Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ദീപാലയാ ഫൗണ്ടേഷൻ യുഎസ്എ' യ്ക്ക് ഹൂസ്റ്റണിൽ ഉജ്ജ്വല തുടക്കം

'ദീപാലയാ ഫൗണ്ടേഷൻ യുഎസ്എ' യ്ക്ക് ഹൂസ്റ്റണിൽ ഉജ്ജ്വല തുടക്കം

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഡൽഹി കേന്ദ്രമാക്കി ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ശാക്തീകരണത്തിനും കുട്ടികളുടെ ഉന്നമനത്തിനുമായി 40 വർഷമായി പ്രവർത്തിച്ചു വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗവൺമെന്റിതര ചാരിറ്റി സംഘടനകളിലൊന്നായ 'ദീപാലയ' യുടെ പ്രവർത്തങ്ങൾക്ക് അമേരിക്കയിലും തുടക്കം കുറിച്ചു.

ഒക്ടോബർ 20 നു ഞായറാഴ്ച വൈകുന്നേരം ഐപിസി ഹെബ്രോൻ ഫെല്ലോഷിപ്പ് ഹാളിൽ വച്ച് 'ദീപാലയാ ' ഫൗണ്ടേഷൻ യുഎസ്എ യുടെ ഉത്ഘാടനം പ്രൗഢഗംഭീരമായി നടത്തി. മലയാളികളുടെ അഭിമാനവും അമേരിക്കയിൽ കോർട്ട് ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യൻ വനിതയുമായ ഫോർട്ട്‌ബെൻഡ് കോർട്ട് കൗണ്ടി ജഡ്ജ് ജൂലി മാത്യു സമ്മേളനം ഉത്ഘാടനം ചെയ്തു.

ജൂലിയുടെ പ്രസംഗത്തിൽ ഹരിയാനയിലെ ഏറ്റവും പിന്നോക്ക ഗ്രാമങ്ങളിലൊന്നായ നുഹ് ജില്ലയിൽ ദീപാലയ ചെയ്യുന്ന മഹത്തരമായ പ്രവർത്തനങ്ങളെപ്പറ്റി തന്റെ സുഹൃത്തിൽ നിന്നും അറിയുവാൻ കഴിഞ്ഞുവെന്ന് പറഞ്ഞു. ദീപാലയയുടെ ഇന്ത്യയിലെയും അമേരിക്കയിലെയും പ്രവർത്തനങ്ങൾക്കു എല്ലാ ഭാവുകങ്ങളും ജഡ്ജ് ആശംസിച്ചു.

സ്റ്റാഫ്ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ദീപാലയയുടെ സിഇഒയും പ്രമുഖ മാധ്യമപ്രവർത്തകനുമായ എ.ജെ. ഫിലിപ്പ്, പ്രസിഡണ്ട് വൈ.ചാക്കോച്ചൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ജസ്വന്ത് കൗർ, ഫൊക്കാന മുൻ പ്രസിഡണ്ട് ജി.കെ.പിള്ള, പെയർലാൻഡ് മേയർ ടോം റീഡിനെ പ്രതിനിധീകരിച്ച് ഡേവിഡ് മില്ലർ, സാമൂഹ്യ പ്രവർത്തകൻ കൂടിയായ റവ. ഫാ. തോമസ് അമ്പിളിവേലിൽ, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 1979 ൽ ദീപാലയ സ്‌കൂളിലെ പ്രഥമ വിദ്യാർത്ഥിയും, ദീപാലയ പ്രസിഡണ്ട് വൈ. ചാക്കോച്ചന്റെ മകളും ഇപ്പോൾ ഫിലാഡെൽഫിയയിൽ ശാസ്ത്രജ്ഞയുമായ സിൽവിയും തന്റെ നല്ല അനുഭവങ്ങൾ പങ്കിട്ടു.

ദീപാലയ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജസ്വന്ത് കൗർ ദീപാലയയുടെ ജീവ-കാരുണ്യ, സാമൂഹ്യ ഉന്നമന പ്രവർത്തനങ്ങളെയും ദീപാലയയുടെ സുതാര്യമായ ഭരണനിർവഹണത്തെപ്പറ്റിയും നടത്തിയ പവർ പോയിന്റ് അവതരണത്തിൽകൂടെ വ്യക്തമാക്കി. 1979 ൽ 7 ഡയറക്ടർ ബോർഡ് അംഗങ്ങളുമായി പ്രവർത്തനമാരംഭിച്ച ദീപാലയ വളർച്ചയുടെ പടവുകൾ ചവിട്ടുക്കയറുകയായിരുന്നു. ആയിരക്കണക്കിന് പാവപ്പെട്ടവരെ സഹായിച്ചു.

3,50,000 (മൂന്നര ലക്ഷം) പാവപ്പെട്ട നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി. ദീപാലയ ഹരിയാനയിലെയും ഡൽഹിയിലെയും ഏറ്റവും പിന്നോക്ക മേഖലക ളിൽ നടത്തുന്ന സ്‌കൂളുകളിൽ ഇപ്പോൾ 8000 കുട്ടികൾ പഠനം നടത്തുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച സ്ത്രീ സ്വയം സഹായ ഗ്രൂപ്പുകൾ ഇന്ത്യയിൽ ഇന്ന് പല സംസ്ഥാനങ്ങളൂം മാതൃകയായി സ്വീകരിച്ചു. ഇപ്പോൾ 1200
സ്വയം സഹായ ഗ്രൂപ്പുകളിലായി 16000 സ്ത്രീകൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ദീപാലയ അവരുടെയും അവരുടെ കുടുംബത്തിന്റയും ജീവിതക്രമത്തെ മാറ്റിമറിച്ചു അവർക്കു സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നു. 160 ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതോടൊപ്പം അനാഥരായ കുഞ്ഞുങ്ങൾക്കു വേണ്ടി ഹോസ്റ്റലുകളും നടത്തി വരുന്നു.

2018 ൽ കേരളത്തിലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 'ചേന്ദമംഗലം' എന്ന ഗ്രാമത്തിലെ 2 സ്‌കൂളുകൾ 30 ലക്ഷം രൂപ ചെലവാക്കി മുഴുവനായി പുനർ നിർമ്മിച്ചു നൽകി.

സി.ജി.ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഷിബിൻ ഡാനിയേൽ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. ഹെന്ന മാത്യു ടീമിന്റെ ശ്രുതി മധുരമായ ഗാനം സമ്മേളനത്തിന് മികവ് നൽകി.

ദീപാലയയുടെ പ്രവർത്തനങ്ങൾക്കു കൈത്താങ്ങേകുവാൻ രൂപീകൃതമായ ദീപാലയ ഫൗണ്ടേഷൻ യുഎസ്എ യുടെ ബോർഡ് അംഗങ്ങളായി സി.ജി.ഡാനിയേൽ (പ്രസിഡണ്ട് ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ്), ബാബു കൂടത്തിനാലിൽ ( സെക്രട്ടറി) ഷിബിൻ ഡാനിയേൽ (ട്രഷറർ) എന്നിവർ ചുമതലയേറ്റു. ദീപാലയ ഫൗണ്ടേഷൻ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസഷനാണെന്ന് ഡാനിയേൽ അറിയിച്ചു.

സമ്മേളനത്തിന് ശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP