Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തകർന്നടിഞ്ഞത് ഐ ഗ്രൂപ്പിന്റെ കൊട്ടകൊത്തളങ്ങൾ; പിണങ്ങി മാറിയതും പാലം വലിച്ചതും ഐ ഗ്രൂപ്പിലെ രണ്ടാമനും മൂന്നാമനും; ചെന്നിത്തലക്കെതിരെ ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കാൻ പറ്റിയ സമയമെന്ന് തിരിച്ചറിഞ്ഞു എ ഗ്രൂപ്പുകാർ; ഹൈക്കമാൻഡ് പഴയതിനേക്കാൾ ദുർബലമായതോടെ വീണ്ടും യുദ്ധം മുറുക്കി എ ഗ്രൂപ്പുകാർ; ഗ്രൂപ്പു പോരു ശക്തമായാൽ സമവായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാമെന്ന് കരുതി കെ സി വേണുഗോപാൽ; കോന്നിയിലെയും വട്ടിയൂർക്കാവിലെയും പരാജയ കോൺഗ്രസിലെ ഗ്രൂപ്പു മാനേജർമാരെ ആവേശഭരിതരാക്കുന്നത് ഇങ്ങനെ

തകർന്നടിഞ്ഞത് ഐ ഗ്രൂപ്പിന്റെ കൊട്ടകൊത്തളങ്ങൾ; പിണങ്ങി മാറിയതും പാലം വലിച്ചതും ഐ ഗ്രൂപ്പിലെ രണ്ടാമനും മൂന്നാമനും; ചെന്നിത്തലക്കെതിരെ ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കാൻ പറ്റിയ സമയമെന്ന് തിരിച്ചറിഞ്ഞു എ ഗ്രൂപ്പുകാർ; ഹൈക്കമാൻഡ് പഴയതിനേക്കാൾ ദുർബലമായതോടെ വീണ്ടും യുദ്ധം മുറുക്കി എ ഗ്രൂപ്പുകാർ; ഗ്രൂപ്പു പോരു ശക്തമായാൽ സമവായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാമെന്ന് കരുതി കെ സി വേണുഗോപാൽ; കോന്നിയിലെയും വട്ടിയൂർക്കാവിലെയും പരാജയ കോൺഗ്രസിലെ ഗ്രൂപ്പു മാനേജർമാരെ ആവേശഭരിതരാക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടിടത്ത് പരാജയപ്പെട്ടതോടെ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പു സമവാക്യങ്ങളും മാറിമറിയും. ശക്തമെന്ന് കരുതിയ കോട്ടകളിലാണ് പാർട്ടിക്ക് പരാജയം നേരിട്ടത്. ഇതോടെ, നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ തോൽവിയിൽ കോൺഗ്രസുകാർക്കിടയിൽ കടുത്ത അമർഷമുണ്ട്. ഭരണവിരുദ്ധ വികാരമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയെന്നും മൂന്നു സീറ്റുകളിലെ വിജയത്തെ വിലയിരുത്തുമ്പോഴും കോന്നിയിലെയും വട്ടിയൂർക്കാവിലെയും തോൽവികളാണ് കോൺഗ്രസിനെ പ്രശ്‌നത്തിലാക്കുക

എറണാകുളം നിലനിർത്താൻ കഴിഞ്ഞപ്പോൾ അരൂരിൽ കിട്ടിയ അപ്രതീക്ഷിത വിജയം കോൺഗ്രസ് ക്യാമ്പിൽ ആഹ്ലാദിക്കാൻ വക നൽകുന്നു. എന്നാൽ, വട്ടിയൂർക്കാവിലും കോന്നിയിലു തോൽക്കാൻ ഇടയാക്കിയത് തമ്മിലടിയാണ്. കോന്നിയിലും വട്ടിയൂർക്കാവിലും അടൂർപ്രകാശിന്റെയും മുരളീധരന്റെയും ഇടപെടൽ പാർട്ടിക്ക് തിരിച്ചടിയായെന്നാണ് ആരോപണം. രണ്ടു മണ്ഡലത്തിലേക്കും തങ്ങൾ നിർദേശിച്ച സ്ഥാനാർത്ഥികൾ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരുനേതാക്കളും പ്രചാരണ പ്രവർത്തനങ്ങളോടടക്കം മുഖം തിരിച്ചിരുന്നു.

കോൺഗ്രസിലെ പൊട്ടിത്തെറിക്കുള്ള സൂചനകൾ നൽകി യുഡിഎഫിലെ തമ്മിലടിയാണ് തിരിച്ചടിക്ക് കാരണമായതെന്ന് പ്രസ്താവന നടത്തി കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ആദ്യ വെടി പൊട്ടിച്ചിരിക്കുകയാണ്. നേതാക്കൾ തെറ്റായ സന്ദേശമാണ് നൽകിയതെന്നും ആരും പാർട്ടിക്കും മുന്നണിക്കും അതീതരല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കോന്നിയിലും അടൂരിലും പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. യുഡിഫിനേറ്റ കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ സുധാകരനും വിമർശിച്ചിട്ടുണ്ട്. വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്സ് നേതാക്കൾ ഇത് മനസ്സിലാക്കും. പാർട്ടിയിൽ എപ്പോഴൊക്കെ വ്യക്തിതാൽപര്യങ്ങൾ ഉടലെടുത്തിട്ടുണ്ടോ അപ്പോഴൊക്കെ പരാജയമാണ് ഫലമുണ്ടായത്. തെറ്റ് തിരുത്താൻ നേതാക്കൾ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.

കോന്നിയിലേയും വട്ടിയൂർക്കാവിലേയും തിരിച്ചടിക്ക് പിന്നാലെ വരും ദിവസങ്ങളിൽ കോൺഗ്രസിൽ പല തലകളും ഉരുളാൻ സാധ്യതയുണ്ട്. 23 വർഷം നീണ്ട അപ്രമാദിത്യമാണ് കോന്നിയിൽ തകർന്നുപോയത്. വോട്ടുഷെയറിൽ വലിയ ഇടിവും വന്നു. 2016 ൽ അടൂർ പ്രകാശ് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫിന്റെ ജനീഷ്‌കുമാർ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം തിരിച്ചുപിടിച്ചത്. 2016 ൽ അടൂർ പ്രകാശ് മണ്ഡലത്തിൽ 72,800 വോട്ടുകൾ നേടിയപ്പോൾ 44,146 വോട്ടുകളാണ് മോഹൻരാജിന് നേടാനായത്. യുഡിഎഫ് ശക്തി കേന്ദ്രമായ കോന്നിയിലെ തിരിച്ചടി മണ്ഡലത്തിലെ കോൺഗ്രസിനുള്ളിലെ വിഭാഗീയത ശക്തിപ്പെടുത്തുമെന്നുറപ്പാണ്. കാല് വാരി എന്നാണ് ഡിസിസി പ്രസിഡണ്ട് തോൽവിയെക്കുറിച്ച് ആദ്യമായി നടത്തിയ പ്രതികരണം. എൽഡിഎഫ് ലീഡ് നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ ഡിസിസി പ്രസിഡണ്ടായ ബാബു ജോർജ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. സമൂഹമാധമങ്ങൾ വഴി വിഴുപ്പലക്കു തുടങ്ങിക്കഴിഞ്ഞു പത്തനംതിട്ടയിൽ. ഡി.സി.സി. പ്രസിഡന്റ് തെറിക്കാനാണ് സാധ്യത.

അരനൂറ്റാണ്ട് കൈയിലിരുന്ന പാലായ്ക്ക് പുറമെയാണ് രണ്ടര പതിറ്റാണ്ട് കൈയിലിരുന്ന കോന്നി കൂടി തമ്മിലടിച്ച് നഷ്ടമായത്. സ്ഥാനാർത്ഥി നിർണ്ണയം മുതലാണ് കോന്നി വിഷയമായത്. ഓർത്തഡോക്സ് സഭയ്ക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ അടൂർ പ്രകാശ് മുമ്പോട്ട് വെച്ച റോബിൻപീറ്ററുടെ പേര് വെട്ടി കോൺഗ്രസ് നേതൃത്വമായിരുന്നു പി മോഹൻരാജിന്റെ പേര് മുമ്പോട്ട് വെച്ചത്. ഇതിൽ അടൂർ പ്രകാശിന് കടുത്ത അതൃപ്തി ഉണ്ടായിട്ടുണ്ട്. ആദ്യം പ്രചരണത്തിൽ നിന്നും വിട്ടുനിന്ന അദ്ദേഹം പിന്നീടാണ് രംഗത്ത് വന്നത്. വോട്ടെടുപ്പ് കഴിയും വരെ മണ്ഡലത്തിൽ ഉണ്ടാകണമെന്ന് നിർദ്ദേശം ഉണ്ടായിട്ടും അടൂർ പ്രകാശ് വോട്ടെടുപ്പ് ദിവസം കുടുംബസമേതം ഡൽഹിക്ക് പോയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുംപിടുത്തം പിടിച്ച അടൂർപ്രകാശ് കോന്നിയിൽ തോറ്റുപോയാൽ തന്നെ പഴി പറയരുതെന്ന നിലപാടും എടുത്തിരുന്നു.

വട്ടിയൂർക്കാവിലെ സ്ഥിതിയും വിഭിന്നമല്ല. ഇവിടെ തന്റെ ഒഴിവിൽ വന്ന മണ്ഡലത്തിൽ പീതാംബര കുറുപ്പിനെയാണ് കെ മുരളീധരൻ നിർദേശിച്ചത്. എന്നാൽ പ്രവർത്തകരുടെ എതിർപ്പ് ശക്തമായതോടെ മോഹൻകുമാറിനെ നേതൃത്വം നിർദേശിക്കുകയായിരുന്നു. കോന്നിയിലെയും വട്ടിയൂർക്കാവിലെയും സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങൾ മാധ്യമ ചർച്ചയ്ക്ക് ഇടയായതിന്റെ പേരിൽ അടൂർപ്രകാശും കെ മുരളീധരനും ഇപ്പോൾ ഏറെ പഴി കേൾക്കുന്നുണ്ട്. തോൽവിയുടെ പേരിൽ രണ്ടുപേർക്കുമെതിരേ കടുത്ത അച്ചടക്ക നടപടി വന്നാലും അത്ഭുതപ്പെടേണ്ട.

വട്ടിയൂർകാവിൽ എൻഎസ്എസ് പിന്തുണ ഉണ്ടായിട്ടും കോൺഗ്രസിന് ജയിക്കാനായില്ല. ഇതോടെ വരാനിരിക്കുന്ന പുനഃസംഘടന കോൺഗ്രസിൽ ഉടച്ചുവാർക്കലിന് വഴിയൊരുക്കും. രമേശിന്റെ പ്രതിപക്ഷനേതൃസ്ഥാനവും ചോദ്യം ചെയ്യപ്പെടാം. പിണറായി സർക്കാരിനെതിരേ രമേശിന് ഫലപ്രദമായി ഒന്നും ചെയ്യാനാകുന്നില്ല എന്ന വിമർശനമുണ്ട്. രമേശ് ഒട്ടും ജനകീയനാകാനാകുന്നില്ല എന്നും ആരോപണങ്ങൾ മുനയൊടിഞ്ഞതാണെന്നുമാണ് വിമർശനം. ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാൻ വേണ്ടി ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പുകാരും രംഗത്തുണ്ട്. അടുത്തവരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടി തന്നെ മത്സരിക്കണം എന്ന വികാരമാണ് പൊതുവേ ഉയരുന്നത്. എന്നാൽ, ഇത് ചെന്നിത്തല എളുപ്പത്തിൽ സമ്മതിച്ചു കൊടുക്കില്ല. ഈ ഘട്ടത്തിൽ ഹൈക്കമാൻഡ് പിന്തുണയോടെ കെ സി വേണുഗോപാൽ കേരളത്തിലെത്താൻ സാധ്യതയുണ്ട്. എന്നാൽ, അതിനെ ഗ്രൂപ്പുമാനേജർമാർ തടയിടുകയാകും ചെയ്യുക.

ഇപ്പോഴത്ത തോൽവിയോടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കസേരയിൽ എളുപ്പത്തിൽ ഇരിക്കാനിവില്ല. മുല്ലപ്പള്ളിക്ക് സംഘടനയെ ചലിപ്പിക്കാൻ സാധിക്കുന്നില്ലെന്ന വിമർശനം ശക്തമായിട്ടുണ്ട്. ഈ പദവി ലക്ഷ്യമാക്കി ഇപ്പോൾ ഏറ്റവും അധികം ശ്രമം നടത്തുന്നത് കെ സുധാകരൻ എംപിയാണ്. ജനകീയത തന്നെയാണ് മുല്ലപ്പള്ളിയേക്കാൾ കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് അടുപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP