ചേർത്തവരാണ് അതു ചെയ്തതെന്നു തെളിയിക്കാനായില്ലെന്നാണു നിരീക്ഷണം. ഇതു ചൂണ്ടിക്കാട്ടിയാണു പ്രതികളെ വിട്ടയച്ചത്.

അതേസമയം കേസിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്‌ച്ച പറ്റിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വിട്ടയച്ചതു പ്രോസിക്യൂഷന്റെ വീഴ്ചയാണ്. കൃത്യമായ തെളിവുകളോ ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാൻ ആദ്യഘട്ടത്തിൽ പൊലീസിനു കഴിഞ്ഞില്ല. ഈ വീഴ്ചയുടെ പേരിൽ എസ്‌ഐക്കെതിരെ നടപടിയെടുത്തിരുന്നു. പിന്നീട് മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവു ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തു വലിയ വീഴ്ചയുണ്ടായി. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെ സാക്ഷിയായ കേസിൽ പ്രതിഭാഗം ഉയർത്തിയ ചോദ്യങ്ങൾക്കു ശരിയായ മറുപടി നൽകാൻ പ്രോസിക്യൂഷനു സാധിച്ചില്ല.

ഒരു പ്രതിയെ നേരത്തെ കോടതി വിട്ടയച്ചപ്പോൾതന്നെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ സാക്ഷികളെ വിസ്തരിക്കുന്നതിൽ ഉൾപ്പെടെ പിഴവ് ആവർത്തിച്ചു. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ സാക്ഷി മൊഴികളിലെ പൊരുത്തക്കേടും പ്രതിഭാഗത്തിന് അനുകൂലമായി. പൊലീസിനു നൽകിയ മൊഴി മജിസ്‌ട്രേട്ടിനു മുന്നിലെത്തിയപ്പോൾ വിരുദ്ധമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിധിയുടെ പകർപ്പ് എത്രയും വേഗം വാങ്ങാൻ തൃശൂർ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രൻ ജില്ലാ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സഹോദരിമാർ പീഡനത്തിനിരയായി മരിച്ച സംഭവത്തിന്റെ അന്വേഷണത്തിൽ തെളിവു ശേഖരണം വെല്ലുവിളിയായിരുന്നെന്നു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി എം.ജെ.സോജൻ. കൃത്യമായ സാക്ഷിമൊഴികൾ ഇല്ലായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും രേഖകളുടെയും കുറവും പ്രതിസന്ധി സൃഷ്ടിച്ചു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. ചില സാക്ഷികൾ കൂറുമാറി. കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതിയെ സമീപിച്ചു ജാമ്യം റദ്ദാക്കിയെന്നു അദ്ദേഹം പറഞ്ഞു.

അതേസമയം കേസിലെ പ്രതികളെ വെറുതേ വിട്ടതിലെ ജനരോഷം സർക്കാറിനെതിരെ തിരിയുന്നു എന്ന ബോധ്യം വന്നതോടെ മന്ത്രി എ കെ ബാലനും പ്രതികരണവുമായി രംഗത്തുവന്നു. അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെൺകുട്ടികൾ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു എന്ന കേസിൽ പാലക്കാട് പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് എ കെ ബാലൻ അറിയിച്ചു. വിധിപ്പകർപ്പ് ലഭിച്ചാൽ അത് പരിശോധിച്ച് നടപടി സ്വീകരിക്കും. പോക്‌സോ വകുപ്പുകൾക്കു പുറമേ, ബലാൽസംഗം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2017 ജനുവരി ഒന്നിനാണ് 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാർച്ച് നാലിന് ഒമ്പത് വയസ്സുകാരിയെയും ഇതേ രീതിയിൽ കണ്ടെത്തി. ഇരുവരും മരണത്തിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. കേസ്, പൊലീസ് ഗൗരവമായെടുത്തതും അറസ്റ്റിന് വഴിയൊരുങ്ങിയതും രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെയാണ്. ബാലലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം, പട്ടികജാതി-വർഗ അതിക്രമം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആദ്യമരണം നടന്നപ്പോൾ അന്വേഷണത്തിൽ വീഴ്ചവരുത്തിയ വാളയാർ എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്‌പിയായിരുന്ന എം.ജെ. സോജനാണ് പിന്നീട് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ഒന്നും രണ്ടും പ്രതികൾ രണ്ടു വർഷമായി റിമാൻഡിലായിരുന്നു. മൂന്നും നാലും പ്രതികൾക്ക് യഥാക്രമം 2019 ജനുവരിയിലും മാർച്ചിലും ജാമ്യം ലഭിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ചാംപ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്. ഈ കേസിൽ നവംബർ പകുതിയോടെ വിധി വരും. പോക്സോ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നാണ് സൂചന. സിപിഎമ്മിന്റെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായ അഡ്വ. എൻ രാജേഷാണ് പ്രതിഭാഗത്തിന് വേണ്ടി തുടക്കത്തിൽ കേസ് ഏറ്റെടുത്തത് എന്നതു തന്നെ സർക്കാറിനെ ഈ വിഷയത്തൽ പ്രതിക്കൂട്ടിൽ നിർത്തുന്നതായിയിരുന്നു.

പിന്നീട് എൻ രാജേഷിനെ പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കി സർക്കാർ 'മാതൃക' കാണിച്ചു. സി.ഡബ്ല്യു.സി പോലൊരു സമിതിയുടെ അദ്ധ്യക്ഷനായി ഇത്തരമൊരു വ്യക്തിയെ തിരഞ്ഞെടുത്തതിനാൽ നിലവിലുള്ള പല കേസുകളും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ബാലാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. മാത്രമല്ല ഇരുത്തിയഞ്ചോളം പോക്‌സോ കേസുകൾ ഇയാൾ നേരിട്ട് വാദിച്ചിട്ടുമുണ്ട്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പ്രതിയുടെ വക്കാലത്ത് ഇയാൾ ഒഴിഞ്ഞു തന്റെ ജൂനിയറായ അഭിഭാഷകന് നൽകി. അതും വിവാദമായപ്പോൾ പഴയൊരു ശിഷ്യന് കൈമാറി. ഇക്കാര്യത്തിൽ ഇയാൾക്കെതിരെ നടപടിയും സർക്കാർ കൈക്കൊണ്ടില്ല. പോക്സോ കേസിലെ പ്രതികളുടെ അഭിഭാഷകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് മഹിളാ സമഖ്യ, സാമൂഹിക നീതി വകുപ്പിന് കത്തയച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് സർക്കാർ അഭിഭാഷകനെ സി.ഡബ്യു.സി ചെയർമാനായി ചുമതല ഏൽപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP