Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്ത ഘട്ടത്തിൽ തമിഴ്‌നാട്ടിലും എൻട്രി ഉറപ്പിച്ച കേന്ദ്ര നേതൃത്വത്തിന് കേരളത്തിൽ മാത്രം വിശ്വാസം പോരാ; പിള്ളയുടെ നയതന്ത്ര വൈദഗ്ധ്യം കൊണ്ട് ഗുണമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രമോഷൻ നൽകി കൊണ്ടു നാടുകടത്തൽ; അധികാരം ഇല്ലാതിരുന്നിട്ടും അടിമൂക്കുന്ന കേരളാ ഘടകം ഇനി കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ; ഗ്രൂപ്പു സമവാക്യങ്ങൾ മറികടന്നു പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ തിരക്കിട്ട നീക്കം; ശ്രീധരൻ പിള്ള മിസോറാം ഗവർണറായ വഴിയിങ്ങനെ

അടുത്ത ഘട്ടത്തിൽ തമിഴ്‌നാട്ടിലും എൻട്രി ഉറപ്പിച്ച കേന്ദ്ര നേതൃത്വത്തിന് കേരളത്തിൽ മാത്രം വിശ്വാസം പോരാ; പിള്ളയുടെ നയതന്ത്ര വൈദഗ്ധ്യം കൊണ്ട് ഗുണമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രമോഷൻ നൽകി കൊണ്ടു നാടുകടത്തൽ; അധികാരം ഇല്ലാതിരുന്നിട്ടും അടിമൂക്കുന്ന കേരളാ ഘടകം ഇനി കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ; ഗ്രൂപ്പു സമവാക്യങ്ങൾ മറികടന്നു പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ തിരക്കിട്ട നീക്കം; ശ്രീധരൻ പിള്ള മിസോറാം ഗവർണറായ വഴിയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അധ്യക്ഷന്മാരായ ആളുകളെ പ്രമോഷൻ നൽകി നിയമിക്കാനുള്ള സ്ഥലമാണ് മിസോറാം. പി എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം ട്രോളുകളുടെ രൂപത്തിൽ ആളുകൾ ചോദിക്കുന്ന കാര്യം ഇതാണ്. ബിജെപി അധ്യക്ഷ സ്ഥാനത്ത് കുമ്മനത്തിന്റെ പ്രവർത്തനം അത്ര പോരെന്ന് തോന്നിയ ഘട്ടത്തിൽ അദ്ദേഹത്തെ നാടുകടത്തിയത് ഈ സ്ഥാനം നൽകിയായിരുന്നു. ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ തോൽവിക്ക് പിന്നാലെ തന്നെ പിള്ളയെയും നാടുകടത്താൻ മിസോറാം ഗവർണർ പദവി കേന്ദ്ര നേതൃത്വം വെച്ചു നീട്ടിയിരിക്കുന്നു.

ബിജെപി അധ്യക്ഷ പദവിയിൽ പിള്ള പോരെന്ന വികാരം അണികൾക്കിടയിൽ ശക്തമായിരുന്നു. ബിജെപിക്ക് ഏറ്റവും അനുകൂല സാഹചര്യം ഉണ്ടായിരുന്ന ശബരിമലയിലെ സുവർണാവസരവും ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിന് വീഴ്‌ച്ചപറ്റി. മാത്രമല്ല, ബിജെപി അധ്യക്ഷനെന്ന നിലയിൽ തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിന് പകരം പലപ്പോഴും പിള്ളയുടെ തട്ടകം കോഴിക്കോടായിരുന്നു. ഇതെല്ലാം പ്രവർത്തകരുടെ വികാരത്തിനൊപ്പം നിൽക്കുന്ന കാര്യങ്ങൾ ആയില്ല. ഇതോടെയാണ് പിള്ളയെ പ്രമോഷൻ നൽകി സംഘടനാ സ്ഥാനത്തു നിന്നും മാറ്റിയത്. തമിഴ്‌നാട്ടിൽ പോലും ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയുള്ളപ്പോഴാണ് ഇവിടെ ഇല്ലാത്ത അവസ്ഥ എത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ സജ്ജമാക്കാൻ പോന്ന ആൾ വരട്ടെ എന്ന നിലയിലാണ് കേന്ദ്ര നേതൃത്വം പിള്ളയെ മാറ്റിയിരിക്കുന്നത്.

പാർട്ടി പുനഃസംഘടനയിൽ ബൂത്തുതല ഭാരവാഹി തിരഞ്ഞെടുപ്പു പൂർത്തിയായി, മണ്ഡല തലത്തിലേക്കു കടക്കാനിരിക്കേയാണു ശ്രീധരൻ പിള്ളയ്ക്കു ഗവർണറായി സ്ഥാനചലനം. ഉപതിരഞ്ഞെടുപ്പിനുശേഷം മണ്ഡലം, ജില്ലാതല ഭാരവാഹി തിരഞ്ഞെടുപ്പാണു നടക്കേണ്ടത്. ഭരണഘടനാ പദവി നൽകി പിള്ളയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയതോടെ പകരം പ്രസിഡന്റിനെ കേന്ദ്രകമ്മിറ്റി നേരിട്ടു നിയമിക്കാനുള്ള സാധ്യത വർധിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരാണ് പ്രചരിക്കുന്നതെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ആകാംക്ഷയോടെ കാത്തിരിക്കുകയാണു നേതാക്കൾ. അതേസമയം ആർഎസ്എസിന്റെ താൽപ്പര്യവും തെരഞ്ഞെടുപ്പിൽ നിർണായകമാകും. കെ സുരേന്ദ്രന് പുറമേ, ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, വൽസൻ തില്ലങ്കേരി തുടങ്ങിയവരുടെ പേരും ബിജെപി പരിഗണിക്കുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ നാലു ദിവസം മുൻപാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയെ തേടി എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഗവർണറായി നിയമിച്ച വിവരം അറിയിച്ചു. കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചതിനെ തുടർന്നു പാർട്ടിയിലെ വിഭാഗീയതയ്ക്കു പരിഹാരമെന്നോണമാണ് ആർഎസ്എസ് ഇടപെട്ടു പിള്ളയെ പ്രസിഡന്റാക്കിയതെങ്കിലും സംഘടനക്കുള്ളിലെ പ്രശ്‌നങ്ങൾ തുടർന്നുവെന്നാണു കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ.

പ്രതീക്ഷക്കനുസരിച്ച് രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും വിമർശനമുയർന്നു. അംഗത്വ ക്യാംപെയ്‌നിൽ മുന്നിലെത്തിയെങ്കിലും അതു വോട്ടാക്കിമാറ്റാൻ സംസ്ഥാന നേതൃത്വത്തിനായില്ല. ശബരിമല വിഷയം രാഷ്ട്രീയമായി പ്രധാനമന്ത്രിയും ദേശീയ പ്രസിഡന്റും ഉൾപ്പെടെ ഉയർത്തിക്കൊണ്ടുവന്നെങ്കിലും ബിജെപിക്കു സംസ്ഥാനത്തു തിരിച്ചടിയാണുണ്ടായത്.ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നാണ് അന്നത്തെ പാർട്ടി പ്രസിഡന്റായ കുമ്മനത്തെ മിസോറം ഗവർണറാക്കിയതെങ്കിൽ അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ തൊട്ടടുത്തദിവസമാണു ശ്രീധരൻപിള്ളയെ അവിടെ തന്നെ ഗവർണറാക്കിയതെന്നതും കൗതുകം. ഒന്നരവർഷം ഗവർണറായിരുന്ന കുമ്മനത്തെ ലോകസഭാ സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന ആർഎസ്എസ് നേതൃത്വവും പാർട്ടി നേതൃത്വവും ഇടപെട്ടാണ് പിന്നീട് തിരിച്ചുവിളിച്ചതും.

മിസോറോം ഗവർണറാകുന്ന മൂന്നാമതത്തെ മലയാളിയായി പിള്ള

എല്ലാം നല്ലതിനാണെന്ന് കരുതുന്നതായി പി.എസ് ശ്രീധരൻപിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ സ്ഥാനമാനങ്ങൾക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ഇന്നുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഗവർണറാകുന്നത് സംബന്ധിച്ച ശുപാർശ നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പ്രധാനമന്ത്രി നാലു ദിവസം മുമ്പ് വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. മിസോറം ഗവർണർ സ്ഥാനത്ത് മലയാളികൾ മുമ്പും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകൾ ഗവർണർ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരചയസമ്പന്നനല്ല എന്നുമാത്രമെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പു ഫലത്തിനു തൊട്ടുപിറകെയാണ് പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണറായി നിയമിതനാകുന്നത്. കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞ ശേഷം നിയമനം നടക്കാതെ കിടക്കുകയായിരുന്ന പദവിയിലേക്കു ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണു വീണ്ടും ഗവർണറായെത്തുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു തൊട്ടുപിറകെയാണു കുമ്മനം മിസോറം ഗവർണറായത്. തിരഞ്ഞെടുപ്പു ഫലവുമായി ഈ മാറ്റത്തിനു ബന്ധമൊന്നുമില്ല. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപുതന്നെ തീരുമാനമെടുത്തു കഴിഞ്ഞതാണാണെന്നും പിള്ള പറയുന്നു.

രാഷ്ട്രീയത്തിരക്കുകളിലേക്കു വന്നിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. അതിനുമുൻപു നിയമോപദേശക സമിതി അംഗമായിരുന്ന കാലത്തു രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. കഴിഞ്ഞ ഒന്നര വർഷം എഴുതാനും വായിക്കാനും കാര്യമായ സമയം കിട്ടിയില്ല. ഇനി സർഗാത്മകമായ എഴുത്തിനു സമയം കിട്ടുമെന്നാണു പ്രതീക്ഷ. ഒരു സങ്കടം ബാക്കിയുണ്ട്. ഷാർജ ബുക്ക് ഫെസ്റ്റിൽ എന്റെ 3 പുസ്തകങ്ങളാണു പ്രകാശനം ചെയ്യാനിരുന്നത്. ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുമോ എന്ന സംശയത്തിലാണെന്നനും അദ്ദേ സ്ഥാനലബ്്ധിയോട് പ്രതികരിച്ചു.

കേരളത്തിലെ കാലാവസ്ഥയ്ക്കു സമാനമാണു മിസോറമിലെ കാലാവസ്ഥയും ഭക്ഷണവുമെല്ലാം. മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണു ഞാൻ; വക്കം പുരുഷോത്തമൻ, കുമ്മനം രാജശേഖരൻ എന്നിവർക്കു പിന്നാലെ. കുമ്മനവും ഞാനും തമ്മിലൊരു വ്യത്യാസമുണ്ട്. അദ്ദേഹം പൂർണ സസ്യാഹാരിയാണ്. ഞാൻ പൂർണ 'നോൺ വെജ്' ആണെന്നും പിള്ള പറയുന്നു.

ഭരണഘടനാ പദവിയിലേക്ക് പിള്ള വക്കീൽ

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും ശേഷമുള്ള ഭരണഘടനാ പദവിയാണ് ഗവർണറുടേത്. ഭരണഘടനാ വിദഗ്ധൻ കൂടിയായ ശ്രീധരൻ പിള്ള ആ സ്ഥാനത്തേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ കുടുംബവും സന്തോഷത്തിലാണ്. മിസോറം ഗവർണറായി പി.എസ് ശ്രീധരൻപിള്ളയെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത് തീർത്തും അപ്രതീക്ഷിതമായി. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് അദ്ദേഹം. എല്ലാം നല്ലതിന് എന്നായിരുന്നു പ്രഖ്യാപനം വന്നതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി പ്രമുഖ അഭിഭാഷകനായും എഴുത്തുകാരനായും അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. നൂറ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പാർട്ടിക്ക് പുറത്ത് വിപുലമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന് സ്വന്തം.

വെണ്മണി മാർത്തോമ്മാ ഹൈസ്‌കൂൾ, പന്തളം എൻ.എസ്.എസ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ശ്രീധരൻ പിള്ള വിദ്യാഭ്യാസം നടത്തിയത്. അറുപതുകളിൽ വെണ്മണിയിലെ ആർഎസ്എസ് ശാഖയിലൂടെ പൊതുപ്രവർത്തനത്തിലേക്ക്. തുടർന്ന് ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തിൽ. കോഴിക്കോട് ലോ. കോളേജ് യൂണിയൻ വൈസ് ചെയർമാൻ, 12 കൊല്ലക്കാലം കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കൺവീനറായിരുന്നു. എബിവിപി, യുവമോർച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ ബിജെപിയുടെ സ്ഥാപകനാണ്. ജന്മഭൂമി മാനേജിങ്ങ് എഡിറ്റർ, അഞ്ച് പത്രങ്ങളിലെ സ്ഥിരംപംക്തി എഴുത്തുകാരൻ, കായിക സംഘടനകളുടെ ഭാരവാഹി, മനുഷ്യാവകാശ സംഘടനാ നേതാവ് എന്നീ നിലകളിലെല്ലാം മികവ് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി പുസ്തകങ്ങൾ രചിച്ചു. രാഷ്ട്രീയക്കാരൻ എന്നതിലുപരി നൂറു പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ എന്ന കീർത്തിയും സ്വന്തം. എട്ട് സാഹിത്യ അവാർഡുകൾ ഉൾപ്പെടെ 27 അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

സംസ്ഥാന ഉപാധ്യക്ഷൻ, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷൻ എന്നീ നിലകളിലും പാർട്ടിയെ നയിച്ചിട്ടുണ്ട് ശ്രീധരൻ പിള്ള. ഇപ്പോൾ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. അഭിഭാഷകനും എഴുത്തുകാരനുമായ പിള്ള എ.ബി.വി.പി പ്രവർത്തനത്തിലൂടെ പൊതു രാഷ്ട്രീയത്തിലെത്തി. ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിൽ ജനിച്ചു. വി.ജി. സുകുമാരൻ നായർ, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ റീത അഭിഭാഷകയാണ്. മകൻ അർജ്ജുൻ ശ്രീധർ ഹൈക്കോടതിയിൽ അഭിഭാഷകനാണ്, മകൾ ഡോ. ആര്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP