Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബംഗ്ലാദേശിൽ 16 പേർക്ക് വധശിക്ഷ വിധിച്ചത് വിദ്യാർത്ഥിനിയെ തീവച്ചു കൊന്ന കേസിൽ; 19കാരിയെ ദാരുണമായി കൊലപ്പെടുത്തിയത് പ്രധാനാധ്യാപകനെതിരേ പീഡന പരാതിനൽകിയതോടെ; നുസ്രത്തിനെ ജീവനൊടെ ചുട്ടെരിച്ചത് പെൺകുട്ടികൾ അടക്കുമുള്ള സഹപാഠികളും അദ്ധ്യപകരും ചേർന്ന്; വഴിത്തിരിവായത് തീ വിഴുങ്ങുമ്പോഴും നുസ്രത്ത് നൽകിയ മരണമൊഴി; അവസാനമായി അവൾ പറഞ്ഞത് 'നീതിക്കായി എന്റെ മരണം വരെ പോരാടുമെന്ന്'

ബംഗ്ലാദേശിൽ 16 പേർക്ക് വധശിക്ഷ വിധിച്ചത് വിദ്യാർത്ഥിനിയെ തീവച്ചു കൊന്ന കേസിൽ; 19കാരിയെ ദാരുണമായി കൊലപ്പെടുത്തിയത് പ്രധാനാധ്യാപകനെതിരേ പീഡന പരാതിനൽകിയതോടെ; നുസ്രത്തിനെ ജീവനൊടെ ചുട്ടെരിച്ചത് പെൺകുട്ടികൾ അടക്കുമുള്ള സഹപാഠികളും അദ്ധ്യപകരും ചേർന്ന്; വഴിത്തിരിവായത് തീ വിഴുങ്ങുമ്പോഴും നുസ്രത്ത് നൽകിയ മരണമൊഴി; അവസാനമായി അവൾ പറഞ്ഞത് 'നീതിക്കായി എന്റെ മരണം വരെ പോരാടുമെന്ന്'

മറുനാടൻ ഡെസ്‌ക്‌

ബംഗ്ലാദേശ്; പ്രധാനാധ്യാപകനെതിരേ ലൈംഗികപീഡന പരാതിനൽകിയ വിദ്യാർത്ഥിനിയെ തീവെച്ചുകൊന്ന കേസിൽ ബംഗ്ലാദേശിൽ 16 പേർക്ക് വധശിക്ഷ. നുസ്രത് ജഹാൻ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. സ്‌കൂളിന്റെ റൂഫ് ടോപ്പിലായിരുന്നു. സംഭവം. പരാതി പിൻവലിക്കാത്തതിനെത്തുടർന്ന് സഹപാഠികളടക്കമുള്ളവരാണ് നുസ്രത്തിനെ മണ്ണെണ്ണ ഒഴിച്ച് തീവെച്ചത്.നുസ്രത്തിനെ പീഡിപ്പിച്ച പ്രധാനാധ്യാപകൻ, ഭരണപക്ഷത്തുള്ള അവാമി ലീഗ് പാർട്ടിയിലെ പ്രവർത്തകർ, പെൺകുട്ടികളടക്കമുള്ള സഹപാഠികൾ എന്നിവരാണ് പ്രതികൾ.

ബംഗ്ലാദേശിൽ വലിയ പ്രതിഷേധമാണ് നീതിക്കായി പൊട്ടിപുറപ്പെട്ടത് ആയിരങ്ങൾ നുസ്രത്തിനായി തെരുവിലിറങ്ങി. റൂഫ് ടോപ്പിൽവച്ച് സഹപാഠികളും മൂന്ന് അദ്ധ്യാപകരും അടക്കം നുസ്രത്തിന്റെ മേൽ മണ്ണെണ്ണ ഒഴിക്കുകയും തീവയ്ക്കുകയുമായിരുന്നു. ആത്മഹത്യ എന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. കൈകൾ ബന്ധിച്ചിരുന്ന നുസ്രത്ത് ശരീരത്തിൽ തീയുമായി പടികെട്ട് ഓടിയിറങ്ങി സഹായം അഭ്യർത്ഥിച്ചതോടെയാണ് സംഭവം പുറത്തായത്. ആശുപത്രിയിലേക്ക് പോകും വഴി സഹോദരൻ മരണമൊഴി വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. അതിൽ നുസ്രത്ത് ആവശ്യപ്പെട്ടത് 'ഞാൻ മരിക്കുന്നത് വരെ നീതിക്ക് പോരാടുമെന്ന്' 80 ശതമാനത്തോളം പൊള്ളലേറ്റ നുസ്രത്ത് അഞ്ചു ദിവത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബംഗ്ലാദേശിൽ ലൈംഗികാതിക്രമക്കേസിൽ പ്രതികൾക്ക് തക്കശിക്ഷ ലഭിക്കാത്തതിനും ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിലെ വർധിക്കുന്ന പീഡനങ്ങൾക്കും ഉദാഹരണമായി സാമൂഹികപ്രവർത്തകർ ഉയർത്തിക്കാട്ടിയ പ്രമാദമായ കേസുകളിലൊന്നാണ് ഇത്. ക്രൂരകൃത്യം നടത്തിയ ഒരാളും നിയമത്തിനു മുന്നിൽനിന്ന് രക്ഷപ്പെടില്ലെന്നതിന് തെളിവാണ് കേസിലെ വിധിയെന്ന് പ്രോസിക്യൂട്ടർ ഹാഫിസ് അഹമ്മദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, തീ വിഴുങ്ങുമ്പോഴും പടികൾ ഓടിയിറങ്ങിയ നുസ്രത്ത് നൽകിയ മരണമൊഴിയാണ് വഴിത്തിരിവായത്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ 62 ദിവസംകൊണ്ടാണ് വിചാരണ നടത്തിയത്. മാതൃകാപരമായ ശിക്ഷയെന്നാണ് വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ മേധാവി മലേക ബാനു പറഞ്ഞത്. മഹിളാ പരിഷദിന്റെ കണക്കുപ്രകാരം ഈവർഷം ഇതുവരെ രാജ്യത്ത് 592 ബലാത്സംഗം, 113 കൂട്ടബലാത്സംഗം എന്നിവയ്ക്കുപുറമേ ലൈംഗികാതിക്രമത്തിനുശേഷം സ്ത്രീകളെ കൊലപ്പെടുത്തിയ 26 സംഭവങ്ങളും ഉണ്ടായി.

ശപിക്കപ്പെട്ട ഏപ്രിൽ ആറ്

ധാക്കയിൽനിന്ന് 100 കിലോമീറ്ററോളം അകലെയുള്ള ഫെനി ഗ്രാമത്തിലെ മതപഠനശാലയിൽ പഠിച്ചിരുന്ന നുസ്രത്തിനോട് മാർച്ച് 27-നാണ് പ്രധാനാധ്യാപകൻ മൗലാന സിറാജുദൗള ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുന്നത്. അടുത്തദിവസം തന്നെ അവൾ മാതാപിതാക്കൾക്കൊപ്പമെത്തി പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് കേസ് ഗൗരവമായെടുത്തില്ലെന്ന് മാത്രമല്ല അവളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പ്രധാനാധ്യാപകൻ അറസ്റ്റിലായത്.

തുടർന്ന് ഏപ്രിൽ ആറിന് പരീക്ഷയെഴുതാനെത്തിയ നുസ്രത്തിനെ മുതിർന്ന വിദ്യാർത്ഥികളടക്കമുള്ളവർ ചേർന്ന് കെട്ടിടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് മർദിച്ചു. വഴങ്ങാതെ വന്നപ്പോൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. സഹോദരന്റെ മൊബൈലിലേക്ക് വിളിച്ച് നുസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികൾ പിടിയിലാവുകയായിരുന്നു. ഏപ്രിൽ പത്തിന് നുസ്രത്ത് മരിച്ചു. ജയിലിലായിരുന്ന ഒന്നാംപ്രതി തന്നെയായിരുന്നു ഇതിന് ഗൂഢാലോചന നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP