Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മടിയന്മാർക്കിനി ഇടമില്ല; ക്രൈംബ്രാഞ്ചിൽ കയറാനുള്ള ആദ്യ ബാച്ചിന്റെ എഴുത്ത് പരീക്ഷ കഴിഞ്ഞു; ആദ്യ ബാച്ചിൽ 250 അപേക്ഷകർ; പുതിയ പദ്ധതി കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രൊഫഷണലിസം മെച്ചപ്പെടുത്താൻ

മടിയന്മാർക്കിനി ഇടമില്ല; ക്രൈംബ്രാഞ്ചിൽ കയറാനുള്ള ആദ്യ ബാച്ചിന്റെ എഴുത്ത് പരീക്ഷ കഴിഞ്ഞു; ആദ്യ ബാച്ചിൽ 250 അപേക്ഷകർ; പുതിയ പദ്ധതി കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രൊഫഷണലിസം മെച്ചപ്പെടുത്താൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് നിയമനത്തിനായി അപേക്ഷിച്ച 250 പൊലീസുകാർക്കുള്ള എഴുത്തുപരീക്ഷയും അഭിമുഖവും തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലും തൃശൂർ പൊലീസ് അക്കാദമിയിലുമായി നടന്നു. ദ്വിഭാഷാ വിവർത്തനം, കേസ് ഡയറി, മഹസർ തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. എഴുത്തുപരീക്ഷയ്ക്ക് 40 മാർക്കും അഭിമുഖത്തിനു 10 മാർക്കുമായാണ് പരീക്ഷ. കുറ്റാന്വേഷണത്തിന് താല്പര്യമുള്ള ഉദ്യോഗസ്ഥരെ മാത്രം ക്രൈംബ്രാഞ്ചിലേക്ക് എടുക്കുന്നതിനായാണ് പുതിയ പരീക്ഷയും അഭിമുഖവും നടത്തിയത്.

ക്രൈം ബ്രാഞ്ചിൽ ഇനിമുതൽ പണിയെടുക്കണമെങ്കിൽ ഐപിസിയും സിആർപിസിയുമൊക്കെ നന്നായി പഠിക്കണം. ചാർജ്ജ് ഷീറ്റ് തയ്യാറാക്കാനും എവിഡൻസ് ആക്ടിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കാനും അറിയണം. ക്രൈംബ്രാഞ്ചിനെ (സിബിസിഐഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (സിബിഐ.) മോഡൽ ആക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മത്സരപ്പരീക്ഷ. ഇനിമുതൽ ക്രൈംബ്രാഞ്ചിൽ നിയമനം നേടാൻ മത്സരപ്പരീക്ഷ ജയിക്കണം. ക്രൈംബ്രാഞ്ച് നിയമനത്തിന് യോഗ്യതാപരീക്ഷ ഏർപ്പെടുത്തുന്നത് ഇതാദ്യമായാണ്. രാഷ്ട്രീയതാത്പര്യങ്ങൾക്കനുസരിച്ച്, കുറ്റാന്വേഷണത്തിൽ വൈദഗ്ധ്യമില്ലാത്തവർ ക്രൈംബ്രാഞ്ചിൽ നിയമനം നേടുന്ന രീതിക്ക് ഇതോടെ അവസാനമാകും.

കുറ്റാന്വേഷണവിഭാഗത്തിൽ പ്രൊഫഷണലിസം ചോരാതിരിക്കാനാണു മത്സരപ്പരീക്ഷയെന്ന് ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരി പറയുന്നു. അന്വേഷണപാടവവും താത്പര്യവുമുള്ള ഉദ്യോഗസ്ഥരെയേ ഇനി ക്രൈംബ്രാഞ്ചിൽ ഉൾപ്പെടുത്തൂ. എല്ലാമാസവും ക്രൈംബ്രാഞ്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കും. ഈ വിഭാഗത്തിൽ മുമ്പ് ജോലി ചെയ്തവർക്ക് മുൻഗണനയുണ്ടാകും.

പരിശോധനയ്ക്കുശേഷം എല്ലാമാസവും 15-ന് പൊലീസ് ട്രെയിനിങ് കോളജിലും പൊലീസ് അക്കാദമിയിലും പരീക്ഷ നടത്തും. ഹെഡ്ക്വാർട്ടേഴ്‌സ് എസ്‌പിക്കാണ് ഇതിന്റെ ചുമതല. നിയമപരിജ്ഞാനം, അന്വേഷണവൈദഗ്ധ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇതരഭാഷാ വൈദഗ്ധ്യം, അർപ്പണമനോഭാവം എന്നിവയും വിലയിരുത്തപ്പെടും - തച്ചങ്കരി പറയുന്നു. ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും ക്രൈംബ്രാഞ്ചിൽ പണിയെടുക്കാൻ സന്നദ്ധരായവരെ മാത്രമാകും പരിഗണിക്കുക.

ലോ ആൻഡ് ഓർഡറിൽ ജോലിനോക്കി ക്ഷീണിക്കുന്നവരിൽ പലരും സുഖലാവണമെന്ന നിലയ്ക്ക് ക്രൈം ബ്രാഞ്ചിൽ കുടിയേറുന്നത് പതിവായിരുന്നു. മക്കളെ സമയാസമയം സ്‌കൂളിൽ വിടാനും ട്യൂഷന് കൊണ്ടുപോകാനുമൊക്കെയുള്ള സൗകര്യാർത്ഥം പലരും ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകളിൽ സ്ഥലംമാറ്റം ചോദിച്ചുവാങ്ങി പോകാറുണ്ട്. ചിലർ രാഷ്ട്രീയതാത്പര്യങ്ങൾക്കനുസൃതമായും ഇവിടെ നിയമനം നേടാറുണ്ട്. ഇവർക്കൊന്നും പ്രമാദമായ കേസുകളിൽ ഒന്നുംചെയ്യാനാകാത്തത് പലപ്പോഴും തിരിച്ചടികൾക്കിടയാക്കിയിട്ടുണ്ട്. ഈ അവസ്ഥ മാറ്റാനും ക്രൈം ബ്രാഞ്ചിന് പ്രൊഫഷണൽമുഖം കൊണ്ടുവരാനുമാണ് തച്ചങ്കരിയുടെ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP