Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈക്കിൽ ട്രിപ്പിളടിച്ചപ്പോൾ പിടിയിലായ ഫ്രീക്കന്മാർ കിടുങ്ങി; പോക്കറ്റിൽ നിന്നുപോവുക 10,000 രൂപ; വരി വരിയായി നിർത്തി പറഞ്ഞുവിട്ടത് സാമൂഹിക സേവനത്തിന്; ഒപ്പം ആയിരം രൂപ മാത്രം പിഴയും; സാമൂഹിക സേവനം ഇടുക്കി-അടിമാലി റൂട്ടിലെ ട്രാഫിക് സൈൻബോർഡുകൾ വൃത്തിയാക്കുക; പണി കഴിഞ്ഞാൽ ക്ലീനാക്കിയ ബോർഡിന്റെ പടവും സെൽഫിയും അയച്ചാൽ മോട്ടോർ വാഹന വകുപ്പ് ഹാപ്പി; ഗതാഗത നിയമ ലംഘനങ്ങൾക്ക് ഹെവി ഫൈനിന് പകരമുള്ള അടിമാലി മോഡൽ ജനപ്രിയമാകുന്നു

ബൈക്കിൽ ട്രിപ്പിളടിച്ചപ്പോൾ പിടിയിലായ ഫ്രീക്കന്മാർ കിടുങ്ങി; പോക്കറ്റിൽ നിന്നുപോവുക 10,000 രൂപ; വരി വരിയായി നിർത്തി പറഞ്ഞുവിട്ടത് സാമൂഹിക സേവനത്തിന്; ഒപ്പം ആയിരം രൂപ മാത്രം പിഴയും; സാമൂഹിക സേവനം ഇടുക്കി-അടിമാലി റൂട്ടിലെ ട്രാഫിക് സൈൻബോർഡുകൾ വൃത്തിയാക്കുക; പണി കഴിഞ്ഞാൽ ക്ലീനാക്കിയ ബോർഡിന്റെ പടവും സെൽഫിയും അയച്ചാൽ മോട്ടോർ വാഹന വകുപ്പ് ഹാപ്പി; ഗതാഗത നിയമ ലംഘനങ്ങൾക്ക് ഹെവി ഫൈനിന് പകരമുള്ള അടിമാലി മോഡൽ ജനപ്രിയമാകുന്നു

എം മനോജ് കുമാർ

അടിമാലി: ഇടുക്കി-അടിമാലി റൂട്ടിൽ ട്രാഫിക് സൈൻബോർഡുകൾ വൃത്തിയാക്കുന്ന യുവാക്കളെ കണ്ടാൽ ഇവർ പിഡബ്ല്യുഡിക്കാരെന്ന് തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല. ഇത് ട്രാഫിക് നിയമലംഘനം നടത്തുന്ന കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കളാകും. കേന്ദ്ര വിജ്ഞാപന പ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത പിഴ ചുമത്തപ്പെടുന്ന സാഹചര്യത്തിലാണ് യുവാക്കളെയും വിദ്യാർത്ഥികളെയും പിടികൂടുമ്പോൾ പിഴത്തുകയിൽ ഇളവ് നൽകി പകരം സോഷ്യൽ സർവീസ് നടത്താൻ അടിമാലി മോട്ടോർവെഹിക്കിൾ അധികൃതർ നിർദ്ദേശിക്കുന്നത്. ഗതാഗതനിയമ ലംഘനങ്ങൾക്ക് മിനിമം ആയിരം രൂപ പിഴ ചുമത്തിയശേഷമാണ് അധികം പിഴ ചുമത്തുന്നതിനു പകരം സോഷ്യൽ സർവീസ് ചെയ്യിപ്പിക്കുന്നത്.

കൂടുതൽ പിഴയിൽ നിന്ന് ഒഴിവാക്കി നിർത്തിയതിനു യുവാക്കളും മോട്ടോർവാഹനവകുപ്പിന് നന്ദി പറയുകയും ചെയ്യുന്നുണ്ട്. സൈൻ ബോർഡുകൾ വൃത്തിയാക്കിയ ശേഷം അതിനു മുൻപിൽ നിന്നും സെൽഫി എടുത്ത് അയച്ചു നൽകിയാണ് വിദ്യാർത്ഥികളും യുവാക്കളും രംഗം കാലിയാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഈ രീതി അടിമാലിയിൽ നടപ്പിലാക്കപ്പെടുന്നത്. ട്രാഫിക് ബോർഡുകൾ വൃത്തിയാക്കിയ ശേഷം നൽകുന്ന സെൽഫിയുടെ ബലത്തിൽ കൂടുതൽ പിഴ ചുമത്തുന്നത് അധികൃതർ ഒഴിവാക്കുകയും ചെയ്യുന്നു.

പുതിയ കേന്ദ്ര വിജ്ഞാപന പ്രകാരം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിനു 2000 രൂപയും സാമൂഹികസേവനവുമാണ് ശിക്ഷ. . കുറ്റം ആവർത്തിച്ചാൽ 5000 രൂപയും സാമൂഹികസേവനവും ചെയ്യേണ്ടി വരും. ഈ ഭേദഗതി ഉപയോഗപ്പെടുത്തിയാണ് വകുപ്പ് നടപടികൾ കൈക്കൊള്ളുന്നത്. മൂന്നു വയലേഷൻ നടത്തിയാൽ ചാർജ് ചെയ്യുന്നത് ഒരു വയലേഷന്റെ കുറ്റം. പകരം സാമൂഹിക സേവനം. ഇതാണ് രീതി. ഈ രീതിയിൽ തന്നെയാണ് മുന്നൂറോളം ട്രാഫിക് സൈൻ ബോർഡുകൾ വകുപ്പ് യുവാക്കളെയും വിദ്യാർത്ഥികളെയും കൊണ്ട് ക്ലീൻ ചെയ്യിപ്പിച്ചത്.

കടുത്ത മഴ സ്ഥിരം പ്രതിഭാസമായതിനാൽ ഇടുക്കി-അടിമാലി ഭാഗത്തെ മിക്ക ട്രാഫിക് സൈൻ ബോർഡുകളും കാടും പടലും മൂടിയിരിക്കുകയാണ്. ദുഷ്‌ക്കരമായ റോഡുകൾ ആണ് ഈ ഭാഗത്തുള്ളത്. റോഡുകളിലെ അപകട മുന്നറിയിപ്പുകൾ ആണ് സൈൻ ബോർഡുകൾ വഴി നൽകിയിരിക്കുന്നത്. മിക്ക ബോർഡുകളും ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്ത അവസ്ഥയാണ്. ഇത് അപകടങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ഈ ഘട്ടത്തിലാണ് കേന്ദ്ര വിജ്ഞാപനത്തിന്റെ ചുവട് പിടിച്ച് ഗതാഗത നിയമലംഘനം നടത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കളെക്കൊണ്ട് ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കിപ്പിക്കുന്നത്.

ഒരു ബൈക്കിൽ മൂന്നു പേർ കയറി യാത്ര ചെയ്താൽ പതിനായിരം രൂപ പിഴയാണ്. കോളേജ് വിദ്യാർത്ഥികൾ ഇങ്ങിനെ നിയമലംഘനം നടത്തുന്നത് പതിവാണ്. മൂന്നു വിദ്യാർത്ഥികൾ ബൈക്കിൽ സഞ്ചരിച്ച് പിടികൂടപ്പെട്ടാൽ പതിനായിരം രൂപ തന്നെ ഈടാക്കേണ്ടി വരും. അതിൽ നിന്ന് ഇവരെ രക്ഷിക്കാൻ കൂടിയാണ് ചെറിയ പിഴ ഈടാക്കുക ഒപ്പം സാമൂഹ്യസേവനം കൂടി നടത്തിപ്പിക്കുക എന്ന രീതി അടിമാലി മോട്ടോർവാഹനവകുപ്പ് അധികൃതർ പയറ്റുന്നത്. ബൈക്കിൽ ഏത് രീതിയിൽ മാറ്റം വരുത്തിയാലും അതിനു പിഴ ഈടാക്കാം. നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ അല്ലെങ്കിൽ പിഴ ചുമത്താം, സൈലൻസർ ഇളക്കി മാറ്റി ശബ്ദമുണ്ടാക്കുന്ന രീതിയിൽ ഫിറ്റ് ചെയ്താൽ അതിനും പിഴ ചുമത്താം. ഇങ്ങിനെയുള്ള നിയമലംഘനങ്ങൾ പതിവായി നടത്തുന്നത് കോളേജ് വിദ്യാർത്ഥികൾ ആണ്. പുതിയ കേന്ദ്ര നിയമപ്രകാരം പിഴത്തുക കൂടുതലുമാണ്. സംസ്ഥാന സർക്കാർ പിഴത്തുക കുറച്ചെങ്കിലും പിഴ തുക വലിയ തോതിൽ തന്നെ നിൽക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ അടങ്ങുന്ന യുവാക്കൾ നിയമലഘനം നടത്തുമ്പോൾ പിഴത്തുക കുറച്ച് അതിനു പകരം സാമൂഹ്യസേവനം കൂടി ചെയ്യിപ്പിക്കുന്നത്.

ഗതാഗത നിയമലംഘനം നടത്തുമ്പോൾ ചുമത്തുന്ന പിഴത്തുകയ്‌ക്കൊപ്പം സോഷ്യൽ സർവീസ് കൂടി നടത്തി അടിമാലിയിലെ മോട്ടോർവാഹനവകുപ്പ് അധികൃതർ പുതിയ മാതൃക തന്നെയാണ് സൃഷ്ടിക്കുന്നത്. പുതുക്കിയ കേന്ദ്ര വിജ്ഞാപന പ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് കൂടിയ പിഴയാണ് ഈടാക്കുന്നത്. ഈ പിഴത്തുകയ്ക്ക് ഒപ്പം സോഷ്യൽ സർവീസ് കൂടിയുണ്ട്. എന്നാൽ ഇത് കേരളത്തിൽ ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കളെ പിടികൂടുമ്പോൾ പിഴത്തുക കുറച്ച് പകരം സോഷ്യൽ സർവീസ് കൂടി ഇവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. മാനുഷിക പരിഗണന നൽകി പിഴത്തുക കുറച്ച് ഒപ്പം സോഷ്യൽ സർവീസ് ചെയ്യിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്.

ചില നിയമ ലംഘനങ്ങൾക്ക് പിഴത്തുകയ്ക്ക് ഒപ്പം സാമൂഹിക സേവനം കൂടി നിർബന്ധിതമാക്കിയിട്ടുണ്ടെങ്കിലും ഇത് ഇതേവരെ കേരളത്തിൽ നടപ്പാക്കാതിരിക്കുമ്പോഴാണ് അടിമാലിയിൽ വ്യത്യസ്ത രീതിയിൽ സാമൂഹ്യസേവനം വകുപ്പ് നടപ്പിലാക്കുന്നത്. കേന്ദ്രം വർദ്ധിപ്പിച്ച പിഴത്തുക കേരളം കുറയ്ക്കുകയും എന്നാൽ പിഴത്തുകയുടെ തോത് അതേപടി ഉയർന്ന് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നടപടികൾക്ക് മാനുഷികതയുടെ അംശം കൂടിയുണ്ട്. ബോർഡുകൾ ക്ലീൻ ആയെന്നു ഉറപ്പ് വരുത്തിയാൽ മാത്രമേ പിഴയുടെ ആനുകൂല്യം ഇവർക്ക് ലഭ്യമാക്കൂ. സൈൻ ബോർഡുകൾ ഇവർ വൃത്തിയാക്കി എന്ന് ഉറപ്പ് വരുത്താൻ വൃത്തിയാക്കിയ സൈൻ ബോർഡുകളുടെ ഫോട്ടോയും ഇവരുടെ സെൽഫിയും അയച്ചു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങിനെ സെൽഫി ലഭിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ പിടികൂടപ്പെട്ടവർക്ക് നൽകുകയുള്ളൂ. ദേവികുളം എംവിഐമാരായ എൽദോ വർഗീസ്, റെജി.പിആർ, അസിസ്റ്റന്റ്‌റ് എംവിഐമാരായ രാജേഷ് എ.ആർ, ഡാനി നൈനാൻ എന്നിവരാണ് മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP