Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനത്തിന്റെ ഓഫീസിൽ ബോംബ് എറിഞ്ഞ സിസിടിവി ദൃശ്യങ്ങൾ ഐപി ബിനുവിന് പ്രശാന്തിന്റെ പിൻഗാമിയാകാൻ വിലങ്ങു തടി; ബിജെപിക്കാരുടെ ശത്രു ഐപിക്കായി കരുക്കൾ നീക്കുന്നത് സാക്ഷാൽ ബിനീഷ്; ജില്ലാ കമ്മറ്റി അംഗം പുഷ്പലതയ്ക്ക് വേണ്ടി ശിവൻകുട്ടി; മരുമകളുടെ അച്ഛനെ നഗര പിതാവാക്കാൻ ആഗ്രഹിക്കുന്നത് കടകംപള്ളിയും; നാലാമൻ സാക്ഷരതാ മിഷൻ ഡയറക്ടർ ശ്രീകലയുടെ ഭർത്താവും; തിരുവനന്തപുരം നഗരസഭ പിടിക്കാൻ സിപിഎമ്മിൽ ചരട് വലി സജീവം; എംഎൽഎയായി മേയർ ബ്രോ പടിയിറങ്ങുമ്പോൾ

കുമ്മനത്തിന്റെ ഓഫീസിൽ ബോംബ് എറിഞ്ഞ സിസിടിവി ദൃശ്യങ്ങൾ ഐപി ബിനുവിന് പ്രശാന്തിന്റെ പിൻഗാമിയാകാൻ വിലങ്ങു തടി; ബിജെപിക്കാരുടെ ശത്രു ഐപിക്കായി കരുക്കൾ നീക്കുന്നത് സാക്ഷാൽ ബിനീഷ്; ജില്ലാ കമ്മറ്റി അംഗം പുഷ്പലതയ്ക്ക് വേണ്ടി ശിവൻകുട്ടി; മരുമകളുടെ അച്ഛനെ നഗര പിതാവാക്കാൻ ആഗ്രഹിക്കുന്നത് കടകംപള്ളിയും; നാലാമൻ സാക്ഷരതാ മിഷൻ ഡയറക്ടർ ശ്രീകലയുടെ ഭർത്താവും; തിരുവനന്തപുരം നഗരസഭ പിടിക്കാൻ സിപിഎമ്മിൽ ചരട് വലി സജീവം; എംഎൽഎയായി മേയർ ബ്രോ പടിയിറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിലേക്ക് പോകുന്നതോടെ തിരുവനന്തപുരം നഗരസഭയിൽ പുതിയ മേയറിനായുള്ള ചർച്ച സജീവമായി. ശ്രീകുമാർ, വഞ്ചിയൂർ ബാബു, പുഷ്പലത, ഐപി ബിനു എന്നിവരാണ് ചർച്ചകളിലുള്ളത്. യുവാവായ പ്രശാന്ത് പോകുമ്പോൾ യുവാവിന് അവസരം നൽകണമെന്ന വാദമാണ് ഐപി ബിനുവിനെ അനുകൂലിച്ച് ഉയർത്തുന്നത്. എന്നാൽ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിൽ ബോംബ് എറിഞ്ഞ കേസിൽ പ്രതിയാണ് ഐപി ബിനു. അന്ന് ബിജെപി ഓഫീസിന് മുമ്പിൽ നിന്ന പൊലീസുകാരെ മർദ്ദിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതു കൊണ്ട് തന്നെ സിപിഎമ്മിന് പോലും പാർട്ടി തല നടപടി എടുക്കേണ്ടി വന്നു ഐപി ബിനുവിനെതിരെ. ഈ കേസ് ഐപിക്ക് കടുത്ത തിരിച്ചടിയാണ്.

ഐപി ബിനുവിന്റെ ഉറ്റ സുഹൃത്താണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ്. ബിനോയ് കോടിയേരിയും ഐപിയും അടുത്ത സുഹൃത്തുക്കളാണ്. ഈ ആത്മബന്ധത്തിൽ തണലിൽ ഐപി എന്തു വന്നാലും കോർപ്പറേഷൻ മേയറാകുമെന്ന് കരുതുന്നവർ സിപിഎമ്മിലുണ്ട്. പാർട്ടിയെ നയിക്കാൻ മറ്റൊരു യുവ നേതാവ് വേണമെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. എന്നാൽ നേരിട്ട് ക്രിമിനൽ പ്രവർത്തനത്തിൽ പങ്കാളിയായ ഐപിയെ മേയറാക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക ജില്ലാ നേതൃത്വത്തിനുണ്ട്. ഇതും പാർട്ടിയിൽ സജീവ ചർച്ചയാണ്. എന്നാൽ സിപിഎമ്മിലെ സൈബർ പോരാളികൾ ഐപിയെ ഭാവി മേയറായി അവതരിപ്പിച്ചു കഴിഞ്ഞു. ഐപിക്ക് വേണ്ടി കമ്പൈനും സജീവമാണ്. എന്നാൽ ജില്ലാ നേതൃത്വം ഇത് അംഗീകരിക്കില്ലെന്നാണ് സൂചന.

ഈ സാഹചര്യത്തിലാണ് ശ്രീകുമാർ, വഞ്ചിയൂർ ബാബു, പുഷ്പലത എന്നീ പേരുകൾ പരിഗണിക്കുന്നത്. ഇതിൽ സിപിഎം ജില്ലാ കമ്മറ്റിയിലെ ഏക പേരുകാരി പുഷ്പലതയാണ്. മുൻ എംഎൽഎയും സിഐടിയു ജില്ലാ സെക്രട്ടറിയുമായ ശിവൻ കുട്ടിയുടെ പക്ഷത്താണ് പുഷ്പലതയുള്ളത്. ശിവൻ കുട്ടിയാണ് പുഷ്ടലതയ്ക്ക വേണ്ടി രംഗത്തുള്ളത്. ശ്രീകുമാറിന് കരുത്ത് ബന്ധുബലമാണ്. ചാക്ക കൗൺസിലറായ ശ്രീകുമാർ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മരുമകളുടെ അച്ഛനാണ്. മകന്റെ ഭാര്യയുടെ അച്ഛന് വേണ്ടി കടകംപള്ളി ചരട് വലികൾ നടത്തുന്നുവെന്നാണ് സിപിഎമ്മിൽ ഒരു വിഭാഗം പറയുന്നത്. വഞ്ചിയൂർ ബാബുവും ഏര്യാ കമ്മറ്റി അംഗമാണ്. പ്രശാന്ത് മേയറാകുമ്പോഴും ഈ പേരുകൾ പരിഗണിച്ചിരുന്നു. അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വികെ മധുവെത്തിയതിനാൽ സാമുദായിക പരിഗണന കൂടി കണക്കിലെടുത്ത് പ്രശാന്തിനെ മേയറാക്കി. ഇതിന് സമാനമായ സാഹചര്യം ഇപ്പോഴുമുണ്ട്.

അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ സിപിഎം തീരുമാനമെടുക്കൂ. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കടകംപള്ളിയുമാകും നിർണ്ണായക സ്വാധീന ശക്തികൾ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇത് ഇടപെടും. തിരുവനന്തപുരം മേയർ ആരെന്ന് അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വമാകും തീരുമാനിക്കുക. തുടങ്ങി. അതിനിടെ മേയറെ ഉടൻ തീരുമാനിക്കുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. ശനിയാഴ്ച ചേരുന്ന കൗൺസിലിന് ശേഷം വികെ പ്രശാന്ത് മേയർ സ്ഥാനം രാജി വയ്ക്കും. വട്ടിയൂർക്കാവിൽ മിന്നും വിജയം നേടിയ വി കെ പ്രശാന്തിന് പകരം പുതിയ മേയറെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നിലുള്ളത്.

ഇടത് മുന്നണിക്ക് ഭൂരിപക്ഷമില്ലാത്ത നഗരസഭയുടെ ഭരണം മുന്നോട്ട് കൊണ്ടു പോകുവാൻ മെയ് വഴക്കമുള്ള ആളാകണം മേയർ. 100 അംഗ നഗരസഭയിൽ 44 കൗൺസിലർമാരാണ് ഇടത് മുന്നണിക്കുള്ളത്. ബിജെപിക്ക് 35ഉം കോൺഗ്രസിന് 21 കൗൺസിലർമാരുമുണ്ട്. നൂൽപ്പാലത്തിലൂടെ പോകുന്ന നഗരസഭാ ഭരണം അവസാന ഒരു വർഷം മുന്നോട്ട് കൊണ്ട് പോകുക നിർണ്ണായകമാണ്. തർക്കങ്ങളില്ലാതെ മേയറെ നിശ്ചയിക്കുമെന്ന് സിപിഎം വ്യക്തമാക്കുന്നു. അതുകൊണണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയായ കോർപ്പറേഷനിലെ എൽഡിഎഫ് പാലമെന്ററി സെക്രട്ടറി ശ്രീകുമാറിനാണ് സാധ്യത കൂടുതൽ. സാക്ഷരതാ മിഷൻ ഡയറക്ടറായ ഡോ പി എസ് ശ്രീകലയുടെ ഭർത്താവാണ് വഞ്ചിയൂർ ബാബു. അങ്ങനെ ബാബുവിനും ബന്ധുബലം സിപിഎമ്മിൽ ഉണ്ട്.

മേയർ എന്ന നിലയിൽ വി കെ പ്രശാന്തിന്റെ അവസാന കൗൺസിൽ 26 നാണ്. അന്ന് വൈകുന്നേരം മേയർ സ്ഥാനം പ്രശാന്ത് രാജി വയ്ക്കും. 28ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. അഭിഭാഷകനായിരുന്ന പ്രശാന്ത് അപ്രതീക്ഷിതമായാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ.എന്നാൽ അധികം വൈകാതെ തന്നെ വികസന പ്രവർത്തനങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും മേയർ തിരുവനന്തപുരത്തുകാർക്ക് പ്രിയപ്പെട്ടവനായി. മികച്ച നഗരസഭയ്ക്കുള്ള കേന്ദ്രസർക്കാറിന്റെ മാഹാനഗരപാലിക അവാർഡ്, മാലിന്യസംസ്‌കരണത്തിനുള്ള സ്വച്ഛത എക്‌സലൻസ് അവാർഡ് തുടങ്ങിയവ തിരുവനന്തപുരത്തെ തേടിയെത്തിയത് ഇദ്ദേഹത്തിന്റെ ഭരണമികവായി ഉയർത്തിക്കാട്ടപ്പെട്ടതും മണ്ഡലത്തിൽ പ്രശാന്തിന് സ്വാധീനം വർധിപ്പിച്ചു..

2019 ലെ മഹാപ്രളയമാണ് തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനെ കേരളത്തിന്റെ തന്നെ 'മേയർ ബ്രോ' ആക്കിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇടതടവില്ലാതെ ദുരിതാശ്വാസ സാമഗ്രികൾ ആവശ്യക്കാരിലെത്തിക്കുന്നതിനും മേയറുടെ നേതൃത്വത്തിൽ അഹോരാത്രം നടന്ന ശ്രമങ്ങൾ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ജനപ്രിയത തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി പോരിനിറങ്ങിയ പ്രശാന്തിനെ വിജയത്തിലേക്ക് നയിച്ചതും. സ്‌കൂൾ- കോളേജ് തലത്തിൽ എസ്എഫ്‌ഐ പ്രവർത്തകനായി തുടങ്ങിയ പ്രശാന്ത് ലോ അക്കാദമിയിലെ പഠന കാലത്താണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പഠനം പൂർത്തിയാക്കി അഭിഭാഷകനായി പ്രാക്ടീസ് തുടരുമ്പോഴും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിൽ നിന്നാണ് സിപിഎമ്മിനായി പ്രശാന്ത് ആദ്യമായി മത്സരിക്കാനിറങ്ങിയത്.

കന്നിമത്സരത്തിൽ തന്നെ ജയം. പിന്നീട് കഴക്കൂട്ടം കോർപറേഷനിൽ ആയപ്പോഴും വീണ്ടും മത്സരിച്ച് കോർപ്പറേഷനിലെ തന്നെ മികച്ച ഭൂരിപക്ഷത്തോടെ ജയം നിലനിർത്തി. പിന്നീടായിരുന്നു അപ്രതീക്ഷിതമായി മേയർ സ്ഥാനം പ്രശാന്തിനെ തേടിയെത്തിയത്. ആ സീറ്റിലിരുന്നു കൊണ്ടുള്ള ഭരണമികവ് ഇപ്പോൾ നിയമസഭയിലേക്കും വഴി തുറന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP