Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ് കുതിച്ചത് പഴയപടക്കുതിരകളുടെ കരുത്തിൽ; രാഹുൽ വിപ്ലവം മാറ്റിനിർത്തിയ ഭൂപീന്ദർ സിങ് ഹൂഡയെ കൈപിടിച്ചു കൊണ്ടുവന്ന സോണിയയുടെ തന്ത്രം വിജയം കണ്ടു; ദേശീയ നേതാക്കൾ പ്രചരണത്തിന് എത്താതെ പ്രാദേശിക നേതാക്കളെ തെരഞ്ഞെടുപ്പു കടിഞ്ഞാൺ ഏൽപ്പിച്ചതും ഗുണകരമായി; രാഹുൽ ഗാന്ധി കൈവിട്ടതോടെ അദ്ദേഹം വളർത്തിയെടുത്ത യുവനിരയും നിശബ്ദമായപ്പോൾ മുതിർന്നവരുടെ തിരിച്ചുവരവ് സോണിയക്കരുത്തിൽ

മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ് കുതിച്ചത് പഴയപടക്കുതിരകളുടെ കരുത്തിൽ; രാഹുൽ വിപ്ലവം മാറ്റിനിർത്തിയ ഭൂപീന്ദർ സിങ് ഹൂഡയെ കൈപിടിച്ചു കൊണ്ടുവന്ന സോണിയയുടെ തന്ത്രം വിജയം കണ്ടു; ദേശീയ നേതാക്കൾ പ്രചരണത്തിന് എത്താതെ പ്രാദേശിക നേതാക്കളെ തെരഞ്ഞെടുപ്പു കടിഞ്ഞാൺ ഏൽപ്പിച്ചതും ഗുണകരമായി; രാഹുൽ ഗാന്ധി കൈവിട്ടതോടെ അദ്ദേഹം വളർത്തിയെടുത്ത യുവനിരയും നിശബ്ദമായപ്പോൾ മുതിർന്നവരുടെ തിരിച്ചുവരവ് സോണിയക്കരുത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെുപ്പു നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസിന്റെ കുതിപ്പ് രാഹുൽ വിപ്ലവം പടിയിറക്കി വിടാൻ ശ്രമിച്ച അതേ പഴയ തലമുറയുടെ കരുത്തിലാണ്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തു വന്നപ്പോൾ യുവാക്കളെ കൂടുതലായി സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ലോക്‌സഭാ തോൽവിയോടെ രാഹുൽ വീണ്ടും വനവാസത്തിലായി. ഇതോടെ സോണിയ ഗാന്ധി പാർട്ടിയുടെ കടിഞ്ഞാൺ പിടിച്ചു. അവർ, തലമുതിർന്നവർക്ക് തന്നെ ബാറ്റൺ കൈമാറിയതോടെ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ നേട്ടമായി മാറി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കിയതിനു പിന്നാലെ, കോൺഗ്രസിൽ ശക്തിയാർജിച്ചു മുതിർന്ന തലമുറ.

പാർട്ടിയുടെ സജീവ പ്രവർത്തനത്തിൽ നിന്നു രാഹുൽ ഗാന്ധി ഉൾവലിഞ്ഞതോടെ, അദ്ദേഹം വളർത്തിയെടുത്ത യുവനിരയും ഏറെക്കുറെ നിശ്ശബ്ദമായി. മുതിർന്നവർ യുവാക്കൾക്കു വഴിമാറിക്കൊടുക്കണമെന്നു മുൻപ് പരസ്യമായി ആവശ്യപ്പെട്ട യുവ നേതാവ് മിലിന്ദ് ദേവ്റ ഇന്നലെ മലക്കം മറിഞ്ഞു. ജനങ്ങളുടെ പിന്തുണയുള്ള മുതിർന്ന നേതാക്കളെ കോൺഗ്രസ് ഇനിയും പിന്തുണയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡ കൈവരിച്ച നേട്ടം അംഗീകരിച്ചായിരുന്നു ദേവ്റയുടെ പ്രതികരണം. മഹാരാഷ്ട്രയിൽ എൻസിപി നേതാവ് ശരദ് പവാറിന്റെ കരുത്തായിരുന്നു കോൺഗ്രസിന് ഗുണകരമായി മാറിയത്. ഇവിടെ പവാർ പറയുന്ന വിധത്തിലായിരുന്നു കോൺഗ്രസിന്റെ പ്രവർത്തനം.

അതിനിടെ, തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു രാഹുൽ പാലിക്കുന്ന മൗനം പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കി. തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത മുന്നേറ്റത്തെക്കുറിച്ചു ഇന്നലെ വൈകിട്ടു വരെ രാഹുൽ പ്രതികരിക്കാത്തത്, പാർട്ടി കാര്യങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. രാഹുലിന്റെ രീതികളോടു പാർട്ടിക്കുള്ളിൽ എതിർപ്പ് കൂടിവരുന്നതിന്റെ സൂചനകളും പ്രകടമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ അദ്ദേഹം പ്രസിഡന്റ് പദവി വിട്ടെറിഞ്ഞതിലുള്ള അമർഷം മുൻപ് രഹസ്യമായി പങ്കുവച്ചിരുന്ന നേതാക്കളിൽ ചിലർ ഇപ്പോൾ അതേക്കുറിച്ചു മറയില്ലാതെ സംസാരിക്കുന്നു. ഇടക്കാല പ്രസിഡന്റായ സോണിയ ഭാവിയിൽ പടിയിറങ്ങുമ്പോൾ പകരമായി നേതാക്കളിൽ ഒരു വിഭാഗം പറയുന്നത് രാഹുലിന്റെ പേരല്ല. മറിച്ച് പ്രിയങ്ക ഗാന്ധിയുടേതാണ്.

താരമായത് ഭൂപീന്ദർ സിങ് ഹൂഡ

ഹരിയാനയിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവാണ് ഭൂപീന്ദർ സിങ് ഹൂഡ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുവനിരയെ വളർത്തിയെടുക്കാൻ ശ്രമിച്ചപ്പോഴും ജനപിന്തുണയുള്ള നേതാവായി ഹരിയാനക്കാർ കണ്ടത് ഹൂഡയെ ആയിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് ഹരിയാന കോൺഗ്രസിൽ വീണ്ടും സജീവമായത്. കഴിഞ്ഞ ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫിസിൽ നിന്നു ഹരിയാനയിലെ റോത്തക്കിലേക്കൊരു ഫോൺ വിളിയെത്തിയായിരുന്നു ഇപ്പോഴത്തെ കോൺഗ്രസി മുന്നേറ്റത്തിന്റെ പ്രധാന ഘടകം.

അതിനു ശേഷമാണ് 10 വർഷം മുഖ്യമന്ത്രിയായിരുന്നു ഭൂപീന്ദർ സിങ് ഹൂഡ (72) കോൺഗ്രസ് വേദികളിലേക്കു മടങ്ങിയെത്തിയത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അശോക് തൻവറിന്റെ വരവോടെ അവഗണിക്കപ്പെട്ട ഹൂഡ പാർട്ടി വിടുന്നതിന്റെ വക്കിൽ നിൽക്കെയായിരുന്നു സോണിയയുടെ ഇടപെടൽ. അശോക് തൻവറിനു പകരം അധ്യക്ഷ പദവിയിൽ കുമാരി ഷെൽജയാണു വന്നതെങ്കിലും പാർട്ടിയുടെ കടിഞ്ഞാൺ ഹൂഡയുടെ കൈകളിൽ നൽകാൻ സോണിയ മടിച്ചില്ല. സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും ഹൂഡ മുന്നിൽ നിന്നു. അശോക് തൻവർ പാർട്ടി വിട്ടെങ്കിലും കാര്യമാക്കാതെ ഷെൽജയെയും കുൽദീപ് ബിഷ്‌നോയിയെയും പോലുള്ള മുതിർന്ന നേതാക്കളെ ഒപ്പം നിർത്തി.

ഹരിയാനയിൽ നിർണായകമായ ജാട്ട് വോട്ടുകളെ ബിജെപിക്കെതിരെ നിർത്താനായി. മുൻ ഉപ പ്രധാനമന്ത്രി ദേവിലാലിനെ വരെ മുട്ടുകുത്തിച്ച പഴയ പടക്കുതിരയുടെ കരുത്തിൽ നേതൃത്വം വിശ്വസിച്ചു. തകർന്നുവെന്നു കരുതിയയിടത്തു പ്രതീക്ഷിക്കാത്ത മുന്നേറ്റമായി കോൺഗ്രസിന്. ഹരിനായയിൽ എന്തു നീക്കവുംനടത്താൻ കരുത്തുള്ള നേതാവായി ഹൂഡ ഇപ്പോഴും നിലകൊള്ളുന്നു.

ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു പിന്നിലായെങ്കിലും അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ മുഖം രക്ഷിച്ചും ആത്മവിശ്വാസം വീണ്ടെടുത്തും കോൺഗ്രസ്. ഇരു സംസ്ഥാനങ്ങളിലും ദയനീയ പരാജയം എന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കു മുന്നിൽ മുട്ടുവിറച്ചു നിന്ന പാർട്ടിക്ക് ഇത് ദേശീയ രാഷ്ട്രീയത്തിൽ പിടിവള്ളി.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നു വീണെങ്കിലും ജനങ്ങൾ കൈവിട്ടിട്ടില്ലെന്ന തിരിച്ചറിവാണു തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനു സമ്മാനിക്കുന്നത്. ഗുജറാത്ത് അടക്കം ബിജെപിക്കു വേരോട്ടമുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളും പാർട്ടിക്ക് ഊർജം നൽകുന്നു.

'കോൺഗ്രസ് മുക്ത ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തിയ ബിജെപിക്കു മുന്നിൽ അടിപതറാതെ നിൽക്കാൻ സാധിച്ചത് വരാനിരിക്കുന്ന ഡൽഹി, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആത്മവിശ്വാസം പകരും. പ്രചാരണത്തെ ഹൈക്കമാൻഡിന്റെ റിമോട്ട് കൺട്രോളിൽ നിർത്താതെ പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സോണിയ ഗാന്ധി നടത്തിയ ശ്രമങ്ങൾ കൂടിയാണ് ഹരിയാനയിലെ മുന്നേറ്റം. കശ്മീർ, പൗരത്വ രജിസ്റ്റർ (എൻആർസി) തുടങ്ങിയ ദേശീയ വിഷയങ്ങൾ ബിജെപി പ്രചാരണായുധമാക്കിയപ്പോൾ, കുടിവെള്ളം, സ്ത്രീ സുരക്ഷ, തൊഴിൽ എന്നീ പ്രാദേശിക വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് വോട്ടുറപ്പിച്ചു.

പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം വരവിൽ നേരിട്ട ആദ്യ അഗ്‌നിപരീക്ഷയിൽ കത്തിച്ചാമ്പലാകാതെ കരകയറിയതു സോണിയ എന്ന നേതാവിൽ കോൺഗ്രസ് പ്രവർത്തകർക്കുള്ള വിശ്വാസം വർധിപ്പിക്കും. തിരഞ്ഞെടുപ്പ് വിജയത്തിനു കരുത്തുറ്റ സംസ്ഥാന നേതൃത്വം അനിവാര്യമാണെന്ന സന്ദേശമാണു പാർട്ടിക്കു സോണിയ നൽകുന്നത്. ഹൈക്കമാൻഡിന്റെ കണ്ണിൽ പഞ്ചാബ്, കേരളം, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് ഉറച്ച നേതൃത്വമുള്ള സംസ്ഥാനങ്ങൾ. ഭൂപീന്ദർ സിങ് ഹൂഡ എന്ന മുതിർന്ന നേതാവിലൂടെ ഹരിയാനയിലും അടിത്തറ ശക്തമാക്കാൻ സാധിച്ചിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ സംഘടനാതലത്തിൽ അടിമുടി അഴിച്ചുപണിക്ക് വരും ദിവസങ്ങളിൽ സോണിയ മുൻകയ്യെടുക്കും.

മൻ കീ ബാത്തിന് ബദലായി 'ദേശ് കീ ബാത്തു'മായി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കീ ബാത്ത്' റേഡിയോ പരിപാടിയെ നേരിടാൻ കോൺഗ്രസിന്റെ 'ദേശ് കീ ബാത്ത്.' ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്ന പരിപാടിയാണിത്. പാർട്ടിയുടെ യൂ ട്യൂബ്, ഫേസ്‌ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണു പരിപാടി അവതരിപ്പിക്കുക. ആദ്യ എപ്പിസോഡ് ഇന്നു 11നു പാർട്ടി വക്താവ് പവൻ ഖേര അവതരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP