Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചങ്ങനാശേരി പോപ്പും കണിച്ചുകുളങ്ങര തിലകവും നിലംപരിശായത് നിഷ്പക്ഷ വോട്ടർമാരുടെ പ്രഹരമേറ്റ്; പാർട്ടി ഏതായാലും സ്ഥാനാർത്ഥി നന്നായാൽ മതി; ഉപതെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതും അതുതന്നെയാണ്; സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് സജീവ് ആലയുടെ വിലയിരുത്തൽ

ചങ്ങനാശേരി പോപ്പും കണിച്ചുകുളങ്ങര തിലകവും നിലംപരിശായത് നിഷ്പക്ഷ വോട്ടർമാരുടെ പ്രഹരമേറ്റ്; പാർട്ടി ഏതായാലും സ്ഥാനാർത്ഥി നന്നായാൽ മതി; ഉപതെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതും അതുതന്നെയാണ്; സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് സജീവ് ആലയുടെ വിലയിരുത്തൽ

സജീവ് ആല

പാർട്ടി ഏതായാലും സ്ഥാനാർത്ഥി നന്നായാൽ മതി. ഉപതെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതും അതുതന്നെയാണ്. വട്ടിയൂർക്കാവിൽ വി കെ പ്രശാന്തും അരൂരിൽ ഷാനിമോൾ ഉസ്മാനും നേടിയ വിജയങ്ങളിൽ അവരുടെ വ്യക്തിപ്രഭാവം വഹിച്ച പങ്ക് ഒട്ടും നിസ്സാരമല്ല. പ്രസന്നവദനനായ സൗമ്യഭാവിയായ ധാർഷ്ട്യത്തിന്റെ അസുഖമില്ലാത്ത പ്രശാന്തിനെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു. വട്ടിയൂർക്കാവിൽ ജാതിമതാതീതമായി, പാർട്ടി മതിലുകൾക്കപ്പുറമുള്ള സ്വീകാര്യത മേയർ ബ്രോയ്ക്ക് ലഭിക്കാൻ കാരണം അദ്ദേഹത്തിന്റെ തിളക്കമാർന്ന വ്യക്തിത്വം തന്നെയാണ്. കഴിഞ്ഞ നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ കുമ്മനം രാജശേഖരനെ പിന്തുണച്ചവരിൽ പകുതിയോളം പേർ ഇത്തവണ പ്രശാന്തിനാണ് വോട്ട് ചെയ്തതെന്ന് പകൽ പോലെ വ്യക്തമാണ്.

പാർട്ടിക്ക് അതീതമായി മുൻ തെരഞ്ഞെടുപ്പുകളിൽ കുമ്മനത്തിന് ലഭിച്ച വോട്ടുകൾ ഇത്തവണ പ്രശാന്തിന്റെ സൗമ്യശാന്ത വ്യക്തിത്വം കവർന്നെടുത്തു. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ഭൂരിപക്ഷം വോട്ടർമാരും അരാഷ്ട്രീയ വാദികളും നിഷ്പക്ഷ സ്വഭാവം പുലർത്തുന്നുവരുമായി മാറിയിരിക്കുന്നു. പൊളിറ്റിക്കൽ ബുജികൾ പുച്ഛത്തോടെ തള്ളിപ്പറയുന്ന ആ കയ്യാലപ്പുറത്തെ തേങ്ങകളാണ് ഇന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം നിശ്ചയിക്കുന്നത്.

ചങ്ങനാശേരി പോപ്പും കണിച്ചകുളങ്ങര തിലകവും നിലംപരിശായത് ഈ നിഷ്പക്ഷ വോട്ടർമാരുടെ പ്രഹരമേറ്റാണ്. ബിജെപി പൊളിഞ്ഞു പാളീസായപ്പോഴും കോന്നിയിൽ കെ സുരേന്ദ്രൻ 39000 വോട്ട് പിടിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയമായി കാണുക തന്നെ വേണം. കോന്നിയിൽ അടൂർ പ്രകാശിന് വോട്ട് ചെയ്തുവന്നിരുന്നവരിൽ ഒരു വിഭാഗം ഒരു മോശവും ചൂണ്ടിക്കാട്ടാനില്ലാത്ത ജനീഷ് കുമാറിനൊപ്പം ചേർന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടതുപക്ഷം കാട്ടിയ മികവാണ് വട്ടിയൂർക്കാവിലും കോന്നിയിലും മിന്നിയത്. ഓരോ വാക്കിലും അന്തസ്സ് തുളുമ്പുന്ന ഷാനിമോൾ ഉസ്മാൻ അരൂരിൽ പാറിപ്പറത്തിയത് സ്ത്രീശാക്തീകരണത്തിന്റെ വിജയക്കൊടി കൂടിയാണ്. ഹിന്ദു വർഗീയതയും മുസ്ലിം വർഗീയതയും നേരിട്ട് ഏറ്റുമുട്ടിയ മഞ്ചേശ്വരത്ത് കൂടുതൽ ഓർഗനൈസ്ഡായ ഇസ്ലാമിക വർഗീയത നേട്ടം കൊയ്തതിൽ അദ്ഭുതകരമായി ഒന്നുമില്ല.

കൊച്ചിൻ വെള്ളപ്പൊക്ക കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എങ്ങനെയോ കഷ്ടിച്ച് കടന്നുകൂടിയെന്നതിൽ വിജ്രംഭിതരാകാനുള്ള ഒരു വകയും യുഡിഎഫിനില്ല. നാട് നന്നാവാൻ ജാതിയെ തള്ളി മതത്തെ തള്ളി പാർട്ടികളെ തള്ളി നല്ല വ്യക്തികളെ തെരഞ്ഞെടുക്കണം എന്നൊരു ഫീലിങ് കേരളത്തിലെ വോട്ടർമാരിൽ രൂപപ്പെട്ട് തുടങ്ങിയിരിക്കുന്നു.

ഉപതെരഞ്ഞെടുപ്പ് ഫലം നല്കുന്ന ഈ സൂചന അവഗണിക്കാൻ ഇനിയുള്ള കാലം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയുമെന്ന് തോന്നുന്നില്ല.അതൊരു നല്ല ട്രെൻഡാണ്. അരാഷ്ട്രീയത രാഷ്ട്രീയത്തെ സ്വാധീനിച്ചുതുടങ്ങുമ്പോൾ രാഷ്ട്രനിർമ്മാണത്തിന്റെ ഗതിവേഗം കൂടും.
നിഷ്പക്ഷത നിഷ്‌കളങ്കതയല്ല നിരക്ഷരതയുമല്ല.അതൊരുതരം സർഗാത്മകമായ വിലയിരുത്തലാണ്.

ഒരു സംശയവുമില്ല
കേരളം മുന്നോട്ട് തന്നെ..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP