Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉയർന്ന കൊമ്പിൽ കടന്നു കയറി ഇരിക്കാനിടം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ കൊലകൊമ്പനാണെന്ന് കുരങ്ങും വെറുതെ അങ്ങ് ധരിച്ചു; ഒടിഞ്ഞു വീണപ്പോൾ ആ കൊമ്പ് ഒട്ടിച്ചുവെച്ചതായിരുന്നുയെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ടാകാം; എങ്കിലും മരത്തിൽ നിന്നും സ്വയം ഒഴിയാനുള്ള വകതിരവ് അതിന് എവിടെ നിന്ന് ഉണ്ടാകാനാണ്? ഇനി ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പൊറുക്കാൻ പാടില്ല; സമദൂരം, ശരിദൂരം, ബഹുദൂരം: എൻ എസ് എസിനെ വിമർശിച്ച് കെവി രാജശേഖരൻ നയം വ്യക്തമാക്കുമ്പോൾ

ഉയർന്ന കൊമ്പിൽ കടന്നു കയറി ഇരിക്കാനിടം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ കൊലകൊമ്പനാണെന്ന് കുരങ്ങും വെറുതെ അങ്ങ് ധരിച്ചു; ഒടിഞ്ഞു വീണപ്പോൾ ആ കൊമ്പ് ഒട്ടിച്ചുവെച്ചതായിരുന്നുയെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ടാകാം; എങ്കിലും മരത്തിൽ നിന്നും സ്വയം ഒഴിയാനുള്ള വകതിരവ് അതിന് എവിടെ നിന്ന് ഉണ്ടാകാനാണ്? ഇനി ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പൊറുക്കാൻ പാടില്ല; സമദൂരം, ശരിദൂരം, ബഹുദൂരം: എൻ എസ് എസിനെ വിമർശിച്ച് കെവി രാജശേഖരൻ നയം വ്യക്തമാക്കുമ്പോൾ

കെ വി രാജശേഖരൻ

ശാഖകളിൽ നിന്നും ശാഖകളിലേക്കും മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടുന്ന കുരങ്ങന്മാർ ഇരിക്കുന്നിടവും എത്തേണ്ടിടവും തമ്മിലുള്ള ശരിദൂരം കണക്കാക്കിത്തന്നെ ചാടണം. സമദൂരം കണക്കാക്കി ചാടിയാൽ നടുവിൽ വീഴും, നടുവൊടിയും. പലതവണ നടുവിനൊടിവുണ്ടായാൽ പിന്നീട് ദൂരം കണക്കാക്കിയിട്ടും ചാടാൻ ശ്രമിച്ചിട്ടും കാര്യവുമില്ല. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന ഗതികെട്ട അവസ്ഥയിലെത്തി വഴി മുട്ടും. ഗതികെട്ടാൽ പുലി പുല്ലും തിന്നും. കുരങ്ങ് ഇഞ്ചിയും തിന്നൂം.

ഇഞ്ചിതിന്ന കുരങ്ങിരിക്കുന്ന കൊമ്പിന്റെ താഴെ തണലു തേടി പോകരുത്. കുരങ്ങ് കുലുക്കുന്ന കമ്പിൽ നിന്നും അടർന്നു വീഴുന്ന ഫലം പെറുക്കാനും പോകരുത്. കാരണം ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണത്. ഒടിക്കുന്ന ചെറുകമ്പുകളോ പറിക്കുന്ന പഴങ്ങളോ താഴെ നിൽക്കുന്നവന്റെ തലയിലേക്ക് അത് വലിച്ചെറിയുമെന്ന് കരുതി നിൽക്കണം

പക്ഷേ ഇഞ്ചി തിന്ന കുരങ്ങ് ഇരുന്നു പോയതു കൊണ്ട് ആ മരത്തെയങ്ങ് ഉപേക്ഷിക്കാമെന്ന് കരുതാനും പാടില്ല.കാരണം നമ്മുടെ വിശാലമായ തൊടിയിലെ തലയെടുപ്പുള്ള വന്മരങ്ങളിലൊന്നാണത്. ബലമുള്ള മരം, ഫലം നിറഞ്ഞമരം..! പൂർവ്വികർ നട്ടുവളർത്തിയ നന്മയുടെ മരം! ആ മരത്തിൽ കുരങ്ങു കയറിത്തുടങ്ങിയപ്പോൾ തന്നെ തടയേണ്ടതുണ്ടായിരുന്നു.കുരങ്ങ് കൗശലപൂർവ്വം ചിലർക്ക് കടിച്ചതിന്റെ ബാക്കി എറിഞ്ഞു കൊടുത്തുകൊണ്ടോ എന്തോ ചെയ്യേണ്ട പണി ചെയ്യേണ്ടപ്പോൾ ചെയ്തില്ല. അതിനി പറഞ്ഞിട്ടു കാര്യവുമില്ല.

ഉയർന്ന കൊമ്പിൽ കടന്നു കയറി ഇരിക്കാനിടം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ താനൊരു കൊലകൊമ്പനാണെന്ന് കുരങ്ങും വെറുതെ അങ്ങ് ധരിച്ചുപോയി. ഒടിഞ്ഞു വീണപ്പോൾ ആ കൊമ്പ് ഒട്ടിച്ചുവെച്ചതായിരുന്നുയെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ടാകാം. എങ്കിലും മരത്തിൽ നിന്നും സ്വയം ഒഴിഞ്ഞു മാറാനുള്ള വകതിരവ് അതിന് എവിടെ നിന്ന് ഉണ്ടാകാനാണ്? പക്ഷേ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ഇനി പൊറുക്കാൻ പാടില്ല. പൊറുത്താൽ അതുപോലെയുള്ള മറ്റു മരങ്ങളും തകരും, തൊടി മരുപ്പറമ്പാകും. അതൊഴിവാക്കാൻ കൊമ്പിലിരിക്കുന്ന കുരങ്ങനെ ഇറക്കി ഒഴിവാക്കണം. വലയിട്ടു പിടിച്ച് കാഴ്ച ബംഗ്‌ളാവിൽ കൊണ്ടുചെന്ന് കാഴ്ചക്ക് വെക്കാം! അതിനു വഴിയില്ലെങ്കിൽ കൊഴി വെട്ടിയെറിഞ്ഞ് കൊടുംകാട്ടിലേക്ക് ഓടിച്ചു കയറ്റണം.. മരത്തിന്റെ മഹത്വമറിഞ്ഞ്, അതിന്റെ തൈ നടുകയും വെള്ളമൊഴിക്കയും വളം കൊടുക്കുകയും ചെയ്ത മന്നത്തു പപത്മനാഭന്റെ മഹത്വം ആദരവോടെ സ്മരിച്ചുകൊണ്ട് ആ പുണ്യ കർമ്മം ചെയ്യുന്നത് കാലം കാത്തിരിക്കുകയാണ്. കേരളവും ഭാരതവും കാത്തിരിക്കയാണ്.

ആരോട് എത്ര ദൂരം പാലിക്കണമെന്നും അരോട് ചേർന്നു നിൽക്കണമെന്നും ആരെ അടിച്ചു പുറത്താക്കണമെന്നും ഭാരതം കണ്ടറിഞ്ഞു, അളന്നറിഞ്ഞു, തിരിച്ചറിഞ്ഞു! ഭാരത കേസരി മന്നത്തു പത്മനാഭന്റെ കേരളവും ഭാരത രാഷ്ട്രീയ മുഖ്യധാരയിൽ തന്നെയുണ്ടാകണം. ശരിദൂരവും സമദൂരവും അളക്കുവാനും അറിഞ്ഞു തീരുമാനിക്കുവാനും ഭാരത കേസരിയുടെ വഴികളിലൂടെ സഞ്ചരിച്ച കേരളത്തിന്റെ പൊതുസമൂഹത്തിനറിയാം. വീര സവർക്കറെ വിളിച്ചാദരിക്കുകയും തന്നെ കാണുവാൻ പെരുന്നയിലെത്തിയ ഗുരുജി ഗോൾവൾക്കറുടെ കണ്ണുകളിൽ ഭാരതത്തിന്റെ ഭാവിയുടെ തിളക്കം കാണുകയും ചെയ്ത മന്നത്തു പത്മനാഭന്റെ ആത്മാവ് കാട്ടിത്തരുന്ന ശരിവഴി തിരിച്ചറിഞ്ഞ് ഇനി വേണ്ട യാത്രയുടെ ഗതിയും വേഗവും നിശ്ചയിക്കുവാൻ കേരള സമൂഹത്തിന് സ്വയം കഴിയും, കഴിയണം. വേദ വ്യാസൻ രചിച്ച മഹാഭാരത ഇതിഹാസം എടുക്കാൻ പരുവത്തിന് അടുത്തുള്ളപ്പോൾ വഴിതെറ്റിക്കുന്ന വളച്ചൊടിച്ച കഥകൾ പറയുന്നവർക്കെന്തിനു ചെവി കൊടുക്കണം?

കേരളം ഭാരതത്തിനു സംഭാവന ചെയ്ത സമാനതകളില്ലാത്ത മഹത്പ്രതിഭയായിരുന്നു, മന്നത്തു പത്മനാഭൻ. രാഷ്ട്രീയ സ്വയം സേവക സംഘം കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിർമ്മാണത്തിനു മുന്നിൽ നിന്ന് നയിക്കുവാൻ അഭ്യർത്ഥിച്ചപ്പോൾ അഭിമാനത്തോടെയും അത്മാർത്ഥയോടെയും ആ ദൗത്യം ഏറ്റെടുത്തു. സ്വന്തം സമുദായ പരിഷ്‌കരണത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ തന്നെ തന്റെ പേരിലെ ജാതിചിഹ്നം എടുത്തു കളഞ്ഞു, മന്നത്തു പത്മനാഭ പിള്ള മന്നത്തു പത്മാനഭനായി മാറി. (ഒരു പുരുഷായുസ്സ് കമ്യൂണിസ്റ്റു കാരനായിക്കഴിഞ്ഞിട്ടും ഇളംകുളത്തു മനയ്ക്കലെ ശങ്കരൻ നമ്പൂതിരിപ്പാട് സഖാവ് ശങ്കരനായി മാറിയില്ലെന്നത് ഇതു പറയുമ്പോൾ ഓർമ്മിക്കേണ്ടതുണ്ട്.) ആദ്യ കരയോഗം രൂപീകരിച്ചപ്പോൾ തന്നെ തന്റെ കൂടെ ചേർന്നവരോടൊപ്പം നിന്ന് സ്വസമുദായ വികസനത്തിന് തങ്ങൾ ചെയ്യുന്ന പ്രവർത്തികളൊന്നും അന്യ സമുദായങ്ങൾക്ക് ദോഷമുണ്ടാക്കുന്നതാകില്ലെന്നു സത്യം ചെയ്തു. ചങ്ങനാശ്ശേരി കോളേജിന് എൻഎസ്സ്എസ്സ് ഹിന്ദു കോളേജെന്നു പേരിട്ടതുതന്നെ ആചാര്യന്റെ മനസ്സിന്റെ വിശാലത വ്യക്തമാക്കി. ക്ഷേത്ര പ്രവേശന സമരം ഉൾപ്പടെയുള്ള സാമൂഹിക പരിഷ്‌കരണശ്രമങ്ങൾക്കൂ മുന്നിൽ നിന്ന് നയിച്ചു. ടി.കെ. മാധവനെ സഹോദരനായി സ്വീകരിച്ചു. ആർ ശങ്കറോടൊപ്പം ഹിന്ദു ഐക്യത്തിന് വഴി തേടുവാനും തനിക്കാകുന്നതു ചെയ്തു. ഫലേച്ഛയില്ലാതെ സമാജത്തിനായി സ്വയം സമർപ്പിച്ച ആ കർമ്മധീരൻ ഡോ കേശവ് ബലിറാം ഹെഡ്‌ഗേവാറിൽ ഭാരതം ദർശിച്ച വൈഭവം കേരളത്തിൽ പ്രകടിപ്പിച്ച ചരിത്രപുരുഷനായി മാറി.

ഭാരതം ശ്രദ്ധിക്കുന്ന തരത്തിൽ കേരളത്തിൽ നിന്നു വളർന്ന് ഉയർന്നു നിന്ന ആ ക്രാന്തദർശി പരുവപ്പെടുത്തിയ സമാജം ഇന്ന് ഒരു തരത്തിലും അനുവദിക്കാൻ പാടില്ലാത്ത വഴികളിലൂടെ പിന്നോട്ടു പോകുകയാണ്. ഒരു പക്ഷേ കാലം വരുത്തിയ മൂല്യച്ചുതികളാകാം ആ സമാജത്തിലേക്ക് വഴിപിഴച്ച ലക്ഷ്യങ്ങളുമായി കടന്നു നോക്കാൻ പലർക്കും ഇടം കൊടുത്തതും അവിടം കുളംതോണ്ടിയാലും ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ലെന്ന ഗതികെട്ട പരുവത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതും. അതുകൊണ്ടു തന്നെ ചരിത്രപരമായ തിരുത്തൽ അനിവാര്യമായി മാറിയിരിക്കുന്നു. ആ തിരുത്തലിന് ശ്രമം തുടങ്ങുന്നതിനു മുമ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്ക് തിരിഞ്ഞൊന്നു നോക്കിയേ തീരൂ.

ആർ ശങ്കറിനെയും മന്നത്തു പത്മനാഭനെയും സ്വതന്ത്ര ഭാരത രാഷ്ട്രീയത്തിന്റെ പടിക്കു പുറത്തു നിർത്തുവാൻ പണിപതിനെട്ടും പയറ്റിയ കോൺഗ്രസ്സ് രാഷ്ട്രീയം! ഹിന്ദുവിനെ അവഗണിച്ച ആ രാഷ്ട്രീയ നെറികേടിന് പകരം കൊടുക്കുവാൻ കാത്തിരുന്നവരുടെ പൊതു വികാരം വോട്ടാക്കി മാറ്റി, 1957ൽ കേരളത്തിൽ അധികാരക്കസേര പിടിച്ച കമ്യൂണിസ്റ്റുകാർ! നിലയ്ക്കൽ സമരത്തിന് വിജയയിതിഹാസം കുറിച്ച ആവേശം വോട്ടാക്കിമാറ്റുവാൻ അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടെയുണ്ടായിരുന്ന ന്യൂനപക്ഷ വർഗീയ പാർട്ടികളോടുള്ള പരസ്യ ബന്ധം ഒഴിവാക്കി ഹിന്ദുവിന്റെ സ്വന്തമെന്ന് നടിച്ച് വീണ്ടും കസേര പിടിച്ച ഇടതുപക്ഷം! ഇതിനിടെ കാടു കയ്യേറുവാനും വിദ്യാഭ്യാസം വിറ്റു കാശാക്കുവാനും ന്യൂനപക്ഷങ്ങൾക്ക് വഴിവിട്ട സഹായം നൽകുവാനും കമ്യൂണിസ്റ്റ് പക്ഷവും കോൺഗ്രസ്സ് പക്ഷവും മടി ഒട്ടും കാട്ടിയതുമില്ല.

സംഘടിത ന്യൂനപക്ഷ വോട്ടു ബാങ്കുകളെ പ്രീണിപ്പിച്ചും അസംഘടിത ഭൂരിപക്ഷത്തെ അവഗണിച്ചും അധികാരക്കസേര ഉറപ്പാക്കുവാൻ മത്സരിച്ചിരുന്ന ഇടതുവലത് മുന്നണികൾ അടുത്ത കാലങ്ങളായി അവരുടെ രണതന്ത്രങ്ങളിൽ അപകടകരങ്ങളായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഹിന്ദു വിരുദ്ധ വർഗീയത പ്രകടിപ്പിച്ച് ന്യൂനപക്ഷ പിന്തുണ കൊണ്ട് അടിത്തറ ഉറപ്പിക്കുക. തിരഞ്ഞെടുപ്പുവരുമ്പോൾ അസംഘടിത ഹിന്ദുസമാജത്തിലെ ജാതിസംഘടനകളുടെ നേതാക്കളെ വില്യ്‌ക്കെടുത്ത് വോട്ട് ചോരുന്നത് തടയുക. ഈ വക പുതുതന്ത്രങ്ങൾ പോലും ഭാരതീയ ദേശീയതയുടെ ശക്തികളെ പരാജയപ്പെടുത്തുന്നതിന് പര്യാപ്തമല്ലെന്നു വരുമ്പോൾ ഇടതു വലതു കൂട്ടർ പരസ്പരം വോട്ടു കച്ചവടം നടത്തി ഒ. രാജഗോപാലിനെയാണെങ്കിലും കുമ്മനം രാജശേഖരനെയാണെങ്കിലും പരാജയപ്പെടുത്താനുള്ള കുതന്ത്രവും മെനയും.

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കപ്പുറം കമ്യൂണിസ്റ്റു ഇടതുപക്ഷത്തിന്റെ ദൈനംദിന രാഷ്ട്രീയ ഇടപെടലുകളും പ്രകടമായും ഹിന്ദു വിരുദ്ധമാണ്. ഹിന്ദുവിനെ അടിച്ചമർത്തുന്നതും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതുമാണ് മതേതരത്വം എന്നതാണവരുടെ രാഷ്ട്രീയ നിലപാട്. ഹൈന്ദവക്ഷേത്രങ്ങളെയും സംസ്‌കാരത്തെയും തകർക്കാൻ കമ്യൂണിസ്റ്റു പാർട്ടി സംവിധാനത്തെയും ഭരണകൂടത്തെയും അഴിച്ചു വിട്ടിരിക്കുന്നു. സുപ്രീം കോടതിവിധിയുടെ മറവിൽ ശബരിമല തകർക്കാൻ കമ്യൂണിസ്റ്റു ഭരണകൂടം നടത്തിയ കുത്സിത ശ്രമങ്ങൾ അവരുടെ അജണ്ട വ്യക്തമാക്കി. ഭക്തരുടെ നേരെ നടത്തിയ അതിക്രമങ്ങളും നരനായാട്ടുകളും നിയമവിരുദ്ധമായ ഇടപെടലുകളും ജനാധിപത്യ കേരളത്തിന്റെ മനസാക്ഷിയെ വെല്ലു വിളിക്കുന്നു.. മറ്റൊരു വഴിക്ക് ഹൈന്ദവ പ്രസ്ഥാനങ്ങളിലെ പ്രവർത്തകരുടെ നേരെ നിരന്തരം കൊലക്കത്തി ഉയർത്തുന്നു. ഇസ്‌ളാമിക തീവ്രവാദികളുടെ കടന്നാക്രമങ്ങൾക്കും ലൗ ജിഹാദിനും നേരേ കണ്ണടയ്ക്കുകയും ഒത്താശ ചെയ്യുകയും പതിവാക്കിയിരിക്കുന്നു. ഇതിനെല്ലാം പുറമേ ഹിന്ദുസംസ്‌കൃതിയെ ആഴത്തിൽ മുറിവേല്പിക്കുവാൻ മുതിരുന്ന കലാസാഹിത്യ രംഗത്തെ ഏഴാംകൂലികളെ കയറൂരി വിടുന്നു. അവർക്ക് പട്ടും വളയും പത്രാസ്സും പാർട്ടി ഇടപെട്ടുറപ്പാക്കുന്നു.

സമാനമായ ശൈലിയാണ് കോൺഗ്രസ്സ് കൂട്ടുകെട്ടും തുടർന്നു പോരുന്നത്. ദേശീയതലത്തിൽ സോണിയ നേതൃത്വം പിടിച്ചെടുത്തതോടെ പാർട്ടി തലത്തിലും ഭരണതലത്തിലും ന്യൂനപക്ഷങ്ങളായി കാര്യക്കാർ. വി ജോർജും അഹമ്മദ് പട്ടേലും ഗുലാബ് നബി ആസാദുമൊക്കെ കോൺഗ്രസ്സ് രാഷ്ട്രീയ മുഖ്യധാരയിലെ അധികാരദല്ലാളന്മാരായി മാറി. വികസനത്തിന്റെ ആദ്യ പങ്ക് ന്യൂനപക്ഷത്തിനായിരിക്കുമെന്ന പ്രധാനമന്ത്രി ആയിരുന്ന മന്മോഹൻ സിംഗിന്റെ പ്രസ്താവന പോലും ഭാരതത്തിനു കേൾക്കേണ്ടി വന്നു, അധികാരം നഷ്ടപ്പെട്ടതോടെ തിരിച്ചു വരവിനു സഹായം തേടാൻ പാക്കിസ്ഥാനിലേക്ക് മണിശങ്കർ അയ്യരെ പോലുള്ളവര പറഞ്ഞു വിടുന്ന അപകടകരമായ രീതിയും രാജ്യം കണ്ടു. ഏറ്റവും ഒടുവിലായി കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ സഹായിക്കാൻ വേണ്ടി രാഹുലിന്റെ ദൂതന്മാർ ഇംഗ്ലണ്ട് പാർലമെന്റംഗങ്ങളെ സമീപിക്കുന്ന ലജ്ജാകരഭായ പ്രവർത്തിക്കും ഭാരതം സാക്ഷിയാകേണ്ടി വന്നു,

കേരളത്തിലെ ഹിന്ദു നാമധാരികളായ കോൺഗ്രസ്സുകാർ സോണിയയെയും ന്യൂനപക്ഷത്തെയും പ്രീണിപ്പിക്കാൻ മത്സരമാണ്. ക്ഷേത്ര ദർശനത്തിന് പോകുന്ന ഹിന്ദുസഹോദരിമാരെയും അമ്മമാരെയും അധിക്ഷേപിച്ചു കൊണ്ടെഴുതിയ 'മീശ' നോവലിന്റെ പ്രസിദ്ധീകരണം തുടരില്ലായെന്ന് 'മാതൃഭൂമി' പ്രഖ്യാപിച്ചപ്പോൾ തന്നെ മകന്റെ പ്രസിദ്ധീകരണശാലയിൽ അത് അച്ചടിച്ചിറക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തത് ഹിന്ദുവിന് പാര പണിയുന്നതിന് താനാണു കേമൻ എന്ന് ന്യൂനപക്ഷത്തെ ബോദ്ധ്യപ്പെടുത്തുവാനായിരുന്നു.

ശശിതരൂർ രമേശ് ചെന്നിത്തലയെ കടത്തി വെട്ടി. ഹിന്ദുക്കളുടെ ഇന്നലെകളെ അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നോവലിലെ പരാമർശം ഒഴിവാക്കി മാപ്പ് പറയുവാൻ തരൂർ ഇന്നും തയാറായിട്ടില്ല. അവർക്ക് ആരെ വേണമെങ്കിലും കിടപ്പറയിലേക്ക് ക്ഷണിക്കാമായിരുന്നെന്നും മുറിയുടെ പുറത്ത് മറ്റാരുടെയെങ്കിലും ചെരുപ്പ് കണ്ടാൽ ഭർത്താവ് വഴിമാറിപ്പോകുമായിരുന്നുയെന്നും തരൂർ എഴുതിവെച്ചു. ഹിന്ദുവിരുദ്ധവർഗീയതയുടെ കാര്യത്തിൽ താനാരുടെയും പിന്നിലല്ലായെന്ന് സ്ഥാപിക്കാനുതകും എന്നുള്ളതുകൊണ്ടാകാം ഒന്ന് ഖേദം പ്രകടിപ്പിക്കുന്നതിനുപോലും നാളിതുവരെ തരൂർ തയാറാകാതിരുന്നത്.

നരേന്ദ്ര മോദിയുടെ സർക്കാർ സംവരണത്തിന്റെ പരിധിയിൽ വരാത്തവർക്കുവേണ്ടി പത്തു ശതമാനം സംവരണം നൽകുവാനുള്ള ബില്ല് അവതരിപ്പിച്ചപ്പോൾ അവതരണം തടയാൻ ശ്രമിച്ചതും ശശി തരൂരെന്ന കോൺഗ്രസ്സുകാരനായ തിരുവനന്തപുരം എം പിയായിരുന്നു. ഹിന്ദുവിരുദ്ധ ലേബലുണ്ടാകുന്നത് വോട്ടു തേടി ഇറങ്ങുമ്പോൾ നേട്ടമുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് ഈ വക നടപടികളിലേക്ക് ഇവരൊക്കെ നീങ്ങുന്നതെന്നു വ്യക്തം. സോണിയ കുടുംബത്തിന്റെ കരുണാതലോടൽ ലഭിക്കുവാനും ഹിന്ദുവിരുദ്ധവർഗീയ നിലപാടുകൾ പ്രയോജനപ്പെടുത്തും എന്ന അധികനേട്ടവും ചെന്നിത്തലമാരെയും തരൂരുമാരെയും ആ വഴി തുടരുവാൻ പ്രേരിപ്പിക്കുന്നൂയെന്നതും പ്രകടം.

ദേശീയതലത്തിൽ ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചും ഭൂരിപക്ഷത്തെ ഭിന്നിപ്പിച്ചും രാഷ്ട്രീയം പയറ്റുവാൻ രാഹുലിന് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം തേടേണ്ടി വന്നെങ്കിൽ കേരളത്തിലെ കോൺഗ്രസ്സുകാർക്കും കമ്യൂണിസ്റ്റുകാർക്കും അത് പഠിച്ച് പ്രയോഗിച്ച് ഇരുത്തം വന്ന രണതന്ത്രം തന്നെയാണ്. അതിന്റെ ഏറ്റവും കൃത്യമായ തെളിവ് അവരുടെ പുതിയ പരീക്ഷണങ്ങങ്ങളിൽ നിന്നും വായിച്ചെടുക്കാം. വട്ടിയൂർക്കാവിലും കോന്നിയിലും അടുത്ത കാലത്ത് തിരഞ്ഞെടുപ്പു നടന്ന മറ്റിടങ്ങളിലും കണ്ട ആശാവഹമല്ലാത്ത പ്രവണതകളെ ഇതുവരെ ചർച്ച ചെയ്ത കാര്യങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടിയിരിക്കുന്നു. പെട്ടി നിറയെ തുട്ടുകളുമായി ഒരു കൂട്ടർ! വട്ടിയിലും കുട്ടയിലും വോട്ടുമായി മറ്റൊരു കൂട്ടർ! ! വോട്ടു വിൽക്കുന്നവരും വോട്ടു വാങ്ങുന്നവരും. വീശിയെറിയുന്ന വലകളിലേക്ക് വീണു കുരുങ്ങുന്നത് വേട്ട മൃഗങ്ങളായ വോട്ടറന്മാരെന്ന നാട്ടുകാരും!

അതൊന്നും കേരളത്തിൽ പുതിയതല്ലെന്നത് ശരിയാണ്. പൊതുജനം അപകടം തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കണമെങ്കിൽ കമ്യൂണിസ്റ്റു കുതന്ത്രങ്ങൾ ഒരുക്കുന്ന ചതിക്കുഴികൾ ആദ്യം തിരിച്ചറിയണം. അവർ പ്രകടമായും തീവ്ര ഹിന്ദുവിരുദ്ധ നിലപാടുകളെടുക്കുന്നത് പൂർണ്ണമായും ഹിന്ദുവിരുദ്ധ വർഗീയ വാദികളുടെ വോട്ടുകൾ സമാഹരിക്കുന്നതിനു വേണ്ടിയാണ്. പാർട്ടിയോടൊപ്പം നിൽക്കുന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ട ഹിന്ദു നാമധാരികളുടെ വോട്ടുകൾ സ്ഥിരം നിക്ഷേപമായി ഉണ്ട്. അടുത്ത ഘട്ടം വിലയ്‌ക്കെടുത്തും പ്രലോഭിപ്പിച്ചും അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഹിന്ദു സമൂഹത്തിലെ ജാതി സംഘടനാ നേതാക്കളെ കൂടെ നിർത്തി ജാതിയുടെ പേരും പറഞ്ഞ് വോട്ടു തേടുന്ന 'മാക്‌സിസ്റ്റു ലെനിനിസ്റ്റ് വിപ്‌ളവകാരികളുടെ' തറ നിലവാരത്തിലും താഴെയുള്ള രാഷ്ട്രീയക്കളി.

അടുത്ത ഘട്ടം ജാതി സംഘടനകളുടെ നേതാക്കൾ പറഞ്ഞാലും തങ്ങൾക്ക് കിട്ടില്ലെന്നുറപ്പുള്ള ഹിന്ദു വോട്ടറന്മാരെ കൂട്ടം തെറ്റിക്കലാണ്. അവർ ഹിന്ദുവിരുദ്ധ വർഗീയതയെ മനസ്സുകൊണ്ടെങ്കിലും പ്രതിരോധിക്കുന്നവരാണ്. അവരുടെ വോട്ടുകൾ സ്വാഭാവികമായും ദേശീയതയുടെ പക്ഷത്തു നിൽക്കുന്ന ഭാരതീയ ജനതാ പാർട്ടിയിലേക്ക് ഒഴുകുവാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാൽ കേരളവും ഭാരതത്തിന്റെ വഴിയെ പോകുമെന്നുറപ്പാണ്.. അവിടെയാണ് കമ്യൂണിസ്റ്റ് കുതന്ത്രങ്ങളുടെ നെറികെട്ടരൂപമായ അടവുനയം. അവർ അത്തരം ജാതിസംഘടനകളുടെ നേതാക്കളെ സമീപിച്ച് അവരുടെ സ്വാധീനത്തിലുള്ള വോട്ടുകൾ ബിജെപിക്ക് ലഭിക്കുന്നത് ഒഴിവാക്കുവാൻ കോൺഗ്രസ്സിലേക്ക് ഒഴുക്കുന്നതിന് കച്ചവടം ഉറപ്പിക്കുന്നു. ഇതേ ജാതിവോട്ടു വില്പനക്കാരോട് കോൺഗ്രസ്സുകാർ നേരിട്ടും കച്ചവടത്തിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ വിൽപ്പനക്കാരുടെ വിറ്റു വരവ് സ്വാഭാവികമായും ഇരട്ടിയാവുകയും ചെയ്യും.

ഈ ഇടപാടുകൾ പൊതുജനം തിരിച്ചറിഞ്ഞ് പ്രതിരോധം തീർത്തില്ലെങ്കിൽ തൂണും ചാരിനിന്നാലും പെണ്ണിനേം കൊണ്ടുപോകാം എന്നതാണ് കമ്യൂണിസ്റ്റു മോഹം. അതു തിരിച്ചറിഞ്ഞ് ദേശീയതയുടെ പക്ഷത്ത് ഒരാളുമൊഴിയാതെ ഒത്തുചേർന്ന് നിന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കുതിപ്പിന്റെ സാദ്ധ്യതയും വേഗതയും വർദ്ധിപ്പിക്കണം. മന്നത്തു പത്മനാഭനും ആർ ശങ്കറും തുടക്കത്തിൽ വളർത്തിയെടുക്കാൻ ശ്രമിച്ച ഐക്യത്തിന്റെ പാതയിലേക്ക് കേരളം തിരിച്ചു പോകണം. ശ്രീ നാരായണഗുരുവും ചട്ടമ്പി സ്വാമികളും അയ്യാ വൈകുണ്ഠ സ്വാമികളും മഹാത്മാ അയ്യങ്കാളിയും അനുഗ്രഹിച്ച് തുടങ്ങിവെച്ച മുന്നോട്ടുള്ള യാത്ര സാദ്ധ്യമാക്കണമെങ്കിൽ അതാണു വഴി. അതുമാത്രമാണ് വഴി.

(ഹൈന്ദവദേശീയതയുടെ പക്ഷത്തുനിൽക്കുന്ന രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP